റമദാന് മുന്നോടിയായി ബൈതുസകാത്ത് കേരള നടത്തുന്ന സകാത്ത് പ്രചരണ കാമ്പയിനാണ് സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് എന്നത്. സമ്പത്തുമായി ബന്ധപ്പെട്ട ഇബാദത്താണ് സകാത്തെന്ന് നമുക്കറിയാം. സകാത്തിനെക്കുറിച്ച് പറയുമ്പോൾ ഇസ്ലാമിന്റെ സാമ്പത്തിക കാഴ്ചപ്പാടിനെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. സമ്പത്ത് ആവശ്യമില്ലാത്ത ഒരു വസ്തുവാണെന്ന കാഴ്ചപ്പാടല്ല ഇസ്ലാമിനുള്ളത്. ജീവിതത്തിൻറെ വളരെ അനിവാര്യമായ ഘടകമാണ് സമ്പത്ത്. ജീവിതം സമാധാനപരവും സന്തോഷമുള്ളതും ആയിരിക്കണമെന്ന് ഇസ്ലാം ആഗ്രഹിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് വേണമെങ്കിൽ ജീവിതത്തിലെ സന്തോഷം വേണ്ടെന്നുവച്ച് ആത്മീയതയുടെ മാർഗത്തിൽ ഉയർന്ന നിലവാരത്തിൽ ജീവിക്കാവുന്നതാണ്.പക്ഷേ ഇസ്ലാം ആ കാഴ്ചപ്പാടിനെയല്ല പ്രോത്സാഹിപ്പിക്കുന്നത്. എല്ലാ മനുഷ്യർക്കും സന്തോഷത്തോടെയും സൗകര്യത്തോടെയും ജീവിക്കാൻ കഴിയണമെന്ന കാഴ്ചപ്പാടിനെയാണ്.
ഭൗതികജീവിതത്തിന്റെ വളർച്ചയെയും പുരോഗതിയെയും ഇസ്ലാം വലിയ അളവിൽ പരിഗണിച്ചിട്ടുണ്ട്. എല്ലാ കാലത്തും ഈ ദുനിയാവിൽ ജീവിച്ചിരിക്കുമെന്ന നിലയിൽ ദുനിയാവിനു വേണ്ടി പണിയെടുക്കുക. എന്നാൽ നാളെതന്നെ മരണപ്പെട്ടു പോകുമെന്ന വിധത്തിൽ നിന്റെ ആഖിറത്തിനു വേണ്ടിയും പണിയെടുക്കുക. നിനക്ക് അല്ലാഹു തന്നിട്ടുള്ളതിൽ നീ ആഖിറത്തിനെ തേടുക. എന്നാൽ നിന്റെ ദുനിയാവിലെ ഓഹരി നീ മറന്നു പോകരുത്. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഇസ്ലാം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സാമ്പത്തികമായ വളർച്ചയുണ്ടാവണം എന്നതാണ് ഇസ്ലാമിൻറെ കാഴ്ചപ്പാട്. അങ്ങനെ വളർച്ചയുണ്ടാവുമ്പോൾ സമ്പത്തിനോടുള്ള കാഴ്ചപ്പാട് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും പറയുന്നുണ്ട്. സമ്പത്തിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിനാണ്, വ്യക്തികൾക്കല്ല. ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിൻറെ ഉടമസ്ഥാവകാശത്തിൽ ഉള്ളതാണ്. ഇതുപോലെ ധാരാളം സൂക്തങ്ങൾ ഖുർആനിൽ കാണാം. അല്ലാഹുവിൻറെ നിയമങ്ങൾക്കനുസരിച്ച്, അല്ലാഹുവിൻറെ തീരുമാനങ്ങൾക്കനുസരിച്ച് ദീനിന്റെ താല്പര്യങ്ങൾക്കനുസരിച്ച് സാമൂഹികമായ താല്പര്യങ്ങൾക്കനുസരിച്ച് സമ്പത്ത് വിനിയോഗിക്കാനുള്ള അനുവാദവും അവകാശവുമാണ് മനുഷ്യനുള്ളത്. സമ്പത്ത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും പറയുന്നുണ്ട്. സമ്പത്തിൽ സമൂഹത്തിലുള്ളവർക്ക് നിർണിതമായ അവകാശമുണ്ട്. ഞാൻ അധ്വാനിച്ച് നേടിയ സമ്പത്തിൽ എന്നോടൊപ്പം എൻറെ ചുറ്റിലും ജീവിച്ചു കൊണ്ടിരിക്കുന്ന ധാരാളം മനുഷ്യർക്കും അവകാശമുണ്ട്.
അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് സകാത്ത് എന്നത്. നിർബന്ധമായും നമ്മൾ നിർവഹിക്കേണ്ട ഇബാദത്താണത്. ദുനിയാവിൽ ജീവിക്കുന്ന മനുഷ്യരുടെ സാമൂഹികമായ ഉയർച്ചക്കുവേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വലിയൊരു ടൂൾ ആണ് സകാത്ത് എന്നത്. ബൈത്തുസകാത്ത് കേരളയെ സംബന്ധിച്ചിടത്തോളം സാധ്യമാവുംവിധം കൃത്യതയോടെ സകാത്തിന്റെ അവകാശികളെ കണ്ടെത്തി ഏറ്റവും അർഹരായവരിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് കഴിഞ്ഞ 20 വർഷത്തിലേറെയായി നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സാമാന്യം കൃത്യമായി ഓഫീസ് സംവിധാനങ്ങളോടുകൂടി ആ ചുമതല ബൈത്തുസകാത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്നു. പ്രാദേശിക സക്കാത്ത് കമ്മിറ്റികളും ബൈത്തുസക്കാത്തും തമ്മിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ട്. ബൈത്തുസക്കാത്ത് കേരള കേരളത്തിലെ മൊത്തം സമൂഹത്തെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ പിരിച്ചെടുക്കപ്പെടുന്ന സക്കാത്ത് ഏറ്റവും അർഹരായ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കഴിഞ്ഞവർഷം വീടിനു വേണ്ടിയുള്ള അപേക്ഷകൾ പരിഗണിച്ചപ്പോൾ 1600 അപേക്ഷകളിൽ നിന്നാണ് 300 പേർക്ക് വീട് നൽകാൻ ആളുകളെ നമ്മൾ തിരഞ്ഞെടുത്തത്. അത്രയധികം അപേക്ഷകൾ നമ്മുടെ മുൻപിൽ വരുന്നുണ്ട്. ആ കൂട്ടത്തിൽ 1600 പേരും അർഹരാണ്. പക്ഷേ അത്രയും പേർക്ക് കൊടുക്കാൻ നമുക്ക് കഴിയില്ല. തൊഴിൽ ചികിത്സാ തുടങ്ങിയ മറ്റു കാര്യങ്ങളിലും നമ്മൾ ചിലവഴിക്കേണ്ടതായിട്ടുണ്ട്. ഏറ്റവും അർഹരായ 300 ആളുകളെ കണ്ടെത്തുമ്പോൾ അതിൽ 70% ആളുകളും ജീവിതത്തിന് ഒരു താങ്ങും തണലും ഇല്ലാത്ത നിർധനരായ, വിധവകളായിരുന്നു. ഈയൊരു മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് നമുക്ക് ലഭിക്കുന്നത്.
നമ്മുടെ ഭാവനയ്ക്കപ്പുറത്തുള്ള, ദാരിദ്ര്യത്തിന്റെ വലിയൊരു ലോകമാണ് നമുക്ക് കാണാൻ സാധിക്കുക. ബൈത്തു സക്കാത്തിന്റെ മുന്നിൽ വരുന്ന അപേക്ഷകൾ പരിഗണിക്കുന്ന സിറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോയാൽ കിടന്നാൽ ഉറക്കം വരില്ല. അത്രമേൽ ദൈന്യമായ മനുഷ്യരുടെ നിലവിളികൾ നമ്മുടെ മുൻപിൽ ഉണ്ടാകും. ദാരിദ്ര്യത്തിന്റെ കൊടിയ വേദനകൾ നമ്മുടെ മുന്നിൽ ഉണ്ടാകും. ചികിത്സിക്കാൻ നിവൃത്തിയില്ലാതെ കഴിയുന്ന രോഗികളുടെ വേദനകൾ ഉണ്ടാവും. അത്രയും ഗുരുതരമാണ് കാര്യങ്ങൾ. കേരളത്തിലെ പല പ്രദേശങ്ങളിലും ഉള്ള ആളുകളെകുറിച്ച് ആലോചിക്കുമ്പോൾ ഒരു ഒറ്റമുറി എങ്കിലും കിട്ടിയാൽ സമാധാനമായി കിടന്നുറങ്ങാമായിരുന്നു എന്ന് വിചാരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. വൃദ്ധരായ മാതാപിതാക്കളുള്ള ഒരു പെൺകുട്ടി. മാതാപിതാക്കൾ രോഗികളാണ്. ആ പെൺകുട്ടിയുടെ പ്രശ്നം അവർക്ക് ഒരു ഒറ്റമുറി വീട് വേണമെന്നാണ്. പിതാവ് വൃക്ക രോഗിയാണ്. ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യണം. അത് പ്രയാസമില്ല. കാരണം അടുത്ത ഗവൺമെൻറ് ഹോസ്പിറ്റലിൽ നിന്ന് ഞങ്ങൾക്കത് ചെയ്തു കിട്ടുന്നുണ്ട്. ജീവിക്കാൻ ഉമ്മാക്കും ഉപ്പാക്കും പെൻഷൻ കിട്ടുന്നുണ്ട്. 3200 രൂപ വീതം. അതുമതി ഞങ്ങൾക്ക് ജീവിക്കാൻ. പക്ഷേ 5000 രൂപ വാടക കൊടുക്കണം. വാടക വൈകിയാൽ വീട്ടുകാരൻ വന്ന് വഴക്കുപറയും. വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയും. അതുകൊണ്ട് ഒരു വീട് കിട്ടിയാൽ കട്ടിലിൽ ഉപ്പയെ കിടത്തിയിട്ട് എനിക്ക് ഉമ്മയ്ക്കും താഴെ തറയിൽ പായ വിരിച്ച് കിടന്നുറങ്ങിയാൽ ഞങ്ങൾക്ക് സന്തോഷമാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ പ്രശ്നമാണ്. അത്തരത്തിൽ നമ്മുടെ ശ്രദ്ധയിൽ പെടാത്ത ഒരു മഹല്ലിന്റെയും ചുറ്റുവട്ടങ്ങളിൽ പെടാത്ത ഒരു മുസ്ലിം കേന്ദ്രത്തിന്റെയും പരിധിക്ക് അകത്തല്ലാത്ത ഒരുപാട് മനുഷ്യരുണ്ട്. ആ മനുഷ്യരെ അഡ്രസ് ചെയ്യാൻ അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ അത് സാധ്യമാകുന്ന അളവിൽ ഏറ്റെടുക്കാൻ കഴിയുന്നു എന്നുള്ളതാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് ബൈത്തുസക്കാത്ത് കേരളക്ക് സാധിക്കുന്നത്. കഴിഞ്ഞ 20 വർഷത്തെ ചരിത്രം മാത്രം പഠനവിധേയമാക്കിയാൽ സാമൂഹിക വളർച്ചയിൽ ഈ സംഘടിത സക്കാത്ത് സംവിധാനത്തിന് വലിയ പങ്കുവഹിക്കാൻ സാധിക്കും എന്നതിന് കാണിക്കാവുന്ന ഉദാഹരണങ്ങൾ നമ്മുടെ കയ്യിലുണ്ട്. അത് കുറേക്കൂടി ശാസ്ത്രീയമായ രീതിയിൽ ചെയ്യേണ്ടതുണ്ട്.
തൊഴിലിന്റെ കാര്യത്തിൽ നമ്മൾ ചെയ്യുന്നത്, നൂറു പേർക്ക് തൊഴിലു കൊടുക്കാനാണ് തീരുമാനിച്ചതെങ്കിൽ ആ 100 പേരെ വിളിച്ചുവരുത്തിയിട്ട് അവര് തുടങ്ങാൻ പോകുന്ന ഒരു തൊഴിലിൽ അല്ലെങ്കിൽ സംരംഭത്തിൽ അവർ എന്തൊക്കെ തരത്തിലുള്ള കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് അവരെ ഇരുത്തി പഠിപ്പിച്ചു കൊടുത്ത് ആ തൊഴിൽ ചെയ്യുന്നതിൽ അവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മളെ വിളിച്ച് പറയണമെന്നുകൂടി അവർ ഓർമ്മപ്പെടുത്തി നമ്മൾ കൊടുക്കുന്ന ഒരു തുക കാര്യക്ഷമമായി വിനിയോഗിച്ച് അവർക്ക് ജീവിതത്തിന്റെ ഒരു തണലായി തീരാൻ സാധിക്കുന്ന വിധത്തിലുള്ള മോണിറ്ററിംഗ് സംവിധാനം കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഫണ്ട് വിനിയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം മേഖലകളിലൊക്കെ നമുക്ക് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ട്.
സക്കാത്ത് അല്പം ശാസ്ത്രീയമായി നമ്മൾ വിനിയോഗിച്ചാൽ സാമൂഹിക പുരോഗതിയുടെ വലിയൊരു ടൂളായി ഉപയോഗിക്കാൻ സാധിക്കും. കേരളത്തിലെ സക്കാത്തിനെകുറിച്ച് പഠിച്ചിട്ടുള്ള ആളുകൾ പറയുന്നത് നിലവിലുള്ള മുസ്ലിം സമൂഹത്തിന്റെ സാമ്പത്തിക ശേഷിയനുസരിച്ച് ഒരു വർഷം ആയിരം കോടി രൂപയെങ്കിലും കേരളത്തിൽനിന്ന് സക്കാത്ത് ആയി തിരിച്ചെടുക്കാൻ കഴിയും എന്നാണ്. മുസ്ലീങ്ങളല്ലാത്ത സാമ്പത്തിക വിദഗ്ധരാണ് സക്കാത്തിനെകുറിച്ച് പഠനം നടത്തി പറയുന്നത്. അതിൻറെ അർത്ഥം ദാരിദ്ര്യത്തിന്റെ വലിയൊരു ഭാഗത്തെ ഇല്ലായ്മ ചെയ്യാൻ കുറച്ചു വർഷങ്ങളിലെ സക്കാത്ത് കൊണ്ട് തന്നെ സാധ്യമാണ് എന്നാണ്. അതിനുള്ള സാഹചര്യം ഇവിടെ രൂപപ്പെട്ടു വന്നാൽ സക്കാത്ത് കേരളത്തിൽ അത്ഭുതകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും. പ്രാദേശികമായ സക്കാത്ത് സംവിധാനങ്ങൾ ഉണ്ടാവണം. അതോടൊപ്പം തന്നെ നമ്മുടെ പ്രാദേശികമായ പരിധിക്കുള്ളിൽ വരാത്ത അനേകായിരം മനുഷ്യരെ അഡ്രസ് ചെയ്യാൻ കേരളത്തെ മൊത്തത്തിൽ മുമ്പിൽ കാണുന്ന ബൈത്തുസക്കാത്ത് കേരള പോലെയുള്ള സംവിധാനങ്ങളും വളർന്നുവരേണ്ടതുണ്ട്.