Current Date

Search
Close this search box.
Search
Close this search box.

കുടുംബം നശിപ്പിക്കുന്ന ആവേശക്കാർ

പരിഭ്രാന്തനായി കൊണ്ട് ഒരാൾ എന്റെ വാതിലിൽ മുട്ടി. തന്റെ കുടുംബത്തെക്കുറിച്ചും സാമ്പത്തിക അവസ്ഥയെ കുറിച്ചുമെല്ലാം അദ്ദേഹമെന്നോട് ഒരു പാട് നേരം സംസാരിച്ചു. അയാൾ എന്നോട് കാര്യമായി എന്തിനോ സഹായം ചോദിക്കുന്നതായി തോന്നി! ഞാൻ നിശബ്ദനായി അദ്ദേഹത്തോട് പറഞ്ഞു:
നിങ്ങൾക്ക് എന്താണ് കുഴപ്പം?
അയാൾ പ്രതിവചിച്ചു:
പെട്ടെന്നുണ്ടായ കോപത്തിൽ, എന്റെ ഭാര്യയോട് ഞാൻ ഇങ്ങനെ പറഞ്ഞു പോയി :
“നീ എനിയ്ക്ക് നിഷിദ്ധമാണ്.”
ദേഷ്യത്തിൽ ബോധമില്ലാതെ പറഞ്ഞതാണെങ്കിലും
എന്റെ നാട്ടിലെ ഉസ്താദുമാരെല്ലാം ഫത്‌വ പുറപ്പെടുവിച്ചത് ആ ബന്ധം മുറിഞ്ഞുവെന്നാണ്.

ഞാൻ ആ മനുഷ്യനോട് ആശ്ചര്യത്തോടെ ചോദിച്ചു: താങ്കൾ അഞ്ച് നേരം നമസ്കരിക്കുന്ന പ്രകൃതക്കാരനാണോ ?
ആഗതൻ : അതെ
ഞാൻ വീണ്ടും ചോദിച്ചു:
നിങ്ങളുടെ ഭാര്യയോ?
അയാൾ അൽപ്പം മടിച്ചു നിന്നു, എന്നിട്ട് പറഞ്ഞു:
തോന്നുമ്പോൾ നമസ്കരിക്കും, അത്രെയുള്ളൂ
ഞാൻ വീണ്ടും : താങ്കളുടെ മക്കളോ?
അദ്ദേഹം പറഞ്ഞു: ചിലർക്ക് നമസ്കാരമൊക്കെയുണ്ട് , ചിലരതൊന്നും കാര്യമായി ശ്രദ്ധിക്കുന്നില്ല.
അയാൾക്ക് ഒരു പരിഹാരം ചിന്തിച്ച് ഞാൻ ഒരുപാട് നേരം ചിന്തയിലായി.
എന്നിട്ട് ഞാൻ അയാളോട് പറഞ്ഞു: ഒരു വ്യവസ്ഥയോടെ നിങ്ങളുടെ ഭാര്യയെ നിങ്ങൾക്ക് തിരികെ നൽകാൻ ഞാൻ പ്രമാണങ്ങളിൽ വകുപ്പു കാണുന്നു.
അയാൾ ആകാംക്ഷയോടെ : അതെന്താണ് ശൈഖ് ?
ഞാൻ പറഞ്ഞു:
നിങ്ങളും നിങ്ങളുടെ ഭാര്യയും നമസ്കാരം കൃത്യമായി നിർവ്വഹിക്കുക. മക്കൾ നിർബന്ധിത കർത്തവ്യങ്ങൾ നിറവേറ്റുന്നതും അവരുടെ പള്ളിയുമായുള്ള ബന്ധവും നിങ്ങൾ നിരന്തരമായി നിരീക്ഷിക്കുക . എന്നിട്ട് താങ്കൾ പറഞ്ഞു പോയ ശപഥത്തിന് ഖുർആൻ നിർദ്ദേശിച്ച പരിഹാരം ചെയ്യുക. അത്യവശ്യത്തിന് സാമ്പത്തിക ശേഷിയുള്ള ആളാണ് താങ്കളെങ്കിൽ പത്ത് പാവങ്ങൾക്ക് ഭക്ഷണം നൽകണം, അല്ലെങ്കിൽ മൂന്ന് നോമ്പ് പിടിക്കുക. നിങ്ങളുടെ ഭാര്യയെ നിങ്ങളുടെ വീട്ടിൽ തന്നെ കൊണ്ടുവന്നു താമസിപ്പിക്കുക.

സംഭാഷണത്തിന് ശേഷം ആ മനുഷ്യൻ എന്റെ വീട്ടിൽ നിന്നും പോയി, കുറച്ച് ദിവസങ്ങൾക്ക് ശേഷം, അയാളുടെ നാട്ടിലെ ഉസ്താദുമാരെല്ലാം കൂടെ എന്റെ അടുക്കൽ വന്നു; അവർ പറഞ്ഞത് അയാളുടെ ഭാര്യ തിരിച്ചെടുക്കാനാകാത്തവിധം ( بينونة كبرى) വിവാഹമോചനം നേടി എന്ന ഫിഖ്ഹീ ഫത്‌വയാണ്. തങ്ങളുടെ മദ്ഹബായ മാലികീ പക്ഷത്തെ പ്രമുഖ വീക്ഷണവും അതു തന്നെ. അവർ ഘോര ഘോരം പ്രസംഗിച്ചു .

ഞാനവരോട് ശബ്ദം വളരെ താഴ്ത്തിയാണ് സംസാരിച്ചത് :
എന്റെ അഭിപ്രായം അതല്ലാത്ത മറ്റൊന്നാണ് എന്നും നിയമാനുസൃതമായ വിലക്ക് ഒരു ശപഥമായും അതിന്റെ പ്രായശ്ചിത്തമായി ഖുർആൻ പറയുന്ന ശപഥത്തിന്റെ പ്രായശ്ചിത്തവുമാണെന്ന് ആയത്തോതി ഉണർത്തിച്ചു. തുടർന്ന് സഹീഹ് മുസ്ലിമിൽ, ഇബ്നു അബ്ബാസ് (റ)
നിവേദനം ചെയ്ത ഹദീസ് ഓർമ്മപ്പെടുത്തി. إذا حرم الرجل امرأته فهى يمين يكفرها ( പുരുഷൻ തന്റെ ഭാര്യയെ സ്വന്തം വിലക്കിയാൽ അതൊരു ശപഥമാണ്, അവൻ പ്രായശ്ചിത്തം ചെയ്യണം)

മറ്റൊരു രിവായത്തിൽ, ഒരു മനുഷ്യൻ ഇബ്നു അബ്ബാസിന്റെ അടുക്കൽ വന്ന് പറഞ്ഞു: ഞാൻ എന്റെ ഭാര്യയെ സ്വയം എനിക്ക് വിലക്കിയിരിക്കുന്നു.

ഇബ്നു അബ്ബാസ് അയാളോട് പറഞ്ഞു: നീ കള്ളമാണ് പറഞ്ഞത്, അവൾ നിനക്ക് നിഷിദ്ധമല്ല! എന്നിട്ട് ഈ ആയത്തുകൾ ഓതി:
(يا أيها النبي لم تحرم ما أحل الله لك تبتغي مرضات أزواجك والله غفور رحيم * قد فرض الله لكم تحلة أيمانكم… ) ഹേ, നബിയേ, അല്ലാഹു നിനക്ക് അനുവദനീയമാക്കി തന്നിട്ടുള്ളതിനെ നീ എന്തിനു നിഷിദ്ധമാക്കുന്നു?! നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.നിങ്ങളുടെ സത്യങ്ങൾക്കുള്ള പരിഹാരം അല്ലാഹു നിങ്ങൾക്ക് നിയമിച്ചു തന്നിട്ടുണ്ട് 66:1-2

എന്റെ വാക്കുകൾ ആ ഉസ്താദുമാർക്ക് ബോധ്യപ്പെട്ടില്ല എന്ന് തുടർന്ന് നടന്ന ശബ്ദ കോലാഹലങ്ങളിൽ നിന്നും ബോധ്യപ്പെട്ടു. ഞാൻ അവരോട് പറഞ്ഞു: “ഒരു കുടുംബം നശിപ്പിക്കുകയും വാപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്ത്രീകളെയും കുട്ടികളെയും അനാഥരെപ്പോലെ ജീവിപ്പിക്കുകയും ചെയ്യുന്നതിൽ നിങ്ങളിത്ര ആവേശഭരിതരാകുന്നതെന്താണ്?

ജനങ്ങളുടെ പ്രവർത്തനങ്ങളിൽ, ആവേശക്കമിറ്റികൾ പുറപ്പെടുവിക്കുന്ന വിധികളിൽ, കുടുംബത്തിനും കുട്ടികളുടെ ഭാവിക്കും സമൂഹത്തിന്റെ സ്ഥിരതയ്ക്കും പരിഗണന അർഹിക്കുന്ന അഭിപ്രായമാവണം നാം തിരഞ്ഞെടുക്കേണ്ടത്! ശത്രുക്കളുടെ മിഥ്യാരോപണങ്ങളിൽ നിന്നും, വേട്ടക്കാരുടെ പകയിൽ നിന്നും ഇസ്‌ലാമിനെ സംരക്ഷിക്കണം!!

മാന്യമായ ഇസ്ലാമിക അഭിപ്രായം പ്രമാണങ്ങളിൽ ഉള്ളിടത്തോളം കാലം നമുക്ക് പരിചിതമായ കാര്യങ്ങളിൽ അസഹിഷ്ണുത പാടില്ല! നമുക്ക് അറിയാവുന്നവ പ്രാഥമിക സ്രോതസ്സുകൾ കൂടുതൽ നല്ലതും ആളുകൾക്ക് കൂടുതൽ പ്രയോജനകരവുമാണെങ്കിൽ അതിന്റെ വാഹകരാവുകയല്ലേ നാം വേണ്ടത് ?!

(كتاب قضايا المرأة )

വിവ : ഹഫീദ് നദ്‌വി

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles