Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് പ്രവാചകന്മാരും വേദ ഗ്രന്ഥങ്ങളും ?

പ്രപഞ്ചം ഒരു ക്ലോക്ക് പോലെയാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ക്ലോക്കിൻ്റെ പ്രത്യേകത സൂചികളുടെ ചലനം നോക്കി നാം സമയം നിശ്ചയിക്കുന്നു, അതേയവസരം ഘടികാര സൂചികളെ കൃത്യമായി ചലിപ്പിക്കുന്ന അതിൻ്റെ ആന്തരിക വശങ്ങൾ നാം കാണുന്നില്ലാ എന്നതാണ്.

മനുഷ്യൻ ആര്? എന്തിന്? എവിടെ നിന്ന്? എങ്ങോട്ട്? തുടങ്ങിയ മൗലിക ചോദ്യങ്ങൾക്കുള്ള മറുപടികൾ മനസ്സിലാവാൻ നമുക്ക് പഞ്ചേന്ദ്രിയ ജ്ഞാനം മാത്രം പോര. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്ത് അറിവ് ഇല്ലാ എന്ന് ധരിച്ചുവശായതാണ് ആധുനിക മനുഷ്യൻ അനുഭവിച്ച ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി!

ബുദ്ധിയും ചിന്തയും യുക്തിയും കൊണ്ട് അനുഗൃഹീതനാണ് മനുഷ്യൻ. എന്നാൽ അവൻ “അപ്പം കൊണ്ട് മാത്രമല്ല”. അതു കൊണ്ടു തന്നെ ദൈവം, ദൈവസന്ദേശം, മരണാനന്തര ജീവിതം, സ്വർഗ നരകങ്ങൾ പോലുള്ളവ ഉൾക്കൊള്ളാൻ അവന് പരിധിയും പരിമിതിയും ഉണ്ട്. അത് മനുഷ്യൻ്റെ കുറ്റമല്ല. പൊന്ന് തൂങ്ങുന്ന തുലാസിൽ പർവ്വതം തൂങ്ങില്ലല്ലോ! ഇവിടെയാണ് പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള ഒരു ആറാം ഇന്ദ്രിയത്തിൻ്റെ പ്രസക്തി. ഇതാണ് പ്രവാചകന്മാരും വേദഗ്രന്ഥങ്ങളുമെല്ലാം ന്യായീകരി ക്കപ്പെടുന്ന ബിന്ദു!

ആത്മാവ്, ജീവൻ, ബുദ്ധി, ബോധം, ചിന്ത മുതൽ വിദ്യുച്ഛക്തിയിൽ തുടങ്ങി വർത്തമാന ഹൈടെക് ലോകത്തെ ചലിപ്പിക്കുന്ന വിവിധ തരംഗ പ്രവാഹങ്ങളുടെ മഹാവിസ്മയ പ്രഞ്ചം വരെ ഒന്നും തന്നെ നമ്മുടെ ദൃഷ്ടികൾക്ക് ഗോചരമല്ല! എന്തിനധികം! ലോകത്തെ കിടുകിടാ വിറപ്പിക്കുന്ന മഹാമാരികളുടെ വൈറസ് പോലും തൊട്ടടുത്തുണ്ടായിട്ടും നമ്മുടെ കാഴ്ചക്കപ്പുറത്താണ്! പക്ഷെ എന്നിട്ടും അവയിലൊക്കെ നാം “വിശ്വസി”ക്കുന്നു! അതേയവസരം ദൈവം തൻ്റെ അസ്തിത്വത്തിൻ്റെ തെളിവായി ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചു സംവിധാനിച്ചിട്ടും ദൂതന്മാരെ (പ്രവാചകന്മാർ) അയച്ചിട്ടും അവരിലൂടെ ദിവ്യ ഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടും മനുഷ്യന് ദൈവത്തിൽ മാത്രം വിശ്വസിക്കാനാവുന്നില്ല!

ഈ വൈരുധ്യത്തെ നാം പുനർവിചിന്തന ത്തിന് വിധേയമാക്കിയേ തീരൂ!

പ്രപഞ്ചം സ്വയംഭൂവല്ല, മനുഷ്യൻ ഉദ്ദേശ്യപൂർവ്വം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, ഈ ലോകജീവിതം ഒരു പരീക്ഷണം മാത്രമാണ്, ഇവിടത്തെ നമ്മുടെ നന്മ- തിന്മകൾക്ക് രക്ഷാ – ശിക്ഷകൾ ലഭിക്കുന്ന സ്വർഗ-നരകങ്ങളുടെ മരണാനന്തര ജീവിതം വരാനിരിക്കുന്നു… തുടങ്ങി എല്ലാ മതങ്ങളും പൊതുവേ പങ്കു വെക്കുന്ന മൗലിക യാഥാർത്ഥ്യങ്ങളെ പറ്റി നിശ്ചയമായും വീണ്ടും വീണ്ടും നാം വിലയിരുത്തേണ്ടതുണ്ട്!!

Related Articles