Vazhivilakk

കണക്ക് പറയാതെ കൺഫ്യൂഷനാക്കിയത് എന്തിന്?

സത്യവേദം - പത്തൊൻപത്

അവർ എത്ര പേരുണ്ടായിരുന്നു? അവരുടെ ജന്മസ്ഥലം, തിയ്യതി, പേരുകൾ എന്തൊക്കെയാണ്? ആ സംഭവം നടന്നത് ഏതു വർഷത്തിലായിരുന്നു? അതിൽ മരിച്ചവരെത്ര, അതിജീവിച്ചവരെത്ര? ആ പ്രവാചകൻ്റെ ജന്മനാളും ചരമദിനവും ഏതാണ്? അദ്ദേഹത്തിൻ്റെ മാതാപിതാക്കളും മക്കളും ആരൊക്കെ? ഒരു ക്വിസ് മത്സരത്തിൽ നമുക്ക് സുപരിചിതമായ ഇത്തരം ചോദ്യങ്ങളുമായി സത്യവേദത്തെ സമീപിച്ചു നോക്കൂ. നമുക്ക് മറുപടി കിട്ടാതെ മടങ്ങേണ്ടി വരും. അത്തരം വിവരങ്ങളുടെ അക്ഷരമാലാ ക്രമമോ, നാൾവഴിക്കണക്കുകളോ വേദഗ്രന്ഥത്തിൽ സമാഹരിച്ചിട്ടില്ല. നൂറ്റിപ്പതിനാല് അധ്യായങ്ങളുണ്ടായിട്ടും ആദ്യ ദൈവദൂതൻ്റെ ചരമദിനമോ, അവസാനത്തെ പ്രവാചകൻ്റെ ജന്മനാളോ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതെന്തുകൊണ്ടാണ്? കാനേഷുമാരി കണക്കുകളിലല്ല, കാലാതീതമായ ദർശന സത്യത്തിലാണ് ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്തേണ്ടത് എന്ന് മനുഷ്യനെ പഠിപ്പിക്കുകയാണ് വേദഗ്രന്ഥം ചെയ്യുന്നത്.

“അവര്‍ മൂന്നുപേരായിരുന്നു, നാലാമത്തേത് അവരുടെ നായയും എന്നു ചിലര്‍ പറയും. അഞ്ചായിരുന്നു, ആറാമത്തേത് അവരുടെ നായയും എന്നു വേറെ ചിലരും പറയും. ഇതൊക്കെയും അടിസ്ഥാനരഹിതമായ ഊഹങ്ങള്‍ മാത്രം. ഇനിയും ചിലയാളുകള്‍ പറയും: ‘അവര്‍ ഏഴു പേരുണ്ടായിരുന്നു. എട്ടാമത്തേത് അവരുടെ നായയായിരുന്നു.’ പറയുക: ‘അവര്‍ എത്ര പേരുണ്ടായിരുന്നുവെന്ന് നന്നായറിയുന്നവന്‍ എന്റെ നാഥൻ മാത്രമാകുന്നു. തുച്ഛമാളുകളേ അവരുടെ ശരിയായ എണ്ണമറിയുന്നുള്ളൂ.’ സാധാരണ സംസാരത്തില്‍ക്കവിഞ്ഞ് അവരുടെ എണ്ണത്തെക്കുറിച്ച് നീ ജനങ്ങളോട് തർക്കിക്കരുത്. അവരെക്കുറിച്ച് ആരോടും ഒന്നും ചോദിക്കയും വേണ്ട.” സത്യവേദം പതിനെട്ടാം അധ്യായം ഇരുപത്തിരണ്ടാം വചനം. കണക്ക് കൃത്യപ്പെടുത്താതെ, കൺഫ്യൂഷനാക്കുന്ന പോലെ! പക്ഷേ, ഇത് കൺഫ്യൂഷനാക്കലല്ല, ചിന്തയെ ഉണർത്തലാണ്. അക്കങ്ങളിലും അക്ഷരങ്ങളിലും തർക്കിക്കുന്നതിൻ്റെ അർത്ഥശൂന്യത ബോധ്യപ്പെടുത്തുന്ന മനോഹരമായ ആവിഷ്കാരമാണ് ഈ സൂക്തം.

Also read: നെഗറ്റീവില്‍ നിഴലിടുന്ന പോസ്റ്റീവ്‌

ഗുഹാവാസികളുടെ കഥ പറയുമ്പോഴാണ് അവരുടെ എണ്ണത്തെക്കുറിച്ച ഈ വർത്തമാനം. അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെട്ട് ഒരു ഗുഹയിൽ അഭയം തേടിയ നന്മയുള്ള ചെറുപ്പക്കാർ. അവർ എത്ര പേരുണ്ടെന്ന് ഒറ്റ വാചകത്തിൽ പറയുന്നതിനു പകരം, എന്തിന് സത്യവേദം ഇങ്ങനെയൊരു ശൈലി സ്വീകരിച്ചു? നൂറ്റിപ്പത്ത് വചനങ്ങളുള്ള, ‘ഗുഹ’ എന്നു തന്നെ പേരിട്ട ആ അധ്യായത്തിൽ ഒരിടത്തും പക്ഷേ, മുഖ്യവിഷയമായ ഗുഹാവാസികളുടെ എണ്ണമോ, പേരോ പരാമർശിച്ചതേയില്ല. ഒരുപക്ഷേ, പലരും ആദ്യം അന്വേഷിക്കുന്ന കാര്യങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു! അതാണ് സത്യവേദത്തിൻ്റെ സവിശേഷത. നമ്മുടെ ചിന്തകൾക്ക് മൂർച്ച കൂടേണ്ടത് ഇവിടെയാണ്. നമ്മുടെ കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളും കീഴ്മേൽ മറിച്ചിടേണ്ടിയിരിക്കുന്നു. സത്യവേദം നമുക്ക് പുതിയൊരു ബോധം തരുന്നു. കാര്യങ്ങളെ മൂന്നാം കണ്ണുകൊണ്ട് കാണാനുള്ള ഉൾക്കാഴ്ച്ച തരുന്നു. അങ്ങനെയാണ്, വ്യക്തിയേയും സമൂഹത്തേയും നാഗരികതയേയും വേദദർശനം മാറ്റിപ്പണിതത്.

എണ്ണത്തിൽ തർക്കിക്കുന്ന സാധാരണ മനുഷ്യ രീതികളും പാരമ്പര്യ മത സമീപനങ്ങളും അവസാനിപ്പിക്കണം. ഗുഹാവാസികളുടെ കണക്കെടുപ്പ് അപ്രസക്തമാണെന്ന് പറയുന്നതിലൂടെ സത്യവേദം പഠിപ്പിക്കുന്നത് ഇതാണ്. അവരുടെ വിശ്വാസത്തിൻ്റെ കരുത്ത്, ആദർശത്തിൻ്റെ വിശുദ്ധി, സഹനസമരത്തിൻ്റെ രീതി, ധിക്കാരികളുടെ പരിണതി, ദൈവത്തിൻ്റെ സംരക്ഷണം ഇതെല്ലാമാണ് പ്രധാനം. മനുഷ്യരേ നിങ്ങൾ പക്ഷേ, അകക്കാമ്പ് കാണാതെ, അടിവേരിൽ തൊടാതെ, ചില്ലകളിൽ കലപില കൂട്ടുകയാണ്. അത് നിർത്തൂ. അത്തരം ശാഖകളെക്കുറിച്ച്, ‘സാധാരണ സംസാരത്തില്‍ കവിഞ്ഞ്’ വാഗ്വാദങ്ങൾ പാടില്ല. അപ്രധാനമായ ‘എണ്ണത്തെക്കുറിച്ച് ജനങ്ങളോട് തർക്കിക്കരുത്’ എന്ന് സത്യവേദം പ്രത്യേകം ഉണർത്തുന്നു. പിന്നെന്ത് വേണം! എണ്ണത്തിൽ നിന്ന് ഗുണത്തിലേക്ക് നിങ്ങൾ വളരണം. അക്ഷരങ്ങളിൽ നിന്ന് ആശയങ്ങളിലേക്ക് നിങ്ങൾ മോചിതരാകണം. സത്യവേദം കണക്കിൻ്റെ കളിയല്ല, ആശയങ്ങളുടെ ഗരിമയാണ്. നാളും തീയതിയും കുറിക്കലല്ല, നന്മയും തിന്മയും വേർതിരിക്കലാണ്.

Also read: നോമ്പിന്റെ കർമശാസ്ത്രം: നോമ്പ് മുറിയുന്ന കാര്യങ്ങൾ

‘വിധി നിർണായക രാവ്, സത്യാസത്യ വിവേചന നാൾ…’ തുടങ്ങിയ വിശേഷണങ്ങളാണ് ചരിത്രപ്രധാനമായ സംഭവങ്ങളെ കുറിക്കാൻ സത്യവേദം ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രയോഗങ്ങൾ ശ്രദ്ധിച്ചു നോക്കൂ, ആശയ പ്രധാനങ്ങളാണ്, തിയ്യതികൾ അപ്രധാനങ്ങളും. പ്രമുഖരായ ദൈവദൂതൻമാരുടെ പേരുകൾ, ചില മാതൃ കാ വ്യക്തിത്വങ്ങൾ, ഒറ്റപ്പെട്ട ചില കൊടും ധിക്കാരികളുടെ നാമങ്ങൾ… ഇങ്ങനെ ചിലതൊക്കെയേ കാണാനാകൂ. അവരിൽ ഒരാളുടെയും ജന്മനാളില്ല, ചരമദിനമില്ല. സത്യവേദം അതരിച്ചു തുടങ്ങിയ, പ്രവാചകനെ നിയോഗിച്ച തിയ്യതി പോലുമില്ല. ചരിത്ര കഥനങ്ങൾ ഏറെയുണ്ട് വേദഗ്രന്ഥത്തിൽ. പക്ഷേ, അതിലെ ചരിത്രാവതരണ രീതി അത്യന്തം സവിശേഷം തന്നെ. അത് പിന്നീടാവാം.  വിവരങ്ങൾ വിരൽതുമ്പിലാക്കിയ, അകംതൊടാത്ത വിവരവിനിമയങ്ങളുടെ കാലത്ത്, ആശയങ്ങളുടെ ആഴങ്ങളിലേക്ക് ആനയിച്ച് വേദഗ്രന്ഥം നമ്മുടെ അകം നിറയ്ക്കുന്നു. ഈ സത്യവേദത്തെ അഗണ്യകോടിയിൽ തള്ളി, അട്ടിമറിക്കപ്പെട്ട മുൻഗണനകളുമായി മുന്നോട്ടു പോയാൽ, മനുഷ്യാ നീയൊരിക്കലും കര പറ്റില്ല. കേൾക്കുന്നുണ്ടോ, നിന്നോടാണ്, നിന്നോട് തന്നെയാണ്!

Facebook Comments
Related Articles

Check Also

Close
Close
Close