Current Date

Search
Close this search box.
Search
Close this search box.

എന്റെ ഉമ്മയെ പോലെ മറ്റാരുണ്ട്?

ഔന്നിത്യം കൊണ്ട് താരകമാണവര്‍. സൗന്ദര്യം കൊണ്ട് ചന്ദ്രനും ഊഷ്മളത കൊണ്ട് സൂര്യനുമാണ്. അവര്‍ ശോഭിക്കുന്ന ജീവിത പൂന്തോപ്പാണ്. വിശക്കുന്നവനെയത് ഊട്ടുന്നു, കാഴ്ച്ചക്കാരനെ സന്തോഷിപ്പിക്കുന്നു, ദരിദ്രനെ ധന്യനാക്കുന്നു. അല്ലാഹുവിന്റെ അപാരമായ കഴിവിനെയാണവര്‍ കുറിക്കുന്നത്. ജീവിതയാത്രയില്‍ വീശിയടിക്കുന്ന കാറ്റിന് മുമ്പില്‍ വീഴാതെ ഉയര്‍ന്നു നില്‍ക്കുന്ന ഈന്തപ്പനയാണവര്‍. യാതൊരുവിധ ശങ്കയും ആലോചനയുമില്ലാതെ തന്റെ പക്കലുള്ളതെല്ലാം നല്‍കുന്നവരാണവര്‍. ആ നല്‍കലിന് മണിക്കൂറുകളുടെയോ ദിവസങ്ങളുടെയോ മാസങ്ങളുടെയോ സമയപരിധിയില്ല. മറിച്ച് അവരുടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതാണത്. അവരുടെ സ്‌നേഹത്തിന്റെ ഉറവ വറ്റുന്നേയില്ല. അവരുടെ പ്രാര്‍ഥന ഒരിക്കലും നിലക്കുന്നില്ല. ആ മനസ്സില്‍ അല്ലാഹു പാകിയ മാതൃത്വത്തിന്റെ വേരുകള്‍ ഒരുനിലക്കും പിഴുതെടുക്കാന്‍ സാധ്യമല്ല.

ഉമ്മയുടെ ഊഷ്മളമായ മടിത്തട്ടില്‍ ചാഞ്ചാടുന്നതിനേക്കാള്‍ വലിയ എന്തനുഗ്രമാണ് മക്കള്‍ക്ക് ലഭിക്കാനുള്ളത്! ഏതനുഗ്രഹത്തെയാണ് അവര്‍ക്കൊപ്പമുള്ള ജീവിതത്തിന് പകരം വെക്കാനാവുക! അവരെ അനുസരിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും സ്‌നേഹിക്കുന്നതിനും ആയുസ്സ് ചെലവഴിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള എത്രവലിയ പ്രതിഫലത്തിനാണവര്‍ അര്‍ഹരാവുന്നത്!

ഓരോ മനുഷ്യന്റെയും നിലനില്‍പിന്റെ കാരണമായി അല്ലാഹു അവരെ സംവിധാനിച്ചിരിക്കുന്നു. അവരുടെ ഗര്‍ഭപാത്രത്തിലാണവന്റെ തുടക്കം. പിന്നീടുള്ള ഒമ്പത് മാസത്തെ അവന്റെ ജീവിതം അവരുടെ വയറ്റിലാണ്. അവന്റെ ആഹാരം അവരുടെ രക്തത്തില്‍ നിന്നാണ്. പിന്നീട് അവര്‍ ചുരത്തുന്ന പാലാണ്. അതിനെ കുറിച്ച് സംസാരിക്കാന്‍ വാക്കുകളോ ആശയങ്ങളോ മതിയാവില്ല. അവര്‍ക്ക് നന്മ ചെയ്യാനുള്ള ലോകരക്ഷിതാവിന്റെ കല്‍പന മാത്രം മതി അവര്‍ക്ക് അഭിമാനിക്കാന്‍. അല്ലാഹു പറയുന്നു: ”സ്വന്തം മാതാപിതാക്കളോട് കൂറും സ്‌നേഹവുമുള്ളവനാകണമെന്ന് മനുഷ്യനെ നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്. മാതാവ് അവശതക്കുമേല്‍ അവശത സഹിച്ചുകൊണ്ടാണ് അവനെ ഗര്‍ഭം ചുമന്നത്.” (ലുഖ്മാന്‍: 14) അവരുടെ സ്ഥാനവും ശ്രേഷ്ഠതയും പ്രവാചകന്‍(സ)യും ഉണര്‍ത്തിയിട്ടുണ്ട്. ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നു ചോദിച്ചു: ഞാന്‍ ആരോടാണ് ഏറ്റവും നന്നായി സഹവസിക്കാന്‍ കടപ്പെട്ടിരിക്കുന്നത്? നബി(സ) പറഞ്ഞു: നിന്റെ ഉമ്മയോട്. അയാള്‍ ചോദിച്ചു: പിന്നെ ആരോട്? അയാള്‍ ചോദിച്ചു: പിന്നെ ആരോടാണ്? നബി(സ) പറഞ്ഞു: നിന്റെ ഉമ്മയോട്. അയാള്‍ ചോദിച്ചു: പിന്നെ ആരോടാണ്? നബി(സ) പറഞ്ഞു: നിന്റെ ഉമ്മയോട്. അയാള്‍ ചോദിച്ചു: പിന്നെ ആരോടാണ്? നബി(സ) പറഞ്ഞു: നിന്റെ ഉപ്പയോട്. (മുസ്‌ലിം) ഒരാളുടെ സ്വര്‍ഗ പ്രവേശനം പോലും അവരുടെ തൃപ്തിയും അവര്‍ക്കുള്ള നന്മയുമായി ബന്ധപ്പെടുത്തിയാണ് നബി(സ) വ്യക്തമാക്കിയിട്ടുള്ളത്. ”മാതാപിതാക്കളോട് നന്ദികേട് കാണിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.”

വര്‍ഷത്തിലൊരിക്കല്‍ അവര്‍ക്കൊരു ദിനം നിശ്ചയിച്ച് സ്‌നേഹപ്രകടനങ്ങള്‍ നടത്തുന്നതിലൂടെ തങ്ങള്‍ അവരെ ആദരിക്കുന്നുണ്ടെന്നാണ് ചിലരെല്ലാം ധരിച്ചിരിക്കുന്നത്. അവര്‍ക്കൊട്ടും ആവശ്യമില്ലാത്ത ഏതാനും കറന്‍സി നോട്ടുകളുടെ വിലയുള്ള സമ്മാനത്തിലൂടെയോ വാടിക്കരിഞ്ഞുപോകുന്ന ഒരു ബൊക്കയിലൂടെയോ ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ അയക്കുന്ന ഗ്രീറ്റിംഗ്കാര്‍ഡിലൂടെയോ ആയിരിക്കാം അത്. ഇക്കാലത്ത് ഇങ്ങനെയൊക്കെയല്ലേ നടക്കുന്നത്. അല്ലെങ്കില്‍ മിനുറ്റുകളുടെ ദൈര്‍ഘ്യമുള്ള ഒരു സന്ദര്‍ശനത്തിലൂടെയായിരിക്കാം സ്‌നേഹപ്രകടനം. ഇതാണോ ഉമ്മമാര്‍ക്ക് നേരെ നമ്മില്‍ നിന്നും ആവശ്യപ്പെടുന്ന സമീപനം? ഇതില്‍ ഒതുങ്ങുന്നതാണോ അവരോടുള്ള നമ്മുടെ ഉത്തരവാദിത്വം?

ഉമ്മമാരോട്
ഉത്തമമായ ദൗത്യത്തിനും ഉന്നതമായ ലക്ഷ്യത്തിനുമാണ് നിങ്ങളെ അല്ലാഹു തെരെഞ്ഞെടുത്തിരിക്കുന്നത്. ദൈവഹിതത്താല്‍ ആണിനും പെണ്ണിനും ജന്മം നല്‍കുന്നവളാണ് നിങ്ങള്‍. കുടുംബത്തിന്റെ നാഥയും തലമുറകളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോറ്റിവളര്‍ത്തിയവളുമാണ്. നല്ല രീതിയിലുള്ള ഈ സന്താനപരിപാലനം മക്കളുടെ പ്രാര്‍ഥനക്ക് നിങ്ങളെ അര്‍ഹയാക്കുന്നു. അല്ലാഹു കല്‍പിക്കുന്നു: ”നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!” (അല്‍ഇസ്‌റാഅ്: 24) നിങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം ഗര്‍ഭം ചുമക്കലോ പ്രസവിക്കലോ മുലകൊടുക്കലോ അല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അത് തുടക്കം മാത്രമാണ്. അതിനെ തുടര്‍ന്നുള്ളതാണ് അതിലേറെ പ്രധാനവും വലുതുമായ ഉത്തരവാദിത്വം. മക്കളെ നന്മയിലും തഖ്‌വയിലും അധിഷ്ടിതമായി വളര്‍ത്തലാണത്. അത് നിങ്ങളുടെയും ഭര്‍ത്താവിന്റെയും കൂട്ടുത്തരവാദിത്വമാണെങ്കിലും നിങ്ങള്‍ക്കാണതില്‍ വലിയ പങ്ക് വഹിക്കാനുള്ളത്. ഗര്‍ഭം ചുമക്കാനും പ്രസവിക്കാനും തെരെഞ്ഞെടുത്തതിലൂടെ അല്ലാഹു നിങ്ങളെ ആദരിച്ചിരിക്കുകയാണ്. വലിയ പുണ്യത്തിനും പ്രാര്‍ഥനക്കും നിങ്ങളെ അതിലൂടെ അര്‍ഹയാക്കുകയും ചെയ്യുന്നു. അബൂഹുറൈറ(റ) വീട്ടില്‍ പ്രവേശിച്ചാല്‍ ഉമ്മയോട് ഇങ്ങനെ പറയുമായിരുന്നു: ”എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയത് പോലെ അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ.” അപ്പോള്‍ അദ്ദേഹത്തിന്റെ ഉമ്മ പറയും: ”നീ വലുതായപ്പോള്‍ എനിക്ക് നന്മ ചെയ്തപോലെ അല്ലാഹു നിന്നോട് കരുണ കാണിക്കട്ടെ.”

മറ്റെല്ലാ ഉത്തരവാദിത്വങ്ങളിലേക്കും കടക്കുന്നിന് മുമ്പേ നിങ്ങള്‍ നിര്‍വഹിക്കേണ്ട ഒന്നാമത്തെ ഉത്തരവാദിത്വമാണ് സന്താനപരിപാലനം. അല്ലാഹു നിങ്ങളെയേല്‍പ്പിച്ചിരുന്ന ഈ ഉത്തരവാദിത്വത്തില്‍ നിങ്ങള്‍ക്കഭിമാനിക്കാം. ഇഹത്തിലും പരത്തിലും പ്രതിഫലത്തിനര്‍ഹയാക്കുന്ന കാര്യമാണത്. നിങ്ങള്‍ക്കുള്ള പ്രതിഫലം ഒരിക്കലും നിലക്കുന്നില്ല. ആ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നതിന് അല്ലാഹുവോട് തേടുകയും ഉദ്ദേശ്യം നന്നാക്കുകയും ചെയ്യുക. സന്താനങ്ങളെ നിങ്ങള്‍ക്ക് പുണ്യം ചെയ്യുന്നവരാക്കി മാറ്റാന്‍ സഹായിക്കുന്ന സന്താനപരിപാലനം നിങ്ങള്‍ പഠിക്കുക. ഈ ദൗത്യം ഭംഗിയായി പൂര്‍ത്തികരിക്കുന്ന ഉമ്മാ… നിങ്ങള്‍ക്കാണ് സന്തോഷവാര്‍ത്തയുള്ളത്. പിന്നെയെന്തിനാണ് നിങ്ങളുടെ മക്കളെ ജോലിക്കാരുടെയും ആയമാരുടെയും കൈകളിലേക്ക് നല്‍കുന്നത്. അല്ലാഹു നിങ്ങളെയേല്‍പ്പിച്ച സൂക്ഷിപ്പുമുതല്‍ സംരക്ഷിക്കാനും വളര്‍ത്താനും ജാഗ്രതപുലര്‍ത്തി പരലോകത്തെ ചോദ്യത്തെ നേരിടാന്‍ നിങ്ങള്‍ സജ്ജരാവണം. നബി(സ) പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ഭരമേല്‍പ്പിക്കപ്പെട്ട ഓരോരുത്തരോടും അവര്‍ ഭരമേല്‍പ്പിക്കപ്പെട്ടതിനെ കുറിച്ച് ചോദിക്കും, അതിനെ സംരക്ഷിച്ചോ അല്ലെങ്കില്‍ നഷ്ടപ്പെടുത്തിയോ എന്ന്.” ഇതിലൂടെയെല്ലാം നിങ്ങള്‍ക്കാണ് ഇഹത്തിലും പരത്തിലും വലിയ നേട്ടം.

മാതൃസേവനത്തിലൂടെ സ്വര്‍ഗ്ഗം
ഒരിക്കല്‍ യുദ്ധത്തിന് പോവാന്‍ അനുമതി ചോദിച്ചു കൊണ്ട് ഒരാള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ? എന്നാണ് നബി(സ) അദ്ദേഹത്തോട് ചോദിച്ചത്. ഉണ്ടെന്ന് മറുപടി പറഞ്ഞപ്പോള്‍ അവരെ സേവിക്കുക അവിടെയാണ് നിന്റെ സ്വര്‍ഗ്ഗമെന്നാണ് നബി(സ) അദ്ദേഹത്തോട് പറഞ്ഞത്. കൂട്ടുകാര്‍ക്കൊപ്പം സൊറപറഞ്ഞിരിക്കാനോ ഇന്റര്‍നെറ്റിനും മൊബൈല്‍ഫോണിനും മുമ്പില്‍ ചെലവഴിക്കാനോ, വിനോദയാത്ര പോകാനോ ആയിരുന്നില്ല ആ മനുഷ്യന്‍ അനുവാദം ചോദിച്ചത്. മറിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരത്തിന് പോകാനായിരുന്നു. മാതാവിന് സേവനം ചെയ്യല്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടത്തേക്കാള്‍ പ്രതിഫലം കുറഞ്ഞ ഒരു പ്രവൃത്തിയല്ലെന്നാണ് അത് വ്യക്തമാക്കുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”മാതാവിന് നന്മ ചെയ്യുന്നതിനേക്കാള്‍ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും എനിക്കറിയില്ല.” (അദബുല്‍ മുഫ്‌റദ്)

മാതാവിന് നന്മ ചെയ്യലും അവരെ സന്തോഷിപ്പിക്കലും മനസ്സിന്റെ വികാരങ്ങളേക്കാളും ഇച്ഛകളേക്കാളും മുന്‍ഗണന നല്‍കപ്പെടേണ്ട കാര്യമാണ് എന്നല്ല, ഐശ്ചിക കര്‍മങ്ങളേക്കാള്‍ മുന്‍ഗണന നല്‍കേണ്ട കാര്യമാണ്. കാരണം അത് നിര്‍ബന്ധ കര്‍മവും അല്ലാഹുവിനുള്ള അനുസരണത്തിന്റെ ഭാഗവും സ്വര്‍ഗത്തിലേക്കുള്ള വഴിയുമാണ്. ഹിശാം ബിന്‍ ഹസ്സാന്‍ ഹസന്‍ ബസ്വരിയോട് പറഞ്ഞതായി ഇബ്‌നുല്‍ ജൗസി പറയുന്നു: ഞാന്‍ ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ രാത്രിഭക്ഷണവുമായി എന്റെ ഉമ്മ എന്നെ കാത്തിരിക്കുന്നു. അപ്പോള്‍ ഹസന്‍ ബസ്വരി പറഞ്ഞു: നീ അവര്‍ക്കൊപ്പം അത്താഴം കഴിഞ്ഞ് അവര്‍ക്ക് കണ്‍കുളിര്‍മയേകണം. ഐശ്ചികമായി നിര്‍വഹിക്കുന്ന ഹജ്ജിനേക്കാള്‍ പ്രിയങ്കരം അതാണ്.

മാതാവിനുള്ള നന്മ നിലക്കുന്നില്ല
മാതാവിനോടുള്ള നന്മ അവരുടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കേണ്ടതും മരിച്ചാലും നിലക്കാത്തതുമാണ്. വര്‍ഷത്തിലൊരു ദിവസം മാത്രം ഉമ്മാക്ക് മാറ്റിവെക്കാതെ അവര്‍ക്ക് നന്മ ചെയ്യുന്നത് എത്ര മനോഹരമായിരിക്കും! അവരെ സ്‌നേഹിക്കുകയും അടുപ്പം പുലര്‍ത്തുകയും വേണം. നല്ല സംസാരങ്ങള്‍ നടത്തുകയും നൈര്‍മല്യത്തോടെ ഇടപെടുകയും അവരുടെ ആവശ്യങ്ങള്‍ അന്വേഷിക്കുകയും പൂര്‍ത്തീകരിച്ചു കൊടുക്കുകയും വേണം. അവര്‍ക്ക് നേരെ ശബ്ദമുയര്‍ത്തുകയോ അവരേക്കാള്‍ നിന്റെ ഇണക്ക് പരിഗണന നല്‍കുകയോ ചെയ്യരുത്. അവരുടെ വയറ്റിലായിരുന്നപ്പോള്‍ മുതല്‍ അവര്‍ കാണിച്ച ഔദാര്യവും ശ്രദ്ധയും നീ തിരിച്ചറിയണം.

നീ അവരോട് വിനയത്തോടെയും അനുകമ്പയോടെയും പെരുമാറുക. നിന്റെ ഉയര്‍ന്ന സ്ഥാനവും ജോലിയും അവരോടുള്ള നന്ദികേടിലേക്ക് നിന്നെ നയിക്കാതിരിക്കട്ടെ. നിന്റെ സ്ഥാനവും ജോലിയും കൂട്ടുകാരും അവരോടുള്ള കടമയും അനുസരണവും നഷ്ടപ്പെടുത്തുന്നത് കരുതിയിരിക്കുക. അവരാണ് നിന്നെ വളര്‍ത്തിയത്, നിനക്ക് വേണ്ടി ക്ഷീണിച്ചതും ഉറക്കമിളച്ചതും നിന്റെ വിജയത്തിന് വഴിയൊരുക്കിയതും അവരാണെന്നത് മറക്കരുത്. മറിച്ച് അവരുടെ മാതൃത്വത്തില്‍ നീ അഭിമാനിക്കുക. അവരെയോ അവരുടെ അവസ്ഥയെയോ കുറിച്ചോര്‍ത്ത് നീ ലജ്ജിക്കേണ്ട. ഹൈവത്ത് ബിന്‍ ശുറൈഹ് തന്റെ സദസ്സില്‍ കുറച്ച് ആളുകള്‍ക്ക് വേണ്ടി ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ ഉമ്മ പറഞ്ഞു: അല്ലയോ ഹൈവ, നീ എഴുന്നേറ്റ് കോഴികള്‍ക്ക് ഗോതമ്പ് ഇട്ടുകൊടുക്കൂ. അത് കേട്ടതും ഉമ്മ പറഞ്ഞത് അനുസരിക്കുന്നതിനായി അദ്ദേഹം സദസ്സില്‍ നിന്നും എഴുന്നേറ്റ് പോവുകയാണ്. വലിയ ഭക്തനായിരുന്ന ത്വല്‍ഖ് ബിന്‍ ഹബീബ് തന്റെ ഉമ്മയുടെ തല ചുംബിക്കാറുണ്ടായിരുന്നു. ഉമ്മ താഴെയുണ്ടായിരിക്കെ അവരോടുള്ള ആദരവ് കാരണം വീടിന് മുകളിലൂടെ അദ്ദേഹം നടക്കാറുണ്ടായിരുന്നില്ല. മാതാവിന് വളരെയധികം നന്മ ചെയ്തിരുന്ന ആളാണ് സൈനുല്‍ ആബിദീന്‍. ഒരിക്കല്‍ അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു: ആളുകളില്‍ ഉമ്മയോട് ഏറ്റവുമധികം നന്മ ചെയ്യുന്നയാളാണല്ലോ താങ്കള്‍, എന്നാല്‍ അവര്‍ക്കൊപ്പം ഒരു പാത്രത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല? അദ്ദേഹം മറുപടി പറഞ്ഞു: ”അവരുടെ കൈകളെത്തിയതിനെ എന്റെ കൈകള്‍ മുന്‍കടക്കുമോ എന്നും അതിലൂടെ ഞാനവരോട് നന്ദികേട് കാണിക്കുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.”

മാതൃനിന്ദ അല്ലാഹു നിഷിദ്ധമാക്കിയത്
മുതിര്‍ന്ന മക്കളെ നിങ്ങള്‍ക്ക് മുമ്പിലാണ് അവസരം. മാതാവിന് നന്മ ചെയ്ത് വാതില്‍ മുട്ടുന്നവര്‍ക്കായി കാത്തിരിക്കുയാണ് സ്വര്‍ഗത്തിന്റെ വാതിലുകള്‍. ഉമ്മ മരണപ്പെട്ടപ്പോള്‍ ഇയാസ് ബിന്‍ മുആവിയ കരയുകയാണ്. അദ്ദേഹത്തിന്റെ കരച്ചിലിന്റെ കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: സ്വര്‍ഗത്തിലേക്ക് തുറക്കുന്ന രണ്ട് വാതിലുകള്‍ എനിക്കുണ്ടായിരുന്നു. അതിലൊന്ന് അടക്കപ്പെട്ടിരിക്കുകയാണ്. അവരുടെ ജീവിതകാലത്ത് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം. മരണപ്പെട്ടാല്‍ അവരുടെ പാപമോചനത്തിന് വേണ്ടി തേടിക്കൊണ്ടിരിക്കണം. അവര്‍ക്ക് വേണ്ടി ദാനധര്‍മങ്ങള്‍ ചെയ്യുകയും അവരുടെ കുടുംബബന്ധങ്ങള്‍ ചേര്‍ക്കുകയും വേണം. നബി(സ)യുടെ വാക്കുകള്‍ സദാ ഓര്‍മയിലുണ്ടാവണം. ”മാതാക്കളോടുള്ള നന്ദികേട് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു.” നിങ്ങള്‍ എത്രയൊക്കെ പ്രവര്‍ത്തിച്ചാലും അവരോടുള്ള ബാധ്യത പൂര്‍ത്തിയാവുകയില്ല. അതുകൊണ്ട് സാധ്യമാകുന്നത്ര നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക.

മൊഴിമാറ്റം: അബൂഅയാശ്

Related Articles