Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തില്‍ കൂടുതല്‍ സന്തോഷം ആര്‍ക്കാണ്

മതവിശ്വാസം കുറഞ്ഞതെന്ന് പറയപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ സന്തോഷസൂചിക വ്യക്തമാക്കുന്നത് മനുഷ്യന് സന്തോഷത്തോടെ ജീവിക്കാന്‍ മതം ആവഷ്യമില്ല എന്നല്ലേ?

ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളില്‍ ഒന്നായ United Nations Sustainable Development Solutions Network 2012 മുതല്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിച്ചുവരുന്ന World Happiness Report ല്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ് സ്ഥിരമായി മുന്‍നിരയില്‍. ഒടുവില്‍ പുറത്ത് വന്ന 2019 ലെ റിപ്പോര്‍ട്ടില്‍ ആദ്യത്തെ നാല് സ്ഥാനവും ഈ രാജ്യങ്ങള്‍ക്കാണ്. ഫിന്‍ലാന്‍ഡ്, ഡെന്മാര്‍ക്ക്, നോര്‍വെ, എസ്‌ലാന്‍ഡ് എന്ന ക്രമത്തില്‍. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ‘മതരഹിത’ രാജ്യങ്ങളിലാണ് ജനങ്ങള്‍ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നത് എന്ന് നാസ്തികര്‍ വാദിക്കുന്നത്. ഒന്നാമതായി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ ‘മതരഹിതം’ എന്ന് വിശേഷിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ട് . സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഐസ് ലാന്റ്, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും മതവിശ്വാസികളാണ് കൂടുതല്‍. നോര്‍വെ മാത്രമാണ് മതരഹിതര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യം.

രണ്ടാമതായി, ഹാപിനസ് റിപ്പോര്‍ട്ട് വെച്ച് കൊണ്ട് മനുഷ്യരുടെ സന്തോഷവും മതരാഹിത്യവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് സമര്‍ഥിക്കാന്‍ കഴിയില്ല. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാവും. ജീവിതനിലവാരം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വെച്ചുകൊണ്ടാണ് വേള്‍ഡ് ഹാപിനസ് റിപ്പോര്‍ട്ട് ഒരു രാജ്യത്തിലെ ജനങ്ങളുടെ സന്തോഷം അളക്കുന്നത്. ഈ ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ചോദ്യാവലിയിലൂടെ പൂജ്യം മുതല്‍ പത്ത് വരെയുള്ള ഒരു സ്‌കെയിലില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താനാണ് സര്‍വെയില്‍ പങ്കെടുക്കുന്നവരോട് ആവശ്യപ്പെടുന്നത്. ഗാലപ് ഇന്റര്‍നാഷ്നല്‍ നടത്തുന്ന സര്‍വെകളിലെ ഡാറ്റയാണ് റിപ്പോര്‍ട്ടിന് വേണ്ടി മുഖ്യമായും അവലംബിക്കുന്നത്. ഒരു വ്യക്തിയുടെ സന്തോഷം എന്നത് തീര്‍ത്തും ആത്മനിഷ്ഠവും വൈകാരികവുമായ ഒരു സംഗതി ആയതുകൊണ്ട്, ജീവിത നിലവാര സൂചികകള്‍ വെച്ചുകൊണ്ട് സന്തോഷത്തെ അളക്കുന്നതില്‍ ഒരുപാട് പരിമിതികളുണ്ട്. ഇത്തരം പഠനങ്ങള്‍ നടത്തുന്നവര്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ് ഈ പ്രശ്നം. അതുകൊണ്ടാണ്, ഒരു പ്രത്യേക കാലയളവില്‍ നിങ്ങള്‍ എത്രമാത്രം സന്തുഷ്ടനായിരുന്നു എന്ന തരത്തിലുള്ള ആത്മനിഷഠമായ ചില ചോദ്യങ്ങളും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ പരിമിതികളൊക്കെയും അംഗീകരിച്ചുകൊണ്ട് ഹാപിനസ് റിപ്പോര്‍ട്ടിനെ പഠനവിധേയമാക്കിയാലും സന്തോഷവും മതരാഹിത്യവുമായി നേര്‍ക്ക് നേരെ ഒരു ബന്ധവും കണ്ടെത്താന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. നാസ്തികരുടെ യുക്തിയനുസരിച്ച് ഏറ്റവും കൂടുതല്‍ നാസ്തികര്‍ ഉള്ള രാജ്യത്തായിരിക്കണമല്ലോ ഏറ്റവും കൂടുതല്‍ സന്തോഷമുള്ള മനുഷ്യര്‍ ജീവിക്കുന്നത്.

മുമ്പ് ഉദ്ധരിച്ച കണക്കുകള്‍ പ്രകാരം ചൈന (61 ശതമാനം) ഹോങ്കോങ് (34 ശതമാനം) ജപ്പാന്‍ (31 ശതമാനം) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രഖ്യാപിത നാസ്തികര്‍ (convinced atheist) ഉള്ളത്. എന്നാല്‍ ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ചൈന 93ാം സ്ഥാനത്തും ഹോങ്കോങ് 76 ാം സ്ഥാനത്തും ജപ്പാന്‍ 58-ാം സ്ഥാനത്തുമാണ്. ഈ രാജ്യങ്ങളെക്കാള്‍ എത്രയോ മുകളിലാണ് മതവിശ്വാസികള്‍ ഭൂരിപക്ഷമായ പല മുസ്‌ലിം രാജ്യങ്ങളുടെയും സ്ഥാനം. ഗള്‍ഫ് രാജ്യമായ യു.എ.ഇ 21-ാം സ്ഥാനത്താണ്. 24-ാം സ്ഥാനത്തുള്ള ഫ്രാന്‍സിനേക്കാള്‍ മുകളില്‍. യാഥാസ്ഥിതിക മതരാഷ്ട്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുഊദി അറേബ്യ 28-ാം സ്ഥാനത്താണ്. 30-ാം സ്ഥാനത്തുള്ള സ്പെയിനിനേക്കാളും 36-ാം സ്ഥാനത്തുള്ള ഇറ്റലിയേക്കാളും മുകളില്‍. ഖത്തര്‍ സുഊദിയുടെ തൊട്ടുപിറകെ 29-ാം സ്ഥാനത്താണ്. പാകിസ്താന്‍ 67-ാം സ്ഥാനത്ത് റഷ്യയുടെ തൊട്ടുമുകളിലാണ്. ലിബിയ (72), തുര്‍ക്കി (79), മലേഷ്യ (80), അള്‍ജീരിയ (88) എന്നീ മുസ്‌ലിം രാജ്യങ്ങള്‍ ചൈന (93) യെക്കാള്‍ മുകളിലാണ്.

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ മററു രാജ്യങ്ങളിലെ മനുഷ്യരെ അപേക്ഷിച്ച് കൂടുതല്‍ സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് മതം കുറഞ്ഞത് കൊണ്ടാണ് എന്നു സമര്‍ഥിക്കാന്‍ ഈ റിപ്പോര്‍ട്ട് വെച്ച് കൊണ്ട് സാധ്യമല്ല. സന്തോഷം അളക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മാനദണ്ഡം, ഭൗതിക ജീവിത സാഹചര്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഗവണ്‍മെന്റിന്റെ ക്ഷേമപദ്ധതികളുടെ ലഭ്യതയുമൊക്കെ ആയതുകൊണ്ട് അത്തരം കാര്യങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ മറ്റു പല സര്‍വെകളിലുമെന്നപോലെ ഹാപ്പിനസ് റിപ്പോര്‍ട്ടിലും മുന്‍നിരയില്‍ വരുന്നു എന്നതാണ് ലളിതമായ സത്യം. മതവുമായോ മതരാഹിത്യവുമായോ അതിനെ ബന്ധപ്പെടുത്താന്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ സഹായകമല്ല. മതമുള്ളവരാണോ, മതമില്ലാത്തവരാണോ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം അനുഭവിക്കുന്നത് എന്ന് കണ്ടെത്തണമെങ്കില്‍ മറ്റു തരത്തിലുള്ള പഠനങ്ങള്‍ നടത്തേണ്ടിവരും.

മനുഷ്യരുടെ സന്തോഷം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതാണല്ലോ. അത് അളക്കാന്‍ കൂടുതല്‍ അവലംബനീയമായ ഒരു മാര്‍ഗം ആത്മഹത്യാ നിരക്കാണ്. ലോകാരോഗ്യ സംഘടന പുറത്ത് വിട്ട 2018 ലെ ഔദ്യോഗിക കണക്കുപ്രകാരം, ഏറ്റവും സംഘര്‍ഷഭരിതമായ മൂന്ന് മുസ് ലിം രാജ്യങ്ങള്‍ ആത്മഹത്യ ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തിലാണ്. അഫ്ഗാനിസ്താനില്‍ ഒരു ലക്ഷം ആളുകളില്‍ 4.7 ആളുകളാണ് 2018-ല്‍ ആത്മഹത്യ ചെയ്തത്. ഇറാഖില്‍ മൂന്ന് ആളുകള്‍. സിറിയയില്‍ രണ്ടില്‍ താഴെ (1.9). മുസ് ലിം രാജ്യങ്ങള്‍ പൊതുവെ ആത്മഹത്യ ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ ഗണത്തിലാണ് വരുന്നത്. കുവൈത്തില്‍ ഒരു ലക്ഷത്തിന് 2.3 ആണ് ആത്മഹത്യാ നിരക്ക്. യു.എ.ഇ (2.8), പാകിസ്താന്‍ (2.9), ജോര്‍ദാന്‍ (2.9), സുഊദി അറേബ്യ (3.2), അള്‍ജീരിയ (3.2), ടുണീഷ്യ (3.4), ഇന്തോനേഷ്യ (3.4), ഒമാന്‍ (3.9), ഈജിപ്ത് (4), ഇറാന്‍ (4.1), മൊറിത്താനിയ (4.4), മലേഷ്യ (5.5), ബഹ്റൈന്‍ (5.9), ഖത്തര്‍ (6.6), തുര്‍ക്കി (7.3). ഈ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുകളിലാണ് ആത്മഹത്യാ നിരക്കില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ സ്ഥാനം. നോര്‍വെ (12.2), ഡെന്മാര്‍ക്ക് (12.8), ഐസ് ലാന്റ് (14), സ്വീഡന്‍ (14.8), ഫിന്‍ലാന്റ് (15.9). ബാള്‍ട്ടിക് രാജ്യമായ ലിത്വാനിയയാണ് ആത്മഹത്യാ നിരക്കില്‍ എറ്റവും മുന്നില്‍. ഒരു ലക്ഷത്തിന് 31.9 ആളുകള്‍. റഷ്യയാണ് തൊട്ടുപിറകെ ലക്ഷത്തിന് 31 പേര്‍.

(അധിക വായനക്ക്: ഐ.പി.എച്ച് പുറത്തിറക്കിയ ‘നവനാസ്തികത: മതവിരുദ്ധ യുക്തിയുടെ രാഷ്ട്രീയം’ എന്ന പുസ്തകത്തിലെ ‘സ്‌കാന്‍ഡിനേവിയന്‍ സ്വപ്നം’ എന്ന അദ്ധ്യായം)

Related Articles