ഗുരു ശിഷ്യന്മാരോട് ചോദിച്ചു: “ലോകത്ത് ഏറ്റവും സൗന്ദര്യമുള്ളതും സുഗന്ധവാഹിയുമായ സ്ഥലം എവിടെയാണെന്നറിയാമോ?”
ശിഷ്യഗണങ്ങൾ തങ്ങളുടെ ഓർമയിൽ വന്ന മനോഹരമായ ഭൂപ്രദേശങ്ങളുടെയും ടൂറിസ്റ്റു കേന്ദ്രങ്ങളുടെ പേരുകൾ പറഞ്ഞു.
ഗുരു പക്ഷെ പുഞ്ചിരിയോടെ മൗനമവലംബിച്ചു.
ഒടുവിൽ തൻ്റെ നെഞ്ചിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഗുരു പറഞ്ഞു:
“എല്ലാ മനുഷ്യരുടെയും ഇവിടെയാവണം, ഇവിടെ ആയിരിക്കണം ഏറ്റവും സുന്ദരവും സുഗന്ധവും!”
മൂല്യങ്ങളുടെ കേന്ദ്രമാണ് മനുഷ്യ മനസ്സ്. സത്യം, നീതി, സഹവർത്തിത്വം, ക്ഷമ, വിശാലമനസ്കത,വിനയം, വിട്ടുവീഴ്ച, എളിമ, കാരുണ്യം തുടങ്ങിയ മഹിത ഗുണങ്ങൾ ആദ്യം ജന്മമെടുക്കേണ്ടത് അകത്തായിരിക്കണം. അതുപോലെ വെറുപ്പ്, പക, വിദ്വേഷം, അഹങ്കാരം, അസൂയ, പൊങ്ങച്ചം പോലുള്ള ദുർഗുണങ്ങളെ ആദ്യം ഇല്ലാതാക്കേണ്ടതും മനസ്സിൽ നിന്നാണ്.
ഇത് പക്ഷെ ക്ഷിപ്രസാധ്യമല്ല. നന്മയോളം പഴക്കമുണ്ട് തിന്മക്കും. അകത്ത് സദാ നന്മ-തിന്മകൾ തമ്മിലുള്ള സംഘട്ടനം നടക്കുന്നുണ്ട്. ജഡികതൃഷ്ണകളോടുള്ള സംഘട്ടനത്തിൽ മന:സാക്ഷി എപ്പോഴും നന്മയുടെ പക്ഷത്തു നിലയുറപ്പിക്കണം. എങ്കിലേ ജീവിതവിജയം സാധ്യമാവൂ.
ഉള്ളിൽ നന്മയുടെ സുഗന്ധവാഹികളായ തരാതരം പൂക്കൾ മാത്രം നിറഞ്ഞു നിൽക്കുന്ന ഈ അവസ്ഥക്കു തന്നെയാണ് ആത്മീയത, ആത്മ വിശുദ്ധി എന്നൊക്കെ പറയുന്നതും.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE