Current Date

Search
Close this search box.
Search
Close this search box.

അവള്‍ ചോദിക്കപ്പെടുമ്പോള്‍

ഒരു നിലവിളിയിൽ മനസ്സ് മരവിച്ചു പോയ ദിവസമാണിന്ന്. വാക്കുകൾ വിറങ്ങലിച്ചു നിന്നു. വിരലറ്റം നിശ്ചലമായിത്തീർന്നു. ചിന്തകൾ ആ മാതൃഹൃദയത്തിൻ്റെ വേദനകൾപ്പുറം സഞ്ചരിക്കാൻ വിസമ്മതിച്ചു. ആ ദൃശ്യങ്ങൾ കണ്ട് ഹൃദയം കരഞ്ഞപ്പോഴാണ് മനസ്സാക്ഷിയുടെ മതിക്കാനാകാത്ത വില മനസ്സിലായത്.

വിദൂര സംസ്ഥാനങ്ങളിൽ എവിടെയോ ജോലി തേടിപ്പോയ ഒരു കുടുംബം. അവർ വീട്ടിലേക്ക് തിരിച്ചു നടക്കുകയാണ്. പൊരിവെയിലത്ത്, നൂറുക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി. യാത്രാ സംഘത്തിൽ, അമ്മയുടെ ചുമലിൽ തളർന്നുറങ്ങിയ കുഞ്ഞ്! ഇടക്കെപ്പോഴോ ഒന്നുറക്കെ കരഞ്ഞു, പിന്നെ നിശബ്ദയായി. ശ്വാസം നിലച്ചു, ദൈവത്തിങ്കലേക്ക് യാത്രയായി! പിന്നെ ഉയർന്നത് ആ മാതാവിൻ്റെ നിലവിളിയാണ്. ചേതനയറ്റ പൊന്നോമനയുടെ ഇളംമേനി ആ അമ്മ നെഞ്ചിലേക്ക് ചേർത്തു പിടിച്ചിട്ടുണ്ട്. നടന്നുനടന്ന് കാല് പൊട്ടിക്കരയുന്ന മറ്റൊരു കുരുന്ന് പെൺകുട്ടി. രണ്ടുനാൾ മുമ്പ് കണ്ട ആ കാഴ്ച്ചയും ഹൃദയം പിളർക്കുന്നുണ്ട്. ഈ കരച്ചിലുകൾക്ക് ഉത്തരം തേടി സത്യവേദത്തിലേക്ക് തിരിഞ്ഞു. ഉത്തരങ്ങളുടെ നീണ്ട നിര തന്നെ മുന്നിൽ തെളിയാൻ തുടങ്ങി. നീതിയെക്കുറിച്ച നിരവധി വർത്തമാനങ്ങൾ.

“ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്നു ചോദിക്കപ്പെടുമ്പോള്‍, കര്‍മപുസ്തകങ്ങള്‍ നിവര്‍ത്തപ്പെടുമ്പോള്‍, ആകാശത്തിന്റെ മറ മാറ്റപ്പെടുമ്പോള്‍”. സത്യവേദം എൺപത്തിയൊന്നാം അധ്യായം എട്ടു മുതൽ പതിനൊന്ന് വരെ വചനങ്ങൾ. പെണ്ണായി പിറന്നതിൻ്റെ പേരിൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ട കുഞ്ഞുങ്ങൾക്ക്‌ വേണ്ടിയാണ് അന്ന് ആകാശലോകം ഇടപെട്ടത്! പെൺകുഞ്ഞുങ്ങൾ മാത്രമല്ല ആൺകുഞ്ഞുങ്ങളും ഇന്ന് മരണക്കയത്തിലേക്ക് ബോധപൂർവ്വം എടുത്തെറിയപ്പെടുകയാണ്. ഇന്നലെകളിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞിരുന്ന റോഡുകൾ! ഇന്ന് അവയുടെ ഓരങ്ങളിൽ എത്രയോ പിഞ്ചു മക്കൾ ജീവനോടെ ചതഞ്ഞു തീരുകയാണ്! തെരുവുകൾ തോറും ‘ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന’ പച്ച മനുഷ്യരെയാണ് നാം കാണുന്നത്. അന്ന്, അപമാനം ഭയന്ന് കൊല്ലാൻ തെരഞ്ഞെടുത്തത് പെൺകുഞ്ഞുങ്ങളെ! ഇന്ന്, അവഗണിച്ചു തള്ളി മരിക്കാൻ തെരഞ്ഞെടുത്ത് തെരുവിലേക്ക് വലിച്ചെറിഞ്ഞത് തൊഴിലാളി സമൂഹത്തെ! കുഴിയെടുത്ത് ജീവനോടെ അതിൽ ഇറക്കിവെച്ച് മണ്ണിട്ടു മൂടുമ്പോഴുള്ള ആ കുഞ്ഞുങ്ങളുടെ പിടച്ചിലും നിലവിളിയും ചിന്തിച്ചു നോക്കൂ! അതേ പിടച്ചിലും നിലവിളികളുമല്ലേ നമ്മുടെ തെരുവുകളിൽ നിന്ന് ഇപ്പോൾ ഉയരുന്നത്! ‘എന്തു കുറ്റത്തിനാണ് ഇവരിങ്ങനെ തെരുവിൽ ചതച്ചരക്കപ്പെടുന്നത്? മാനം മുട്ടുന്ന കെട്ടിടങ്ങൾ പണിതീർത്തു തന്നതിനോ? കാറിൽ ചീറിപ്പായാനുള്ള റോഡുകൾ മിനുമിനുത്തതാക്കി തന്നതിനോ?

Also read: ഉളളുലക്കുന്ന കാഴ്ചകളാണ് ചുറ്റിലും

അധികാരികൾ ഈ ചോദ്യം കേൾക്കുന്നില്ലായിരിക്കും! അവർ കണ്ണടച്ചിരിക്കുകയോ, ഉറങ്ങിക്കിടക്കുകയോ ആവും. തെരുവ് വിളക്കുകൾ അണച്ചിട്ടുണ്ടാകും. കാമറക്കണ്ണുകൾ അടച്ചു വെച്ചിട്ടുണ്ടാകും. വംശവെറിയുടെ വ്രണങ്ങൾ വേണമല്ലോ അവയ്ക്ക് കൺതുറക്കാൻ! പക്ഷേ, ആകാശം കണ്ണുകൾ തുറന്ന് തന്നെയാണിരിക്കുന്നത്. ദൈവം നിക്ഷേപിച്ച ഉപഗ്രഹം എല്ലാം ഒപ്പിയെടുക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് ഒരുനാൾ, “ആകാശത്തിന്റെ മറ മാറ്റപ്പെടുമ്പോള്‍”! ആരാധനാലയങ്ങളിലേക്കു കാലടികൾ മാത്രമല്ല, ഇന്നീ കാണുന്ന നടത്തവും നിലവിളികളും പൈദാഹവും പിടച്ചിലുകളുമെല്ലാം വീണ്ടും കൺമുമ്പിൽ തെളിയും. മർദ്ദകൻ്റെയും മർദ്ദിൻ്റെയും “കര്‍മപുസ്തകങ്ങള്‍ നിവര്‍ത്തപ്പെടുമ്പോള്‍”! ദൈവത്തിൻ്റെ കോടതി ഇവരുടെ കേസ് വിളിക്കും. നീതിപൂർവ്വകമായ വിചാരണയും വിധി തീർപ്പുമുണ്ടാകും; അന്നുപക്ഷേ, ദൈവത്തിൻ്റെ കോടതിയിലെ ചോദ്യങ്ങൾ ഈ പിഞ്ചു മക്കളോടും മർദ്ദിതരായ മനുഷ്യരോടുമായിരിക്കും.

“എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്ന് അവള്‍ ചോദിക്കപ്പെടുമ്പോള്‍”. ഒരു പാട് ചിന്തിച്ചിട്ടുണ്ട് ഈ വചനത്തെക്കുറിച്ച്. ഇപ്പോഴിതാ, അനുഭവ ബോധ്യമുള്ള പുതിയൊരു ഉത്തരം കൺമുമ്പിൽ തെളിഞ്ഞിരിക്കുന്നു. പിടഞ്ഞു വീഴുന്ന പിഞ്ചുമക്കളുടെ ആവലാതികൾ കേൾക്കാൻ ഇന്ന് ഭൂമിയിൽ നീതിപീഠങ്ങളില്ല. പലായനം ചെയ്യുന്ന മനുഷ്യരുടെ പരാതികൾ പരിഗണിക്കാൻ ഇന്ന് ന്യായാധിപന്മാരില്ല. അക്രമികളുടെയും വംശവെറിയന്മാരുടെയും ‘സങ്കടങ്ങൾക്ക്’ തീർപ്പുണ്ടാക്കാൻ അവരെപ്പോഴും തുറന്നിരിക്കും! അനീതി അലങ്കാരമാകുന്ന കാലത്തിൻ്റെ കാഴ്ച്ചയാണിത്. എന്നാൽ, നീതി അവകാശമാകുന്ന കാലം ഇങ്ങനെയല്ല! ഇന്ന് ഇവരുടെ ആവലാതി കേൾക്കാൻ നീതിപീഠങ്ങൾ സന്നദ്ധമല്ലാത്തതുകൊണ്ടാണ്, നാളെ ദൈവം ഇവരുടെ ആവലാതി കേൾക്കുന്നത്! അതുകൊണ്ടാണ് പരലോകത്ത് ചോദ്യങ്ങൾ അവരോടാകുന്നത്; കേൾക്കട്ടെ, എന്താണ് നിങ്ങൾക്ക് പറയാനുള്ളത്? ദൈവം ഇവർക്കാണ് അവസരം കൊടുക്കുക. “അവള്‍ ചോദിക്കപ്പെടുമ്പോള്‍” എന്നതിൻ്റെ അർത്ഥമിതാണെന്ന് നാമിപ്പോൾ തിരിച്ചറിയുന്നില്ലേ!

പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയുടെ മണലിൽ തൊട്ട ഒരു വചനം. ഇന്നലെ നാം കേട്ട ഒരു വിധിയുടെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നത് നാം കാണുന്നു. ദൈവമേ, നിൻ്റെ വചനങ്ങൾക്ക് കാലമേറും തോറും തെളിമ കൂടിവരികയാണല്ലോ!

Related Articles