Vazhivilakk

ഗുജറാത്ത് ഓര്‍മ്മിപ്പിക്കപ്പെടുമ്പോള്‍

സമാധാന അന്തരീക്ഷത്തില്‍ വളരാത്ത ഒന്നാണ് സംഘ പരിവാര്‍. അവര്‍ക്ക് വേണ്ടത് കലാപമാണ്‌. ഇന്നത്തെ നമ്മുടെ ഭരണാധികാരികളില്‍ പലരും ആ രംഗത്ത് എത്തിപ്പെട്ടതില്‍ കലാപങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കലാപങ്ങളില്‍ ഗുജറാത്ത് കലാപത്തിനു തീര്‍ത്തും പ്രത്യേകതയുണ്ട്. പൂര്‍ണമായും ഒരു സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത കലാപം എന്ന രീതിയിലാണു ഈ കലാപത്തെ ഇന്നും മനസ്സിലാക്കപ്പെടുന്നത്‌. അത് കൊണ്ട് തന്നെയാണു കോഴിക്കോടിനടുത്ത കുറ്റ്യാടിയില്‍ ഉയര്‍ന്ന മുദ്രാവാക്യം പ്രസക്തമാകുന്നതും. കേരളത്തില്‍ എവിടെയും ഒരു കലാപ സാധ്യത കാണുന്നില്ല. നിലവില്‍ സംഘ പരിവാര്‍ ചുട്ടെടുത്ത കരി നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് മുഴുവന്‍ ജനാധിപത്യ രീതിയില്‍ സമരങ്ങള്‍ നടക്കുന്നു. അതെവിടെയും കലാപത്തിലേക്ക് പോയിട്ടില്ല. ഇതൊരു ഹിന്ദു മുസ്ലിം വിഷയമല്ല. ഇത് ഇന്ത്യന്‍ ഭരണ ഘടനയും നിലവിലെ ഭരണ കൂടവും തമ്മിലുള്ള വിഷയമാണ്‌. കേരളത്തില്‍ ഒരു കലാപത്തിനു കാലമേറെയായി സംഘ പരിവാര്‍ കോപ്പ്കൂട്ടുന്നു. ശബരിമല ആ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ ആവുന്നത് ശ്രമിച്ചു. പ്രബുദ്ധരായ കേരള ജനത അതിനെ സമര്‍ത്ഥമായി തന്നെ നേരിട്ടു. കേന്ദ്രത്തിന്റെ ബലത്തില്‍ കേരളം കലാപ ഭൂമിയാക്കാന്‍ സംഘ പരിവാര്‍ നേതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നു. കേട്ടാല്‍ അറപ്പും വെറുപ്പും തോന്നുന്ന രീതിയില്‍ അവര്‍ അത് തുടരുന്നു. മുസ്ലിംകളെ പ്രകോപിതരാക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം.

പുതിയ പൗരത്വ നിയമം കൊണ്ട് സംഘ പരിവാര്‍ ആഗ്രഹിക്കുന്ന പലതുമുണ്ട്. അടിസ്ഥാനം മുസ്ലിം വിരുദ്ധത തന്നെ. ബാബറി മസ്ജിദ് വിധിയില്‍ മുസ്ലിംകള്‍ ഇന്ത്യയില്‍ എവിടെയും വൈകാരിക പ്രതികരണം നടത്തിയില്ല. അത് വലിയ നിരാശയാണ് സംഘ പരിവാരിനു നല്‍കിയത്. പൗരത്വ നിയമവും അങ്ങിനെ തന്നെ. തീര്‍ത്തും മാന്യമായ രീതിയില്‍ ജനാധിപത്യ സമൂഹത്തോട് ചേര്‍ന്ന് നിന്ന് കൊണ്ടാണ് നാട്ടില്‍ പ്രതികരണം നടക്കുന്നത്. അവിടെയും സംഘ പരിവാര്‍ നിരാശരാണ്. ഇന്ത്യയില്‍ ഒരു പാട് കലാപങ്ങള്‍ നടന്നിട്ടുണ്ട്. ആള്‍ നാശം കൊണ്ട് ഗുജറാത്തിനെ പിന്നിലാക്കുന്ന ഒരു പാട് കലാപങ്ങള്‍. പിന്നെ എന്ത് കൊണ്ട് സംഘ പരിവാര്‍ ഗുജറാത്ത് മാത്രം പ്രത്യേകം എടുത്തു പറയുന്നു?. മോഡി എന്ന നേതാവിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവായി ആ കലാപം. സംഘ പരിവാര്‍ ക്രൂരത സര്‍ക്കാര്‍ ചിലവില്‍ നടപ്പിലാക്കി. മതേതര സമൂഹം ശക്തമാണ് എന്നതാണു കേരള സമൂഹത്തില്‍ സംഘ പരിവാര്‍ എന്നും പരാജയപ്പെടുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമാണ്‌ കേരളത്തിലെ സംഘ പരിവാര്‍ എന്നൊരു ധാരണ നമുക്കുണ്ട്. മതേതര സമൂഹവുമായി ചേര്‍ന്ന് നില്‍കുമ്പോള്‍ അവര്‍ക്ക് സമൂഹത്തിലേക്കു കൂടുതല്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ കഴിയില്ല എന്നും നാം മനസ്സിലാക്കി.

കഴിഞ്ഞ ദിവസം മലബാറില്‍ സി എ എ വിഷയത്തില്‍ സംഘ പരിവാര്‍ നടത്തിയ പ്രകടനത്തിലാണ് ഗുജറാത്തിനെ ഓര്‍മ്മിപ്പിക്കുന്ന മുദ്രാവാക്യം ഉയര്‍ന്നത്. അതില്‍ പങ്കെടുത്ത പലരും സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നും വരുന്നവരാണ്. കേരള ഗ്രാമ പ്രദേശത്ത് നിന്ന് പോലും ഇത്ര വര്‍ഗീയമായി മുദ്രാവാക്യം ഉയരുന്നു എന്നത് നാം ശ്രദ്ധിക്കാതെ പോകരുത്. സംഘ പരിവാര്‍ വെറുപ്പിന്റെ രാഷ്ട്രീയം അവരുടെ അണികളില്‍ കാര്യമായി തന്നെ കുത്തിവെക്കാന്‍ തുടങ്ങിയിരിക്കുന്നു. അണികളുടെ തെറ്റിനെ പൂര്‍ണമായി ന്യായീകരിക്കുന്ന നിലപാടാണ് നേതൃത്വം കൈക്കൊള്ളുന്നത് എന്നതും കാണാതെ പോകരുത്. ഒരു കലാപം എന്നതില്‍ കുറഞ്ഞൊന്നും സംഘ പരിവാര്‍ ആഗ്രഹിക്കുന്നില്ല എന്നത് കൂടെ ചേര്‍ത്ത് പറയണം.

അതിനിടെ മറ്റൊന്ന് കൂടി നാം പറയണം. ഗുജറാത്ത് അത്ര പെട്ടെന്ന് മറക്കാന്‍ മുസ്ലിം സമുദായത്തിന് കഴിയില്ല. അതിനു ശേഷം നടന്ന മുസഫര്‍ നഗറും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സംഘ പരിവാര്‍ ഒരു പാട് മുസ്ലിം രക്തം ഈ മണ്ണില്‍ ഒഴിക്കിയിട്ടുണ്ട്. അതൊരു തിരിച്ചറിവായി മുസ്ലിംകളുടെ മനസ്സിലുണ്ട്. മുസ്ലിമായി എന്ന തെറ്റിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട എല്ലാ ആത്മാക്കളും അവരുടെ മനസ്സിലുണ്ട്. ചരിത്രത്തില്‍ ഇതിലും വലിയ ചോരപ്പുഴകള്‍ താണ്ടിയാണ് മുസ്ലിംകള്‍ മുന്നോട്ട് പോയത്. ആ ചരിത്ര ബോധം മുസ്ലിംകള്‍ എന്നും കൊണ്ട് നടക്കുന്നു. പ്രകോപനമുണ്ടാക്കി കലാപം നടത്താനുള്ള സംഘ പരിവാര്‍ ശ്രമം കേരളത്തില്‍ നടക്കില്ല എന്ന് നാം തീര്‍ത്തു പറയും. ശാന്തമായ കേരളം എന്നത് ഒരു വിഭാഗത്തിന്റെ മാത്രം വിഷയമല്ല. അത് മൊത്തം മനുഷ്യരുടെ തന്നെ അടിസ്ഥാന കാര്യമാണ്.

Facebook Comments
Related Articles

Check Also

Close
Close
Close