Current Date

Search
Close this search box.
Search
Close this search box.

ഉറുമ്പുകൾക്ക് പറയാനുള്ളത്..!

വീട് നമ്മുടെ അഭയകേന്ദ്രമാണ്. ഉല്ലാസങ്ങളും ഉന്മാദങ്ങളും സംഗമിക്കുന്ന സ്ഥലം. ഭാഷയിൽ വീടിനെ കുറിക്കാൻ സാധാരണയായി നിരവധി പദങ്ങൾ ഉപയോഗിക്കാറുണ്ട്. دار، بيت، بنيان،مثوًى എന്ന് തുടങ്ങി നിരവധി പദങ്ങൾ. ഇതിൽ തന്നെ പ്രധാനമായും വരുന്ന മറ്റൊരു പദമാണ് مسكن എന്നത്. سكن، سكينة ശാന്തി സമാധാനം എന്നർത്ഥം വരുന്ന ഈ പദം വിശുദ്ധ ഖുർആൻ വിവിധ സ്ഥലങ്ങളിൽ പരാമർശിക്കുന്നുണ്ട്. സൂറത്തുൽ ഫത്ഹിൽ ഹുദൈബിയ സന്ധിയുമായി ബന്ധപ്പെട്ട വിഷയം അല്ലാഹു സംസാരിക്കുന്ന സന്ദർഭത്തിൽ; هُوَ ٱلَّذِیۤ أَنزَلَ ٱلسَّكِینَةَ فِی قُلُوبِ ٱلۡمُؤۡمِنِینَ..
(അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത്). ഇവിടെ പ്രതിപാദിച്ച സക്കീനത്ത് ലഭിക്കുന്ന കേന്ദ്രങ്ങൾ അതാണ് മസ്കൻ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അഥവാ, പുറത്തുള്ള പ്രയാസങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും നമ്മുടെ മനസ്സിന് ശാന്തിയും സമാധാനവും സാന്ത്വനവും നൽകുന്ന വിശ്രമകേന്ദ്രങ്ങളാണ് നമ്മുടെ വീടുകൾ, (مسكن). സൂറ: നഹ് ലിന്റെ 80-ാം വചനത്തിൽ അല്ലാഹു പറയുന്നു; وَٱللَّهُ جَعَلَ لَكُم مِّنۢ بُیُوتِكُمۡ سَكَنࣰا..
(അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമ സ്ഥാനമാക്കിയിരിക്കുന്നു.) മറ്റൊരു മനോഹരമായ കാര്യം അല്ലാഹു ഇണകളെ കുറിച്ച് പ്രതിപാദിച്ച സന്ദർഭത്തിലും ഇതേ പദം ഉപയോഗിച്ചതായി കാണുവാൻ സാധിക്കും, സൂറ: റൂമിന്റെ 21-ാം വചനത്തിൽ; وَمِنۡ ءَایَـٰتِهِۦۤ أَنۡ خَلَقَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَ ٰ⁠جࣰا لِّتَسۡكُنُوۤا۟ إِلَیۡهَا وَجَعَلَ بَیۡنَكُم مَّوَدَّةࣰ وَرَحۡمَةًۚ إِنَّ فِی ذَ ٰ⁠لِكَ لَـَٔایَـٰتࣲ لِّقَوۡمࣲ یَتَفَكَّرُونَ. (നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.) ശ്രദ്ധേയമായ മറ്റൊരു സ്ഥലമാണ് ഞാൻ സൂചിപ്പിച്ചു വരുന്നത്, വിശുദ്ധ ഖുർആനിലെ 27-ാം സർഗം സൂറ: നംലിലെ ഒരു പരാമർശം. ഉറുമ്പുകൾ എന്നാണ് ഈ അദ്ധ്യായത്തിന്റെ അർത്ഥം. അഥവാ, ഉറുമ്പുകൾ എന്ന നാമം ലഭിക്കുവാനുള്ള കാരണം സർഗത്തിലുടനീളം അല്ലാഹു ഉറുമ്പുകളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നത് കൊണ്ടല്ല. മറിച്ച് 93 വചനങ്ങളുള്ള ഈ സൂറയിൽ ഒരൊറ്റ ആയത്ത് മാത്രമാണ് ഉറുമ്പുകളെ സംബന്ധിച്ച പരാമർശം കടന്നുവരുന്നത്. മാത്രവുമല്ല ഈ ഒരൊറ്റ ആയത്ത് സർഗത്തിലെ ഹൈലൈറ്റ് ആവാനുള്ള കാരണവും ഈ സൂക്തം സംസാരിക്കുന്നത് ഒരു ഉറുമ്പിന്റെ ആശയവിനിമയത്തെ കുറിച്ചാണ്.!

ഉറുമ്പുകൾ മനുഷ്യനോട് ഏറെക്കുറെ സാദൃശ്യം പുലർത്തുന്ന ഒരു സോഷ്യലിസ്റ്റ് ജീവിയാണ്. പൊതുവേ കൂട്ടംകൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവിവർഗ്ഗം. കോളനികൾ എന്നാണ് ഇവരുടെ വാസസ്ഥലം അറിയപ്പെടുന്നത്. 100 ദശലക്ഷം വർഷങ്ങൾ മുമ്പേ ഭൂമിയിൽ ഉറുമ്പുകൾ ജീവിച്ചിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. മാത്രവുമല്ല, ലോകത്തുടനീളം എകദേശം 12,000-ത്തിൽപ്പരം ഉറുമ്പു വർഗങ്ങളുണ്ടെന്നാണ് കണക്ക്. ആറുകാലുള്ള ഇവ ഷഡ്പദങ്ങളുടെ ഗണത്തിലാണ് പെടുക. സ്വന്തം ശരീരത്തിനേക്കാൾ 20 മടങ്ങ് അധികഭാഗം ഉയർത്താൻ കഴിയുമെന്നത് ഇവരുടെ പ്രത്യേകതയാണ്. നല്ല ഭാരമുള്ള വസ്തുക്കൾ കൂട്ടമായി ഉയർത്താനുള്ള കഴിവും ഇവയ്ക്കുണ്ട്. ഇത്രയൊക്കെ പണിയെടുക്കുന്നുണ്ടെങ്കിലും ഇവ ഉറങ്ങാറില്ലെന്നതാണ് വസ്തുത..! ചെവികളില്ലാത്ത ജീവികളാണ് ഉറുമ്പുകൾ.! തറയിലുണ്ടാകുന്ന കമ്പനങ്ങൾ വഴിയാണ് ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ ഇവ കേൾക്കുന്നത്’. മാത്രമല്ല, ചെവിക്ക് പുറമേ ഇവർക്ക് ശ്വസിക്കാൻ ശ്വാസകോശവുമില്ല എന്നത് വായിക്കാൻ ഇടയായപ്പോൾ അല്ലാഹുവിന്റെ ഈ സൃഷ്ടി വൈഭവത്തെക്കുറിച്ച് അത്ഭുതപ്പെട്ട് പോയി.

സുലൈമാൻ നബി (അ)യുടെ ചരിത്രമാണ് സൂറത്തിൻറെ പ്രധാന പ്രമേയം. അതിൽ ഉറുമ്പുകൾ താഴ് വരയിലൂടെ കൂട്ടംകൂട്ടമായി സഞ്ചരിക്കുന്നു സന്ദർഭത്തിൽ സുലൈമാൻ(അ)മും, അദ്ദേഹത്തിൻറെ സൈന്യവും അതുവഴി കടന്നു വരികയാണ്, ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു സുലൈമാൻ (അ) ന് അല്ലാഹു കൊടുത്തിരുന്നത്:
قَالَ رَبِّ ٱغۡفِرۡ لِی وَهَبۡ لِی مُلۡكࣰا لَّا یَنۢبَغِی لِأَحَدࣲ مِّنۢ بَعۡدِیۤۖ إِنَّكَ أَنتَ ٱلۡوَهَّابُ. (അദ്ദേഹം പറഞ്ഞു. എന്‍റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലന്‍.) Surah Sad 35.

ആ സൈന്യം അതുവഴി കടന്നു പോകുമ്പോൾ സ്വാഭാവികമായും അവിടെ ഉണ്ടാകുന്ന ഉറുമ്പുകളെ ചവിട്ടിമെതിക്കും. അതുകൊണ്ടുതന്നെ മുഴുവൻ ഉറുമ്പുകളുടെയും ജീവൻ അപകടത്തിലാകും എന്ന് മനസ്സിലാക്കിയ ഒരു ഉറുമ്പ് മറ്റുള്ള എല്ലാ ഉറുമ്പുകൾക്കും നൽകുന്ന സന്ദേശം അതാണ് ഈ കുറിപ്പിന്റെ മർമ്മം! 18-ാം വചനം അത് വ്യക്തമാക്കുന്നു.;
یَـٰۤأَیُّهَا ٱلنَّمۡلُ ٱدۡخُلُوا۟ مَسَـٰكِنَكُمۡ.. ( ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക.) അഥവാ, പുറത്ത് അപകടം വന്നെത്താൻ പോകുന്നു, അതുകൊണ്ടുതന്നെ എല്ലാവരും നിങ്ങളുടെ വീടുകളിലേക്ക് പ്രവേശിച്ചു കൊള്ളുക എന്നതാണ് ഒരു ഉറുമ്പ് തൻറെ കൂട്ടാളികളോട് പറയുന്ന നിർദ്ദേശം. അല്ലാഹു ഇവിടെ ഇത് ഹൈലൈറ്റ് ചെയ്യുവാനുള്ള കാരണം , ഉറുമ്പ് തികച്ചും ഒരു സാമൂഹിക ജീവിയാണ്, ഒരാൾക്ക് മറ്റൊരാളുടെ മീതെയുള്ള ജാഗ്രതയാണ് അല്ലാഹു യഥാർത്ഥത്തിൽ ഇവിടെ പഠിപ്പിക്കുന്നത്.! സാമൂഹിക ജീവികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട ഒരു വിഷയമാണിത്. തനിക്ക് എന്തെങ്കിലും ഒരു പ്രയാസം നേരിട്ടാൽ അത് എല്ലാവർക്കും വരണമെന്നല്ല ചിന്തിക്കേണ്ടത്, ഒരപകടം മനസ്സിലാക്കി കഴിഞ്ഞാൽ മറ്റുള്ള ആളുകളെയെല്ലാം ആ അപകടത്തിൽ നിന്നും സംരക്ഷിക്കുവാനുള്ള ഒരു മനസ്സ്, അതാണ് ഇവിടെ ഒരു ഉറുമ്പിനെ പരാമർശത്തിലൂടെ കടന്നുവരുന്നത്. ഉറുമ്പ് എന്ന നിസ്സാര സൃഷ്ടിയിലൂടെ ഏറ്റവും ഉയർന്ന സൃഷ്ടിയായ മനുഷ്യനെ അല്ലാഹു പഠിപ്പിക്കുന്ന മനോഹരമായ ഒരു ചിത്രം നാം ഇവിടെ കാണുന്നു.! കള്ളും കൊലയും പീഡനങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്ന മനുഷ്യനു, മാതൃകയാകുന്ന ഒരു ഉറുമ്പിന്റെ ദൃശ്യമാണ് ഖുർആൻ ഇവിടെ വരച്ചിടുന്നത്.!!

പകർച്ചവ്യാധികളുടെ കാര്യത്തിൽ അല്ലാഹുവിൻറെ റസൂലും ഇതുതന്നെയാണ് നമ്മെ ഉണർത്തിയത്. സൂറത്തുൽ കഹ്ഫിൽ മറ്റൊരു ഉദാഹരണം നമുക്ക് പരിചയപ്പെടാം; إِنَّهُمۡ فِتۡیَةٌ ءَامَنُوا۟ بِرَبِّهِمۡ وَزِدۡنَـٰهُمۡ هُدࣰى.. ( തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്‍മാര്‍ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.) അല്ലാഹുവിൽ വിശ്വസിച്ചു എന്ന കാരണത്താൽ ജീവൻ അപകടത്തിലായ ഒരുപറ്റം യുവാക്കളെയാണ് ഖുർആൻ ഇവിടെ ചിത്രീകരിക്കുന്നത്. പുറത്തുള്ള ശത്രുക്കളിൽനിന്നും ആ യുവാക്കൾ ഒരു ഇരുണ്ട ഗുഹയിൽ അഭയം പ്രാപിക്കുകയാണ്, ആ ഗുഹക്കകത്ത് അല്ലാഹു അവരെ ഉറക്കി സംരക്ഷിക്കുന്ന ചിത്രം ! മുസ്ലിം ഉമ്മത്ത് ഏതു കാലഘട്ടത്തിലും കാലാവസ്ഥയിലും കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് വ്യത്യസ്ത ചരിത്രങ്ങൾ വൈവിധ്യമാർന്ന സർഗങ്ങളിൽ ഉടനീളം അല്ലാഹു യഥാർത്ഥത്തിൽ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ മഹാമാരിയുടെ സമയത്ത് വീടുകളാകുന്ന അഭയകേന്ദ്രങ്ങളിൽ നാം അഭയം പ്രാപിച്ചിരിക്കുന്നു. ചരിത്രത്തിൽ കടന്നു പോയ പ്രവാചകന്മാരുടെ എല്ലാ ചരിത്രങ്ങളിലും നമുക്ക് കാണാൻ കഴിയും അവരനുഭവിച്ച സമാനതകളില്ലാത്ത ലോക്ഡൗണുകൾ.! ഇവിടെ ഈ കാര്യങ്ങളൊക്കെ ഒരു ഉറുമ്പിലൂടെ ഖുർആൻ പ്രതിപാദിച്ചിരിക്കുന്നു..!

Related Articles