Current Date

Search
Close this search box.
Search
Close this search box.

ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ഉച്ച ഭക്ഷണത്തിന്റെ ആലസ്യത്തില്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് പതിവില്ലാതെ രണ്ടു സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടത്. ഈ ഫ്‌ളോര്‍ മുഴുവന്‍  ബാങ്കിന്റെ തന്നെ വിവിധ ഓഫീസുകള്‍ ആയതിനാല്‍ എവിടെ നിന്നെന്നറിയാനുള്ള ആകാംക്ഷയോടെയാണ്  വാതിലിനു നേരെ ഓടിയത്. എല്ലാ ഓഫീസുകളുടെയും വാതില്‍ക്കല്‍ ആള്‍ക്കാര്‍ എത്തിയിട്ടുണ്ട്.

ടെലി കാളിംഗ് സെക്ഷനില്‍ നിന്നാണ്, ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു കൊണ്ട് നവ്‌റാസ് അവിടെ നിന്നും പുറത്തു വന്നു. നവ്‌റാസ് ഖാലിദ്. എന്റെ കൂടെ തന്നെ നിയമനം കിട്ടിയ ഫലസ്തീന്‍ പെണ്‍കുട്ടി.  അറബിയില്‍ അല്‍പജ്ഞാനമേ ഉള്ളുവെങ്കിലും വളരെ പരുഷമായ പദങ്ങളാണ് അവള്‍ പറയുന്നത് എന്ന് മനസ്സിലായി. അതിനൊത്ത വാക്കുകള്‍  തന്നെയാണ് ഉള്ളില്‍ നിന്ന് മറുപടിയായും വരുന്നത്. ആരെന്നൂഹിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവരുടെ സെക്ഷന്‍ ഹെഡ്.

അഹങ്കാരം ഓരോ ചലനത്തിലും നിറച്ചു വച്ച നസ്രീന്‍ ഹമാദ്  എന്ന ഈജിപ്ഷ്യന്‍ വനിത. ഞങ്ങളുടെ മുന്നിലൂടെ ആരെയും ശ്രദ്ധിക്കാതെ രോഷത്തോടെ തന്നെ   നവ്‌റാസ് ലിഫ്റ്റിന് നേരെ നടന്നു. കുറച്ചു നിമിഷങ്ങള്‍ അവിടെങ്ങും ചില മുറുമുറുപ്പുകള്‍. വീണ്ടും പഴയ നിശ്ശബ്ദത .

എന്താകും നവ്‌റാസിനെ ഇത്ര പ്രകോപിപ്പിച്ചത് എന്ന് ആലോചിക്കേണ്ട കാര്യമില്ല. ചെറിയ കാര്യങ്ങളില്‍ ഏറെ അസ്വസ്ഥമാകുന്ന പ്രകൃതമാണല്ലോ അവളുടേത്. പക്ഷെ ഇതെന്തായാലും അവളുടെ ജോലി നഷ്ടപ്പെടുന്നിടത്തോളം രൂക്ഷമാണ്

മൊബൈലില്‍ മെസേജ്. നവ്‌റാസ് ആണ്. ‘Come down’.  അത്ര മാത്രം. മൂന്നു മണിയാകുന്നേ ഉള്ളൂ. സ്ഥിരം കാരണം തന്നെ മാനേജറുടെ മുന്നില്‍ പറഞ്ഞു നോക്കാം. കുറച്ചൊരു അനിഷ്ടത്തോടെ തന്നെ മാനേജര്‍ അനുവാദം തന്നു

താഴെ സ്‌മോക്കിംഗ് കോര്‍ണറില്‍നിന്ന് പുകച്ചു വിടുന്നുണ്ട് അവള്‍.

‘വാ… അബ്രയില്‍ പോകാം’

ദുബായിലെ അബ്ര എന്ന ക്രീക്കിലേക്കാണ്  ക്ഷണിക്കുന്നത്. പുകച്ചുരുളുകള്‍ ഏതാണ്ട് എന്റെ മുഖത്തേക്കു തന്നെ ഊതി വിട്ടാണ് അവള്‍ പറഞ്ഞത്. ധാര്‍ഷ്ട്യം നിറഞ്ഞ ഈ ഒരു  പെരുമാറ്റത്തിന്റെ പേരില്‍മാത്രം പലപ്പോഴും അവളോട് നീരസപ്പെടേണ്ടി വന്നിട്ടുണ്ട്. പിന്നീട്  ഈ പുകവലിയും ഹുക്കയുമൊക്കെ അവരുടെ ജീവിതരീതിയില്‍  നിന്ന് കിട്ടിയതാണ് എന്ന് മനസ്സിലാക്കി. ഇടക്കൊക്കെ നിര്‍ത്തണം എന്ന് പറയുമെങ്കിലും ഒരു ഗൗരവം അവള്‍ ഇതിനു കൊടുക്കുന്നുണ്ടെന്നു തോന്നിയിട്ടില്ല

താഴെ സ്‌മോക്കിംഗ് കോര്‍ണറില്‍നിന്ന് പുകച്ചു വിടുന്നുണ്ട് അവള്‍.

‘ഓ. സോറി. പുക തട്ടിയാല്‍ നിനക്ക് അലര്‍ജി ആണെന്ന് മറന്നു’. വാക്കുകളില്‍ പരിഹാസം. ‘കോര്‍ണിഷ് വരെ നടന്നു വാ. ഞാന്‍ അവിടേക്ക് കാറുമായി വരാം.. ഇനി നീ ഇവിടെ നിന്ന് ജോലിസമയത്ത് എന്റെ കൂടെ വരുന്നത് ആരും കാണണ്ട’

സിഗരറ്റ് നിലത്തിട്ടു ആഞ്ഞു ചവിട്ടി അവള്‍ നടന്നു.

കോര്‍ണിഷിനു നേരെ നടക്കുമ്പോള്‍ ഓര്‍ത്തത് അവളെ കുറിച്ച് തന്നെയാണ്. ട്രെയിനിങ്ങിന്റെ ആദ്യ ദിനങ്ങളില്‍ കഥയില്ലാത്ത ഒരു അറബ് പെണ്‍കുട്ടി എന്ന ഒരു കാഴ്ചപ്പാടാണ് അവള്‍ ഉണര്‍ത്തിയത്. എന്നെക്കൊണ്ട്  ഖാലിദ് എന്ന നാമം ഉച്ചരിപ്പിക്കാന്‍ ഏറെ ശ്രമപ്പെട്ടിരുന്നു അവള്‍. ‘ഖ’ തൊണ്ടയുടെ അടിയില്‍ നിന്ന് വരണം എന്ന് പറയും. പിന്നെ അവള്‍ തന്നെ പറയും അതെല്ലാം അറബ് സംസ്‌കാരത്തിന്റെ ഭാഗമാണ്. ആ ഉച്ചാരണം നിങ്ങള്‍ ശ്രമിച്ചാല്‍ ശരിയാകില്ല എന്ന്. അഹങ്കാരി എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും പിന്നീടുള്ള ദിനങ്ങളില്‍ അവളുടെ അറിവും കാഴ്ചപ്പാടും എന്നില്‍ ഏറെ ബഹുമാനം ഉണ്ടാക്കിയിരുന്നു   ഈ ആറു മാസം കൊണ്ട് എന്റെ മനസ്സില്‍ അവള്‍ പിന്നെയും വളര്‍ന്നു.

കാര്‍ നല്ല വേഗതയിലാണ്  അവള്‍ ഓടിക്കുന്നത്. എന്റെ ചോദ്യങ്ങള്‍ കൂടുതല്‍ പ്രകോപനമാകാതിരിക്കാന്‍ നിശ്ശബ്ദമായി ഇരുന്നു.

ബര്‍ദുബായിലെ ട്രാഫിക്കില്‍ കിടക്കുമ്പോഴാണ് ചോദിച്ചത്: ‘നിങ്ങള്‍ എന്താണ് ഇങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ? പലപ്പോഴും നിങ്ങളോടുള്ള ബഹുമാനം കുറയ്ക്കുന്നത് നിങ്ങളുടെ ഈ പെരുമാറ്റമാണ്’.

‘നിങ്ങള്‍ എന്താണ് ഇങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ?

ഫലസ്തീനികളോട് മനസ്സില്‍ എന്നും തോന്നിയിരുന്ന ഐക്യദാര്‍ഢ്യം ഇവിടെ വന്ന്, പലപ്പോഴായി അവരുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം കണ്ടു മനസ്സില്‍ കുറഞ്ഞു വന്നിരുന്നു. അത് മനസ്സില്‍ വച്ച് തന്നെയാണ് ചോദിച്ചത്

‘ആര്‍ക്കു വേണം നിങ്ങളുടെ ബഹുമാനം? ഞങ്ങള്‍ ഇവിടെയും എവിടെയും അഭയാര്‍ഥികള്‍ തന്നെയാണ്. സ്വന്തമായി പാസ്‌പോര്‍ട്ട് ഇല്ലാതെ ഇവിടുത്തെ എംബസ്സി തരുന്ന റെഫ്യുജ്  കാര്‍ഡിന്റെ ഔദാര്യത്തില്‍ ജീവിക്കുന്നവര്‍ . ബഹുമാനമല്ല ആ സഹതാപമാണ് നിങ്ങളില്‍ ഇല്ലാതെയാകുന്നത് എന്നറിയാം. ഞങ്ങള്‍ക്ക് വേണ്ട അത്.  ഈ ധാര്‍ഷ്ട്യം നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് ഞങ്ങളുടെ പോരാട്ടത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഭാഗമാണ്’.

മനസ്സറിഞ്ഞ രീതിയില്‍ തന്നെയാണ് അവളുടെ മറുപടി

കാര്‍ പാര്‍ക്ക് ചെയ്യാന്‍ അവള്‍ സ്ഥലം തേടുന്നതിനിടയില്‍ ഞാന്‍ പുറത്തിറങ്ങി രണ്ടു കൂള്‍ഡ്രിങ്ക്‌സ് വാങ്ങി കടല്‍ത്തീരത്തിനു നേരെ നടന്നു. നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന യാനങ്ങള്‍ക്കിടയില്‍  തീരത്തെ തൊടാനാകാതെ കടല്‍ ഞെരുങ്ങുന്ന പോലെ തോന്നി. വൈകുന്നേരം ആകുന്നതിനാല്‍ ആളുകള്‍ കൂടി വരുന്നുണ്ട് .

കുറച്ചു നേരം കൂടെ സായാഹ്ന ഭംഗി ആസ്വദിച്ചു ചാരുബഞ്ചില്‍ തനിയെ ഇരിക്കുന്ന നവ്‌റാസിനു നേരെ നടന്നു

‘കൂടുതല്‍ പക്വമായാണ് ഏതു കാര്യത്തിലും തീരുമാനമെടുക്കേണ്ടത് . എടുത്തു ചാട്ടം കൊണ്ട് എന്ത് നേടുന്നു? അഭയാര്‍ഥികള്‍ എന്ന നിലയിലേക്ക് നിങ്ങള്‍ എത്തിയതും ഇതേ എടുത്തു ചാട്ടം കൊണ്ടല്ലേ. സമാധാനത്തിന്റെ വാതിലുകള്‍ ചില വിട്ടു വീഴ്ചകളിലൂടെ നിങ്ങള്‍ക്ക് തുറക്കാമായിരുന്നു’

‘വിട്ടു വീഴ്ചകള്‍! ചെറുപ്പത്തില്‍ അബ്ബാ ഞങ്ങളുടെ കൂരയ്ക്കു അരികെ നിന്ന് ദൂരേക്ക് ചൂണ്ടി പറയുമായിരുന്നു. അങ്ങകലെ ഒരു ഗ്രാമമുണ്ടായിരുന്നു . അവിടെയാണ് ഞങ്ങള്‍ ജനിച്ചത് എന്ന്. അവിടെയാണത്രേ അബ്ബയുടെ പിതാവിന്റെ ഖബറിടം. പിന്നെ ഏറെ കാലത്തിനു ശേഷം, കൗമാര കാലത്ത് വേറൊരു വീടിനു  മുന്‍പില്‍നിന്ന് ദൂരേക്ക് നോക്കി ഞാന്‍ അബ്ബയുടെ ഖബറിടം സങ്കല്‍പ്പത്തില്‍ കാണുമായിരുന്നു’

കൊല്ലപ്പെട്ട അബ്ബയുടെയും സഹോദരന്റെയും ഓര്‍മ്മകളില്‍ മിഴിനീര്‍ വരാതിരിക്കാന്‍ ശ്രമപ്പെട്ട് അവള്‍ തുടര്‍ന്നു. ഞങ്ങളെ ആട്ടിയോടിച്ച് ഒരു  കൊച്ചു തുരുത്തില്‍ എത്തിച്ചു. ഇനിയെന്താണ് ഞങ്ങള്‍ വിട്ടു കൊടുക്കേണ്ടിയിരുന്നത്?’

മറുപടി പറയാതെ ദൂരേക്ക് നോക്കിയിരുന്നു,

‘ഞങ്ങള്‍ക്കൊരു പാരമ്പര്യം ഉണ്ട്. ആ പാരമ്പര്യം നൂറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ഭൂമിയാണ് അത്. അത് ഞങ്ങളുടേതല്ലേ? അഭയാര്‍ത്ഥികളായി വന്നത് അവര്‍ ആണ്. അവരെ നിങ്ങള്‍ ഏറെ കൊട്ടിഘോഷിക്കുന്ന യൂറോപ്പ് നിര്‍ദ്ദയം കൊന്നു തള്ളിയതാണ്. ലോകം കണ്ട ഏറ്റവും വലിയ വംശഹത്യക്കൊടുക്കം അവര്‍ അഭയം തേടിയത് ഈ മണ്ണില്‍. പിന്നീട്  അവര്‍ നേടിയതെല്ലാം വെട്ടിപ്പിടിച്ചതാണ്. ലോകം സഹതപിച്ച  ഇരകളുടെ  പിന്‍തലമുറക്കാര്‍ വേട്ടക്കാരായപ്പോള്‍ നഷ്ടപ്പെട്ടതെല്ലാം ഞങ്ങള്‍ക്കാണ്. ഞങ്ങളുടെ നഷ്ടങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ ചെന്നപ്പോള്‍ ‘സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍’ ഞങ്ങള്‍ക്ക് മുന്‍പില്‍ വച്ചു ഒരു  കരാര്‍. പപ്പാതി വീതിച്ചെടുത്തോളാന്‍. നഷ്ട്‌പ്പെട്ടവ പോരാതെ വീണ്ടും ഞങ്ങള്‍ വേട്ടക്കാര്‍ക്ക് വിട്ടു കൊടുക്കണം എന്ന്. ഞങ്ങള്‍ അത് സ്വീകരിച്ചില്ല എന്നതില്‍ ഇന്നും അഭിമാനം മാത്രം’

‘ആര്‍ക്കു വേണം നിങ്ങളുടെ ബഹുമാനം?

‘എന്നിട്ട് ഇപ്പോള്‍  എന്തായി. ആ പാതി പോയിട്ട്, പത്തു ശതമാനം പോലും നിങ്ങളുടെ കയ്യില്‍ ഇല്ലല്ലോ ഇപ്പോള്‍’.

‘അതില്‍ ഒരിക്കലും നിരാശ ഇല്ല. കൊള്ളയടിക്കപ്പെട്ട മുതല്‍ ഓര്‍ത്തു ഞങ്ങള്‍ കരയാറില്ല. പിന്നെയും പൊരുതാറേ ഉള്ളൂ’

‘എന്ത് പോരാട്ടം.  ഒളിപ്പോരും തീവ്രവാദവുമോ? ‘

‘എന്തിനെയാണ് നിങ്ങള്‍ തീവ്രവാദം എന്ന് വിളിക്കുന്നത്? അത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്. മതമല്ല, ഞങ്ങളുടെ ദേശീയതയാണ് ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. സ്വാതന്ത്ര്യസമരങ്ങളെ ഏറെ ആദരവോടെ കാണുന്നവര്‍ അല്ലേ നിങ്ങള്‍. സ്വന്തം നാടിനു വേണ്ടി പൊരുതി മരിച്ചവരെ നിങ്ങള്‍ ധീര രക്തസാക്ഷികള്‍ ആയി കാണുന്നു. ഞങ്ങള്‍ക്കും അങ്ങനെ കാണാന്‍ ഉള്ള അവകാശമെങ്കിലും നിങ്ങള്‍ നിഷേധിക്കരുത്. ചരിത്രം എഴുതുന്നവര്‍ ഞങ്ങളെ എന്ത് പേരിട്ടു വിളിച്ചാലും. അതപ്പാടെ വിഴുങ്ങുന്ന നിങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ എങ്ങനെ അവതരിപ്പിക്കപ്പെട്ടാലും…. ‘

ചരിത്രം  എഴുതുന്നവര്‍ എന്ന അവളുടെ പരാമര്‍ശം ചരിത്രത്തെ കുറിച്ച് എവിടെയോ വായിച്ച ഒരു ലേഖനത്തില്‍ പറഞ്ഞത് ഓര്‍മ്മയില്‍ വരുത്തി. ‘ചരിത്രം നിങ്ങളെ കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചവന്‍ എന്ന് പഠിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ അയാള്‍ റെഡ് ഇന്ത്യക്കാരുടെ നാട് കയ്യേറിയവന്‍ ആയിരുന്നില്ലേ?’

ഏറെ കാലം എന്നെ അസ്വസ്ഥനാക്കിയ ഒരു ചോദ്യം ആയിരുന്നു അത്. അതിനു ശേഷം ചരിത്രത്തെ എനിക്കും വിശ്വാസമില്ല, നവ്‌റാസ്. ധീര രക്തസാക്ഷികള്‍ ആയി ഞങ്ങള്‍ ആദരിക്കുന്ന ഉത്തംസിങ്ങും ഭഗത് സിംഗും  ഒക്കെ പാശ്ചാത്യ ചരിത്രത്തില്‍ കൊടും ഭീകരര്‍ ആണ്. ചരിത്രം എന്നും ഇരകള്‍ക്കും വേട്ടക്കാര്‍ക്കും രണ്ടായിരിക്കും, കിഴക്കിനും പടിഞ്ഞാറിനുമെന്ന പോലെ.

‘പക്ഷെ നിന്റെ വാദങ്ങളെ എനിക്ക് അംഗീകരിക്കാനാവുന്നില്ലല്ലോ നവ്‌റാസ്. സമാധാനമല്ലേ  വലുത്. പോരാട്ടങ്ങള്‍ അല്ലല്ലോ’

‘നിങ്ങളുടെ ഒളിപ്പോരില്‍ ചിലപ്പോള്‍ നിരപരാധികളും കൊല്ലപ്പെടില്ലേ?’

‘ഏറ്റവും വലിയ ഒളിപ്പോരില്‍ നിഷ്‌കളങ്കരായ ലക്ഷക്കണക്കിന് ജനങ്ങളെ അണു ബോംബിട്ടു കൊന്നൊടുക്കിയവരോട് ഇത് നിങ്ങള്‍ എപ്പോഴെങ്കിലും ചോദിക്കാമോ . സമാധാനത്തിന്റെ പ്രാവുകളെ പറത്തി ആ ദിനം ആചരിക്കുമ്പോഴും അത് ചെയ്തവര്‍ക്ക് നേരെ ഒരു ചെറു വിരലെങ്കിലും ചൂണ്ടാറുണ്ടോ . ആരെങ്കിലും അവരെ വിചാരണ ചെയ്തിട്ടുണ്ടോ. വിയത്‌നാമിലെ പാവം ജനങ്ങള്‍ക്ക് മേല്‍ അവര്‍ തളിച്ച രാസായുധങ്ങളുടെ ദുരിതം പേറുന്ന ലക്ഷങ്ങള്‍ ഇന്നും അവിടെ ഇല്ലേ. എന്നിട്ടും നിങ്ങളുടെ മനസ്സാക്ഷി ഉണര്‍ന്നോ?’

അവളുടെ ശബ്ദം വളരെയധികം ഉയര്‍ന്നു. ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നു എന്ന്  മനസ്സിലാക്കിയാവണം അവള്‍ എണീറ്റ് തീരത്തിന് നേരെ നടന്നു. നങ്കൂരമിട്ടു കിടക്കുന്ന യാനങ്ങള്‍ക്കും ചീറിപ്പായുന്ന ബോട്ടുകള്‍ക്കും അപ്പുറത്ത് ആകാശം അസ്തമയത്തിന്റെ ചുവപ്പണിഞ്ഞിരിക്കുന്നു. അതിലൊരല്‍പ്പം തെറിച്ചു  അവളുടെ മുഖത്ത് വീണു എന്ന് തോന്നി. ഇരുള്‍ പരക്കാന്‍ ഒരുങ്ങുന്ന തീരത്ത് ഒരു ചെന്തീ നാളം പോലെ അവള്‍ ….

‘ജീവിതം സ്വന്തമായുണ്ട് എന്ന് അഹങ്കരിക്കുന്നവര്‍ക്കുള്ളതാണ് പ്രണയം.

‘ഈ തീരത്തിനപ്പുറം അല്ലെ നിന്റെ പച്ചപ്പാര്‍ന്ന നാട് ?’

‘അതെ’

‘അവിടെയുള്ള  നിന്റെ   പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന ദുഃഖം നീ എന്നും പറയാറുണ്ട്. എങ്കിലും അവര്‍ അവിടെയുണ്ട് എന്ന അറിവ് നിനക്ക് കൂട്ടുണ്ട് അല്ലേ. എനിക്കുമുണ്ട് എന്റെ നാട്ടില്‍ ഏറെ പ്രിയപ്പെട്ടവര്‍. പക്ഷെ അവര്‍ അവിടെ ബാക്കിയുണ്ടോ എന്ന്  പോലും അറിയാതെ ഉരുകുന്നതിന്റെ  വേദന  നിനക്കറിയാമോ?’

തീരത്തേക്ക് അടിക്കുന്ന കാറ്റില്‍ പതിവില്ലാത്ത ഒരു തണുപ്പ്. ഡിസംബര്‍ മാസത്തില്‍ മരുഭൂമിയിലും മഞ്ഞു പെയ്യും. ആ കുളിരിലും നാട്ടിലെ മഴയെ ഓര്‍ത്തു തേങ്ങാറുള്ള  എന്റെ മനസ്സില്‍ അവളുടെ ചോദ്യം ഏറെ നേരം അലകള്‍ തീര്‍ത്തു.

‘അലി വിളിച്ചിട്ട്  ഇപ്പോള്‍ ഒരാഴ്ചയായി. പണം അയച്ചതിനും മറുപടി ഇല്ല’.

അലിയെ കുറിച്ച് അവള്‍ മുന്‍പ് ഏറെ പറഞ്ഞിട്ടുണ്ട്. അയല്‍വാസി. കളിക്കൂട്ടുകാരന്‍. അനാഥമാക്കപ്പെട്ട കുറെ ജീവിതങ്ങള്‍ ഒത്തു ചേര്‍ന്നാണ് ജീവിച്ചിരുന്നത്. അതില്‍ ഒരാള്‍ ആണ് അലി. ഇപ്പോള്‍ ഫലസ്തീനില്‍ പോരാളികള്‍ക്കൊപ്പം. നവ്‌റാസിനെ ജോര്‍ദാനില്‍ അയച്ചതും പഠിപ്പിച്ചതും ഒക്കെ അവന്‍ തന്നെ. ഇപ്പോള്‍ അവളുടെ ശമ്പളം ഓരോ മാസവും അത്യാവശ്യ ചെലവുകള്‍ കഴിച്ചാല്‍ അവള്‍ അയക്കുന്നതും ജോര്‍ദാനിലെ അവര്‍ക്ക് വേണ്ടിയുള്ള ഏതോ അക്കൌണ്ടിലേക്ക്.

‘ Do you Love him ?’

വിഷയം ഒന്ന് മയപ്പെടുത്താനാണ് ചോദിച്ചത്

‘ജീവിതം സ്വന്തമായുണ്ട് എന്ന് അഹങ്കരിക്കുന്നവര്‍ക്കുള്ളതാണ് പ്രണയം. സ്വപ്‌നങ്ങള്‍ കാണാന്‍ അവകാശമുള്ളവര്‍ക്ക്. വീടിനകത്തു രാത്രികളില്‍ ഉഗ്രസ്‌ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും  നിലവിളികളുടെയും ബഹളങ്ങള്‍ക്കിടയില്‍ ഭയന്നു വിറച്ചു കഴിഞ്ഞ ബാല്യവും കൗമാരവും പിന്നിട്ടവര്‍ക്കു നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയില്ല. ആ നിലവിളികളില്‍ പ്രിയപ്പെട്ടവരുടെ ശബ്ദം തിരിച്ചറിഞ്ഞാലും നിശ്ശബ്ദം കണ്ണീരൊഴുക്കുന്ന മനസ്സുകള്‍ക്കെന്തു പ്രണയം?’

ക്രൂരത മൗനം കൊണ്ടു നേരിടുന്ന ഭീരുത്വമല്ലേ നീ വാഴ്ത്തിപ്പാടുന്ന സമാധാനം?

ആശയപരമായി നിന്നോട് യോജിക്കാന്‍ പലപ്പോഴും കഴിയാറില്ലെങ്കിലും ഉള്ളില്‍ ബഹുമാനം ഉണര്‍ത്തുന്ന എന്തോ ഒന്ന് എപ്പോഴും നീ അവശേഷിപ്പിക്കുന്നു. കാല്‍പനിക പ്രണയ നഷ്ടങ്ങളില്‍ കരള്‍ പറിഞ്ഞു ചോരയൊലിക്കുന്നു എന്ന കവിതകള്‍ എഴുതുന്ന ഒരു സമൂഹത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. മുന്‍പൊരിക്കല്‍ ഇതേ തീരത്ത് വച്ച് ദാര്‍വിഷിന്റെ കവിത നീ ഏറെ ആര്‍ദ്രമായി ചൊല്ലിത്തന്നിട്ടുണ്ട്. ദാര്‍വിഷിന്റെ Pride and Fury എന്ന കവിതയിലെ അവസാന വരികള്‍ ഞാന്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ഇങ്ങനെയാണ്:

എന്റെ ജന്മനാടേ! ഓ ഗരുഡന്‍!
നിന്റെ പ്രൌഢമായ ചിറകുകള്‍ ഞാനര്‍ഹിക്കുന്നില്ല
ഞാനിഷ്ടപ്പെടുന്നത് തീജ്വാല കൊണ്ടുള്ള കിരീടമാണ്.
ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും നിന്റെ മുറിവുകളില്‍ ,
തിന്നതോ നീയാം വൃക്ഷത്തിന്‍ കനികള്‍
നീതീകരണമില്ലാതെ ചങ്ങലകളില്‍
തളരുന്ന ഹേ ഗരുഡാ,
എല്ലാം നിന്റെ പുലരിയുടെ പിറവി കാണാന്‍
ഏറെ കൊതിക്കുന്ന
ഇതിഹാസതുല്യമായ മൃത്യുവാം
നിന്റെ ജ്വലിക്കുന്ന കൊക്ക്
എന്റെ മിഴികളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു
മരണത്തിന് മുന്നില്‍ എനിക്കുള്ളത്
ഉയര്‍ന്ന അഭിമാനവും ഒരമര്‍ഷവും മാത്രം.

അര്‍ത്ഥവും നീ തന്നെയാണ് പറഞ്ഞു തന്നത്. കവിതകളില്‍ പോലും സ്വന്തം നാടിനെ സ്‌നേഹിക്കുന്ന നിന്റെ മനസ്സും ഞാനന്ന് വായിച്ചതാണ്. ഒരു പക്ഷെ ആരുമറിയാതെ,ഒരു ചരിത്രവുമാവാതെ നിന്റെ ഈ ദേശസ്‌നേഹം മണ്ണിലൊടുങ്ങും. പക്ഷെ നീ അപ്പോഴും അപ്രസക്തയാകില്ല നവ്‌റാസ്.

എന്നിട്ടും എന്റെ ആശങ്കകള്‍ ഒടുങ്ങുന്നില്ല . എന്റെ നാടിന്റെ സമാധാനവും സ്വസ്ഥതയും കണ്ടു വളര്‍ന്ന എനിക്ക് നീ പറയുന്ന പലതും ഉള്‍ക്കൊള്ളാനാകാത്തത്  എന്റെ തെറ്റല്ലല്ലോ. വെറുപ്പാണ് ഈ ലോകത്തെ നയിക്കുന്നത് എന്ന് തോന്നാറുണ്ടെനിക്ക്. ഒരു ആദര്‍ശത്തെ സ്‌നേഹിക്കാന്‍, ഒരു വംശത്തെ സ്‌നേഹിക്കാന്‍ മറ്റൊന്നിനെ വെറുക്കണം എന്ന് ആരാണ് ഈ ലോകത്തെ പഠിപ്പിച്ചത് ?പാലും തേനും ഒഴുകുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ട ഭൂമിയില്‍ ഇന്നൊഴുകുന്ന ചോരപ്പുഴ സ്‌നേഹം മറന്ന കാലത്തിന്റെ നേര്‍ക്കാഴ്ച മാത്രമായി മാറുന്നോ ?

‘നീ ഈ അയക്കുന്ന പണം മുഴുവന്‍ എന്തിനു ഉപയോഗിക്കപ്പെടുന്നു എന്ന് അന്വേഷിക്കാറുണ്ടോ’

‘ഇല്ല. എന്തിനാണെങ്കിലും എന്റെ നാടിന്റെ നന്മക്കാകും. ചിലപ്പോള്‍ പട്ടിണി കിടക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് ഭക്ഷണം വാങ്ങാനാകും. അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം വാങ്ങാന്‍. പരിക്കേറ്റവര്‍ക്ക് മരുന്ന് വാങ്ങാന്‍. ഇതൊന്നുമല്ലെങ്കില്‍ ആധുനിക ആയുധങ്ങളുമായി ഞങ്ങളെ തുരത്താന്‍ വരുന്നവരോട് എതിരിടാന്‍ ഒരു ചെറിയ പ്രതിരോധം  തീര്‍ക്കാന്‍’

‘ആദ്യം പറഞ്ഞവ അംഗീകരിക്കാം. പക്ഷെ അവസാനത്തേത് കൊണ്ട് നിങ്ങളുടെ സമാധാനം തന്നെയല്ലേ നഷ്‌പ്പെടുന്നത്?’

‘എന്ത് സമാധാനം? ക്രൂരത മൗനം കൊണ്ടു നേരിടുന്ന ഭീരുത്വമല്ലേ നീ വാഴ്ത്തിപ്പാടുന്ന സമാധാനം? അലിക്ക് ഒരു കുഞ്ഞനിയനുണ്ടായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ‘ഹാദി’. പുറത്തു കൂട്ടുകാരുടെ കൂടെ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഷെല്‍ സ്‌ഫോടനത്തിലാണ്  അവന്‍ മരിച്ചത്. ദേഹം മുഴുവന്‍ ലോഹ ചീളുകള്‍ തുളഞ്ഞു കയറി  വേദനയാല്‍ പിടയുന്ന അവന്‍ വേഗം കണ്ണടക്കണേ എന്ന് അറിയാതെ പ്രാര്‍ഥിച്ചു പോയിട്ടുണ്ട്. ഞങ്ങളുടെ മടിയില്‍ കിടന്നു ആ കൊച്ചു ചലനം നിലക്കുമ്പോഴാണ്  അലിയുടെ കണ്ണില്‍ ആര്‍ദ്രത ഞാന്‍ അവസാനമായി കണ്ടത് . പിന്നെയെന്നും തീക്ഷ്ണമായ ഒരു ചുവപ്പാണ് ഞാന്‍ അവന്റെ കണ്ണില്‍ കണ്ടിട്ടുള്ളത്.  ഇത്തരം അനുഭവങ്ങളില്‍ നിന്ന് ഉയിര്‍ കൊണ്ട ചിന്തകളില്‍ സമാധാനം വിടരില്ല, നിസാര്‍. വെടിയുണ്ടകള്‍ക്ക് നേരെ ഒരു പിടി കല്ലെങ്കിലും തിരിച്ചെറിയും ഞങ്ങള്‍. സമാധാനത്തിന്റെ മരീചിക കാണിച്ചു ഞങ്ങളെ നിര്‍വീര്യരാക്കാന്‍ നിങ്ങള്‍ക്കാവില്ല’

അബ്രയില്‍ വിരുന്നു വന്ന പ്രാവിന്‍ കൂട്ടത്തിലേക്ക് ഒരു കുസൃതിക്കുരുന്ന് ഓടി വരുന്നുണ്ടായിരുന്നു. ചിറകടിച്ചു പെട്ടെന്ന് പറന്നുയര്‍ന്ന പ്രാവുകള്‍ തീരത്തെ ഒരു നൊടിയില്‍ ശബ്ദയാനമാക്കി. പിന്നെയും മുന്നോട്ടോടിയ കുട്ടിയെ അമ്മ വാരിയെടുത്തതില്‍ പരിഭവിച്ചു അവന്‍ ചിണുങ്ങുന്നുണ്ടായിരുന്നു. ബാല്യത്തിന്റെ ആ കൗതുകക്കാഴ്ച്ച പക്ഷെ നീര്‍ നിറഞ്ഞ മിഴികളാല്‍ മങ്ങിയാണ് ഞാന്‍ കണ്ടത്..

‘പത്രങ്ങളുടെ താളുകള്‍ മറിക്കുമ്പോള്‍ മരണത്തിന്റെ  എണ്ണമായി മാത്രം ഒടുങ്ങുന്ന ജീവിതങ്ങള്‍ നിങ്ങള്‍ക്ക് നിസ്സംഗമായി അവഗണിക്കാം. പക്ഷെ ഞങ്ങള്‍ ഏറെ പേര്‍ക്ക് അത് നല്‍കുന്ന വേദന ഒരു പക്ഷെ ആ അനുഭവങ്ങളിലൂടെ കടന്നു പോകാതെ നിങ്ങള്‍ക്ക് മനസ്സിലാകണം എന്നില്ല. ആരെയും കുറ്റപ്പെടുത്താന്‍ ആകില്ല ‘

തിരിച്ചു നടക്കുമ്പോള്‍ നവ്‌റാസ് ഏറെ ശാന്തയായി കാണപ്പെട്ടു

‘ജോലി രാജി വെക്കുന്നു. അടുത്തയാഴ്ച്ച ജോര്‍ദാനിലേക്ക്  മടങ്ങും. അവിടുന്ന് റോഡ് മാര്‍ഗം എന്റെ നാട്ടിലേക്ക്. പോകുമ്പോഴും സന്തോഷം മാത്രം . ഇത്രയും കാലത്തെ അവഹേളനത്തിനാണ് ഇന്ന് ഞാന്‍ മറുപടി കൊടുത്തത്’

ദേഹം മുഴുവന്‍ ലോഹ ചീളുകള്‍ തുളഞ്ഞു കയറി  വേദനയാല്‍ പിടയുന്ന അവന്‍ വേഗം കണ്ണടക്കണേ എന്ന് അറിയാതെ പ്രാര്‍ഥിച്ചു പോയിട്ടുണ്ട്.

ഏറെ കാലമായി അവളെ ക്രൂരമായി അവഹേളിക്കുന്ന നസ്രീന്‍ ഹമാദിനെ കുറിച്ച് അവള്‍ പറയാറുണ്ട്. ഇന്നിപ്പോള്‍ നടന്നത് അവള്‍ പറഞ്ഞ പോലെ ഒരു കല്ലെങ്കിലും എടുത്തു തിരിച്ചെറിഞ്ഞതാണ്. അതിന്റെ പ്രത്യാഘാതം ഈ ജോലി നഷ്ടവും. എങ്കിലും നവ്‌റാസ് നീ ധീരയാണ്. കാരണം ഈ നഗരത്തിന്റെ ആഡംബരം നിന്നെ ആകര്‍ഷിക്കുന്നില്ല. അതിന്റെ നിസ്സംഗമായ സുരക്ഷിതത്വവും നീ കാംക്ഷിക്കുന്നില്ല.സ്വയം അനാഥയെന്നു നീ വിശേഷിപ്പിച്ചു കേട്ടിട്ടില്ല. നിന്റെ മിഴികളില്‍ കണ്ണീര്‍ ഞാന്‍ കണ്ടിട്ടില്ല, ചുണ്ടുകളില്‍ പുഞ്ചിരിയും. നീ ഒരു യഥാര്‍ത്ഥ പോരാളിയാണ്. നിന്റെ മനസ്സും..

നാളുകള്‍ക്കു ശേഷം എയര്‍പോര്‍ട്ടിലേക്കുള്ള വഴിയില്‍ വെച്ചാണ് അവസാനമായി അവളെ കാണുന്നത്. സ്ഥൈര്യം തുളുമ്പാറുള്ള ആ മിഴികളില്‍ വിഷാദഛായ.

‘സ്‌നേഹവും സമാധാനവും നിന്റെ ജീവിതത്തില്‍ സന്തോഷമായി കൂടെ ഉണ്ടാകട്ടെ. ആഗ്രഹിക്കാത്തതല്ല അതൊന്നും. ഏറെ അബലരായയവര്‍ക്ക്  സൗഹൃദം ഒരു തണല്‍ ആണ്. എന്ത് ചെയ്യാന്‍.  ഒരു സൗഹൃദം നില നിര്‍ത്താന്‍ പോലും  കഴിയാത്ത അത്രയും നിസ്സഹായരായിപ്പോയി ഞങ്ങള്‍’

ഒരു നിമിഷം മിന്നി മാഞ്ഞ ഒരു പുഞ്ചിരിയോടെയാണ് അവള്‍ യാത്ര പറഞ്ഞത്.

ഇപ്പോള്‍ എന്റെ നാട് തരുന്ന സ്‌നേഹ മഴനൂലുകളില്‍ നനഞ്ഞു ഞാനിരിക്കുമ്പോഴും എന്റെ ഓര്‍മ്മകളില്‍ നീയൊരു നോവായി പടരാറുണ്ട്. ഓരോ ദിവസവും പത്രങ്ങള്‍ മറിക്കുമ്പോള്‍, പലസ്തീനിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വാര്‍ത്തകള്‍ കാണുമ്പോള്‍, പേരുകള്‍ പോലും നല്‍കാതെ വെറും എണ്ണം മാത്രം നല്‍കുന്ന  ആ വാര്‍ത്തകളുടെ വിശദീകരണങ്ങളില്‍ കണ്ണോടിക്കുമ്പോള്‍ ഞാന്‍ അറിയാതെ എന്നില്‍ ഒരു പ്രാര്‍ത്ഥന ഉയരാറുണ്ട്. ഹാദിയെ പോലുള്ള ആയിരം കുരുന്നുകള്‍ക്ക് കാവലായി  നിന്റെ ധൈര്യം അവിടെ  ഉണ്ടെന്ന് വിശ്വസിക്കാനാണ്  ഞാന്‍ ഇഷ്ടപ്പെടുന്നത് നവ്‌റാസ്.

പക്ഷെ നീ പറഞ്ഞ പോലെ ആ അറിവ് എനിക്ക് കൂട്ടിനില്ല എന്നതിന്റെ വേദന ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.

കടപ്പാട്: asianetnews.com

Related Articles