Current Date

Search
Close this search box.
Search
Close this search box.

നമ്മള്‍ നാവിന്റെ ഉടമയാണ്, അടിമയല്ല

സത്യവിശ്വാസിയുടെ ഭാവം സൗമ്യതയാകണം.അത് ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് അഥവാ അതിൻറെ ആവിഷ്കാരം എങ്ങനെ ആയിരിക്കണം എന്നത് പ്രധാന കാര്യമാണ്. അതിലെ മുഖ്യമായ ഘടകമാണ് ആണ് വിശ്വാസിയുടെ പെരുമാറ്റം.പെരുമാറ്റമെന്നാൽ മറ്റുള്ളവർക്ക് നമ്മളിൽ നിന്ന് അനുഭവിക്കേണ്ടിവരുന്ന ചേഷ്ടകളും അനുഭവങ്ങളുമാണ്.നമ്മൾ കേൾക്കുന്നതും കാണുന്നതും പറയുന്നതുമായിട്ടുള്ള വ്യത്യസ്തമായ അനുഭവങ്ങൾ.  ഈ അനുഭവങ്ങളിലെ ഏറ്റവും മുഖ്യമായ ഒന്നാണ് മനുഷ്യൻറെ സംസാരം.പടച്ചതമ്പുരാൻ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ മറ്റു ഇതര ജീവികളിൽ നിന്നും അവർ നൽകിയ പ്രത്യേകത വിവേചനബുദ്ധിയും ഇരുകാലിൽ നിവർന്ന് നിന്ന് ഇരുകൈകളും സ്വതന്ത്രമായി പണി എടുക്കുവാൻ സാധിക്കുന്നതെന്നും, തലോച്ചോറിന്റെയും പഞ്ചേദ്രിയങ്ങളുടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ അവൻ നേടിയ പുരോഗതിയാണെന്നും പറയാറുണ്ട്.

സൂക്ഷ്മമായി നിരീക്ഷിച്ചാൽ, മനുഷ്യന് അല്ലാഹു നൽകിയ കഴിവുകളായ കാഴ്ചശക്തി കേൾവശക്തി സംസാരശക്തി തുടങ്ങിയവയിൽ ഏറ്റവും സുപ്രധാനമായത് അവൻറെ സംസാരശക്തിയാണെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്തുകൊണ്ടാണെന്നാൽ, പല മൃഗങ്ങളും നമ്മളെക്കാൾ എത്രയോ കാഴ്ചശക്തിയും കേൾവിശക്തിയും ഉള്ളവരാണ്.മണത്തറിയാനുള്ള ശേഷി മനുഷ്യനെക്കാൾ മൃഗങ്ങൾക്ക് കൂടുതലാണ്. അതിനാൽ തന്നെ അല്ലാഹു മനുഷ്യന് നൽകിയിട്ടുള്ള കണ്ണ്, മൂക്ക്,ചെവി,നാവ് തുടങ്ങിയവയിൽ എല്ലാത്തിനും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവാദം നൽകുന്നുണ്ടെങ്കിലും, അതിൽ ഏറ്റവും സുപ്രധാനമായത് നാവാകുന്നു.മാത്രമല്ല, ഒരാളെ കുറിച്ച് മറ്റൊരാൾ അഭിപ്രായം രൂപീകരിക്കുന്നത്, അയാളെ വിലയിരുത്തുന്നത് അയാളിൽനിന്ന് അനുഭവപ്പെടുന്ന അനുഭവത്തെ മനസ്സിലാക്കുന്നതിലും സുപ്രധാനമായ പങ്കു വഹിക്കുന്നത് നാവാകുന്നു.

“ഇഹ്-യാ ഉലൂമുദീൻ ” “ആഫാത്തുൽ ലിസാൻ ” വായിച്ചു നോക്കിയാൽ നാവു മായിബന്ധപ്പെടുത്തി പറയുന്ന നാല്പതിലധികം തല വാചകങ്ങൾ കാണാൻ കഴിയും.
നാവുകൊണ്ട് ഒരു മനുഷ്യൻ പറയുന്ന അബദ്ധങ്ങളും ഒരു മനുഷ്യന് വരാവുന്ന പിഴവുകളും എണ്ണി തിട്ടപ്പെടുത്തുക സാധ്യമല്ല.ഒരാളുടെ മനോഭാവവും ജീവിതവീക്ഷണവും, അയാളുടെ ജീവിതത്തിലെ ഓരോ പ്രകടമായഭാവങ്ങളിൽ നിന്നും മൗനത്തിൽ നിന്നും വിശിഷ്യ വാചാലതയിൽ നിന്നും നമുക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. പണ്ഡിതന്മാർ ഇതിനെ കുറിച്ച് പറയുന്നത്: “നാവ് രാജാവാകുന്നു,ഒരു മനുഷ്യനെ രണ്ട് പകുതിയായി മുറിക്കാൻ പറ്റിയാൽ ഒന്നു അയാളുടെ നാവും മറ്റൊന്ന് അയാളുടെ ചിന്തയുമായിരിക്കും.” ചിന്തക്കനുസരിച്ചായിരിക്കും അയാളുടെ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത്.നാവ് അയാളുടെ പകുതിയോളം പ്രതിനിധീകരിക്കുന്നു. തുടർന്ന് പറയുന്നു: “നാവും ഹൃദയവും എടുത്തുമാറ്റിയാൽ പിന്നെ ബാക്കിയുള്ളത് കുറച്ചു ഇറച്ചിയും എല്ലും രക്തവുമാണ് മാത്രമാണ്”
രണ്ട് രീതിയിൽ നാവിനെ ഉപയോഗിക്കാം.നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രകാശനത്തിന്റെ രാജാവായി ഉപയോഗപ്പെടുത്താം. അല്ലെങ്കിൽ നാവ് രാജവെമ്പാലയാണ്. വിഷം ചീറ്റുന്ന പാമ്പാണ്.അല്ലാഹുവിൻറെ മുന്നിൽ ചോദ്യം ചെയ്യപ്പെടുന്ന കാരണങ്ങളിൽ പ്രധാനമായി പറയുന്നവയിൽ ഇരുപതിലധികം തലവാചകങ്ങളോടെ നാവിനെ കുറിച് പണ്ഡിതന്മാർ വിശദീകരിക്കുന്നു.

നാവ് ഒരു ലബോറട്ടറിയാണ് ഓരോന്നും രുചിച്ചു നോക്കുമ്പോൾ ഇത് മധുരമാണ്, ഇത് ചവർപ്പാണ് എന്നൊക്കെ ഓരോ നിമിഷവും അത് പറഞ്ഞു തരുന്നു.ഇത് സ്വന്തം അനുഭവം ആണെങ്കിൽ,നമ്മുടെ നാവിൽ നിന്ന് എന്ത് വരുന്നുവോ ചുറ്റുമുള്ളവർക് അത് മനസ്സിലാകും. മധുരമാണോ കയ്പ്പാണോ അതോ നാക്കിൽ തോക്ക് ഒളിപ്പിച്ച വർത്തമാനമാണോ, കേൾക്കുന്നവന് പറയുന്നവൻ നാക്കിൽ ഒളിപ്പിച്ച സന്ദേശം മനസ്സിലാക്കാനുള്ള ശേഷി മനുഷ്യസംസാരത്തിനുണ്ട്. സംസാരത്തിൽ ഉപയോഗിക്കുന്ന വാക്യങ്ങളോ വാക്യഘടനയോ പദങ്ങളോ ഭാവങ്ങളോ ഒന്നുമല്ല,അതിൻറെ പിന്നിലുള്ള ഉദ്ദേശങ്ങൾ,വാക്കിന്റെ ‘മുന’ ആരെയാണോ അക്രമിക്കുന്നത്, കുത്തുന്നത്,പറയുന്നയാൾ ഉദ്ദേശിക്കുന്ന കേൾവിക്കാരന്റെ ഹൃദയത്തിൽ തന്നെ അവ കൊള്ളും.ഇതിനാലാണ് ഇസ്‌ലാം ഇക്കാര്യത്തിൽ വളരെയധികം ജാഗ്രത പുലർത്താൻ ആവശ്യപെടുന്നത്.

ഈ വിഷയ സംബദ്ധമായി ഒരു കഥ ഉദ്ദേരിക്കുന്നു. “ഒരിക്കൽ ഒരു രാജാവ് സ്വപ്നം കാണുന്നു. രാജാവിൻറെ സ്വപ്നത്തിൽ അദ്ദേഹത്തിൻറെ മുൻനിരയിലുള്ള പല്ലുകൾ എല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു. കൊട്ടാരത്തിലെ സ്വപ്നവ്യാഖ്യാതാവിനെ വിളിച്ചു. അയാളോട് സ്വപ്നവ്യാഖ്യാനം ചോദിച്ചു. അയാൾ പറഞ്ഞു.താങ്കളുടെ മുൻ നിരയിലെ പല്ലുകൾ പോയി എന്നതിൻറെ അർത്ഥം കുടുംബത്തിലെ ആളുകൾ ഉടൻതന്നെ മരിക്കാൻ പോകുന്നു. താങ്കളുടെ ബന്ധുമിത്രാദികൾ മരിക്കും. താങ്കളുടെ മക്കൾ മരിക്കും. ഒടുവിൽ താങ്കളും മരിക്കും. രാജാവ് കേട്ടമാത്രയിൽ സ്വപ്നത്തെ ഇത്ര വിശദമായി വ്യാഖ്യാനിച്ചതിന്റെ പേരിൽ അയാൾക്ക് ശിക്ഷ നൽകി.മറ്റൊരാൾ വന്നു.അയാൾ സ്വപ്നത്തിന് വ്യാഖ്യാനം പറഞ്ഞത്, താങ്കൾ ദീർഘായുസ്സുള്ളയാളാണ്.താങ്കളുടെ കുടുംബത്തിൽ ഏറ്റവും അവസാനം മരിക്കുന്നത് താങ്കൾ ആയിരിക്കും. ഏറ്റവും കൂടുതൽ കാലം കുടുംബത്തിൽ രാജാധികാരം ഉണ്ടാവുക താങ്കൾക്കായിരിക്കും.” സ്വപ്നവ്യാഖ്യാനം ശരിയോ തെറ്റോ എന്നല്ല.പറഞ്ഞത് ഒരേ കാര്യമാണെങ്കിലും പറഞ്ഞതിലെ ശൈലി വ്യത്യാസമായപ്പോൾ ഭാവങ്ങൾ മാറി.
നബി(സ) സംസാരമര്യാദകളെ കുറിച്ച് പറയുമ്പോൾ നാവിനെ സൂക്ഷിക്കണം എന്നല്ല ആദ്യം പറഞ്ഞത്.സത്യവിശ്വാസി ഒരിക്കലും കുത്തി പറയുരുതെന്നാണ്. സഹോദരബുദ്ധിയാൽ മറ്റൊരാളുടെ തെറ്റുതിരുത്തലിനും ഉപദേശിക്കുന്നതിനുമപ്പുറം അയാളിൽ തെറ്റ്‌ ഉണ്ടാവുക എന്നത് നമുക്ക് അലങ്കാരമായി തോന്നുകയും, അയാൾ അത് തിരുത്തിയ ശേഷവും ആ തെറ്റ്‌ പറഞ്ഞു കൊണ്ട് അയാളെ ഉപദ്രവിക്കാനുള്ള കാരണമായിത്തീരുന്നത്.ഇത്തരതിലുള്ള മുന വെച്ചുള്ള സംസാരങ്ങൾ, ഉദാഹരണം :- ഒരാൾ ഒരു കൂട്ടത്തിലേക്ക് കടന്നു വന്നു.അയാളുടെ മകൻ മദ്യപാനി ആവുകയും കുടുംബത്തിൽ പ്രശ്നം സൃഷ്ടിക്കുകയും ചെയ്യ്തു.ഇത് അറിയാവുന്ന ഒരു മനുഷ്യൻ, “എന്തൊക്കെയുണ്ട് മകൻറെ വിശേഷം?” എന്ന് ആ കൂട്ടത്തിനിടയിൽ വെച്ച് ചോദിച്ചു.അയാൾ ആ ചോദ്യം കേൾക്കാൻ ആഗ്രഹിക്കുന്നില്ല, അതോടൊപ്പം ആ കൂട്ടത്തിൽ വെച്ച് അപമാനിതനാവുകയാണ് ചെയ്തത്.ആ മകൻ നന്നായോ എന്നു ചോദിക്കുന്നത്, അവൻ നന്നായി കാണാനുള്ള ആഗ്രഹകൊണ്ടല്ല.അയാളെ ഉപദ്രവിക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ആ ചോദ്യം ചോദിച്ചത്.അതോടൊപ്പം താൻ അയാളെക്കാളും നല്ലതാണ് എന്ന് മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്നതിനും, ഈ വിഷയം അറിയാത്തവരുടെ ഉള്ളിൽ അത് എന്താണ് എന്നറിയാനുള്ള ആകാംഷ ഉണ്ടാക്കുവാനുമാണ്.ഇതാണ് “മുന” വെച്ച് കൊണ്ടുള്ള സംസാരങ്ങൾ. ഇത് സംസ്കരണത്തിന് മുന്നിലുള്ള ഏറ്റവും വലിയ തടസ്സമാണ്. അതുകൊണ്ടുതന്നെ സത്യവിശ്വാസികൾ ഇത്തരത്തിൽ കുത്തി സംസാരിക്കരുതെന്ന് നബി(സ) പഠിപ്പിക്കുന്നു.

മറ്റൊരു പ്രധാനപെട്ട കാര്യമാണ് ‘ശാപവാക്കുകൾ’ ഉപയോഗിക്കുന്നത്. തോറ്റു പോകുമ്പോൾ മനുഷ്യൻ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണ് ശാപവാക്ക്. ആശയം കൊണ്ടോ,തങ്ങൾ പ്രതിനിധീകരിക്കുന്ന മൂർത്തമായ നിലപാട് കൊണ്ടോ കീഴ്പ്പെടുത്താൻ കഴിയില്ല എന്ന് വരുമ്പോൾ ശകാര വർഷങ്ങളും ശാപവാക്കുകളും കൊണ്ട് നേരിടുന്ന അവസ്ഥ,തുലഞ്ഞു പോകട്ടെ എന്ന പോലുള്ള പ്രയോഗങ്ങൾ വിശ്വാസിയുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്.പ്രവാചകൻ പഠിപ്പിക്കുന്നുത്,”സമ്പത്തിൽ നിന്ന് മിച്ചമുള്ളത് കൊടുക്കുക.നാവിൽ നിന്ന് മിച്ചമുള്ളത് പിടിച്ചുവെക്കുക.”എന്നാണ്. നിർഭാഗ്യവശാൽ സമ്പത്തിന്റെ കാര്യത്തിൽ നമ്മൾ എടുക്കുന്ന നിലപാട്, മിച്ചം ഉണ്ടെങ്കിലും അത്രയൊന്നും ഇല്ല എന്ന് ബാക്കിയുള്ളവരോട് പറയുകയും സംസാരത്തിന്റെ കാര്യത്തിൽ അത് തിരിച്ചുമായിരിക്കും.നമുക്ക് അറിയാവുന്നത് കുറച്ചാണ് എന്ന് സ്വയം അറിഞ്ഞിട്ടും,അതിൽ ആവശ്യമില്ലാത്ത വാദങ്ങളും ഉദ്ധരണികളും ഉന്നയിച്ചുകൊണ്ട് വ്യാജമായ ഒരു വാദത്തെ ശക്തിപ്പെടുത്തുവാൻ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കും.ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്.
മറ്റൊരു കാര്യം വാക്കുകൾ ഉപയോഗിക്കുന്നത്തിലെ ജാഗ്രതതയും ലജ്ജാബോധവുമാണ്. ഇന്നത്തെ ലിബറൽ അന്തരീക്ഷങ്ങളിൽ മുൻപ് ചീത്തവിളിക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന വാക്കുകൾ ഇന്ന് നിത്യോപയോഗ വാക്കുകളായി മാറുകയാണ്.ഈ പ്രവണത ഒരു മുസ്‌ലിമിന്റെ ജീവിതത്തിൽ കടന്നു വരാൻ പാടില്ല. ലജ്ജ ഈമാന്റെ ഭാഗമാണെന്ന് നബി(സ )പഠിപ്പിക്കുന്നു. മറ്റു ദർശനങ്ങളിൽ നിന്ന് ഇസ്‌ലാമിനെ വ്യത്യസ്തമാക്കി നിർത്തുന്ന ഒരു ഘടകമാണ് ലജ്ജ.മറ്റു ദർശനങ്ങളിൽ സാമ്പത്തിക-രാഷ്ട്രീയ വിപ്ലവങ്ങളെ കുറിച്ചൊക്കെ സംസാരിക്കുമ്പോൾ വ്യക്തിയെ പരിഗണിക്കുന്നില്ല.എന്നാൽ ഇസ്‌ലാം ഇവ എല്ലാം പറയുന്നതോടൊപ്പം തന്നെ മനുഷ്യജീവിതത്തിൽ വൃത്തികേടുകൾ കയറി വരാതിരിക്കുവാനുള്ള ജാഗ്രതപാലിക്കണമെന്നും പറയുന്നു.ഇവിടെയാണ് ഇസ്ലാമും ലിബറലിസവും തമ്മിൽ ഏറ്റുമുട്ടുന്നത്.ഇസ്‌ലാമിലെ വ്യക്തിനിയമങ്ങളും മറ്റു നിർദേശങ്ങൾ പാലിക്കുമ്പോഴും “ലജ്ജ” എന്ന കാര്യം ലിബറൽ ചിന്തകൾകൊപ്പം കൂട്ടി വായിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ ഇസ്‌ലാം ജീവിതത്തിൽ സമഗ്രമായി പാലിക്കേണ്ട ജീവിതവ്യവസ്ഥയാണ്. അത് നാവിൻറെ കാര്യത്തിലേക്ക് വരുമ്പോൾ സംസാരത്തിലെ വാക്കുകളെ നിയന്ത്രിക്കേണ്ടത്, ജാഗ്രത പാലിക്കേണ്ടത് മുസ്‌ലിമിന്റെ കടമയാണെന്ന് പ്രവാചകൻ പഠിപ്പിപ്പിക്കുന്നു.

സംസാരത്തിൽ ശ്രദ്ധികേണ്ട മറ്റൊരു കാര്യം ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടങ്ങളിൽ ഇടപെടാനൊ സംസാരിക്കാനൊ പോകുന്നതാണ്. മനുഷ്യരുടെ തെറ്റുകുറ്റങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ തെറ്റാകാൻ സാധ്യതയുള്ള കാര്യമാണിത്. നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് അത് കാരണമായി ഒരുപാട് തെറ്റുകൾ നമ്മൾ അറിയാതെ തന്നെ ആ സന്ദർഭം കാരണം ചെയ്യേണ്ടി വരുന്നു. പ്രവാചകൻ പഠിപ്പിക്കുന്നു : ” ഒരു മുസ്ലിമിൻറെ ഏറ്റവും വലിയ സൗന്ദര്യം എന്തെന്നാൽ,ആവശ്യമില്ലാത്ത സ്ഥലത്ത് അവൻ മൗനം പാലിക്കുന്നു എന്നതാണ്.” “ഒരുവൻ സംസാരിക്കുന്നതിനു മുൻപ് അവൻ സംസാരത്തിന്റ ഉടമയാണ്. എന്നാലതിനു ശേഷം അവൻ സംസാരിച്ചതിനു അടിമയായിരിക്കും.” സാന്നിധ്യം അറിയിക്കുവാനും, ഞാനും ഒരു അഭിപ്രായം പറയണമല്ലോ എന്നൊക്കെ ചിന്തിച്ചുകൊണ്ട് അലക്ഷ്യമായി സംസാരിക്കുന്നത് ഗുരുതരമായ വീഴ്ചകൾ വരുത്തിവെക്കും.
ഒരു മുസ്‌ലിമും മുനാഫിക്കും തമ്മിലെ വ്യത്യാസം പഠിപ്പിക്കുമ്പോൾ പ്രവാചകൻ പറഞ്ഞു : ഒരു വിശ്വാസിയുടെ നാവ് അവൻറെ ഹൃദയത്തിന് പിന്നിലായിരിക്കും. അവൻ ആദ്യം ചിന്തിക്കും എന്താണ് പറയുന്നത്,അവൻ അളന്നു നോക്കും. എന്നിട്ട് അത്രതന്നെ പറയും. അതുകൊണ്ടവനു പറഞ്ഞ കാര്യത്തിൽ ഖേദിക്കേണ്ടിവരില്ല. വിശ്വാസവും വാക്കും തമ്മിൽ ബന്ധം ഇല്ലാത്തവൻ, ആദ്യം പറയും പിന്നീടാണ് ചിന്തിക്കുക.അവൻറെ നാവ് ഹൃദയത്തിനു മുന്നിലായിരിക്കും.”

നാവു കാരണം നരകാവകാശികളായേക്കാവുന്ന ഒരു പ്രശ്നമാണ് ‘പരദൂഷണം.’ നബി ഒരിക്കൽ സഹാബിമാരോടു പരദൂഷണത്തെ കുറിച്ച് വിശദീകരിച്ചു. ” ഒരാളുടെ അസാന്നിധ്യത്തിൽ അയാളെക്കുറിച്ച് അയാൾക്ക് ഇഷ്ടമില്ലാത്തത് പറയുന്നതാണ് പരദൂഷണം . അപ്പോൾ സഹാബിമാർ ചോദിച്ചു: അയാളെക്കുറിച്ച് കുറിച്ച് ഉള്ളത് മാത്രമാണ് പറയുന്നതെങ്കിലോ, നബി പറഞ്ഞു: ഇല്ലാത്തത് പറയുന്നത് കളവ്. ഉള്ളത് പറയുന്നത് പരദൂഷണം”.”സ്വന്തം സഹോദരൻ മരിച്ചുകിടക്കുമ്പോൾ അയാളുടെ ശരീരത്തിൽ നിന്നും ഒരു മാംസം തിന്നുന്നത് നമ്മൾ ഇഷ്ടപ്പെടുമോ. അത്രത്തോളം മോശപ്പെട്ട പ്രവർത്തിയാണ് അയാളെ കുറിച്ച് പരദൂഷണം പറയുന്നതെന്ന്” നബി(സ) പഠിപ്പിക്കുന്നു. നാവിനെ കളവു പറയാതിരിക്കാൻ മാത്രമല്ല,പരദൂഷണവും ശകാരങ്ങളും ശാപങ്ങളും പറയാതിരിക്കുവാനും ശീലിപ്പിക്കേണ്ടതുണ്ട്.നന്മ ചെയ്യുന്നതിനേക്കാൾ തെറ്റിൽ നിന്നും വിട്ടു നിൽക്കുന്നതാണ് യഥാർത്ഥത്തിൽ വിശ്വാസിയുടെ സൂക്ഷ്മത.നമസ്കാരം നോബ് തുടങ്ങിയ കർമ്മങ്ങൾ നമ്മളിലെ നന്മകൾ അധികരിപ്പിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ തെറ്റ് ചെയ്തിരിക്കുക എന്നതാണ് പ്രധാനം.തെറ്റിൽ നിന്നും വിട്ട് നിൽക്കുന്ന നല്ല മനുഷ്യനായതിനു ശേഷമെ നന്മകൾ അതികരിപ്പിച്ചിട്ട് കാര്യമുള്ളൂ. എങ്കിൽ മാത്രമെ അത് പരലോകത്തു ഉപകാരപ്പെടുകയുള്ളു. ഒരാൾക്ക് ഉപകാരം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, അത് തെറ്റല്ല. പക്ഷേ ഉപദ്രവം ചെയ്തു കഴിഞ്ഞാൽ അത് തെറ്റും അക്രമവുമാണ്.

നാവുകൊണ്ടോ നോട്ടകൊണ്ടോ ശരിരം കൊണ്ടോ മറ്റൊരാൾക്ക് ഉപദ്രവം ഇല്ലാതിരിക്കുമ്പോഴാണ് ഒരാൾ മുസ്‌ലിം ആവുക എന്ന് പ്രവാചകൻ ഉണർത്തുന്നു.സ്വന്തം അയൽവാസി തനിക്കെതിരെ നാളെ പരലോകത്ത് സാക്ഷി പറയാൻ കാരണമാകുന്നത്, നാവുകൊണ്ടുള്ള മുറിവുകൾ കൊണ്ടാണ്.തന്റെ നാവു കൊണ്ട് അയാളുടെ അഭിമാനം കളങ്കപ്പെട്ടു. അന്ത്യനാളിൽ ഒരുപാട് നിസ്കരിച്ചു ഒരുപാട് നോമ്പെടുത്തു ഇബാദത്ത് ചെയ്യ്തു എന്നതുകൊണ്ട് കാര്യമില്ല. മറ്റുള്ളവരോട് നല്ല നിലയിൽ പെരുമാറിയതിനാലും അവരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാതിരുന്നാൽ മാത്രമാണ് നരകത്തിനും രക്ഷയുള്ളൂ.അതിനു ശേഷം മാത്രമാണ് സ്വർഗ്ഗത്തിലുള്ള പ്രവേശനത്തിനും അതിലെ സ്ഥാനത്തിങ്ങൾക്കുമായി ഇബാദത്ത് പരിഗണിക്കുകയുള്ളൂ. അനാവശ്യമായി ആയി ഒരു സാധനം മറ്റൊരു സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോവുന്ന പോലെ ഒരു കാര്യം ഒരു കൂട്ടത്തിൽ പറയുന്നത് മറ്റൊരു കൂട്ടത്തിൽ പോയി ആവശ്യമില്ലാതെ പറയുക.അത് സത്യമോ അസത്യമോ എന്ന് പോലും അന്വേഷിക്കാതെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് വിശ്വാസി നാവിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക പ്രമുഖമായ ഒരു സംഗതിയാണ്.ഇനി സത്യമാണ് പ്രചരിപ്പിക്കുന്നെങ്കിൽ തന്നെ സഹോദരന്റെ അഭിമാനം സംരക്ഷിക്കുവാൻ ആ സത്യം മറച്ചുവെക്കാൻ കഴിയുമെങ്കിൽ അതാണ് സത്യവിശ്വാസി ചെയ്യേണ്ടതെന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്.ഒരാൾ അങ്ങനെ ചെയ്യുകയാണെങ്കിൽ അതിലൂടെ ഒരാളുടെ അഭിമാനം നിങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ,നാളെ അല്ലാഹു പരലോകത്ത് അയാളുടെ അഭിമാനം സംരക്ഷിക്കുമെന്ന് നബി(സ) പറയുന്നു.

നമ്മുടെ ജീവിതത്തിൽ നിസ്സാരമെന്ന് കരുതുന്ന എന്നാൽ ഏറെ ജാഗ്രത പുലർത്തേണ്ട മറ്റൊരു കാര്യമാണ് “സംശയം തോന്നുന്നത്”. രണ്ടു തരത്തിലുള്ള സംശയങ്ങളാണ്.
ഒന്ന് : ഒരാൾ ഒരു കാര്യം പറയുമ്പോൾ അത് തന്നെ കുറിച്ചാണ് എന്ന് ചിന്തിക്കുക.ചിലപ്പോൾ അത് അനാവശ്യമായ കാര്യങ്ങളായിരിക്കാം.എന്നാൽ ആവശ്യമുള്ള നല്ല കാര്യങ്ങൾ പറയുമ്പോൾ മറ്റുള്ളവരെ കുറിച്ചാണ് എന്ന് തോന്നുകയും,ഇത് മറ്റൊരാൾ കേൾക്കേണ്ടതാണെന്നും മറ്റൊരാൾ നന്നാകേണ്ടതുമായ വിഷയം ആണെന്ന് ചിന്തിക്കുന്നതും ഇതിന്റെ ഭാഗമാണ്. പരസ്പരം സംശയങ്ങൾ ജനിപ്പിക്കുന്ന തരത്തിലുള്ള ഉള്ള സംസാരങ്ങൾ നടത്തരുതെന്ന് നബി പഠിപ്പിക്കുന്നു. ആവശ്യമില്ലാത്ത വാഗ്ദാനങ്ങൾ നൽകുക,മനുഷ്യർക്കിടയിൽ പാലിക്കപെടാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകുക.എന്നിട്ട് അവ നമ്മൾ തന്നെ മറികടക്കുക.ഇവ സത്യവിശ്വാസിയുടെ ജീവിതത്തിൽ വരാതെ ശ്രദ്ധികേണ്ടതുണ്ട്.

അതുപോലെ തമാശ പറയുന്നത് അത്യധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഗൗരവമേറിയ കാര്യങ്ങൾ നിസാരവൽക്കരിക്കാൻ അത് കാരണമാകും.ഹൃദയങ്ങളെ മരിച്ചുകളയാതിരിക്കാൻ അനാവശ്യമായ തമാശകൾ ഒഴിവാക്കേണ്ടതുണ്ട്. തമാശകൾ അതിൻറെ അതിർത്തികൾ ഭേതിക്കാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കുണ്ടതുണ്ട്.ഒരിക്കൽ തമാശയാൽ ഗൗരവം നഷ്ടപെട്ട ഒരുകാര്യത്തിനു പിന്നീട് ആ ഗൗരവം തിരിച്ചു കിട്ടുകയില്ല.എന്തു കാര്യവും തമാശയ്ക്കാകുകയും അതിനു ചിരിക്കുകയും,പിന്നീട് ചിരിക്കാൻ അതിനുമപ്പുറമുള്ള തമാശ തേടി പോകേണ്ട ഒരു പ്രവണത തമാശക്കുണ്ട് അതിനാൽ സത്യവിശ്വാസി, ട്രോളുകളുടെ ഈ കാലഘട്ടത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.സത്യങ്ങളും ചതികളും മറച്ചു വെക്കാൻ ഇന്ന് ഭരണക്കൂടത്തിന്റെ തന്ത്രമാണ് തമാശകൾ എന്ന് നാം തിരിചറിയേണ്ടതുണ്ട്.

നാവിന്റെ മറ്റൊരു സ്വഭാവം മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടി നാവുകൊണ്ട് ഒരു കാര്യത്തിൽ രണ്ട് നിലപാടുകൾ സ്വീകരിക്കുന്നതാണ്. നാളെ അല്ലാഹുവിൻറെ മുന്നിൽ വരുമ്പോൾ ഏറ്റവും മോശപ്പെട്ട വിഭാഗമായി അത്തരം സ്വാഭാവക്കാരെ ഇരട്ടമുഖമുള്ളവരായി കാണാൻ സാധിക്കുമെന്ന് നബി(സ) പറയുന്നു. എല്ലാവരുടെയും സ്വീകാര്യത ലഭിക്കുവാൻ ഒരു ശത്രുവിന്റെ അടുത്ത് അയാളുടെ സുഖിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും,അയാളുടെ ശത്രുവിന്റെ അടുത്ത് അയാളെയും സുഖിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നവരാണ് ഈ കൂട്ടർ.ഇത് സൗമ്യതയുടെ സ്വഭാവം അല്ല.നീതിയും ധർമ്മവും പാലിക്കാതെ ഇരുകൂട്ടർക്കുമിടയിൽ അവരുടെ ആളാണെന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സ്വീകാര്യതക്കു വേണ്ടി നിൽക്കുന്ന ഈ സ്വഭാവം സത്യവിശ്വാസിക്ക് ചേർന്നതല്ല. അതോടൊപ്പം തന്നെ ഒരാളെ “പുകഴ്ത്തുക ” എന്നത് ശ്രദ്ധികേണ്ട കാര്യമാണ്. പുകഴ്താതിരിക്കാൻ ഒരു ഗതി ഇല്ലെങ്കിൽ കൂടി ആ അവസ്ഥയിൽ “എനിക്ക് അയാളെ കുറിച്ച് ഇങ്ങനെയാണ് തോന്നുന്നത് ” എന്ന് പറഞ്ഞു കൊണ്ടല്ലാതെ സംസാരിക്കരുത് എന്ന് നബി പഠിപ്പിക്കുന്നു.കാരണം തോന്നലുകൾ മാത്രമാണ് മനുഷ്യർക്ക് മനസ്സിലാവുക.അതിനു പിന്നിലെ സത്യം അല്ലാഹുവിന് മാത്രമാണ് അറിയുക. അല്ലാഹുവിനു മേലെ മറ്റൊരാളെ വിശുദ്ധനായി വാഴ്ത്തരുത്. അല്ലാഹു നാളെ ഖിയാമത്ത് നാളിലാണ് എല്ലാ സത്യവും മറനീക്കി പുറത്ത് വരിക. അതോടൊപ്പം നമ്മുടെ വാക്കിൽ മറ്റൊരാൾ കുടുങ്ങി പോകാതിരിക്കാനാണ് ഇങ്ങനെ പറയുന്നത്. നമ്മുടെ അഭിപ്രായം കൊണ്ട് മാത്രം ഒരാൾ മറ്റൊരാളെ കുറിച്ച് തീരുമാനമെടുക്കുമ്പോൾ അത് വഴി അയാൾക് അനുഭവിക്കേണ്ടി വരുന്ന നന്മക്കും തിന്മക്കും നമ്മൾ ഉത്തരവാദികളാണ്.

ഈ പറഞ്ഞ കാര്യങ്ങളിൽ എല്ലാം ചെറിയ നന്മകൾ ഉണ്ടാകാം.എന്നാലും സൂക്ഷ്മത പുലർത്തേണ്ടത് വിശ്വാസിയുടെ കടമയാണ്. നന്മകളെക്കാൾ അതിൽ ചിലപ്പോൾ നമ്മൾ അറിയാതെ പതിയിരിക്കുക തിന്മകളായിരിക്കാം. നാവിനെ അളന്നുതൂക്കി ഹൃദയത്തിനു പിന്നിൽ നിന്ന് മാത്രം ചിന്തിച്ചു കൊണ്ട് സംസാരിക്കാൻ സത്യവിശ്വാസി ശ്രദ്ധികേണ്ടതുണ്ട്.

തയ്യാറാക്കിയത്: മുഹമ്മദ്‌ വിദാദ്

Related Articles