Current Date

Search
Close this search box.
Search
Close this search box.

നമുക്കും അവർക്കും ഒരുപോലെ രക്ഷപ്പെടാം

ഇമാം ഇബ്രാഹീം അന്നഖഈ (റഹ്) (1)ക്ക് ഒരു കണ്ണിന് കാഴ്ചയില്ലായിയിരുന്നു.അദ്ദേഹത്തിന്റെ വിദ്യാർത്ഥി സുലൈമാൻ ബിൻ മഹ്‌റാൻ അഅ്മശ് (റഹ്) (2) എന്നാണറിയപ്പെട്ടിരുന്നത്.

കാഴ്ചശക്തി ദുർബലമായതായിരുന്നു ആ വിളിപ്പേരിന് കാരണം. അവർ രണ്ടു പേരും ഒരിക്കൽ കൂഫയിലെ പള്ളിയിലേക്ക് പുരാതന തെരുവുകളിലൊന്നിലൂടെ നടന്നു പോവുമ്പോൾ ഇമാം നഖഈ ശിഷ്യനോട് പറഞ്ഞു:
സുലൈമാൻ, നീ ഈ വഴിക്കും ഞാൻ ആ വഴിക്കും പോവലാണ് നല്ലത്. വിവരമില്ലാത്ത നാട്ടുകാർ ആക്ഷേപാർഥം വിളിച്ചു പറയും: “ഒറ്റക്കണ്ണൻ കണ്ണുപൊട്ടനെ ദാണ്ടെ കൊണ്ടുപോവുന്നുവെന്ന് ”
അപ്പോൾ ശിഷ്യൻ അഅ്മശ് പറഞ്ഞു: അബൂ ഇമ്രാൻ (ഉസ്താദിന്റെ വിളിപ്പേര് ) , നമുക്കതിന്റെ കൂലി കിട്ടില്ലേ ? അവർക്കതിന്റെ ശിക്ഷയും ?
നഖഈ പറഞ്ഞു: സുബ്ഹാനല്ലാഹ്! നമുക്ക് പ്രതിഫലവും അവർക്ക് ശിക്ഷയും കിട്ടുന്നതിനേക്കാൾ നല്ലത് നമുക്കും അവർക്കും ഒരുപോലെ രക്ഷപ്പെടല്ലല്ലേ ?!

സ്വർഗത്തിലെ ഉയരങ്ങളിലേക്ക് തങ്ങളുടെ നാട്ടുകാരേയും എത്തിക്കാനായിരുന്നു ആ മഹത്തുക്കൾ ആഗ്രഹിച്ചിരുന്നത്.
(താൻ സ്നേഹിക്കുന്നത് തന്റെ സഹോദരനുവേണ്ടി സ്നേഹിക്കുന്നതുവരെ നിങ്ങളിൽ ആരും വിശ്വാസി ആവില്ല) എന്ന പ്രവാചക വചനമായിരുന്നു അവരുടെ എന്നത്തേയും പ്രചോദനം .

1 -പ്രശസ്ത ഇസ്ലാമിക പണ്ഡിതനും , സൂഫിയും, താബിഉകളിൽ പെട്ട ആളുമായ ഇമാം ഇബ്റാഹീം അൽ നഖഈ ഇറാഖിലെ കൂഫക്കാരനാണ്. ഹിജറ 47 ലാണ് ജനനം. അൽഖമ: ബിൻ ഖയിസ് അൽ നഖഇയുടെ സഹോദര പുത്രനായിരുന്നു. താബിഈ പ്രമുഖരായ യസീദ് അൽനഖഈയുടെ മകളും അസ്‌വദ് അബ്ദുറഹ്മാൻ എന്നിവരുടെ സഹോദരിയുമായ മലീകയാണ് മാതാവ്. ആയിശ (റ) പോലെയുള്ള ഒരുപാട് സ്വഹാബികളെ കണ്ടിട്ടുണ്ടെങ്കിലും അവരിൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്തതായിട്ട് അറിവില്ല. ചെറുപ്പത്തിൽ തൻറെ പിതൃ സഹോദരനോടൊപ്പം ഹജ്ജ് തീർത്ഥാടനത്തിന് പോയപ്പോൾ ആണ് ആയിശയെ നേരിൽ കണ്ടത്‌.വലീദ് ബിൻ അബ്ദുൽ മലിക്ന്റെ ഭരണ കാലത്ത് 49 )o വയസ്സിൽ വഫാത്തായി.

2 -നഖഈയുടെ ശിഷ്യനായ അഅ്മശ്
ഹദീസുകളിൽ വ്യുൽപത്തിയുണ്ടായിരുന്ന മഹാ പണ്ഡിതനായിരുന്നു. സുലൈമാൻ ബിൻ മഹ്‌റാൻ അഅ്മശ് അബൂ മുഹമ്മദ് അസദി കാഹിലി (10 മുഹറം 61 – 148 AH ) എന്ന് പൂർണ്ണ നാമം .അദ്ദേഹത്തെ ഇമാം ശംസുദ്ദീനു ദ്ദഹബി ശൈഖുൽ മുഹദ്ദിസീൻ എന്നാണ് വിളിച്ചത്.
കൂഫയിലായിരുന്നു താമസം.

റബ്ബേ, അവരുടെ ഹൃദയങ്ങൾ അലങ്കരിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളെയും നീ അലങ്കരിക്കുക ..

Ref : മുൻതളിം – ഇമാം ഇബ്നുൽ ജൗസി
ത്വബഖാത്ത് – ഇമാം ഇബ്നു സഅദ്

Related Articles