Current Date

Search
Close this search box.
Search
Close this search box.

വക്കം മൗലവിയുടെ വിശിഷ്ട വ്യക്തിത്വം

ദിവാൻ രാജഗോപാലാചാരിയുടെ ഏകാധിപത്യത്തിനെതിരെ പൊരുതിയ പ്രശസ്ത പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ മകൾ ശ്രീമതി ഗോതമി, തൻ്റെ അച്ഛൻ്റെ ആത്മമിത്രവും പിൻബലവുമായ സ്വദേശാഭിമാനി വക്കം മൗലവിയെ കുറിച്ച് എഴുതുന്നു:

“ശ്രീ മൂലം തിരുനാൾ നാടുനീങ്ങിയ ശേഷം – നാടുകടത്തൽ കഴിഞ്ഞ് 14 കൊല്ലത്തിനു ശേഷം – എൻ്റെ അമ്മ തിരുവിതാംകൂറിൽ വരാനിടയായി. വിവാഹിതയായ ഈ മകളുടെ ആവശ്യാർത്ഥം. അക്കാലത്ത് മൗലവി സാഹിബ് കൊല്ലത്ത് ആശ്രാമത്ത് ഏ. കെ പിള്ളയുടെ വീടും “സ്വരാജ് ” പത്രമാപ്പീസും ചേർന്ന സ്ഥലത്ത് ഞങ്ങളെ കാണാൻ വരികയുണ്ടായി.

പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ എന്നെ അദ്ദേഹം ആശീർവദിച്ചു.
മൃദുവായ സ്വരത്തിൽ സൗമ്യമായ രീതിയിൽ സംഭാഷണം.നിലത്തേക്ക് ദൃഷ്ടി ഉറപ്പിച്ച ഇരുത്തം.അനാർഭാടമായ വേഷം. സർവ്വോപരി വിനയം. ആ വിനീത ഭാവത്തിനു പിന്നിൽ ഉറച്ച വിശ്വാസങ്ങളും ആദർശങ്ങളും നിശ്ചയദാർഢ്യവും, തികഞ്ഞ ആത്മവിശ്വാസവും. നിറഞ്ഞ ധൈര്യവും. ഞാൻ കണ്ട മൗലവി സാഹിബ് അതാണ്. ഞാൻ കണ്ടറിഞ്ഞ വിശിഷ്ട വ്യക്തിത്വം അതാണ്.

അങ്ങിനെയൊരു മഹാ മനുഷ്യനെ സഹൃദയനായ സുഹൃത്തായും സഹായിയായും സഹപ്രവർത്തകനായും സർവ്വോപരി അനുഭാവിയായ പത്രമുടമയായും പ്രസ്സുടമയായും ലഭിച്ച എൻ്റെ അച്ഛൻ ഭാഗ്യശാലിയായിരുന്നു.

സ്വദേശാഭിമാനി പത്രാധിപർക്കും ഉടമക്കും തമ്മിൽ അഭേദ്യമായ, അനിതരസാധാരണമായ സൗഹാർദ്ദവും സൗഭ്രാർത്രവും ആണുണ്ടായിരുന്നത്. ആദ്യാവസാനം പത്രമുടമക്ക് ലാഭേച്ഛയേ ഇല്ലായിരുന്നു. വക്കം കൗലവി സാഹിബ് പത്രപ്രവർത്തനം ഒരു വ്യവസായമായി കരുതിയിട്ടേ ഇല്ലായിരുന്നു.

ഞാൻ വീണ്ടും വീണ്ടും സ്മരിക്കട്ടെ, സ്മരിക്കാൻ ഉദ്ബോധിപ്പിക്കട്ടെ: രാമകൃഷ്ണപിള്ളയെ “സ്വദേശാഭിമാനി”യാക്കിത്തീർത്ത വക്കം മൗലവി സാഹിബിനെ, അനശ്വര യശസ്സിന് തുല്യ പങ്കാളിത്തമുള്ള ആ വന്ദ്യ പുരുഷനെ, ഒരിക്കലും മറക്കാൻ പാടില്ലാത്ത ആ വിശിഷ്ട വ്യക്തിയെ..

മൗലവിയുടെ അസാമാന്യമായ മനുഷ്യത്വത്തിനു മുമ്പിൽ ഈ മകളുടെ കൂപ്പുകൈ!”

(ഉദ്ധരണം: വക്കം മൗലവി അവരുടെ കാഴ്ചപ്പാടിൽ എന്ന ഗ്രന്ഥത്തിൽ നിന്ന്. സമാഹാരണം: എ.സുഹൈർ ,കെ.എം അജീർ കുട്ടി. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് .തിരുവനന്തപുരം)

Related Articles