Current Date

Search
Close this search box.
Search
Close this search box.

തൂക്കു മരത്തിൻറെ താഴെ നിന്ന്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തനക്ഷത്രമായി വാഴ്ത്തപ്പെടുന്ന വിപ്ലവകാരിയാണ് വക്കം അബ്ദുൽ ഖാദർ. തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമത്തിൽ 1917 മേയ്​ 25 നാണ് ജനനം. പിതാവ് വാവാക്കുഞ്ഞും മാതാവ് ഉമ്മുസൽമയുമാണ്. മികച്ച ഗായകനും കലാ-കായിക മേഖലകളിൽ അതീവ സമർത്ഥനുമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്ക് വഹിച്ചു. ആവേശകരമായ വിപ്ലവഗാനങ്ങൾ രചിച്ചു.1938 ൽ പിതാവിൻറെ നിർദ്ദേശമനുസരിച്ച് മലേഷ്യയിലേക്ക്​ പോയി. അവിടെ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. താമസിയാതെ ജോലി രാജിവെച്ച് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി. ഇന്ത്യൻ ഇൻഡിപെൻഡൻറ്​ ലീഗിൽ ചേർന്ന് പ്രവർത്തിച്ച അബ്ദുൽ ഖാദർ ഏറെ വൈകാതെ വിപ്ലവനായകനായി വളർന്നു. ഇൻഡിപെൻഡൻറ്​ ലീഗുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന മലേഷ്യയിലെ കേരള മുസ്​ലിം യൂനിയൻറെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. നേതാജി സുഭാഷ്​ ചന്ദ്രബോസ്​ സ്വാതന്ത്ര്യ പോരാട്ടത്തിന്​ രൂപവത്​കരിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്നു. തുടർന്ന് അബ്ദുൽ ഖാദർ ബ്രിട്ടീഷ്​ ഭരണം തകർക്കാൻ രരഹസ്യനീക്കത്തിനായി ഐ.എൻ.എ നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിലെത്തി. 1942 സെപ്​റ്റംബർ 18ന്​ രാത്രി 10 ന് മലേഷ്യയിലെ പെനാങ്ക്​ തുറമുഖത്തുനിന്ന്​ ഒരു അന്തർവാഹിനിയിൽ ഇന്ത്യയിലേക്ക്​ പുറപ്പെട്ടു. ഒമ്പത്​ ദിവസത്തെ കടൽ യാത്രയിലെ ഭീതിജനകമായ അനുഭവങ്ങൾക്കും കഠിനമായ ത്യാഗത്തിനും ശേഷം മലബാറിലെ താനൂർ കടപ്പുറത്തെത്തി. അവിടെവെച്ച് പൊലീസ്​ അവരെ പിടികൂടി. അതേത്തുടർന്ന് ബ്രിട്ടീഷ്​ പട്ടാളം മദ്രാസിലെ സെൻറ് ​ജോർജ്​ ഫോർട്ട്​ ജയിലിലടച്ചു. പട്ടാ​ളക്കോടതി വിചാരണ നടത്തി തൂക്കിക്കൊല്ലാൻ വിധിച്ചു. അങ്ങനെ 1943 സെപ്​റ്റംബർ 10ന്​ അബ്ദുൽ ഖാദറിനെയും സംഘത്തെയും തൂക്കിലേറ്റി.

വധിക്കപ്പെടുന്നതിൻറെ തലേ രാത്രി പിതാവിന്​ എഴുതിയ വികാരോജ്ജ്വലമായ കത്തിൽ നിന്ന്: ‘‘പ്രിയ പിതാവേ, ഏതാണ്ട് രണ്ടു മാസം മുമ്പ് ഞാൻ കത്തയക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മറ്റു ചില വിചാരങ്ങൾ എന്നെ അതിൽ നിന്ന് തടഞ്ഞു നിർത്തി. ഇപ്പോൾ വീണ്ടും അതിന് പ്രേരിതനായി. നാം ജീവിതയാത്രയിൽ പലപ്പോഴും ആപത്തുകളെ നേരിടേണ്ടതായും ദുഃഖങ്ങളെ സഹിക്കേണ്ടതായും വരാറുണ്ട്. ചിലപ്പോൾ ഇങ്ങനെയുള്ള ആപത്തുകളും ദുഃഖങ്ങളും സർവ്വശക്തനായ അല്ലാഹുവിൻറെ പരീക്ഷണം മാത്രമാണ്. അതികഠിനമായ അനുഭവങ്ങൾ നമുക്കുണ്ടാവും. ഈ അവസ്ഥയിൽ നമുക്ക് അല്ലാഹുവിനോട് ആവലാതിപ്പെടാൻ അവകാശമില്ല. എല്ലാം കാരുണ്യ നിധിയായ നാഥനിൽ നിന്ന് നമുക്ക് ലഭിച്ചതാണെന്ന് വിശ്വസിച്ച് സഹിക്കുകയാണ് വേണ്ടത്.

Also read: ആഗസ്റ്റ് 15, വിഭജനത്തിൻെറ വേദനകളും രോദനങ്ങളും പങ്ക് വെക്കുന്ന ദിനം കൂടിയാണ്

പ്രിയ പിതാവേ ,സമാധാനപൂർണവും അചഞ്ചലവുമായ ഒരു ഹൃദയം തന്ന്​ പരമകാരുണികനായ അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. എൻറെയും അങ്ങയുടെയും ഈ നിസ്സഹായതയിൽ മുറു മുറുക്കാനോ മനഃചാഞ്ചല്യം കാണിക്കാനോ പാടില്ല. ഇവിടെയാണ് അല്ലാഹുവിൻറെ അഭീഷ്ടത്തിൽ സംതൃപ്​തനായി ആത്മത്യാഗത്തിനുള്ള സസന്ദർഭം. എന്നെ ജീവഹാനി കൊണ്ടാണെങ്കിൽ അങ്ങയെ സന്താനനഷ്​ടം കൊണ്ട്​ അല്ലാഹു പരീക്ഷിക്കുന്നു. ഞാൻ അധൈര്യപ്പെടുന്നില്ല.

ഏപ്രിൽ മാസം ഒന്നാം തീയതി എൻറെ കേസിൻറെ ജഡ്ജിമെൻറ് വന്നു. ഇന്ത്യൻ പീനൽ കോഡനുനുസരിച്ച് എന്നെ അഞ്ച് വർഷം കഠിന തടവിനും അതിനുശേഷം തൂക്കിക്കൊല്ലാനും വിധിച്ചു. ഒരു യൂറോപ്യൻ സ്പെഷ്യൽ ജഡ്ജി ഔപചാരികമായി ഞങ്ങളുടെ കേസ് ഹൈക്കോടതിയിൽ പുനഃപരിശോധന നടത്തി. കീഴ്ക്കോടതി വിധി ശരിവെച്ചു. അതോടൊപ്പം വധശിക്ഷതന്നെ നൽകണമെന്നും തീർപ്പ് കൽപ്പിച്ചു.

എൻറെ ഹൃദയ ദാർഢ്യതക്ക് ഉറപ്പുകൂടുകയാണ്​. ഈ അതികഠിനമായ വാർത്ത അങ്ങയെ ദാരുണമാം വിധം ദുഃഖിപ്പിക്കുമെന്ന്​ എനിക്കറിയാം. അല്ലാഹുവിൻറെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു: മനസ്സിനെ നിയന്ത്രിച്ചു സമാധാനപ്പെടുക​. നാം നിസ്സഹായരാണെന്നും അല്ലാഹുവിൻറെ സഹായം മാത്രമേ ഉള്ളൂ​ വെന്നും ഓർക്കുക.

പ്രിയ പിതാവേ, ഞാൻ എന്നന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ അഞ്ചുമണിക്കും ആറുമണിക്കുമിടയിലായിരിക്കും എൻറെ എളിയ മരണം. ധൈര്യപ്പെടുക.  സമയം അതിക്രമിച്ചിരിക്കുന്നതിനാൽ ഞാൻ നിർത്തുന്നു. ഇതാ മണി പന്ത്രണ്ട്​ അടിക്കുവാൻ പോകുന്നു. എൻറെ മരണദിനത്തിൻറെ ആരംഭനിമിഷം.അതേ! റമദാൻ മാസത്തിലെ ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കും ആറു മണിക്കും മധ്യേ ഞാൻ മരിക്കുന്നു.

Also read: ശഹീദ് വാരിയംകുന്നത്തിനെ പാരായണ വഴിയിൽ കണ്ടുമുട്ടിയപ്പോൾ

വന്ദ്യനായ പിതാവേ, വാത്സല്യനിധിയായ ഉമ്മാ, ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, എനിക്ക് ഒരാശ്വാസവചനവും നിങ്ങളോട് പറയാനില്ല. ഞാൻ നിങ്ങളെ വിട്ട് പിരിയുന്നു. നമുക്ക് മഹ്ശറയിൽ വെച്ച് വീണ്ടും കാണാം. എന്നെപ്പറ്റി ദുഖിക്കരുതേ.എൻറെ ജീവിതത്തിലെ നാടകം അഭിനയിച്ചു തീരുവാൻ മണിക്കൂറുകൾ മാത്രമേയുള്ളൂ. ഞാൻ എത്രത്തോളം ധൈര്യത്തോടും സമാധാനത്തോടും കൂടിയാണ്​ മരിച്ചതെന്ന് ദൃക്​സാക്ഷികളിൽനിന്ന്​ ഒരുനാൾ അറിയുമ്പോൾ തീർച്ചയായും നിങ്ങൾ സന്തോഷിക്കാതിരിക്കില്ല. അന്ന് ഉറപ്പായും നിങ്ങൾ അഭിമാനിക്കുകതന്നെ ചെയ്യും. ഞാൻ നിർത്തട്ടെ. അസ്സലാമു അലൈക്കും.”

Related Articles