Current Date

Search
Close this search box.
Search
Close this search box.

ധീര രക്തസാക്ഷി വക്കം ഖാദർ

“കേരളത്തിൻ്റെ ഭഗത് സിംഗ് ” എന്നാണ് ചരിത്രരേഖകളിലൊക്കെ വക്കം ഖാദർ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ 1998 ൽ ഇന്ത്യാ ഗവ: ഒരു സ്റ്റാമ്പ് പുറത്തിറക്കി എന്നതിനപ്പുറം ഒരംഗീകാരവും ഖാദറിനെ തേടി വന്നില്ല! മാത്രമല്ല കേരളത്തിനു പുറത്ത് വേണ്ട രീതിയിൽ വക്കം ഖാദർ അനുസ്മരിക്കപ്പെടുന്നുമില്ല!

1943 സപ്തംബർ 10 ന്, വെറും ഇരുപത്തിയാറാം വയസ്സിലാണ് ബ്രിട്ടീഷ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി വക്കം ഖാദറിനെ തൂക്കിലേറ്റുന്നത്!

നന്നേ ചെറുപ്പത്തിൽ തന്നെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിനിറങ്ങിയ മുഹമ്മദ് അബ്ദുൽ ഖാദർ 1917 ൽ ചിറയിൻ കീഴിലെ വക്കത്താണ് ജനിച്ചത്. കേരളം സന്ദർശിച്ച മഹാത്മാഗാന്ധിയുടെ കരം ഗ്രഹിച്ച് മുത്തം നൽകിയ വിദ്യാർത്ഥിയായ വക്കം ഖാദർ സ്വാതന്ത്ര്യപ്പുലരിയെ പറ്റി നിറപ്പകിട്ടാർന്ന സ്വപ്നങ്ങളുമായാണ് ജീവിച്ചത്.

മലയയായിരുന്നു വക്കം ഖാദറിൻ്റെ പ്രവർത്തന മേഖല. സുഭാഷ് ചന്ദ്ര ബോസിൻ്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് വിരുദ്ധ ഒളിപ്പോരിൽ ആകൃഷ്ടനായിത്തീർന്ന വക്കം ഖാദർ ഐ.എൻ.എയുടെ ഭാഗമായിത്തീർന്നു. തുടർന്ന് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിനെതിരെ വിപ്ലവകരമായ ചില ദൗത്യനിർവ്വഹണങ്ങളുടെ ഭാഗമായി നാട്ടിലേക്കു വരുമ്പോൾ താനൂർ കടപ്പുറത്തു വെച്ച് പിടിക്കപ്പെട്ടു.

കമ്പനിപ്പട്ടാളം മദ്രാസ് ജയിലിലിട്ടു പീഡിപ്പിച്ച വക്കം ഖാദർ പക്ഷെ മറ്റു ചിലരെപ്പോലെ കൂറു മാറി ബ്രിട്ടീഷ് ദാസ്യം സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

വധിക്കപ്പെടുന്നതിൻ്റെ തലേന്നാൾ വക്കം ഖാദർ തൻ്റെ മാതാപിതാക്കൾക്കെഴുതിയ ദേശസ്നേഹം തുടിക്കുന്ന വികാരോജ്ജ്വലമായ കത്ത് ചരിത്രത്തിൻ്റെ ഭാഗമാണ്.

കത്ത് സമാപിക്കുന്നത് ഇങ്ങനെ:
“റമദാൻ മാസത്തിലെ ഏഴാം ദിവസമായ വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കും ആറു മണിക്കും മധ്യേ ഞാൻ മരിക്കും. വന്ദ്യ പിതാവേ!.. വാത്സല്യനിധിയായ മാതാവേ!.. പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!.. ഞാൻ നിങ്ങളെ വിട്ടുപിരിയുന്നു. നമുക്ക് തമ്മിൽ പരലോകത്ത് വീണ്ടും കാണാം. എന്നെ പറ്റി ദുഃഖിക്കരുത്.. ഞാൻ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടിയാണ് മരിച്ചതെന്ന് ഒരവസരത്തിൽ ചില ദൃക്സാക്ഷികളിൽ നിന്ന് അറിയാൻ ഇടയാകുമ്പോൾ തീർച്ചയായും നിങ്ങൾ സന്തോഷിക്കാതിരിക്കില്ല. തീർച്ചയായും നിങ്ങൾ അഭിമാനിക്കുക തന്നെ ചെയ്യും”

(അവലംബം: 1921-2021 കേരള മുസ് ലിംകൾ നൂറ്റാണ്ടിൻ്റെ ചരിത്രം. ചീഫ് എഡിറ്റർ കെ.ഇ.എൻ. വചനം ബുക്സ് )

Related Articles