Current Date

Search
Close this search box.
Search
Close this search box.

ഉത്ബമാരും ,ശൈബമാരും പുതിയ രൂപങ്ങളിൽ..

മനുഷ്യർ ചീർപ്പിന്റെ പല്ലുകൾ പോലെ സമന്മാരാണെന്നും, അവരിലെ ഉത്തമന്മാരെ നിശ്ചയിക്കുക ജീവിത വിശുദ്ധി മാത്രമെന്നും കൂടി പറഞ്ഞു കൊണ്ടായിരുന്നു മുഹമ്മദ് നബിയുടെ മക്കയിലെ ആദർശ പ്രബോധനം ആരംഭിച്ചത്. ദൈവത്തിന്റെ ഏകത്വം പോലെ മനുഷ്യരുടെ ഏകതയും ഒരു സൗന്ദര്യമാണ്. അതവിടുത്തെ ഗോത്ര,വർണ്ണ, വംശീയ പ്രഭുക്കന്മാരെ പിണക്കും എന്നുറപ്പാണല്ലോ. മനുഷ്യ സമത്വമെന്നൊരാശയത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞ പാവങ്ങളാണ് ആദ്യമാദ്യം പ്രവാചകനൊപ്പം ചേർന്നത്.

ദുർബലരായ പ്രവാചകനും, അനുയായികൾക്കും പിതൃവാൻ അബു ത്വാലിബിന്റെ മരണത്തോടെ പീഢനങ്ങൾ വർദ്ദിച്ചു. ത്വായിഫിലുള്ള അകന്ന ബന്ധുക്കളുടെ സഹായം കിട്ടിയെങ്കിൽ എന്ന പ്രതീക്ഷയിൽ അവിടെക്കൊരു യാത്ര. പ്രവാചക സന്ദേശം വെളിപ്പെടുത്തിയപ്പോൾ അടുത്തുള്ളവരേക്കാൾ ശത്രുത ആയിരുന്നു അകലെയുള്ളവർക്ക്.

പ്രവാചകനിൽ നിന്നുള്ള ദൂരം കൂടും തോറും വെറുപ്പും, അക്രമവാസനയും കൂടും. അന്നും ഇന്നും. തെരുവ് ഗുണ്ടകളെ ഏർപ്പാടാക്കി പ്രവാചകനെ കല്ലെറിഞ്ഞു ഓടിക്കാനാണ് ത്വായിഫുകാർ മെനക്കെട്ടത്. അന്നത്തെ കല്ലേറ് ശാരീരികമായിരുന്നു ഇന്നാണെങ്കിൽ ഒരവ്യക്ത രൂപത്തെ സങ്കൽപ്പിച്ചാണു തെറിയഭിഷേകങ്ങൾ എന്ന് മാത്രം.

കല്ലേറിൽ പരിക്ക് പറ്റി ആശ്വാസത്തിനായി വഴിയരികിലെ ഒരു മുന്തിരി തോട്ടത്തിന്റെ തണലിലേക്ക് ‘അല്ലാഹുവേ, എന്റെ കഴിവില്ലായ്മയിൽ ഞാൻ നിന്നിലേക്ക് പരാതി പറയുകയാണ്. എനിക്ക് തന്ത്രങ്ങൾ കുറവാണ്. ജനങ്ങൾക്ക് മുമ്പിൽ ഞാൻ നിസ്സാരനാണ്. പരമകാരുണികനായ അല്ലാഹുവേ, നീ ദുർബലരുടെ റബ്ബാണ്. ആരിലേക്കാണ് നീ എന്നെ ഏൽപിക്കുന്നത്? എന്നെ അകറ്റിക്കളയുന്ന വിദൂരത്തുള്ളവരിലേക്കോ? എന്റെ കാര്യങ്ങൾ ഉടമപ്പെടുത്തുന്ന ശത്രുവിലേക്കോ? അല്ലാഹുവേ, നീ എന്നോട് കോപിക്കാതിരുന്നാൽ മാത്രം മതിയെനിക്ക്. നീ നൽകുന്ന സൗഖ്യമാണ് എനിക്ക് ഏറ്റവും വിശാലമായിട്ടുള്ളത്. അല്ലാഹുവേ, നിന്റെ കോപം എന്നിലേക്കിറങ്ങുന്നതിനെ തൊട്ട് നിന്റെ പ്രകാശം കൊണ്ട് ഞാൻ നിന്നോട് അഭയം തേടുന്നു. ആ പ്രകാശം കൊണ്ടാണ് ഇരുട്ടുകൾ പ്രകാശിക്കുന്നത്. ഇഹലോകത്തിന്റെയും പരലോകത്തും കാര്യങ്ങൾ നന്നായിത്തീരുന്നത്. നിന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവും ഇല്ല.’

മക്കയിലെ പ്രമാണിയായ ഉത്ബയും, ശൈബയുമൊക്കെ പ്രവാചകന്റെ ദുരിതയാത്ര ആസ്വദിച്ച് കൊണ്ട് കാഴ്ച്ചക്കാരായുണ്ടായിരുന്നു. അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടുപോയാൽ ആ മനുഷ്യനോട് ഭൂമിയിലുള്ളവർക്കും ഇഷ്ടം തോന്നിപ്പോയേക്കാവുന്ന ചില സന്ദർഭങ്ങളുണ്ട്. അവരുടെ തോട്ടത്തിൽ അഭയം തേടിയ ഒരു മനുഷ്യന്റെ അടുത്തേക്ക് അൽപം മുന്തിരിയുമായി ക്രിസ്തുമത വിശ്വാസിയായ ഭൃത്യൻ അദ്ദാസിനെ അയച്ചു.
‘ബിസ്മില്ലാഹ്.’ എന്നുച്ചരിച്ചു കൊണ്ട് മുന്തിരിമണികൾ പെറുക്കി വായിലിടുന്ന പീഢിതനായ ഒരു മനുഷ്യനെ അലിവോടെ അയാൾ നോക്കിനിന്നുകാണണം.

‘ഈ നാട്ടുകാരാരും ഇങ്ങനെ ഒരു വചനം പറയാറില്ലല്ലോ’
പ്രവാചകന്റെ മറുചോദ്യം ‘അപ്പോൾ നീ ഏത് നാട്ടുകാരനാണ്?’
‘ഞാൻ നീനവ പ്രദേശത്തു കാരനാണ്.’
‘യൂനുസ് ഇബ്‌നു മത്തായി എന്ന നല്ല വ്യക്തിയുടെ നാട്ടുകാരനാണോ നീ?’
‘യൂനുസ് ഇബ്‌നു മത്തായിയെ കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം?’
‘അദ്ദേഹം എന്റെ സഹോദരനാണ്. അദ്ദേഹം ഒരു നബിയായിരുന്നു. ഞാനുമൊരു നബിയാണ്.’
ഇതുകേട്ട് അദ്ദാസ് മുഹമ്മദ് നബിയുടെ കൈയും തലയും കാലും ചുംബിക്കാൻ തുടങ്ങി. ഇത് കണ്ട് ഉത്ബത്തും ശൈബത്തും പരസ്പരം പറഞ്ഞു: ‘നമ്മുടെ ഭൃത്യൻ നശിച്ചു എന്നാണ് തോന്നുന്നത്.’
അദ്ദാസ് തിരിച്ചു വന്നപ്പോൾ അവർ പറഞ്ഞു:
‘അല്ലയോ അദ്ദാസ്, നിനക്ക് നാശം! എന്തിനാണ് നീ ആ വ്യക്തിയുടെ കൈയും തലയും ചുംബിച്ചത്?
അദ്ദാസ് പറഞ്ഞു: ‘ഭൂമിയിൽ അദ്ദേഹത്തോളം നല്ല മനുഷ്യൻ വേറെയില്ല. അദ്ദേഹം എന്നോട് പറഞ്ഞകാര്യങ്ങളിൽ വിശുദ്ധിയുടെ അടയാളങ്ങളുണ്ട്. നബിമാർക്കല്ലാതെ മറ്റാർക്കും അത് സാധിക്കില്ല.’
‘നിനക്ക് നാശം! നിന്റെ മതത്തിൽ നിന്നും അവൻ നിന്നെ തെറ്റിച്ചു കളയാതിരിക്കട്ടെ. നിന്റെ മതം അവന്റെ മതത്തെക്കാൾ നല്ല മതമാണ്.’
ചരിത്രം ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കും ഉത്ബമാരും ,ശൈബമാരും പുതിയ പുതിയ ഭാവങ്ങളിൽ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ അദ്ദാസുമാരും ഉണ്ടാവാതിരിക്കുന്നതെങ്ങിനെ?

സമാധാനത്തിന്റെ പൂർത്തീകരണം അല്ലാഹുവിന്റെ വാഗ്ദാനമാണ്.
“ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നാം നിന്നെ അയച്ചിട്ടില്ല” (അൽ അമ്പിയാഅ് 107)

Related Articles