Current Date

Search
Close this search box.
Search
Close this search box.

ഇരു ലോക വിജയത്തിന്റെ താക്കോൽ

പണ്ഡിതനും ചിന്തകനുമായ മുഹമ്മദ് ഖുത്വുബിൻ്റെ വിഖ്യാതമായ ഒരു വിലയിരുത്തൽ ഇങ്ങനെയാണ്:
“നിങ്ങൾക്ക് അല്ലാഹുവുമായി സംസാരിക്കണമെങ്കിൽ നിങ്ങൾ നമസ്കരിക്കുക. അല്ലാഹു നിങ്ങളോട് എന്താണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കറിയണമെങ്കിൽ നിങ്ങൾ ഖുർആൻ പഠിക്കുക!”

അല്ലാഹു പറയുന്നു:
“നിങ്ങൾക്ക് എന്നിൽ നിന്ന് മാർഗനിർദ്ദേശം ലഭിക്കുമ്പോൾ ആ മാർഗദർശനത്തെ ആര് പിന്തുടരുന്നുവോ അവർ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല” (അൽബഖറ: 38)

നമ്മെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന, നമുക്ക് ശാന്തിയും സുരക്ഷയും നൽകുന്ന, ഇരു ലോക വിജയം നൽകുന്ന വഴികാട്ടിയാകുന്നു വിശുദ്ധ ഖുർആൻ!

“അല്ലാഹുവേ! ഈ ലോകത്ത് സകല വിജയങ്ങളും പരലോകത്തും സകല വിജയങ്ങളും ഒപ്പം നരക മോചനവും നൽകേണമേ! ” എന്ന് അല്ലാഹുവോട് പ്രാർത്ഥിക്കാനും പ്രവർത്തിക്കാനുമാണ് ഖുർആൻ നമ്മോട് ആവശ്യപ്പെടുന്നത്.

“അല്ലയോ ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഉപദേശങ്ങൾ സമാഗതമായിക്കഴിഞ്ഞു. അത് മനോ ജീർണതകൾക്കുള്ള പരിഹാരമാണ്. അത് സ്വീകരിക്കുന്നവർക്ക് സൻമാർഗദർശകവും അനുഗ്രഹവുമാകുന്നു. പ്രവാചകരേ പറയുക! അല്ലാഹുവിൻ്റെ ഔദാര്യവും കരുണയും കൊണ്ടാണ് അവൻ ഇതയച്ചു തന്നത്. അതിനെച്ചൊല്ലി ജനം സന്തോഷിക്കേണ്ടതാകുന്നു. അത് ജനം ശേഖരിച്ചു കൊണ്ടിരിക്കുന്ന സകല വസ്തുക്കളേക്കാളും ഉത്കൃഷ്ടമാകുന്നു” ( യൂനുസ്: 57-58)

അതിന് പക്ഷെ ഹൃദയ സാന്നിധ്യത്തോടെ, ആത്മ പങ്കാളിത്തത്തോടെ വേണം ഖുർആൻ പഠിക്കാൻ. എങ്കിലേ നിത്യജീവിതത്തെ ഖുർആനുമായി ബന്ധിപ്പിക്കാൻ സാധിക്കൂ!

ഇനി വിശുദ്ധ ഖുർആനെ ജീവിത പരിസരത്തു നിന്നൊഴിവാക്കി അധാർമ്മികതയുടെ ചളിക്കുണ്ടിൽ കഴിഞ്ഞുകൂടാനാണ് നമ്മുടെ തീരുമാനമെങ്കിൽ അത് വമ്പിച്ച വിപത്തുകളുടെ വാതിൽ തുറക്കും എന്നും മനസ്സിലാക്കുക: “കണ്ണുകളുടെ കട്ടു നോട്ടവും ഹൃദയങ്ങൾ ഒളിപ്പിച്ചു വെച്ചതും അല്ലാഹു അറിയുന്നു ” ( ഗാഫിർ :19)

ഖുർആനിൻ്റെ വിധി വിലക്കുകൾ ക്കൊത്ത് ജീവിതം കരുപ്പിടിച്ചവർക്കായി മരണാനന്തര ജീവിതത്തിൽ കാത്തിരിക്കുന്നത് അതുല്യ പദവികളത്രെ!
“ഒരാൾക്കുമറിയില്ല, അവർക്കു വേണ്ടി രഹസ്യമായി സൂക്ഷിക്കപ്പെട്ട കൺകുളിർപ്പിക്കുന്ന സമ്മാനങ്ങൾ!” (അസ്സജദ: 17

Related Articles