Current Date

Search
Close this search box.
Search
Close this search box.

പ്രാർത്ഥന സ്വീകരിക്കപ്പെടാൻ വേണ്ടത്

“വണക്കത്തോടെയും സ്വകാര്യമായും നിങ്ങളുടെ നാഥനോട് പ്രാർത്ഥിക്കുവിൻ. എന്നാൽ അതിക്രമകാരികളെ അവൻ സ്നേഹിക്കുന്നില്ല. ഭൂമിയിൽ അതിൻ്റെ സംസ്കരണം കഴിഞ്ഞിരിക്കെ നാശമുണ്ടാക്കാതിരിക്കുവിൻ. ഭയത്തോടും പ്രതീക്ഷയോടും കൂടി അല്ലാഹുവിനോടു മാത്രം പ്രാർത്ഥിക്കുവിൻ. നന്മ ചെയ്യുന്നവരുടെ ചാരത്ത് അല്ലാഹുവിൻ്റെ അനുഗ്രഹമുണ്ട്, തീർച്ച” (ഖുർആൻ: 7:55-56)

അല്ലാഹുവിൻ്റെ മുന്നിൽ ഏറെ വിനയാന്വിതനായും ഒപ്പം നാഥനെ അങ്ങേയറ്റം ഭയന്നും എന്നാൽ അവനിൽ നിതാന്തമായ പ്രതീക്ഷ പുലർത്തിയും ശബ്ദം ഉച്ചത്തിലാവാതെ രഹസ്യസ്വഭാവത്തിലും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണം. ഭൂമിയുടെ സംസ്കരണം എന്നതുകൊണ്ടുദ്ദേശ്യം തൗഹീദത്രെ! ഏക ദൈവാദർശത്തിൻ്റെ ഋതത്തിനൊത്താണ് പ്രപഞ്ചം ചലിക്കുന്നത്. അതിനാൽ പ്രപഞ്ച താളത്തിൻ്റെ നൈസർഗികതയെ നശിപ്പിക്കുന്ന ശിർക്കിനെതിരെ അതീവ ജാഗ്രത പുലർത്തണം.അതിക്രമം അരുത്. ഒപ്പം ജീവിതം മുഴുവൻ നന്മ (ഇഹ്സാൻ ) ഉണ്ടായിരിക്കണം!

അല്ലാഹുവുമായി നിരന്തര ബന്ധമുള്ളവർ പ്രാർത്ഥിച്ചാൽ പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് ശൈഖ് യൂസുഫുൽ ഖറദാവി രേഖപ്പെടുത്തുന്നു. ടെലിഫോൺ ബന്ധം അറ്റുപോയ ഒരാൾ അടിയന്തര ഘട്ടങ്ങളിൽ പൊലീസിനെയോ അഗ്നിശമന സേനയെയോ വിളിച്ചിട്ട് കാര്യമില്ല. അതേയവസരം എപ്പഴും വിളിക്കാൻ പാകത്തിൽ ടെലിഫോൺ ബന്ധം ശരിയാക്കി വെച്ച ആളിന് ആ പ്രശ്നം ഇല്ല.

ഇസ് ലാമിക ദൃഷ്ടാ പ്രവർത്തനവുമായി സമന്വയിപ്പിക്കേണ്ടതാണ് പ്രാർത്ഥന. നിഷ്ക്രിയവും അലസവുമായ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുന്നതല്ല. ഇവ്വിഷയകമായി “തെരഞ്ഞെടുത്ത ഖുത്വുബകൾ ” എന്ന കൃതിയിൽ ഖറദാവി ദീർഘമായി പറയുന്നുണ്ട്. (വിവർത്തനം: അബ്ദുൽ അസീസ് പുതിയങ്ങാടി. ഐ. പി.എച്ച്)

അനുവദനീയമല്ലാത്തത് ( ഹറാം ) ഭക്ഷിക്കുന്നവരുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതല്ല. കുടുംബ ബന്ധം മുറിച്ചവരുടെ പ്രാർത്ഥനയും തള്ളപ്പെടും.

ഉപരി സൂചിത കാര്യങ്ങൾക്കു പുറമെ പണ്ഡിതന്മാർ മറ്റു ചില ഉപാധികൾ കൂടി പ്രാർത്ഥന സ്വീകാര്യമാവാൻ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ ധാരാളമായി വാഴ്ത്തിയും നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലിയും വേണം പ്രാർത്ഥന ആരംഭിക്കാനും അവസാനിപ്പിക്കാനും. രാവിൻ്റെ അവസാന യാമം, നോമ്പുകാരനായിരിക്കുമ്പോൾ, ഹജ്ജ് വേള, വെള്ളിയാഴ്ച, മർദ്ദിതനായിരിക്കേ തുടങ്ങി ഉത്തരം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട സമയങ്ങൾ തെരഞ്ഞെടുക്കുക. പ്രാർത്ഥനകളിൽ എല്ലാ സത്യവിശ്വാസികളെയും പ്രതിനിധികളാക്കുക, ഖിബ് ലക്കു നേരെ തിരിയുക, കൈകൾ ഉയർത്തുക തുടങ്ങിയവ ഉദാഹരണങ്ങൾ.

Related Articles