Current Date

Search
Close this search box.
Search
Close this search box.

നിയമം എളുപ്പമാക്കാനാണ്, പ്രയാസപ്പെടുത്താനല്ല

മത പണ്ഡിതന്മാരും പുരോഹിതന്മാരും സാധാരണ മനുഷ്യരെ പ്രയാസപ്പെടുത്തുന്ന വിധി പ്രസ്താവങ്ങളാണ് പലപ്പോഴും നടത്താറുള്ളത്. അവരുടെ പ്രയാസം ദൂരീകരിക്കാനല്ല;, മറിച്ച് വർധിപ്പിക്കാനും സങ്കീർണമാക്കാനുമാണ് പല മതവിധികളും കാരണമാവാറുള്ളത്. എന്നാൽ സൂക്ഷ്മ ശാലികളായ മതപണ്ഡിതന്മാർ പരമാവധി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് ശ്രമിക്കുക. അഥവാ പ്രയാസത്തിൻറെ പാതയല്ല എളുപ്പത്തിൻറെ വഴിയാണ് തെരഞ്ഞെടുക്കുക. ഇക്കര്യത്തിൽ ഇമാം അബൂഹനീഫയുടെ മാതൃക ഏറെ ശ്രദ്ധേയമാണ്.

“ഒരാൾ തൻറെ ഭാര്യയുമായി വഴക്ക് കൂടി. കലഹം ശക്തിപ്പെട്ടപ്പോൾ ഭർത്താവ് ഭാര്യയോട് അല്ലാഹുവെ സാക്ഷിയാക്കി പറഞ്ഞു:”നേരം പുലരുന്നതിനു മുമ്പ് നീ എന്നോട് സംസാരിച്ചില്ലെങ്കിൽ നിന്നെ വിവാഹമോചനം ചെയ്തതായി കണക്കാക്കും.”
ഭാര്യയും കോപാകുലയായിരുന്നതിനാൽ അവരും തറപ്പിച്ചു പറഞ്ഞു:”നേരം പുലരുന്നതിനു മുമ്പ് ഞാൻ നിങ്ങളോട് സംസാരിക്കുകയില്ല”

പിന്നീട് പ്രഭാതം വരെ ഇരുവരും ഒന്നും സംസാരിച്ചില്ല. പ്രഭാതമായപ്പോൾ ഭർത്താവ് പള്ളിയിലേക്ക് നമസ്കരിക്കാൻ പോയി. നമസ്കാരം പൂർത്തീകരിച്ച ഉടനെ അദ്ദേഹം അക്കാലത്തെ പ്രമുഖ നിയമ പണ്ഡിതനായിരുന്ന ഇബ്നു സീരീൻറെ അടുത്തുചെന്നു. നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചു. അപ്പോൾ ഇബ്നു സീരീൻ പറഞ്ഞു:”വിവാഹമോചനം സംഭവിച്ചിരിക്കുന്നു. കുറ്റക്കാരൻ ഭർത്താവാണ്. പ്രഭാതത്തിനു മുമ്പ് സംസാരിച്ചില്ലെങ്കിൽ എന്ന ഉപാധി വെച്ചത് ഭർത്താവ് ആണല്ലോ. ഉപാധി ഭാര്യ പാലിക്കാത്തതിനാൽ വിവാഹമോചനം നടന്നു കഴിഞ്ഞിരിക്കുന്നു.”
ഇബ്നു സീരീൻറെ മറുപടി കേട്ട് ഭർത്താവ് വല്ലാതെ നിരാശനായി. അദ്ദേഹം അബൂഹനീഫയുടെ അടുത്തുചെന്ന് സംഭവങ്ങളെല്ലാം വിശദീകരിച്ചു. അപ്പോൾ അബൂഹനീഫ പറഞ്ഞു:”അത് സാരമില്ല.നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയുടെ അടുത്തേക്ക് പോകാം. കാരണം, വിവാഹമോചനം സംഭവിച്ചിട്ടില്ല.”

Also read: ഉമ്മത്താണ് അടിസ്ഥാനം

ഭർത്താവ് ആശയക്കുഴപ്പത്തിലായി. അദ്ദേഹം ഇബ്നു സീരീനെ സമീപിച്ച് ഇമാം അബൂ ഹനീഫ പറഞ്ഞ വിധി ഉദ്ധരിച്ചു. ഇത് കേട്ട് വിസ്മയ ഭരിതനായ ഇബ്നു സീരീൻ അദ്ദേഹത്തെയും കൂട്ടി അബൂഹനീഫയുടെ അടുത്തുചെന്നു. അദ്ദേഹം പറഞ്ഞു:”നിയമപ്രകാരം വിവാഹമോചനം സംഭവിച്ചിരിക്കുന്നു. ഇനിയും ഭർത്താവായി ഇയാൾ ഭാര്യയെ സമീപിച്ചാൽ അയാളുടെ പേരിൽ വ്യഭിചാരത്തിന് കേസെടുക്കും. അതിൻറെ ഉത്തരവാദിത്തം താങ്കൾക്കായിരിക്കും. ഈ മനുഷ്യനെ തെറ്റായ രീതിയിൽ നയിച്ചതിന്.”

അബൂ ഹനീഫ ഭർത്താവിനോട് ഒന്നുകൂടി സംഭവം ആവർത്തിക്കാൻ പറഞ്ഞു. അതു കേട്ട ശേഷം അദ്ദേഹം പറഞ്ഞു:”ഞാൻ പറഞ്ഞതാണ് ശരി. യഥാർത്ഥത്തിൽ വിവാഹമോചനം സംഭവിച്ചിട്ടില്ല. കാരണം “പ്രഭാതത്തിനു മുമ്പ് എന്നോട് സംസാരിച്ചില്ലെങ്കിൽ”എന്നാണല്ലോ ഭർത്താവ് പറഞ്ഞത്. ഏതുതരം സംസാരമെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഏത് സംസാരവും അതിൽ പെടും. ഭർത്താവ് അത് പറഞ്ഞ ശേഷമാണല്ലോ ഭാര്യ “എന്നാൽ ഞാനും സംസാരിക്കില്ല” എന്ന് പറഞ്ഞത്. അതും സംസാരമാണല്ലോ. അതിനാൽ പ്രഭാതത്തിനു മുമ്പ് ഭാര്യ സംസാരിച്ചില്ലെങ്കിൽ എന്ന ഉപാധി തുടക്കത്തിൽ തന്നെ ലംഘിക്കപ്പെട്ടു. അതുകൊണ്ടുതന്നെ വിവാഹമോചനം സംഭവിക്കുന്ന പ്രശ്നമേയില്ല.”

Also read: വഴിയറിയാതെ യാത്ര തിരിക്കുന്ന 80 മില്യൺ

ഇബ്നു സീരീന് മനസ്സിലാക്കാൻ കഴിയാത്ത സൂക്ഷ്മ തലം കണ്ടെത്താൻ അബുഹനീഫക്ക് കഴിഞ്ഞുവെന്നതാണ് ഇവിടെ സംഭവിച്ചത്. എന്നാൽ ഇന്ന് പലരും പഴുതുകൾ പരതാറുള്ളത് പ്രയാസം ഉണ്ടാക്കാനാണ്. എളുപ്പമാക്കാനല്ല.

Related Articles