Current Date

Search
Close this search box.
Search
Close this search box.

ക്ഷാമകാലത്തെ ക്ഷേമപൂർണമാക്കാൻ!

മനുഷ്യൻ അങ്ങനെയാണ്! സമൃദ്ധിയിൽ സുഭിക്ഷമായി കഴിയും. വറുതിയിൽ വാവിട്ടു കരയും. നാളേക്കു വേണ്ടിയുള്ള നീക്കിവെപ്പിലല്ല, ഇന്നത്തെ ആസ്വാദനത്തിലാണ് പലർക്കും താൽപര്യക്കൂടുൽ. ഉള്ളതിൽ നിന്ന് മിച്ചംവെച്ച്, മിതവ്യയം ശീലിച്ച്, മാന്ദ്യത്തെ മറികടക്കാനല്ല മനുഷ്യർ പൊതുവിൽ ശ്രമിക്കാറുള്ളത്. ഇല്ലാത്തത് പെരുപ്പിച്ച് കാണിച്ച്, കടത്തിനുമേൽ പൊങ്ങച്ചം വെച്ച്, കഷ്ടതകൾ ക്ഷണിച്ചു വരുത്തുന്നതാണ് പലരുടേയും രീതി. ‘സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ, ആപത്തു കാലത്ത് കാ പത്തു നിന്നാം’! പഴമക്കാർ പഠിപ്പിച്ച പെരുമ, പലപ്പോഴും പാഴ്‌വാക്കായി തള്ളപ്പെടുന്നു.

പക്ഷേ, മനുഷ്യരെക്കുറിച്ച് ഏറെ കരുതലുള്ള വിമോചകനായ ഒരു പ്രവാചകൻ. അദ്ദേഹത്തിന് പാഴ്‌വാക്കുകൾ പറയാൻ പറ്റില്ല, ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാൻ സാധ്യമല്ല, പൗരൻമാർ തെരുവിൽ ചതഞ്ഞുതീരട്ടെ എന്ന് കണ്ണടക്കാനും കഴിയില്ല. കാരണം, ജനക്ഷേമ സമ്പൂർണ്ണമായൊരു ലോകത്തെക്കുറിച്ച മനോഹരമായ സ്വപ്നങ്ങളുടെ സാക്ഷാൽക്കരണത്തിനാണല്ലോ പ്രവാചകൻമാർ നിയോഗിതരാകുന്നത്. അതുകൊണ്ടാണ്, ആ സ്വപ്നം യൂസുഫ് പ്രവാചകൻ ഇങ്ങനെ വ്യാഖ്യാനിച്ചത്.

“അദ്ദേഹം പറഞ്ഞു: ‘ഏഴാണ്ടുകള്‍ നിങ്ങള്‍ തുടര്‍ച്ചയായി കൃഷിയിറക്കിക്കൊണ്ടിരിക്കും. ഇക്കാലത്ത് കൊയ്‌തെടുക്കുന്നതിന്റെ ചെറിയൊരു വിഹിതം മാത്രം ആഹാരത്തിനായി എടുത്ത് ശിഷ്ടമുള്ളത് കതിരുകളില്‍ത്തന്നെ സൂക്ഷിച്ചുവെക്കുവിന്‍. അനന്തരം കടുത്ത ക്ഷാമമുള്ള ഏഴാണ്ടുകള്‍ വരുന്നതാകുന്നു. ഇക്കാലത്ത്, അന്നേക്കുവേണ്ടി ശേഖരിച്ചുവെച്ചിരുന്നതെല്ലാം തിന്നുതീരും; നിങ്ങള്‍ പ്രത്യേകം സൂക്ഷിച്ചുവെച്ചതൊഴികെ. അനന്തരം ഒരു വത്സരം വരും. അന്ന് ജനങ്ങള്‍ക്ക് അനുഗ്രഹവും സുഭിക്ഷതയും ലഭിക്കും. അക്കാലത്ത് അവര്‍ ഫലങ്ങളില്‍നിന്ന് എണ്ണയും മറ്റും പിഴിഞ്ഞെടുക്കുകയും ചെയ്യും.” സത്യവേദം പന്ത്രണ്ടാം അധ്യായം, നാൽപ്പത്തിയെട്ട്, നാൽപ്പത്തിയൊമ്പത് വചനങ്ങൾ. ഈജിപ്തിലെ രാജാവ് കണ്ട വിചിത്രമായ ഒരു സ്വപ്നം. കൊട്ടാരം പണ്ഡിതൻമാർ അത് ദിവാസ്വപ്നമെന്നു പറഞ്ഞ് തള്ളി! ഗൗരവപ്പെട്ട പലതും പുഛിച്ചു തള്ളുന്ന പുരോഹിതൻമാരെപ്പോലെ, ന്യായാധിപന്മാരെപ്പോലെ! പക്ഷേ, യൂസുഫ് പ്രവാചകൻ ദീർഘദർശിയായിരുന്നു, യാഥാർത്ഥ്യബോധമുള്ളവനും. അദ്ദേഹം രാജാവിൻ്റെ സ്വപ്നത്തിൽ ഒരു ആപത്ത് മണത്തു, സാധ്യത കാണുകയും ചെയ്തു. നായകരോ, പ്രസ്ഥാനങ്ങളോ ആകട്ടെ, വിമോചകർ അങ്ങനെയാണ്! വരാനിരിക്കുന്ന ചില ആപത്തുകൾ അവർ മുൻകൂട്ടി കാണും, നേരത്തേ പറയും. സ്വന്തം കഴിവുകൊണ്ടല്ല, വെളിപാടിൻ്റെ വെളിച്ചം കൊണ്ട്.

Also read: ഉണർന്നിരിക്കേണ്ട രാവുകൾ

ക്ഷാമകാലത്തെ ക്ഷേമസമൃദ്ധമാക്കാനുള്ള ഒരു ദൈവദൂതൻ്റെ ദൃഢനിശ്ചയമാണ്  ഈ സ്വപ്നവ്യാഖ്യാനത്തിൽ കാണുന്നത്. സ്വപ്നവ്യാഖ്യാനത്തിൻ്റെ ഭാവനാപൂർണമായ ചർച്ചകളിലേക്ക് കാടുകയറാനല്ല, ക്ഷാമകാലത്തെ മറികടക്കാനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കാനാണ് അദ്ദേഹം ജാഗ്രത പുലർത്തിയത്. വരാനിരിക്കുന്നത് വറുതിയുടെ വർഷങ്ങൾ. വിളനാശം, ദാരിദ്ര്യം, ധാന്യക്കമ്മി തുടങ്ങിയവ ജീവിതം ദുസ്സഹമാക്കും. എന്താണ് പരിഹാരം? കരുതൽ ശേഖരം വർധിപ്പിച്ച്, ഭദ്രമാക്കുക. മിതവ്യയം ശീലിക്കുക. ഇതാണ് പോംവഴി. സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴാനൊരുങ്ങുമ്പോൾ, വിത്തെടുത്ത് കുത്തുന്നവരും, പ്രതിമ പണിതും മറ്റും പൊതുസമ്പത്ത് ധൂർത്തടിക്കുന്നവരും ഈ ചരിത്രമൊന്ന് ഇരുത്തി വായിക്കണം. ക്ഷാമം വന്നാലെന്ത്! തൻ്റെ രാജ്യത്ത് ഒരാളും പട്ടിണി കിടക്കരുത്, കഷ്ടത പേറരുത്. അതിനുവേണ്ട മുന്നൊരുക്കത്തിന് ആവോളം സമയമുണ്ട്. അത് പ്രയോജനപ്പെടുത്താൻ ജനക്ഷേമതൽപരതയും ദീർഘവീക്ഷണവും ഒത്തിണങ്ങിയ ഭരണാധികാരി മതി! ‘അധികാരം എൻ്റെ കൈയ്യിലേക്ക് തരൂ, പരിഹാരം ഞാനുണ്ടാക്കാം’ ! അദ്ദേഹം പ്രഖ്യാപിച്ചു. അതും സത്യവേദം രേഖപ്പെടുത്തിയിട്ടുണ്ട്. എവിടന്ന് കിട്ടി ഈ ആത്മധൈര്യം! അത്, ആകാശം നൽകിയ ആദർശത്തിൻ്റെ കരുത്താണ്, വിമോചനപരതയാണ്, ജനക്ഷേമ താൽപരതയാണ്. യൂസുഫ് പ്രവാചകൻ്റെ പദ്ധതി വിജയിച്ചു. ഈജിപ്ത് മാത്രമല്ല, അയൽനാടുകളും ക്ഷാമത്തെ മനോഹരമായി മറികടന്നുവെന്ന് ചരിത്രം!  തന്റെ രാജ്യത്തെ ജനതക്ക് ഈ കരുതൽ നൽകുന്നവനാണ് നല്ല ഭരണാധികാരി.

ഒരു ഗൂഡാലോചനയുടെ ഇരയായി, ജയിലിലടക്കപ്പെട്ട നിരപരാധിയായിരുന്നു യൂസുഫ് പ്രവാചകൻ എന്നുകൂടി അറിയണം. ഈജിപ്തിലെ ജയിലിൽ നിന്നാണ്, ആ വിമോചകൻ രാജ്യത്തിൻ്റെ രക്ഷകനും ജനങ്ങളുടെ അഭയകേന്ദ്രവുമായി അധികാരാരോഹണം നടത്തിയത്. ഇത് മഹത്തായ ചരിത്രം! പിൽക്കാലത്ത് നാം കാണുന്നതോ? രാജ്യരക്ഷയുടെ പാരമ്പര്യമുള്ളവർ ജയിലിലും രാജ്യദ്രോഹത്തിൻ്റെ ചങ്ങലയിലെ കണ്ണികൾ അധികാരത്തിലും! വർത്തമാനത്തിൻ്റെ കാട്ടുനീതിക്കുമേൽ, കാലത്തിൻ്റെ കാവ്യനീതി പുലരുന്നത് കാണാൻ എൻ്റെ കാത്തിരിപ്പ്!

Related Articles