Current Date

Search
Close this search box.
Search
Close this search box.

പി.കെ ബാലകൃഷ്ണൻ ടിപ്പു സുൽത്താനെ വായിക്കുന്നു

ഡി.സി.ബുക്സ് പുറത്തിറക്കിയ പി.കെ ബാലകൃഷ്ണന്റെ “ടിപ്പു സുൽത്താൻ” എന്ന കൃതി ചരിത്രത്തിലെ മുസ് ലിം വേരുകൾ പിഴുതുമാറ്റാൻ ശ്രമിക്കുയും ടിപ്പു സുൽത്താനെ രാക്ഷസവത്കരിക്കുകയും ചെയ്യുന്ന ഫാഷിസത്തിനെതിരെ ആധികാരിക ചരിത്ര രേഖകൾ കൊണ്ട് പകരം ചോദിക്കുന്ന വിപ്ലവ രചനയാണ്!

“അസാധാരണമായൊരു ട്രാജഡിയാണ് ടിപ്പുവിന്റെ ജീവിതം!” എന്നു പറഞ്ഞു കൊണ്ടാണ് ബാലകൃഷ്ണൻ രണ്ടു ഭാഗങ്ങളുള്ള ഗ്രന്ഥം ആരംഭിക്കുന്നത്.

തുടർന്ന് സുൽത്താന്റെ ധീരത, സ്വഭാവ ഗുണങ്ങൾ, രാജ്യതന്ത്രജ്ഞത, ഭരണമികവ്, കർഷകർക്കും തൊഴിലാളികൾക്കും നൽകിയ പരിഗണനകളും ക്ഷേമ പദ്ധതികളും, ക്ഷേത്രങ്ങൾക്കും ആചാര്യൻമാർക്കും സുൽത്താൻ നൽകിയ ആദരവുകൾ, ടിപ്പു സ്ഥാപിച്ച ഫാക്ടറികൾ, മേത്തരം ഉൽപന്നങ്ങൾ നിർമിക്കാൻ വിദേശങ്ങളിൽ നിന്നു വരെ വിദഗ്ദരെ ക്ഷണിച്ചു വരുത്തിയത്, മികച്ച ആയുധങ്ങളും മനോഹരമായ നാണയങ്ങളും മുതൽ ലാൽബാഗ് പോലുള്ള ഉദ്യാനങ്ങളും കാവേരി അണക്കെട്ടും വരെ പടുത്തുയർത്തിയത്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ നാല് മൈസൂർ യുദ്ധങ്ങൾ… എന്നിങ്ങനെ സംഭവ ബഹുലമായ ടിപ്പുവിന്റെയും പിതാവ് ഹൈദരലിഖാന്റെയും ജീവിതരേഖ വരച്ചു വെക്കുന്നു ആദ്യ ഭാഗത്ത്.

ബാലകൃഷ്ണൻ എഴുതുന്നു:
“ലോകത്തിലേക്ക് വെച്ച് ഏറ്റവും പ്രത്യക്ഷമായ ഒരു രാജസർവ്വാധിപത്യമാണ് മൈസൂർ ഭരണം. സിവിലും സൈനികവുമായ ഡിപ്പാർട്ടുമെന്റുകൾക്കെല്ലാം ഹൈദരാലിയുടെ മഹാപ്രതിഭയാൽ സംജാതമാക്കപ്പെട്ട കൃത്യതയും ക്രമവുമുണ്ട്. നീതിയും ന്യായവും നിഷ്പക്ഷമായി നടത്തപ്പെടുന്നു. താഴ്ന്ന നിലകളിൽ നിന്നുയർത്തപ്പെട്ട പുതിയ മനുഷ്യരുടെ കീഴിലാണ് പ്രാധാന്യമുളള വകുപ്പുകളുടെ പ്രവർത്തനം. അതു മൂലം ഭരണത്തിലുണ്ടായിത്തീർന്നിട്ടുള്ള ഊർജസ്വലതയ്ക്ക് ഇന്ത്യാ ചരിത്രത്തിൽ മറ്റൊരു സാദൃശ്യമില്ല ”
1790 ജനുവരിയിൽ സർ ഹെക്ടർ മൺറോ ഇംഗ്ലണ്ടിലേക്ക് തന്റെ അച്ഛനെഴുതിയ കത്തിന്റെ വരികളാണിത് “(പേജ്: 126)

“ടിപ്പു സുൽത്താന്റെ രാജ്യത്തിലെ കൃഷിക്കാർ സുരക്ഷിതരാണ്. അവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. അവർക്ക് പ്രതിഫലവും കിട്ടുന്നു” എന്നാണ് വെല്ലസ്ലിക്കു പിറകെ ഇന്ത്യാ ഗവർണർ ജനറൽ ആയിരുന്ന സർ ജോൺ ഷോർ എഴുതുന്നത്. വേണ്ട സ്ഥലങ്ങളിലെല്ലാം പുതിയ കുളങ്ങളും ചാലുകളും വെട്ടുന്നതിൽ മുൻഗണനയുണ്ടായിരുന്നു. 70 അടി ഉയരത്തിലുളള എമ്പാങ്കുമെന്റോടു കൂടിയ കാവേരി അണക്കെട്ട്, ദറോജ് അണക്കെട്ട് എന്നിവ മാത്രം ഇക്കാര്യത്തിൽ ടിപ്പുവിനുണ്ടായ ശുഷ്കാന്തിയുടെ മാതൃകയായി ചൂണ്ടിക്കാട്ടാം ” (പുറം: 132)

“ടിപ്പു സുൽത്താന്റേത് അന്ന് ഇന്ത്യയിലുണ്ടായിരുന്നതിൽ ഏറ്റവും ശക്തവും ആധുനികവുമായ സൈന്യമാണ്. യൂറോപ്പിലെയും അമേരിക്കയിലെയും പടക്കളങ്ങൾ പലതും കണ്ടിരുന്ന കോൺവാലിസിന്റെയും സാക്ഷാൽ ഡ്യൂക്ക് ഓഫ് വെല്ലിങ്ടണിന്റെയും അഭിപ്രായത്തിൽ, മൈസൂറിന്റെ കുതിരപ്പട്ടാളം അന്ന് ലോകത്തിലേക്കു വച്ചു തന്നെ മികച്ചതായിരുന്നു ” (പേജ്: 162 )

കൃതിയുടെ രണ്ടാം ഭാഗം ടിപ്പു സുൽത്താന്റെ മലബാർ, കൊച്ചി, തിരുവിതാംകൂർ ബന്ധങ്ങൾ ചർച്ച ചെയ്യുന്നു.
24 വർഷങ്ങളാണ് സുൽത്താൻ മലബാർ ഭരിച്ചത്! ഈ കാലയളവിൽ മലബാറിലുണ്ടായ സുപ്രധാന മാറ്റങ്ങൾ ഈ ഭാഗത്ത് വായിക്കാം. ഒപ്പം ചില കേരളീയ ചരിത്രകാരൻമാർ എന്തുകൊണ്ട് ടിപ്പു സുൽത്താന്റെ മേൽ കറുത്ത പെയിന്റടിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരവും രണ്ടാം ഭാഗത്തുണ്ട്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles