Current Date

Search
Close this search box.
Search
Close this search box.

മാലാഖമാർ സൗഹൃദം കൊതിക്കുന്നവർ

അൻസാറുകളിൽ പെട്ട പ്രമുഖ സ്വഹാബിയാണ് മുആദ് ബ്നു ജബലൽ. അബൂ അബ്ദുറഹ്മാൻ എന്നപേരിലും അറിയപ്പെടുന്നു. കർമശാസ്ത്ര വിശാരദരുടെ നേതാവും പ്രമുഖ പണ്ഡിതനുമായിരുന്നു. പക്വതയും വിനയവും ഉദാരതയും കൊണ്ട് ഏറെ ശ്രദ്ധേയനും. അതോടൊപ്പം വളരെ സുന്ദരനും സൗമ്യനുമായിരുന്നു.

ഇസ്‌ലാമിക ചരിത്രത്തിലെ അഖബാ ഉടമ്പടി, ബദ്ർ യുദ്ധം തുടങ്ങി ഒട്ടേറെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. പതിനെട്ടാം വയസ്സിലാണ് ഇസ്‌ലാം സ്വീകരിച്ചത്. അഖബ ഉടമ്പടിയിൽ പങ്കെടുത്ത എഴുപത് പേരിൽ അദ്ദേഹവുമുണ്ടായിരുന്നു. ബദ്‌റിൽ പ്രവാചകൻ അദ്ദേഹത്തെ തന്റെ വാഹനത്തിന്റെ പിന്നിലിരുത്തിയാണ് യുദ്ധംചെയ്തത്.

യമനിലെ ജനങ്ങൾക്ക് ഖുർആനും ഇസ്‌ലാമിക നിയമവശങ്ങളും പഠിപ്പിക്കുവാനും ന്യായപൂർവ്വം അവർക്കിടയിൽ വിധികൽപ്പിക്കാനുമായി പ്രവാചകൻ നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. തബൂക്ക് യുദ്ധാനന്തരമാണ് മുആദിനെ അവിടേക്ക് നിയോഗിച്ചത്. പ്രഗൽഭ ദാർശനികനും പ്രതിഭാധനനായ പ്രഭാഷകനുമായിരുന്നു അദ്ദേഹം.

അറിവിൻറെ അമൂല്യത വിവരിക്കുന്ന മുആദ്ബ്നു ജബലിൻറെ ഏതാനും മൊഴിമുത്തുകളിതാ:
“നിങ്ങൾ അറിവ് നേടുക. തീർച്ചയായും അത് അല്ലാഹുവോടുള്ള ഭക്തിയാണ്. അറിവ് തേടൽ ആരാധനയാണ്. അതിനെ സംബന്ധിച്ച സംസാരം പോലും ദൈവ കീർത്തനമാണ്. വൈജ്ഞാനിക ഗവേഷണം ജിഹാദാണ്. അറിയാത്തവരെ പഠിപ്പിക്കൽ ദാനമാണ്. അറിവ് തേടുന്നവർക്ക് അതിന് അവസരമൊരുക്കാനുള്ള ശ്രമങ്ങളൊക്കെയും അല്ലാഹുവിനുള്ള സമർപ്പണമാണ്. കാരണം അറിവാണ് വിധിവിലക്കുകളുടെ ചൂണ്ടു പലക. സ്വർഗാവകാശികൾക്ക് വഴി കാണിച്ചു കൊടുക്കുന്നതും അതുതന്നെ. അറിവ് ഏകാന്തതയിലെ കൂട്ടുകാരനാണ്. അപരിചിത മേഖലകളിൽ സഹചാരിയാണ്. ഏകാന്തതയിൽ അത് നമ്മോട് വർത്തമാനം പറയുന്നു. സന്തോഷ സന്താപ വേളകളിൽ വഴി കാണിച്ചു തരുന്നു. അത് ശത്രുക്കൾക്കെതിരെയുള്ള ആയുധമാണ്. കൂട്ടുകാർക്കിടയിൽ അലങ്കാരവും. വിജ്ഞാനം വഴി അല്ലാഹു ചില സമൂഹങ്ങളെ ഉന്നതങ്ങളിലെത്തിക്കുന്നു. അങ്ങനെ അവരെ നന്മയുടെ കാര്യത്തിൽ നേതാക്കളും നായകന്മാരുമാക്കുന്നു. അവരുടെ ചരിത്രം ധാരാളമായി അനുസ്മരിക്കപ്പെടുന്നു. കർമ്മങ്ങൾ അനുകരിക്കപ്പെടുന്നു. അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കപ്പെടുന്നു. മലക്കുകൾ അവരോട് സൗഹൃദം കൊതിക്കുന്നു.

മലക്കുകൾ തങ്ങളുടെ ചിറകുകൾ കൊണ്ട് അവരെ തടവുന്നു. പച്ചയും ഉണങ്ങിയതുമായ എല്ലാവസ്തുക്കളും സമുദ്രത്തിലെ മത്സ്യങ്ങളും കരയിലെ കന്നുകാലികളും വന്യമൃഗങ്ങളും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. കാരണം അറിവ് അജ്ഞതയാൽ അചേതനമായ മനസ്സുകൾക്ക് ജീവനേകുന്നു. ഇരുളിൽ കണ്ണുകൾക്ക് വിളക്കായി വർത്തിക്കുന്നു. അറിവിലൂടെ മനുഷ്യൻ ഉൽകൃഷ്ടരുടെ പദവിയിലെത്തുന്നു. ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനമാർജിക്കുന്നു. അറിവിനെക്കുറിച്ച ആലോചന വ്രതത്തിന് തുല്യമാണ്. അത് അന്യോന്യം അഭ്യസിപ്പിക്കൽ നിന്ന് നമസ്കരിക്കുന്നതിന് സമവും. അറിവിലൂടെ കുടുംബബന്ധം ചേർക്കപ്പെടുന്നു. വിധിവിലക്കുകൾ തിരിച്ചറിയപ്പെടുന്നു. അറിവാണ് നായകൻ. കർമ്മങ്ങൾ അതിനെ പിന്തുടരുന്നവരാണ്. അത് നേടുന്നവർ സൗഭാഗ്യവാന്മാരാണ്. നിഷേധിക്കപ്പെടുന്നവർ നിർഭാഗ്യവാന്മാരും.”

Related Articles