Vazhivilakk

ഇതാണ് സംവാദത്തിനു പറ്റിയ സന്ദര്‍ഭം

ഇരകളും വേട്ടക്കാരും ഉണ്ടായിത്തീരുന്നത് ലോക ചരിത്രത്തില്‍ ഇതാദ്യമായല്ലയെന്ന പാഠം ഏറെ പ്രധാനമാണ്. ഏതെങ്കിലും ഒരു സമൂഹത്തിന്റെ മനസ്സിന് അന്ധത ബാധിച് അവരുടെ മനുഷ്യത്വം മരവിച്ചു പോവുന്നതോടെ അവര്‍ വേട്ടക്കാരായി പരിവര്‍ത്തിതരാവുന്നു. മനുഷ്യത്വത്തെ വേട്ടയാടുന്നത് അവര്‍ വിനോദമാക്കുന്നു. അവരുടെ ഉപബോധ മനസ്സില്‍ അടിഞ്ഞു കൂടിയ വെറുപ്പെന്ന പ്രതിബിംബം മാഞ്ഞു പോവാത്ത കാലത്തോളം വേട്ട വിനോദത്തില്‍ അഭിരമിക്കുന്നത് അവര്‍ തുടര്‍ന്നകൊണ്ടിരിക്കും. ഒരിക്കല്‍ നര വേട്ടക്കാരായി പരിണമിച്ച ഒരു സമൂഹത്തെ സാധാരണ ജീവിതത്തിലേക്ക് നയിക്കുകയെന്നത് ഏറെക്കുറെ അസാധ്യവുമാണ്

കണക്കറ്റ ജനങ്ങളെ യമപുരിയിലേക്ക് അയച്ചാലും ഇരകള്‍ വേരറ്റു പോവുകയില്ലെന്ന ചരിത്ര യാഥാര്‍ഥ്യം മറന്നു പോവുന്നതാണ് വേട്ടക്കാരുടെ ഭാഗത്തുള്ള ഏറ്റവും വലിയ വീഴ്ച. ഭീകരമായ വംശ നശീകരണത്തിന് വിധേയമായി ലോകത്തു നിന്നും പാടെ മാഞ്ഞു പോയതിന്റെ ചരിത്രം ഒരു ജനതയുടെ പേരിലും ഇന്നുവരെ രേഖപ്പെടുത്തപെട്ടിട്ടില്ല. ജൂതന്മാര്‍ ഇന്നും ലോകത്ത് സജീവമാണ്. കറുത്ത മനുഷ്യര്‍ വാഴുന്ന രാജ്യങ്ങക്ക് ഇന്നും ഒരു കുറവുമില്ല. ഒരു കാലത്തു ഈ സമുദായങ്ങളെ വേട്ടയാടിയവര്‍ക്ക് മിച്ചം വന്നത് ചീത്തപ്പേര്‍ മാത്രം.

തങ്ങളെ തുറിച്ചു നോക്കുന്ന വര്‍ത്തമാന കാലത്തെ അവഗണിക്കുക ഇരകള്‍ക്കു സാധ്യമല്ല. തങ്ങള്‍ക്ക് കൂട്ടമരണം ഒരുക്കാന്‍ തയ്യാറായി നില്‍ക്കുന്ന വേട്ടക്കാരെ നേരിടുന്ന വിധം ഗൃഹപാഠം ചെയ്യാതെ അവര്‍ക്കിനി നിവൃത്തിയില്ല. അവധാനതയുള്ള, രാഷ്ട്രീയവും മതവും കച്ചവടമായി കാണാത്ത, ജീവിതം ജന സേവനത്തിനായി സമര്‍പ്പിക്കുന്ന ഒരു കൂട്ടമായി അവര്‍ പരിവര്‍ത്തിതമാവുന്നതിനുള്ള സമയം വൈകികഴിഞ്ഞു. ഇരകളില്‍ ബലിദാനികള്‍ ഉണ്ടായി വരണം. ജീവിതത്തെ സമൂഹത്തിനായി അര്‍പ്പിക്കുന്ന ത്യാഗികളുടെ കുത്തൊഴുക്ക് സംഭവിക്കേണ്ട സമയമാണിത്. ത്യാഗികള്‍ ഉണ്ടാവുന്നതിലേറെ പ്രധാനമാണ് അവര്‍ അര്‍പ്പിക്കുന്ന സേവനത്തിന്റെയും ത്യാഗ പരിശ്രമങ്ങളുടെയും രീതി ശാസ്ത്രം. ഒച്ച വെക്കുന്നവരോ തെറിവിളി വിദഗ്ധരോ സായുധ സേനാ സംഘാടനത്തില്‍ മികവുള്ളവരോ ഒന്നുമല്ല നേതാക്കളോ പ്രവര്‍ത്തകരോ ആയി ഇരകള്‍ക്ക് ഇന്നാവശ്യമുള്ളത്. പ്രവാചകന്മാരുടെ വിശ്വാസ ദാര്‍ഢ്യവും ക്ഷമയും സംഭാഷണ ശൈലിയുമുള്ള മുന്നളിപ്പോരാളികളാണവര്‍ക്കാവശ്യം. ‘പ്രവാചകാ, ക്ഷമിക്കുക. നിശ്ചയദാര്‍ഢ്യത്തില്‍ നായകരായിരുന്ന പ്രവാചകന്മാര്‍ ചെയ്തത് പോലെ ക്ഷമിക്കുക’ (ഖുര്‍ആന്‍ അധ്യായം 46:35) എന്ന ഖുര്‍ആനിന്റെ കല്‍പന ശിരസ്സാ വഹിക്കാന്‍ മാത്രം ഔന്നത്യമുള്ളവര്‍ മുന്‍നിരക്കാരും പിന്‍നിരക്കാരുമായി സംഘടിതരായി മുന്നോട്ടു വരണം.

ഇരകളുടെ വാവിട്ടു കരച്ചിലുകളോ അസഭ്യ വര്‍ഷങ്ങളോ ഭയപ്പാടുകളില്‍ നിന്നുണ്ടാവുന്ന ഏറ്റുമുട്ടല്‍ ശ്രമങ്ങളോ ഒന്നും തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ വിലപ്പോവില്ല. വെല്ലുവിളികളോ, പരിഹാസങ്ങളോ, കൊലയാളികള്‍, നരഭോജികള്‍, ഫാസിസ്റ്റുകള്‍ തുടങ്ങിയ ശകാരത്തിന്റെ അങ്ങേത്തല വാക്കുകള്‍ ഉപയോഗിച്ചുള്ള ആക്രോശങ്ങളോ ഫലപ്പെടുകയില്ല. പെട്ടന്നുണ്ടാവുന്ന ആഘാതങ്ങള്‍ സൃഷ്ടിക്കുന്ന സങ്കടവും ദേഷ്യവും പ്രകടിപ്പിക്കാനായി ഇരകള്‍ തെരുവുകളില്‍ പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്നതോ വിഭ്രാന്തി പൂണ്ടു പരന്നൊഴുകുന്നതോ ഒന്നിലും കാര്യമില്ല. വേട്ടക്കാര്‍ ഭൂരിപക്ഷമാവുകയും വേട്ട ഉപകരണങ്ങള്‍ അവരുടെ മാത്രം ഉടമവകാശത്തില്‍ ആവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യകിച്ചും.

അന്ധരും ബാധിതരുമാവുന്നത് വേട്ടക്കാരുടെ കാര്യത്തില്‍ അവര്‍ക്ക് ഗുണം ചെയ്യും. ലക്ഷ്യ പ്രാപ്തി വേഗത്തിലാക്കാന്‍ അതവരെ സഹായിക്കും. കണ്ണ് രണ്ടും കണ്ടു കൂടാ കയ്യില്‍ തടയുന്നവരെയെല്ലാം തല്ലി കൊല്ലുകയെന്നതായിരിക്കും വേട്ടക്കാരുടെ നയവും രീതിയും. അവര്‍ക്കത് ഉപകാരപ്പെടുകയും ചെയ്യും. ഇരകളുടെ കാര്യത്തില്‍ പക്ഷെ മറിച്ചാണ് കാര്യം. മരണത്തിന്റെ കൊടുങ്കാറ്റ് അടിച്ചു വീശിയാല്‍ പോലും അവര്‍ അളവറ്റു പ്രവര്‍ത്തിച്ചു കൂടാ. വേട്ടക്കാരെ മനുഷ്യരെ പോലെ പെരുമാറുന്നവരാക്കി മാറ്റുകയാണ് ആദ്യം വേണ്ടത്. മനസ്സിന് അന്ധത ബാധിച്ച ഒരു ജനതയെ ശകാരിച്ചു ശരിപ്പെടുത്തുക സാധ്യമല്ല. അധിക്ഷേപം അവരെ കൂടുതല്‍ പ്രകോപിതരും അക്രമോല്‍സുകാരുമാക്കുക മാത്രമേ ചെയ്യൂ.

ഇവിടെയാണ് ഖുര്‍ആനില്‍ ഉദ്ദൃതമായ പ്രവാചകന്മാരുടെ മാതൃകകള്‍ പ്രസക്തമാവുന്നത്. ക്ഷോഭിച്ചും കയര്‍ത്തും ആര്‍ത്തട്ടഹിസിച്ചും ശത്രുവിന് നേരെ വെല്ലുവിളിയുയര്‍ത്തിയുമല്ല പ്രവാചകന്മാര്‍ വേട്ടക്കാരെ നേരിട്ടത്. തീകുണ്ഠാരമൊരുക്കിയും വാള്‍മുന മൂര്‍ച്ച കൂട്ടിയും ഗൂഢാലോചന നടത്തിയും വന്നവരോട് ലവലേശം പോലും വൈരാഗ്യ ബുന്ധി പുലര്‍ത്താതെയാണ് പ്രവാചകന്മാര്‍ കടന്നു പോയത്. പ്രവാചകന്മാര്‍ അക്ഷോഭ്യരായ നായകനായിരുന്നു. വലിയ വലിയ ദുരന്തങ്ങള്‍ക്ക് മുന്നിലും അവര്‍ ആത്മവിശ്വാസത്തോടെ അക്ഷോഭ്യരായി നിലകൊണ്ടു. ജീവന്‍ നഷ്ടപെടാനിരുന്ന നിമിഷങ്ങള്‍ പോലും ആശയ കൈമാറ്റത്തിനുള്ള സുവര്‍ണാവസരമായി അവര്‍ ഉപയോഗപ്പെടുത്തി. സംഭവിച്ചതോ, അവരുടെ പ്രതികരണങ്ങള്‍ തലമുറകള്‍ ഏറ്റെടുത്തു. വേട്ടക്കാര്‍ക്ക് ദൈവ ശിക്ഷയും ചീത്തപ്പേരും മാത്രം മിച്ചം കിട്ടി. ധിക്കാരികളായ ജനങ്ങള്‍ എവിടെ? അവര്‍ നശിച്ചു പോയി എന്നു ഖുര്‍ആന്‍ അവരെക്കുറിച്ചു പറയുന്നുണ്ടല്ലോ. പരീക്ഷണ ഘട്ടത്തില്‍ സംഭവിക്കേണ്ടതു ഏറ്റവും പെട്ടന്നുള്ള വിദഗ്ദമായ ആശയ കൈമാറ്റമാണ്. വേട്ടക്കാര്‍ക്കിടയിലെ, മനസ്സിലെ മനുഷ്യത്വത്തെ ഇനിയും കല്ലാക്കി മാറ്റിയിട്ടില്ലാത്തവരെ പക്ഷം ചേര്‍ക്കാന്‍ ഇതുപകരിക്കും. ആര്‍ത്തട്ടഹാസവും ഏറ്റുമുട്ടലും എതിര്‍ ഫലമേ ഉണ്ടാക്കൂ. ക്രമേണ ക്രമേണ നിഷ്പക്ഷരും വേട്ടക്കാരുടെ പക്ഷത്തു അണി നിരക്കുന്നതിനു ഇത് വഴി വെക്കും.

വേട്ടക്കാരോടുള്ള നിലപാടുകള്‍ വ്യക്തമാക്കുന്ന ചില ഖുര്‍ആന്‍ വചനങ്ങള്‍ കാണുക.

അധ്യായം 7:188 ല്‍ മുഹമ്മദ് നബിയെ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. ‘ഞാന്‍ എനിക്ക് വേണ്ടിപോലും ഒരു ഗുണത്തിനോ ദോഷത്തിനോ അധികാരമില്ലാത്തവനാകുന്നു. അല്ലാഹു എന്ത് ചിക്കുന്നുവോ അതുമാത്രം സംഭവിക്കുന്നു. ഞാന്‍ അതി ഭൗതിക ജ്ഞാനമുള്ളവനായിരുന്നങ്കില്‍ ധാരാളം ഐശ്വര്യം എനിക്ക് വേണ്ടി നേടുമായിരുന്നു. എനിക്കൊരിക്കലും ദോഷമേല്‍കുകയുമില്ല. എന്നാല്‍ ഞാനോ, എന്റെ സന്ദേശം അംഗീകരിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ്കാരനും സുവിശേഷകനും മാത്രമാകുന്നു.’

പ്രവാചകന്‍ നൂഹിന്റേതായി ഖുര്‍ആന്‍ ഉദ്ദരിച്ച വിസ്മയിപ്പിക്കുന്ന ചില പ്രസ്താവനകള്‍ ചുവടെ.

‘ഇവരെ നൂഹിന്റെ കഥ കേള്‍പ്പിക്കുക. അദ്ദേഹം തന്റെ ജനത്തോടു പറഞ്ഞു: എന്റെ ജനമേ, ഞാന്‍ നിങ്ങളില്‍ വസിക്കുന്നതും നിരന്തരം ദൈവിക സൂക്തങ്ങള്‍ കേള്‍പ്പിച്ചു നിങ്ങളുടെ പ്രജ്ഞയുണര്‍ത്തികൊണ്ടിരിക്കുന്നതും നിങ്ങള്‍ക്ക് അസഹനീയമായിരിക്കുന്നുവെങ്കില്‍, ഞാന്‍ അല്ലാഹുവില്‍ ഭരമേല്പിക്കുകയാണ്. നിങ്ങള്‍ നിങളുടെ സ്വയംകൃത ദൈവങ്ങളെയും കൂട്ടി ഒരു സംയുക്ത തീരുമാനം കൈക്കൊള്ളുക. എടുക്കുന്ന തീരുമാനത്തിന്റെ ഒരു വശവും നിങ്ങള്‍ക്ക് അവ്യക്തമാവാതിരിക്കട്ടെ. എന്നിട്ട് എനിക്കെതിരില്‍ അത് പ്രാവര്‍ത്തികമാക്കുക. എനിക്ക് ഒട്ടും അവസരം തരേണ്ടതില്ല. നിങ്ങള്‍ എന്റെ ഉത്‌ബോധനത്തില്‍ നിന്ന് പുറം തിരിയുന്നുവെങ്കില്‍ എനിക്ക് ഒരു നഷ്ടവും വരാനില്ല. ഞാന്‍ നിങ്ങളില്‍ നിന്ന് ഒരു പ്രതിഫലവും ചോദിച്ചിട്ടില്ലല്ലോ. എനിക്ക് പ്രതിഫലം നല്‍കുന്നവന്‍ അല്ലാഹുവാകുന്നു. ആരു വിശ്വസിച്ചാലും ഇല്ലങ്കിലും സ്വയം മുസ്ലിമായിരിക്കുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ അധ്യായം 10:71 72.

പ്രവാചകന്‍ ഹൂദ് എത്ര അക്ഷോഭ്യനായാണ് സംസാരിച്ചതെന്ന് കാണുക.

‘ഹൂദ് പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ സാക്ഷ്യം സമര്‍പ്പിക്കുന്നു. നിങ്ങളും സാക്ഷികളാവുവിന്‍. ആല്ലാഹുവിനെ കൂടാതെ ആരെയെല്ലാം നിങ്ങള്‍ ദിവ്യത്വത്തില്‍ പങ്കാളികളായി വരിച്ചിട്ടുണ്ടോ, അവരില്‍ നിന്നെല്ലാം ഞാന്‍ മുക്തനാകുന്നു. നിങ്ങള്‍ എല്ലാവരും ഏകോപിച്ചു എനിക്കെതിരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം അപ്രകാരം ചെയ്തു കൊള്ളുക. എനിക്ക് അവസരം തരാതെ എനിക്കെതിരെ പ്രവര്‍ത്തിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അപ്രകാരം പ്രവര്‍ത്തിച്ചു കൊള്ളുക. ഖുര്‍ആന്‍ അധ്യായം 11:54 57

ഖുര്‍ആന്‍ അദ്ധ്യായം 11ല്‍ ശുഐബ് നബിയുടെ ഉജ്ജ്വലമായ ഒരു സംഭാഷണമുണ്ടു.

‘ശുഐബ് പറഞ്ഞു: ‘സഹോദരന്മാരേ, നിങ്ങള് സ്വയം ചിന്തിക്കുക. ഞാന് എന്റെ റബ്ബിങ്കല്‌നിന്നുള്ള ഒരു തെളിഞ്ഞ സാക്ഷ്യത്തിന്മേല് അധിഷ്ഠിതനായിരിക്കുന്നു. കൂടാതെ എനിക്ക് അവങ്കല്‌നിന്ന് നല്ല വിഭവം ലഭിക്കുന്നുമുണ്ട്. (എങ്കില്, പിന്നെയും നിങ്ങളുടെ ദുര്മാര്ഗത്തിലും അവിഹിത ഭോഗങ്ങളിലും പങ്കാളിയാകാന് എനിക്കെങ്ങനെ കഴിയും?) നിങ്ങളെ വിരോധിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള് സ്വയം ചെയ്യാന് ഞാന് ഒട്ടും ഉദ്ദേശിക്കുന്നില്ല. കഴിയുന്നിടത്തോളം നിങ്ങളെ സംസ്‌കരിക്കാനത്രെ ഞാന് ഉദ്ദേശിക്കുന്നത്. ഞാന് എന്തെല്ലാം ചെയ്യാന് ഉദ്ദേശിക്കുന്നുവോ, അതിന്റെയെല്ലാം അവലംബം അല്ലാഹുവിന്റെ ഉതവി മാത്രമാകുന്നു. ഞാന് അവനില് മാത്രം ഭരമേല്പിച്ചിരിക്കുന്നു. സകല കാര്യങ്ങളിലും അവങ്കലേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു. എന്റെ ജനമേ, എന്നോടുള്ള ശത്രുത, ഒടുവില് നൂഹിന്റെ ജനത്തെയോ ഹൂദിന്റെ ജനത്തെയോ സ്വാലിഹിന്റെ ജനത്തെയോ ബാധിച്ച മഹാവിപത്തിനിരയാകുന്നിടത്തോളം നിങ്ങളെ എത്തിക്കാതിരിക്കട്ടെ. ലൂത്വിന്റെ ജനം നിങ്ങളില്‌നിന്ന് ഏറെയൊന്നും അകലെയല്ലല്ലോ. ശ്രദ്ധിക്കുക! സ്വന്തം നാഥനോടു മാപ്പിരക്കുവിന്. എന്നിട്ട് അവങ്കലേക്കു മടങ്ങുവിന്. നിസ്സംശയം, എന്റെ നാഥന് ദയാപരനാകുന്നു. തന്റെ സൃഷ്ടികളോട് ഏറെ സ്‌നേഹമുള്ളവനുമാകുന്നു’. അദ്ധ്യായം 11: 88 90

ദൈവദൂതന്മാരുടെ സംസാര ശൈലിയുടെ പൊതുനയമായി അദ്ധ്യായം 14ല്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നതും മറ്റൊന്നല്ല.

‘ദൈവദൂതന്മാര് അവരോട് പറഞ്ഞു: ‘വാസ്തവത്തില് ഞങ്ങള് നിങ്ങളെപ്പോലുളള മനുഷ്യര്തന്നെ. പക്ഷേ, അല്ലാഹു അവന്റെ ദാസന്മാരില് അവനിച്ഛിക്കുന്നവരെ അനുഗ്രഹിക്കുന്നു. എന്നാല്, നിങ്ങള്ക്ക് പ്രമാണം കൊണ്ടുവരുക ഞങ്ങളുടെ കഴിവില് പെട്ടതല്ല. പ്രമാണം അല്ലാഹുവിന്റെ ഹിതത്താല് മാത്രം പ്രത്യക്ഷപ്പെടുന്നതാകുന്നു. വിശ്വാസികള് അല്ലാഹുവില് മാത്രമാണ് ഭരമേല്പിക്കേണ്ടത്. ഞങ്ങള് എന്തിന് അല്ലാഹുവില് ഭരമേല്പിക്കാതിരിക്കണം, ഞങ്ങളുടെ ജീവിതത്തിന് അവന് മാര്ഗദര്ശനമരുളിയിരിക്കെ? നിങ്ങള് ഞങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്ന ദ്രോഹങ്ങളില് തീര്ച്ചയായും ഞങ്ങള് സഹനമവലംബിക്കും. ഭരമേല്പിക്കുന്നവര് ഭരമേല്പിക്കേണ്ടത് അല്ലാഹുവിങ്കല് മാത്രമാകുന്നു.’ അധ്യായം 14:11 12

അദ്ധ്യായം 16:125 128 ല്‍ പ്രബോധന ശൈലിയുടെ പൊതുതത്വം വിവരിക്കുന്നുണ്ട്.

‘പ്രവാചകാ, യുക്തിപൂര്വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്ഗത്തിലേക്ക് പ്രബോധനം ചെയ്യുക.നല്ല രീതിയില് ജനങ്ങളോടു സംവദിക്കുക. തന്റെ മാര്ഗത്തില്‌നിന്നു വ്യതിചലിച്ചവരാരെന്നും സന്മാര്ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന് നിന്റെ നാഥന്തന്നെയാകുന്നു.’

അദ്ധ്യായം 41:34 36 വാക്യങ്ങളാണ് ചുവടെ.

‘പ്രവാചകാ, നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള് നിന്നോട് വൈരത്തില് വര്ത്തിക്കുന്നവന് ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല. നിനക്ക് പൈശാചികമായ വല്ല പ്രേരണയും അനുഭവപ്പെട്ടാല്, അല്ലാഹുവില് ശരണം തേടിക്കൊള്ളുക. അവന് എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമല്ലോ’.

വംശീയ ഉന്മൂലനം രാഷ്ട്രത്തിന്റെ ഔദ്യോഗിക നയമാക്കി പ്രവര്‍ത്തിച്ചിരുന്ന സ്വേച്ഛാധിപധികള്‍ പോലും പ്രവാചകന്മാരുടെ അഭിസംബോധിതരായിരുന്നിട്ടുണ്ട്. ഫറോവയെന്ന ക്രൂരതയുടെ പ്രതീകമായിരുന്ന ഭരണാധികാരിയെ പ്രവാചകന്‍ മൂസ നേരിട്ടത് ഉദാഹരണം. ആത്മവിശ്വാസവും ഉള്‍ക്കാഴ്ചയും നല്‍കി അനുഗ്രഹിച്ച ശേഷം പ്രവാചകന്‍ മൂസയെ, അള്ളാഹു വേട്ടക്കാരന്‍ ഫറോവയുടെ സമീപത്തേക്ക് വിട്ടു. മൂസ നബിയുടെ സമുദായത്തിലെ ആണ്‍ തരികളെ മുഴുവന്‍ കശാപ്പ് ചെയ്തു കൊണ്ടിരുന്ന അതിനായി ഔദ്യോഗിക കല്പന പുറപ്പെടുവിച്ചിരുന്ന ഫറോവയെ അഭിസംബോധന ചെയ്യാനായി മൂസ്സ നബി ഫറോവയുടെ കൊട്ടാരത്തിലെത്തി.

പ്രസ്തുത കൂടിക്കാഴ്ചയിലെ ആശയ സംവാദത്തില്‍ പാലിക്കേണ്ട മര്യാദയായി മൂസാ നബിക്ക് അള്ളാഹു നല്‍കിയ ഉപദേശമാണ് ഖുര്‍ആനിലെ ത്വാഹഅധ്യായം 44 ആം സൂതത്തിലെ പ്രതിപാദ്യം.

‘അല്ലയോ മൂസാ! ഞാന്‍ നിന്നെ ദൗത്യത്തിനായി തയ്യാറാക്കിയിരിക്കുന്നു. നീയും നിന്റെ സഹോദരനും എന്റെ സന്ദേശങ്ങളുമായി ചെല്ലുക. എന്റെ സന്ദേശം കൈമാറുന്നതില്‍ വീഴ്ച വരുത്തരുത്. ഇരുവരും ഫറോവയെ സമീപിക്കുക. അവന്‍ ധിക്കാരിയായിരിക്കുന്നു.അവനോടു മയത്തില്‍ സംസാരിക്കണം. അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്തങ്കിലോ’.

ചുരുക്കത്തില്‍ കാര്യം വളരെ വ്യക്തമാണ്. ഇരകളാക്കപെടുമെന്നു ഭയപ്പെടുന്ന സന്ദര്‍ഭം ആശയ സംവാദത്തിനു പറ്റിയതാണ്. അന്നേരം കലപില കൂട്ടുകയല്ല വേണ്ടത്. ഏതു ശത്രുവിനെയും ഹഠാദകര്‍ഷിക്കുന്ന വിധത്തിലുള്ള അര്‍ത്ഥ ഗര്‍ഭമായ സംഭാഷണ രീതിയാണ് അവലംബിക്കേണ്ടത്. സ്‌നേഹം കൊണ്ട് ശത്രുവിന്റെ ആത്മാവിനെ സ്പന്ദിപ്പിക്കുക. ആദരവ് കൊണ്ട് എതിര്‍പക്ഷത്തുള്ളവരുടെ അന്തസ്സിനെ ഉണര്‍ത്തുക. അക്ഷോഭ്യമായ പ്രതികരണങ്ങളിലൂടെ വേട്ട പക്ഷത്തുള്ള അവസാനത്തെ നന്മ ഹൃദയത്തെയും ആകര്‍ഷിക്കുക. ഇതൊക്കെയാണ് സംഭവിക്കേണ്ടത്. ഏതു പരീക്ഷണത്തിലും ആനന്ദം കണ്ടത്താനുള്ള വഴികള്‍ ഇതൊക്കെയാണ്.

Facebook Comments
Show More

Related Articles

Close
Close