Current Date

Search
Close this search box.
Search
Close this search box.

ഇങ്ങനെയായിരുന്നു സ്വഹാബി വനിതകൾ

ഇസ്ലാമിക സമൂഹത്തിൽ ഒരു സ്ത്രീയുടെ ദൗത്യമെന്ത് എന്ന ചോദ്യത്തിന് ഉത്തരമായി മനസ്സിൽ രൂപപ്പെട്ട് വരുന്ന ചിത്രം ഒരിക്കലും പൂർണ്ണമായിരിക്കില്ല; ഭാഗികമായിരിക്കും. പാരമ്പര്യം നിർമിച്ചെടുത്ത ഒരു ചിത്രമേ തെളിഞ്ഞു വരൂ. ചിലരെ സംബന്ധിച്ചിടത്തോളം അത് ദാമ്പത്യ- കുടുംബ ദൗത്യങ്ങൾക്കപ്പുറം പോവുകയില്ല. ഈ ദൗത്യങ്ങളുടെ പ്രാധാന്യം കുറച്ചു കാണുകയല്ല. തീർച്ചയായും അതിപ്രധാന ദൗത്യങ്ങൾ തന്നെ അവ. മറ്റു ചില മഹദ് ദൗത്യങ്ങളും സ്ത്രീകൾ നിർവഹിച്ചിട്ടുണ്ട്. പക്ഷെ ഈ പാരമ്പര്യ വായനക്ക് അത്തരം ദൗത്യങ്ങളിലേക്ക് വേണ്ട പോലെ വെളിച്ചം പ്രസരിപ്പിക്കാൻ കഴിയുന്നില്ല.

പഴയതും പുതിയതുമായ ഇസ്ലാമിക ചരിത്രത്തിലേക്ക് കണ്ണ് പായിക്കുന്ന ആർക്കും പരമ്പരാഗതമായി സ്ത്രീകൾക്ക് നൽകപ്പെട്ടു കൊണ്ടിരുന്ന ദൗത്യങ്ങളിൽ പരിമിതമായിരുന്നില്ല അതെന്ന് കണ്ടെത്താനാവും. ജീവിതത്തിന്റെ സർവ മേഖലകളെയും സ്പർശിച്ചു നിൽക്കുന്ന ഒന്നാണത്. അതിൽ മാധ്യമ ദൗത്യമുണ്ട്, പ്രബോധന ദൗത്യമുണ്ട്, മനുഷ്യാവകാശ ദൗത്യമുണ്ട്. ഇതിന് മാതൃകയായി ഈ ലേഖനത്തിൽ ഉയർത്തിക്കാട്ടുന്നത് നബിയുടെ കാലത്ത് ജീവിച്ച ഒരു സ്വഹാബി വനിതയെയാണ്.

അവരുടെ പേര് അസ്മാഅ് ബിൻത് യസീദ്. അൻസ്വാരി വനിത. അശ്ഹലിയ്യ താവഴിയിലെ ഔസ് ഗോത്രക്കാരി. കരിസ്മാറ്റിക്ക് വ്യക്തിത്വം എന്നവരെക്കുറിച്ച് പറയാം. ഇസ്ലാം സ്വീകരിച്ച അന്നുമുതൽ പല നീക്കങ്ങൾക്കും അവർ നേതൃത്വം നൽകുന്നതാണ് നാം കാണുന്നത്. മരണം വരെ അത് തുടർന്നു.

യസീദിന്റെ മകൾ അസ്മാഅ് ഇസ്ലാം സ്വീകരിക്കുന്നത് ഹിജ്റ ഒന്നാം വർഷം. വെറുതെ സ്വകരിക്കുകയല്ല, ഇസ്ലാമിന്റെ സുന്ദരാവിഷ്കാരമായി ജീവിതത്തെ മാറ്റുകയും ചെയ്തു. ദീൻ കാര്യങ്ങളിലെല്ലാം അവർക്ക് ഉറച്ചതും കൃത്യവുമായ നിലപാടുണ്ടായിരുന്നു. പ്രബോധകയെന്ന നിലയിൽ പല പല റോളുകളിൽ അവർ പ്രത്യക്ഷപ്പെടുന്നത് കാണാം. ചിലപ്പോൾ അവരെ കാണാനാവുക സത്യാന്വേഷകയായി വിജ്ഞാനം തേടിയുളള പ്രയാണത്തിലായിരിക്കും. ചിലപ്പോൾ കാണുക പെണ്ണായി പിറന്നവർക്ക് ശരീഅത്ത് നൽകിയ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയായിട്ട്. മറ്റു ചിലപ്പോൾ സാഹിത്യ- സംവേദന വേദികളിൽ കത്തിജ്വലിക്കുകയാവും അവർ. അന്നത്തെ മീഡിയാ പ്രവർത്തനമാണല്ലോ അത്. ‘സ്ത്രീകളുടെ പ്രഭാഷക’ (ഖത്വീബതുന്നിസാഅ്) എന്ന അപരനാമമുണ്ടായിരുന്നു അവർക്ക്. ദീനീ വിഷയങ്ങളിൽ അവഗാഹമുള്ള പ്രബോധകയെയും അധ്യാപികയെയും നമുക്കവരിൽ കാണാം. യുദ്ധഭൂമികളിൽ പരിക്കേറ്റവർക്ക് ചികിത്സിക്കുന്ന വൈദ്യയായും അവർ ഓടിപ്പാഞ്ഞു നടക്കുന്നത് കാണാം. യുദ്ധത്തിൽ മുന്നോട്ട് കുതിക്കാൻ പുരുഷ പടയാളികളെ അവർ നിരന്തരം ആവേശപ്പെടുത്തിക്കൊണ്ടിരിക്കും. താൻ സാന്നിധ്യമറിയിക്കാതെ വിട്ടു പോയ ഒരു മേഖലയും ഇല്ലെന്ന് ആ ധീര വനിതയുടെ ജീവിതം സാക്ഷ്യപ്പെടുത്തി. അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും അവർ ഭയന്നില്ല.

നബി (സ) നൽകുന്ന ശിക്ഷണങ്ങളും ഉപദേശങ്ങളും സ്ത്രീജനങ്ങളിത്തിലെത്തിക്കുക എന്ന ദൗത്യവും അസ്മാഅ് ഏറ്റെടുത്തിരുന്നു. സദ് ദൂതന്റെ സദ് ദൂതയായി അവർ നിലകൊണ്ടു. ചോദിക്കാനോ സംശയം തീർക്കാനോ ഉണ്ടെങ്കിൽ ആരെയും വകവെക്കാതെ ധീരതയോടെ അവരത് ചെയ്തിരിക്കും. റസൂലിനോട് സ്ത്രീ വിഷയങ്ങളിൽ നേരിട്ട് സംശയങ്ങൾ ചോദിക്കാനും അസ്മാഅ് മടിച്ചിരുന്നില്ല. ഒരിക്കൽ സ്ത്രീകളുടെ ശുദ്ധിയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ചോദിക്കാനാണ് അവർ നബിയെ സമീപിച്ചത്. അതൊക്കെ അവരെ പഠിപ്പിക്കാൻ പ്രിയ പത്നി ആഇശയെ ചുമതലപ്പെടുത്തുകയാണ് നബി ചെയ്തത്. ദീനീ കാര്യങ്ങൾ അറിയാൻ ലജ്ജയൊന്നും അവർക്ക് തടസ്സമായില്ലെന്നർഥം.

ബുദ്ധി കൂർമത, വിശ്വാസദാർഢ്യം, സംസാരത്തിലെ സാഹിത്യ രസികത്തം, അപാരമായ ചങ്കൂറ്റം, നിശ്ചയദാർഢ്യം, എന്തും അവതരിപ്പിക്കാനുള്ള ചങ്കുറപ്പ് ഇതൊക്കെയാണ് അസ്മാഇനെ വേറിട്ട് നിർത്തുന്ന സ്വഭാവവിശേഷങ്ങൾ. ഒരിക്കൽ നബി (സ) സ്വഹാബിമാർക്കൊപ്പമിരിക്കുമ്പോൾ അസ്മാഅ് കടന്നുവന്നു. എന്നിട്ട് പറഞ്ഞു: ‘ എന്റെ ഉപ്പയാണേ, ഉമ്മയാണേ, റസൂലേ ഞാൻ വന്നിരിക്കുന്നത് സ്ത്രീകളുടെ പ്രതിനിധി ആയിട്ടാണ്. താങ്കളെ അല്ലാഹു റസൂലായി നിയോഗിച്ചിട്ടുളളത് മുഴുവൻ സ്ത്രീപുരുഷൻമാരിലേക്കുമാണല്ലോ. അങ്ങനെ ഞങ്ങൾ താങ്കളിൽ വിശ്വസിച്ചു, താങ്കളെ പിന്തുടർന്നു. ഞങ്ങൾ സ്ത്രീകൾ പരിമിതപ്പെടുത്തപ്പെട്ടവരും പലതും ചെയ്യാൻ കഴിയാത്തവരുമാണ്. നിങ്ങളുടെ വീടുകളിൽ ഇരിക്കേണ്ടവരാണല്ലോ ഞങ്ങൾ. നിങ്ങളുടെ ശാരീരികാവശ്യങ്ങളുടെ പൂർത്തീകരണം ഞങ്ങളിൽ നടക്കുന്നു. നിങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങൾ ഗർഭം ധരിക്കുന്നു. പുരുഷൻമാരേ, പല നിലയിൽ ഒത്തുകൂടാൻ ഭാഗ്യം സിദ്ധിച്ചവരും അങ്ങനെ ഞങ്ങളേക്കാൾ ശ്രേഷ്ഠത കൈവരിക്കുന്നവരുമാണ് നിങ്ങൾ. നിങ്ങൾ രോഗി പരിചരണം നടത്തുന്നു , ജനാസക്കൊപ്പം പോകുന്നു, ഹജ്ജിന് ശേഷം പിന്നെയും ഹജ്ജ് ചെയ്യുന്നു. എല്ലാറ്റിനുമുപരി അല്ലാഹുവിന്റെ മാർഗത്തിൽ സമരത്തിന് പോകുന്നു. നിങ്ങളിലൊരു പുരുഷൻ ഹജ്ജിനോ ഉംറക്കോ ദൈവമാർഗത്തിലെ പോരാട്ടത്തിനോ പുറപ്പെട്ടാൽ നിങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നത് ഞങ്ങൾ, നിങ്ങൾക്ക് വേണ്ടി വസ്ത്രങ്ങൾ തുന്നുന്നത് ഞങ്ങൾ, നിങ്ങളുടെ കുട്ടികളെ നോക്കുന്നത് ഞങ്ങൾ. അപ്പോൾ നിങ്ങൾ നേടിയെടുക്കുന്ന പുണ്യങ്ങളിലും പ്രതിഫലങ്ങളിലും ഞങ്ങൾക്ക് കൂടി പങ്ക് ഉണ്ടാകേണ്ടതല്ലേ?’

റസൂൽ തന്റെ അനുചരൻമാർക്ക് നേരെ തിരിഞ്ഞ് ഇങ്ങനെ ചോദിച്ചു:’ ദീൻ കാര്യത്തിൽ ഒരു സ്ത്രീ തന്റെ ചോദ്യം ഇതിനേക്കാൾ നന്നായി അവതരിപ്പിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?.’ അനുയായികൾ പറഞ്ഞു: ‘ ഈ വിധം ഒരു സ്ത്രീ സൻമാർഗ ദീപതി കൈവരിക്കുമെന്ന് ഞങ്ങൾ കരുതിയില്ല.’ റസൂൽ പറഞ്ഞു:’ അസ്മാ, നീ പോവുക. പിറകിൽ നിന്നെ കാത്ത് നിൽക്കുന്ന സ്ത്രീകളോട് പറയുക. അവർ അവരുടെ ഭർത്താക്കന്മാരോട് നല്ല നിലയിൽ സഹവസിക്കട്ടെ. അയാളുടെ തൃപ്തിയും ആവശ്യങ്ങളും കണ്ടറിയട്ടെ. അയാൾ അനുമതി നൽകിയ കാര്യങ്ങൾ അനുധാവനം ചെയ്യട്ടെ. എങ്കിൽ പുരുഷൻമാർക്ക് കിട്ടുമെന്ന് പറഞ്ഞ പ്രതിഫലത്തിന് തുല്യമായത് സ്ത്രീകൾക്കും ലഭിക്കും.’ ഇത് കേട്ട് തക്ബീറും തഹ് ലീലും മുഴക്കി, സ്ത്രീജനമേ സന്തോഷിക്കുവിൻ എന്ന് വിളിച്ച് പറഞ്ഞു കൊണ്ടാണ് മഹതി നബി സദസ്സിൽ നിന്ന് തിരിച്ച് പോരുന്നത്.

ഒരു പ്രബോധകക്ക് ഈ സംഭവത്തിൽ നിന്നുളള സുപ്രധാന പാഠങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1- കാര്യങ്ങൾ ചോദിച്ചറിയാൻ അസ്മാഅ് നബി സന്നിധിയിൽ നേരിട്ട് ഹാജറാവുകയാണ്. ദീനീ വിജ്ഞാനം നേടാൻ സ്ത്രീക്ക് ഇറങ്ങിപ്പുറപ്പെടാമെന്നതിന്റെ തെളിവാണിത്. സർവാംഗീകൃതമായ വസ്ത്രധാരണ നിയമങ്ങൾ പാലിച്ചും വലിയ്യിന്റെ / രക്ഷാകർത്താവിന്റെ അനുമതിയോടെയും ആയിരിക്കണമെന്ന് മാത്രം.

2- പുരുഷൻമാരുടെ മുമ്പിൽ സ്ത്രീകൾക്ക് സംസാരിക്കാം. സ്വാഹാബാക്കൾ ഉള്ള സദസ്സിൽ അസ്മാഅ് സംസാരിക്കരുതെന്ന് നബി പറഞ്ഞില്ല. പെണ്ണിന്റെ ശബ്ദം ഗോപ്യമാക്കി വെക്കേണ്ടതാണ് (ഔറത്ത്) എന്ന് വാദിക്കുന്നവർക്കും, വിവരം ആർജിക്കുന്ന കാര്യത്തിലാവട്ടെ മറ്റേതെങ്കിലും പൊതുവേദിയിലാകട്ടെ സ്ത്രീകൾ പുരുഷന്മാരുള്ളപ്പോൾ സംസാരിക്കരുതെന്ന് പറയുന്നവർക്കും എതിരെയുള്ള തെളിവാണിത്.

3- അസ്മാഅ് ചോദ്യം ചോദിച്ചപ്പോൾ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു റസൂൽ. അറിവന്വേഷണത്തിന്റെ മാർഗത്തിൽ ഇങ്ങനെ ചോദ്യവും സംശയ നിവാരണവും ആകാമെന്ന് മാത്രമല്ല, സ്ത്രീകൾ ദീനീ കാര്യങ്ങളിൽ അവഗാഹം നേടേണ്ടതുണ്ടെന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നു.

4- ചോദ്യം ചോദിക്കുമ്പോൾ അസ്മാഇന്റെ ധിഷണാവൈഭവം നമുക്ക് ബോധ്യമാവുന്നുണ്ട്. പ്രതിഫലത്തിൽ ആണിനും പെണ്ണിനും തുല്യത വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അല്ലാതെ, ചുമതലകളിലും ഉത്തരവാദിത്തങ്ങളിലുമെല്ലാം സ്ത്രീ പുരുഷ സമത്വം വേണമെന്നല്ല പറയുന്നത്. പുരുഷൻമാർക്ക് പ്രകൃത്യാ തന്നെ കൂടുതൽ ശേഷികളുണ്ടെന്ന തിരിച്ചറിവാണ് അതിന് കാരണം. സ്ത്രീ പുരുഷ സമത്വത്തിന് ഒച്ച വെക്കുന്നവർക്കിടയിൽ ഈ വിവേകം പലപ്പോഴും ഇന്ന് നാം കാണുന്നില്ല.

പണ്ഡിതയെന്ന നിലക്കും പ്രബോധകയെന്ന നിലക്കും സാമൂഹിക പ്രവർത്തകയെന്ന നിലക്കും ഒക്കെയുളള സ്ത്രീ വ്യക്തിത്വത്തിന്റെ തികവാർന്ന പ്രകാശനത്തിന് വേണ്ടതെല്ലാം ഇസ്ലാമിൽ ഉണ്ട്. പാശ്ചാത്യരിൽ നിന്ന് എന്തെങ്കിലും കടം വാങ്ങേണ്ട യാതൊരു കാര്യവുമില്ല. ഇത്തരം മാതൃകകൾ കണ്ടെത്തിയാൽ മതിയാകും. പുരുഷൻമാരുടെ ചുമലിലേറി മാത്രം മുസ്ലിം സമൂഹത്തിന്റെ ഉണർവും നവോത്ഥാനവും സാക്ഷാൽക്കരിക്കപ്പെടുമെന്ന് ആരും കരുതേണ്ടതില്ല. സ്ത്രീകൾക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ശറഈ നിയമങ്ങൾ പാലിച്ചു കൊണ്ട് , സ്ത്രീപുരുഷൻമാർ പരസ്പരം സഹായികളായിക്കൊണ്ടാണ് ആ നവോത്ഥാനം നടക്കേണ്ടത്. ഭൂമിയെ എല്ലാ അർഥത്തിലും വാസയോഗ്യമായി സംവിധാനിക്കണമെന്നുണ്ടെങ്കിൽ ആണും പെണ്ണും പരസ്പരം പൂരകങ്ങളായി വർത്തിക്കേണ്ടത് വളരെ അനിവാര്യമാണ്.

( ഫലസ്തീനി ഗവേഷകയാണ് ലേഖിക. )

വിവ : അശ്റഫ് കീഴുപറമ്പ്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles