Current Date

Search
Close this search box.
Search
Close this search box.

അബൂബക്റിനെ കരയിപ്പിച്ച വാക്ക്

റസൂലുല്ലാഹി (സ) യുടെ ആദ്യ സന്തത സഹചാരിയായ അബൂബക്കറിന് (റ) മറ്റൊരു സഹചാരിയായ റബീഅ ബിൻ കഅബുമായി ഉണ്ടായ സൗന്ദര്യപിണക്കം ചരിത്രത്തിലുണ്ട്.

നിസ്വനായിരുന്ന റബീഅക്ക് കല്യാണത്തിനുള്ള പെണ്ണു കാണൽ മുതൽ നികാഹ് തുടങ്ങി മഹ്ർ / വലീമ ഉൾപ്പെടെ ഒരുക്കി കൊടുത്ത ശേഷം ജീവിക്കാനാവശ്യമായ ഭൂമി നൽകിയത് വരെയുള്ള ചരിത്രം സുവിദിതമാണ്. ആ ഭൂമിയുടെ ചാരെ അബൂബക്റിനും ഗനീമത്താർജിത തോട്ടമുണ്ടായിരുന്നു. ഒരിക്കൽ ആ രണ്ടു ഭൂമിയുടെയും അതിർത്തിയിലുള്ള ഒരു ഈന്തപ്പനയുടെ വിഷയത്തിൽ ചെറിയ പ്രശ്നം. ഒന്നും രണ്ടും പറഞ്ഞ് രണ്ടാളും പിണക്കായി . സഹികെട്ട് അബൂബക്റ് (റ) ആവശ്യമില്ലാത്ത ഒരു വാചകം പറഞ്ഞു പോയി.
വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ സാധിക്കില്ല എന്നാണല്ലോ ?? കേട്ടയാൾക്ക് വിഷമമായതിനേക്കാൾ പറഞ്ഞു പോയ സ്വിദ്ദീഖിന് വേദനിച്ചു. അദ്ദേഹം പറഞ്ഞു: “മോനേ റബീആ, ഞാൻ പറഞ്ഞത് പോലെ നിനക്കെന്നോട് പറഞ്ഞു കൂടെ . അപ്പോ പകരത്തിന് പകരമായില്ലേ ?”
റബീഅ: ” ഞാൻ താങ്കളോട് നല്ലതല്ലാതെ മറ്റൊന്നും പറയില്ല.”
മുൻ തലമുറയോട് ആദരവ് വെച്ചു പുലർത്തുന്ന പിൻതലമുറയുടെ പ്രതിനിധിയായിരുന്നു റബീഅ .
അബൂബക്ർ തന്റെ ആഗ്രഹം വീണ്ടും വീണ്ടും പ്രകടിപ്പിച്ചു. ദുൻയാവിൽ തന്നെ പൊരുത്തപ്പെടീച്ച്
ഖിസ്വാസ് പൂർത്തിയാക്കി സമാധാന ചിത്തനായി നാഥനെ കണ്ടുമുട്ടുക എന്ന പ്രതീക്ഷയാലാണ് അദ്ദേഹത്തിന്റെ അപേക്ഷ. ഒടുവിലദ്ദേഹം അവസാനത്തെ പൂഴിക്കടക്കൻ പ്രയോഗിച്ചു :
“ഞാൻ സംഭവിച്ചതെല്ലാം നബി സവിധത്തിൽ പോയി പറയാൻ പോവുകയാണ്.”
ആ സമ്മർദ്ദവും ഫലം കണ്ടില്ല. റബീഅ വികാരാധീനനാവുകയോ മറുത്തൊന്നും പറയുകയോ ചെയ്തില്ല. സ്വിദ്ദീഖ് ഓടിച്ചെന്ന് തന്റെ ഉറ്റ സുഹൃത്ത് മുഹമ്മദിനോട് നടന്നതെല്ലാം ഏറ്റ് പറയാൻ ഉദ്യുക്തനായി. അപ്പോഴേക്കും റബീഅയുടെ ചങ്ങാതിമാരും കുടുംബക്കാരായ അസ്‌ലം ഗോത്രക്കാരുമെല്ലാം ഒത്തുകൂടി എരിപൊരി കൊള്ളിക്കാൻ തുടങ്ങി:
“അത് കൊള്ളാം , ചീത്ത പറഞ്ഞതും മൂപ്പർ ,പരാതിയുമായി മണ്ടിയതും മൂപ്പർ ”
ആ സമ്മർദ്ദത്തിലും റബീഅ പതറിയില്ല. അദ്ദേഹം അവരോട് തുടന്നടിച്ചു :
“ഇത് ആരാണെന്ന് നിങ്ങൾക്കറിയാമോ ?അബൂബക്റാണത്. ഹിജ്റയിൽ നബിയുടെ പങ്കാളി.
ഖുർആൻ എടുത്തു പറഞ്ഞ “സാനിയസ്നൈൻ”.
നിങ്ങളെനിക്ക് വേണ്ടി ഒത്താശയുമായി വന്നാൽ പിന്നെയും അദ്ദേഹത്തിന് ദേഷ്യം തോന്നിയേക്കാം. അദ്ദേഹത്തിന് ദേഷ്യം പിടിച്ചാലത് അദ്ദേഹത്തിന്റെ ഉറ്റമിത്രത്തെ ദേഷ്യം പിടിപ്പിച്ചേക്കും. ദയവു ചെയ്തു നിങ്ങളുടെ ഒത്താശ എനിക്ക് വേണ്ട.”

അങ്ങനെ നബി സവിധത്തിലെത്തിയ റബീഅയോട് നബി (സ) സംഗതി എന്താണെന്ന് ചോദിച്ചു. വാദിയേയും പ്രതിയേയും തുല്യ പ്രാധാന്യത്തോടെ കേൾക്കാതെ തീർപ്പ് കൽപ്പിക്കുന്നത് ഇസ്ലാമിക അധ്യാപനങ്ങൾക്കെതിരാണെന്ന് നിശബ്ദം പഠിപ്പിക്കുകയായിരുന്നു നബി തങ്ങൾ തന്റെ ജീവിതത്തിലുടനീളം ഉപയോഗിച്ച നീതിനിർവ്വഹണരീതി. റബീഅ നടന്നതെല്ലാം സവിസ്തരം പ്രതിപാദിച്ച് കൊണ്ട് തനിക്ക് അദ്ദേഹത്തോട് പ്രതിക്രിയ ചെയ്യണമെന്നില്ല എന്ന സുചിന്തിത അഭിപ്രായം സധൈര്യം വ്യക്തമാക്കി. നബി (സ) റബീഅ പറഞ്ഞതാണംഗീകരിച്ചത് :
“നീ പറഞ്ഞതാണ് ശരി, സ്വിദ്ദീഖ് പറഞ്ഞത് പോലെ തിരിച്ച് പറയുകയല്ല വേണ്ടത് , മറിച്ച് അല്ലാഹു താങ്കൾക്ക് പൊറുത്തു തരട്ടെ എന്ന് പറയുന്നതാവും ഉചിതം.”

നേതാവ് പറഞ്ഞതങ്ങനെത്തന്നെ ശിരസ്സാവഹിച്ച റബീഅ അവസരം മാന്യമായി ഉപയോഗപ്പെടുത്തി . അബൂബക്റിന്റെയടുത്തെത്തി “താങ്കൾക്ക് അല്ലാഹു പൊറുത്തു തരട്ടെ ” എന്ന പ്രാർഥനാ വാചകമാണ് മൊഴിഞ്ഞത്.
ഇത് കേട്ട അബൂബക്റ് (റ) പൊട്ടിക്കരഞ്ഞു പോയി.
സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ പെട്ട് അദ്ദേഹം പറഞ്ഞു പോയ , ആ വാക്കോർത്ത് ദുഃഖിച്ച് മനസ്താപത്തിന്റെ കുത്തൊഴുക്കിൽ ചരിത്രത്തിലെ നാൾവഴികളിൽ നിന്നുമാവാക്ക് മായ്ച്ചു കളയുവാനുള്ള ശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ കണ്ണുനീരിന് .

അവലംബം :
1-مستدرك الحاكم 2772
2-قصص السابقين / محمد بن عدنان السمان

Related Articles