Current Date

Search
Close this search box.
Search
Close this search box.

മണ്ണും തീയും വംശീയത വന്ന വഴി!

മണ്ണും തീയും! ഏതാണ് ശ്രേഷ്ടം,  ഏതിനാണ് മഹത്വം?  നാമത് ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല, അല്ലേ! പക്ഷേ, അങ്ങിനെ ചിന്തിച്ച ഒരാളുണ്ടായിരുന്നു, പറയാം.  മണ്ണ് വാരിയിട്ടാൽ തീ കെട്ടു പോകും.  മണ്ണ് കുഴച്ച് തീയിൽ ചുട്ടെടുത്താൽ  കട്ടകളും പാത്രങ്ങളും കിട്ടും.  പരസ്പരം ചേർന്നു നിന്നാൽ നേട്ടം,  ഇടഞ്ഞു നിന്നാൽ നാശം. അതാണ് പ്രകൃതിയുടെ താളം. അഥവാ, സൃഷ്ടിപ്പ് എങ്ങിനെ, എന്തിൽ നിന്ന് എന്നതല്ല, ഉപയോഗം എങ്ങിനെ, കർമ്മമെന്ത് എന്നതാണ് പലതിലും പ്രധാനം. പക്ഷേ, ചെകുത്താൻ്റെ ചിന്ത മറ്റൊരു വിധത്തിലായിരുന്നു.

‘എന്നെ സൃഷ്ടിച്ചത് തീയിൽ നിന്ന്, മനുഷ്യനെ സൃഷ്ടിച്ചതോ മണ്ണിൽ നിന്ന്’, എന്തൊരു അഹന്തയായിരുന്നു സാത്താൻ്റെ ആക്രോശത്തിൽ! നോക്കൂ, ‘സൃഷ്ടിച്ചത്’ എന്നാണവൻ പറഞ്ഞത്. മനുഷ്യനെപ്പോലെ താനുമൊരു സൃഷ്ടി മാത്രമാണെന്നും സ്രഷ്ടാവല്ലെന്നും അവൻ മറന്നു പോയി. ‘ഞാൻ അവനെക്കാൾ ശ്രേഷ്ടനാണ്’, ഈ അഹങ്കാരത്തോടെയാണ് ചെകുത്താൻ സംസാരം തുടങ്ങിയതു തന്നെ. സത്യവേദം ഏഴാം അധ്യായം പന്ത്രണ്ടാം വചനത്തിലും മുപ്പത്തിയെട്ടാം അധ്യായം എഴുപത്തിയാറാം വചനത്തിലും ഈ കഥ പറയുന്നുണ്ട്. ‘വരണ്ടതും ഗന്ധമുളളതുമായ കറുത്ത കളിമണ്ണില്‍നിന്നു സൃഷ്ടിച്ച മനുഷ്യനോ’ടുള്ള വെറുപ്പ് ‘അഭിമാന’ത്തോടെയാണ് ചെകുത്താൻ പ്രകടിപ്പിക്കുന്നത്. നാട്ടിൽ തീക്കുട്ടുന്ന വിദ്വേഷ പ്രസ്താവനകളുടെയും പ്രസംഗങ്ങളുടെയും ആദ്യ മാതൃക ഇതാണ്. പിശാച് പകർന്ന ഈ വെറുപ്പ് നാശം മാത്രമേ വിതക്കൂ എന്ന് സത്യവേദം പഠിപ്പിക്കുന്നുണ്ട്.

Also read: യുക്തിവാദി വിമർശനങ്ങൾ ഇസ്‌ലാമിന് ഗുണകരമായി ഭവിക്കുമ്പോൾ

ജന്മം കൊണ്ടു തന്നെ ചില മനുഷ്യർക്ക് മഹത്വമുണ്ട് പോലും!  വംശീയ വാദത്തിൻ്റെയും  ജാതി ബോധത്തിൻ്റെയും അടിത്തറ ഇതാണല്ലോ. ചെകുത്താനാണ് ഇതിൻ്റെ തുടക്കക്കാരൻ. ഈ വംശവെറി സാത്താനിൽ നിന്ന് മനുഷ്യൻ ഏറ്റെടുത്തു. വാദങ്ങൾ ഇങ്ങനെ നീണ്ടു; ‘വിരുദ്ധ വർണ്ണങ്ങളിൽ തൻ്റെ പിറവി, വെളുത്തവൻ ശ്രേഷ്ടൻ, കറുത്തവൻ ദുഷ്ടൻ’! ഇരുവരുടെയും സിരകളിലൊഴുകുന്ന രക്തത്തിന് പക്ഷേ, ഒരേ നിറം. ജനനത്തിന് ഒരേ രീതി, മരണത്തിന് ഒരേ മുഖം. മറ്റൊരു വാദമിങ്ങനെ; ‘പലരും ജനിച്ചത് പല ഇടങ്ങളിൽ നിന്ന്. ശിരസ്സിന് മഹത്വം, പാദത്തിന് നീചത്വം’! പക്ഷേ, തലയുണ്ടെങ്കിലേ കാലിന് ചലിക്കാനാകൂ എന്നും കാല് നടന്നെങ്കിലേ തലക്ക് സഞ്ചരിക്കാനാകൂ എന്നും പ്രകൃതിയുടെ താളം, ദൈവത്തിൻ്റെ നിയമം. വംശവെറിയുടെ അന്ധതയിൽ മനുഷ്യൻ ഈ പാരസ്പര്യം മറക്കുന്നു. തങ്ങൾ ‘അഭിമാനപൂർവ്വം’ കൊണ്ടു നടക്കുന്നത് ചെകുത്താൻ്റെ മനസ്സും വാദവുമാണെന്ന് അവർ തിരിച്ചറിയുന്നില്ല. ചെകുത്താൻ്റെ ചിന്തകളുമായി ദൈവത്തെ പ്രാർത്ഥിക്കുന്നതെങ്ങനെ!

Also read: വീട്ടിലെ മസ്ജിദ്: ഒഴിവാക്കപ്പെട്ട സുന്നത്തുകൾക്കുള്ള സമയമാണ്

അറിവും കർമ്മവുമാണ് മനുഷ്യ മഹത്വത്തിൻ്റെ മാനദണ്ഡമെന്ന് സത്യവേദം ഊന്നിയുറപ്പിക്കുന്നുണ്ട്; നാൽപ്പത്തിയൊമ്പതാം അധ്യായം പതിമൂന്നാം വചനം. വിശ്വാസവും ശ്രേഷ്ട കർമ്മങ്ങളുമുള്ളവൻ ശ്രേഷ്ട മനുഷ്യനാകുന്നു. അവന് സമൂഹത്തിൽ അന്തസ്സും അഭിമാനവുമുണ്ടാകുന്നു. ദൈവത്തിങ്കൽ വിശിഷ്ട സ്ഥാനം ലഭിക്കുന്നു. വേദപാഠം തന്നെ നോക്കൂ; അറിവും കർമ്മവും കൊണ്ട് മനുഷ്യൻ സാത്താനെക്കാൾ മഹത്വമാർജ്ജിച്ചു. ‘ജന്മശ്രേഷ്ടത’യുടെ അഹങ്കാരം കൊണ്ട് ചെകുത്താൻ ദൈവസന്നിധിയിൽ നിന്ന് പുറത്തായി. ദൈവത്തിൻ്റെ വെളിച്ചം കാലാന്തരങ്ങളിൽ മനുഷ്യന് വഴികാട്ടിയായി. അവസാനം സത്യവേദം വന്നു. ആ വെളിച്ചം ഹൃദയത്തിലേറ്റു വാങ്ങിയാൽ, ചെകുത്താൻ്റെ ഇരുട്ടിനെ തോൽപ്പിച്ച് കർമ്മങ്ങളുടെ തിളക്കവുമായി മനുഷ്യന് മുന്നേറാം. ദൈവസന്നിധിയിൽ സമാധാനം പ്രാപിക്കാം.

Related Articles