Vazhivilakk

സമ്മതിദായകന്റെ ചൂണ്ടു വിരല്‍

ആഹാരം കൊടുത്തു വിശപ്പകറ്റുകയും ശാന്തി ചൊരിഞ്ഞു ഭയമകറ്റുകയും ചെയ്‌‌ത നാഥനെ വണങ്ങാനും വഴങ്ങാനും’ എന്ന അധ്യാപനം ഖുര്‍‌ആനിലെ ഖുറൈഷ്‌ എന്ന ചെറിയ അധ്യായത്തില്‍ വായിക്കാനാകും.വിശപ്പിന്റെ പരിഹാരം പോലെ നിര്‍‌ഭയത്വവും വലിയ അനുഗ്രഹമായാണ്‌ വിശുദ്ധ വചനം ഓര്‍‌മ്മിപ്പിക്കുന്നത്.സമാധാന പ്രിയരെ ഭയ ചകിതരാക്കാനുള്ള കടുത്ത ശ്രമങ്ങളാണ്‌ പലപ്പോഴും ദുശ്ശക്തികളുടെ ഭാഗത്ത്‌ നിന്നും നിരന്തരം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.ഭീതിതമായ അരക്ഷിതാവസ്ഥയില്‍ നിന്ന്‌ നിര്‍‌ഭയത്വത്തിലേയ്‌ക്കുള്ള മോചനമാണ്‌ വരുന്ന തെരഞ്ഞെടുപ്പിലൂടെ സാധ്യമാകേണ്ടത്.ഇതു വഴി കുത്തഴിഞ്ഞ ജനാധിപത്യ സം‌സ്‌കാരവും ഭരണഘടനാ സം‌വിധാനങ്ങളും പുനഃപ്രതിഷ്‌ടിക്കപ്പെട്ടേക്കാം.

ഫാഷിസ്‌റ്റുകളുടെ പ്രകടന പത്രിക പോലും എത്ര ധാര്‍‌ഷ്‌ട്ര്യത്തോടെയാണ്‌ അജണ്ടകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.രാജ്യത്ത്‌ ഫാഷിസത്തിന്റെ തേരാളികള്‍ യാതൊരു മറയുമില്ലാതെ വളരെ സ്‌പഷ്‌ടമായ ഭാഷയിലാണ്‌ അക്രോശങ്ങളും വെല്ലുവിളികളും നടത്തിക്കൊണ്ടിരിക്കുന്നത്.ഗൂഢ ലക്ഷ്യങ്ങളോട് കൂടിയ അജണ്ടയുടെ ഭാഗമായിരിക്കണം ഈ അട്ടഹാസങ്ങളും ഭീതി വിതയ്‌ക്കലും. ഇത്തരം സാഹചര്യങ്ങളില്‍ സമചിത്തതയോടെ ബുദ്ധിപൂര്‍‌വ്വകമായ നിലപാടുകളായിരിയ്‌ക്കും സമാധാന കാം‌ക്ഷികള്‍‌ക്ക്‌ വിശിഷ്യാ വിശ്വാസികള്‍‌ക്ക്‌ അഭികാമ്യം. സമാധാനാന്തരീക്ഷത്തിലേയ്‌ക്ക്‌ വഴിതെളിയിക്കാന്‍ ക്രിയാത്മകമായ രീതിയാണ്‌ ക്ഷേമ രാഷ്‌ട്ര വിഭാവനയ്‌ക്ക്‌ ഊടും പാവും നെയ്യുന്ന വെല്‍‌ഫയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെ സുചിന്തിതമായ രാഷ്‌ട്രീയ സമീപനം.ഈ നയവും നിലപാടും വ്യാപകമായ തോതില്‍ സ്വാഗതം ചെയ്യപ്പെടുന്നു എന്നതും സന്തോഷ ദായകമത്രെ.രാജ്യ താല്‍‌പര്യത്തിന്‌ മുന്‍‌ഗണന എന്ന ആശയം ഏറെ സര്‍‌ഗാത്മകമാക്കാന്‍ പുതുതായി ജന്മം കൊണ്ട ഒരു രാഷ്‌ട്രീയ പാര്‍‌ട്ടിക്ക്‌ സാധിച്ചു എന്നതിന്റെ പ്രതികരണങ്ങള്‍ രാജ്യമൊട്ടാകെ പ്രകാശിപ്പിക്കാനായി എന്നതിന്റെ തെളിവുകളും പ്രകടമായിക്കൊണ്ടിരിക്കുന്നുണ്ട്‌.

ഇന്ത്യാ രാജ്യത്ത്‌ രാഷ്‌ട്രിയ വര്‍‌ത്തമാനങ്ങളില്‍ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ചര്‍‌ച്ചകളില്‍ അതതു കാലത്തെ സംസ്ഥാന സര്‍‌ക്കാറുകള്‍ വലിയ തോതില്‍ വാചാലരാകാറുണ്ട്‌.സത്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സര്‍‌ക്കാറുകളെ കവച്ചു വെയ്‌ക്കുന്ന തരത്തിലുള്ള എടുത്തുദ്ധരിക്കാന്‍ കഴിയുന്ന പ്രവര്‍‌ത്തനങ്ങളൊന്നും മാറി മാറി വരുന്ന ഇടതും വലതും സര്‍‌ക്കാറുകളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല എന്നതായിരിക്കണം കൂടുതല്‍ ശരി.അത്തരം വികസനോന്മുഖമായ അജണ്ടകള്‍ ക്രമ പ്രവര്‍‌ദ്ധമായി പ്രാഫല്യത്തില്‍ വരുത്താനുതകുന്ന കൃത്യമായ വിഭാവനകള്‍ ദേശീയാടിസ്ഥാനത്തിലും വേണ്ടത്ര അളവില്‍ രൂപം കൊടുക്കപ്പെട്ടിട്ടില്ല. എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ ഫലപ്രദമായി നടപ്പാക്കാനും പൂര്‍‌ണ്ണാര്‍ഥത്തില്‍ സാധിച്ചിട്ടുമില്ല.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ മുന്നില്‍ കേരളം തല ഉയര്‍‌ത്തി നില്‍‌ക്കുന്നതിന്റെ കാരണക്കാരായി കൊട്ടിഘോഷിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാത്രം ഒന്നും ഇവിടെ സം‌ഭവിച്ചിട്ടില്ല എന്ന്‌ ചുരുക്കം.എന്നു മാത്രമല്ല ഇപ്പോള്‍ അതിന്റെ സമയവുമല്ല.പൂര്‍‌ണ്ണാര്‍‌ഥത്തിലുള്ള ജനാധിപത്യ സം‌സ്‌കാരത്തില്‍ രാജ്യം നില നില്‍‌ക്കണമെന്ന ആശയത്തെ ഗൗരവത്തില്‍ ഉള്‍‌കൊള്ളാന്‍ ഇടതു പക്ഷങ്ങള്‍‌ക്ക്‌ കഴിയുന്നില്ല എന്നതില്‍ ഏറെ സങ്കടപ്പെടുകയാണ്‌ രാജ്യത്തെ സുമനസ്സുക്കള്‍.

കേരളത്തിലെ ഗ്രാമങ്ങള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സമ്പന്നമാണ്‌.അതിന്റെ കാരണവും സുവിദിതമാണ്‌. അതു കൊണ്ട്‌ തന്നെ ഗ്രാമ പഞ്ചായത്ത്‌ ത്രിതല പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളേയും സം‌വിധാനങ്ങളേയും ക്രിയാത്മകമാക്കാന്‍ ഒരു പരിധിവരെ കഴിയുന്നുണ്ട്‌.വൈദ്യുതീകരിച്ച വീടുകള്‍,വഴി വിളക്കുകളുള്ള ചെറുതും വലുതുമായ വീഥികള്‍,ഗ്രാമങ്ങള്‍ തോറും വിദ്യാലയങ്ങള്‍,ആരോഗ്യ കേന്ദ്രങ്ങള്‍,സര്‍‌ക്കാര്‍ തലത്തിലും സര്‍‌ക്കേതര സം‌രം‌ഭങ്ങള്‍ വഴിയുമുള്ള ആധുനിക സൗകര്യങ്ങളുള്ള ആതുരാലയങ്ങള്‍ ,സര്‍‌വ്വ സജ്ജമായ പണമിടപാട്‌ കേന്ദ്രങ്ങളുടെ ചെറുതും വലുതുമായ ശാഖകള്‍,അത്യാധുനിക സൗകര്യങ്ങളുള്ള കച്ചവട കേന്ദ്രങ്ങള്‍,കളി സ്ഥലങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, പൂങ്കാവനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങി ശരാശരി നന്നായി പുരോഗതി പ്രാപിച്ച പട്ടണ പ്രദേശത്തെ സൗകര്യങ്ങള്‍ ഗ്രാമ പ്രാന്ത പ്രദേശങ്ങളില്‍ പോലും സുലഭമത്രെ.

ഇതിന്റെയൊക്കെ കാര്യ കാരണങ്ങള്‍ തേടിയാല്‍ കേരളത്തിലെ പ്രവാസി സമൂഹമാണെന്നു ഒറ്റവാക്കില്‍ പറയാന്‍ സാധിക്കും.താത്വികമായ വിശദീകരണങ്ങള്‍ ഇപ്പോള്‍ നടത്തുന്നില്ല.ഇന്ത്യയിലെ ഇതര സം‌സ്ഥാനങ്ങളിലെ പട്ടണങ്ങളൊ,തലസ്ഥാന നഗരികളൊ പ്രസിദ്ധങ്ങളാകുമ്പോള്‍;കേരളമെന്ന സംസ്ഥാനമാണ്‌ വിദേശികള്‍ക്കിടയില്‍ പ്രസിദ്ധം എന്നതും അടിവരയിടപ്പെടേണ്ടതാണ്‌.

പ്രാദേശിക സം‌സ്‌ഥാന കേന്ദ്ര ആസുത്രണങ്ങള്‍ വഴി പ്രഖ്യാപിക്കപ്പെടുന്ന കര്‍‌മ്മ പദ്ധതികളെ യഥോചിതം ജനങ്ങളിലേക്കെത്തിക്കാന്‍ മാത്രം ശുഷ്‌കാന്തിയുള്ള ജന പ്രതിനിധികളും തുലോം വിരളമാണ്‌.ഇനി സകല കെട്ടും പൊട്ടിച്ച്‌ വല്ലതുമൊക്കെ വീണു കിട്ടിയാല്‍; ഗ്രാമ പഞ്ചായത്ത് – നിയമ സഭാ സാമാജികര്‍ മുതല്‍ ലോക്‌ സഭാ പ്രതിനിധികള്‍ വരെയുള്ളവര്‍ തങ്ങളുടെ തറവാട്ടുവക നാടിന്‌ ഔദാര്യം ചെയ്‌തതു പോലെയാണ്‌ അതെല്ലാം സമര്‍‌പ്പിക്കുന്നതും.

വിവരവും വിദ്യാഭ്യാസവുമുള്ള ഓരോ കേരളീയനും തന്റെ സമ്മതിദാനകവകാശം രേഖപ്പെടുത്തുമ്പോള്‍ കൃത്യമായ വീക്ഷണങ്ങളുള്ള നിലപാടുകള്‍ ഉള്ള രാഷ്‌ട്രീയ തീരുമാനങ്ങളോട്‌ ജാഗ്രതയില്ലാത്തവരാകാന്‍ പാടില്ല.റൊട്ടി കപ്പട മകാന്‍ എന്ന ചിര പുരാതന മുദ്രാവാക്യത്തോടൊപ്പം വിദ്യാഭ്യാസം, ജനോപകാര പ്രദമായ വികസനം,സാഹോദര്യം,ശാന്തി സമാധാനം എന്നതിനെ കൂടെ അക്ഷരാര്‍‌ഥത്തില്‍ ഉയര്‍‌ത്തി കാട്ടുന്ന മുന്നേറ്റങ്ങളെ പരിഗണിക്കേണ്ടതും കാലഘട്ടത്തിന്റെ തേട്ടമത്രെ.

സൗഹൃദാന്തരീക്ഷവും ശാന്തിയും സമാധാനവും പരമ പ്രധാനമാകുമ്പോള്‍ അതിന്നിണങ്ങുന്ന ക്രിയാത്മകമായ രാഷ്‌ട്രീയ നിലപാടിനായിരിക്കണം മുന്തിയ പരിഗണന.ഏറെ മഹിമകളും പാരമ്പര്യവും അവകാശപ്പെടുന്ന ഇന്ത്യാ മഹാ രാജ്യത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യ സാം‌സ്‌കാരിക പൈതൃകവും ധാര്‍‌മ്മിക സനാതന മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള ദൗത്യത്തെ ആദ്യം വിജയിപ്പിക്കാം.

രാജ്യത്ത്‌ ജനാധിപത്യ സം‌സ്‌കാരം നില നില്‍‌ക്കേണ്ടത് കാലഘട്ടത്തിന്റെ തേട്ടമത്രെ.ഫാഷിസത്തെ പടിയിറക്കുക എന്ന ഒരേ ഒരു മുദ്രാവാക്യത്തിനു മാത്രമേ ഇപ്പോള്‍ പ്രസക്തിയുള്ളൂ.ഈ മഹത്തായ ലക്ഷ്യ സാക്ഷാല്‍‌കാരത്തിന്‌ വേണ്ടിയുള്ള പഴുതടച്ച രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക്‌ ജനാധിപത്യ വിശ്വാസികള്‍ പ്രതിജ്ഞാ ബദ്ധരായിരിക്കണം.

പ്രഭുകുമാന്മാരാണെന്ന ഭാവത്തില്‍ കപട ജന സേവകര്‍ അഭിരമിക്കുമ്പോള്‍ അവരുടെ മസ്‌തകത്തില്‍ നോക്കി പ്രഹരിക്കാനുള്ള ആയുധമത്രെ സമ്മതിദായകന്റെ ചൂണ്ടു വിരല്‍. ജനാധിപത്യ സം‌വിധാനത്തിലെ ഈ ശക്തിയേറിയ ആയുധം ഉപയോഗപ്പെടുത്തുമ്പോള്‍ ദൃഢ നിശ്ചയത്തോടെയായിരിക്കണം ജനാധിപത്യം പുലരാന്‍ ആഗ്രഹിക്കുന്നവരുടെ ധര്‍മ്മവും കര്‍മ്മവും.

Facebook Comments
Show More

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായംമരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍, ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവമായ മഞ്ഞിയിലിന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ച ഇദ്ദേഹം എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്. തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍ കൂടിയാണ് മഞ്ഞിയില്‍.സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞുപോയ ബാലപ്രതിഭ അബ്‌സ്വാര്‍, അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍.

Related Articles

Close
Close