Current Date

Search
Close this search box.
Search
Close this search box.

വർണ ശബളമായ കറുപ്പും വെളുപ്പും

ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഒരു ഹജ്ജ് സീസൺ.ഏഴാമത്തെ ഉമവി ഖലീഫയായ അബൂ അയ്യൂബ് സുലൈമാൻ ബിൻ അബ്ദിൽ മലിക് ബിൻ മർവാൻ (ജനനം 54 AH/674 CE മരണം 99 AH/717 CE) തന്റെ മക്കളുമായി ഹജ്ജിനെത്തിയിരിക്കുന്നു. പിതാവ് അബ്ദുൽ മലികിന്റെ കാലത്തും സഹോദരൻ വലീദിന്റെ കാലത്തും ഫലസ്ത്വീനിലെ ഗവർണർ എന്ന നിലയിലും ഹജ്ജാജിനെ വാഗ്വാദത്തിൽ മുട്ടിക്കുത്തിച്ചവൻ എന്ന പേരിലും റംല നഗരത്തിന്റെ സ്ഥാപകൻ എന്ന നിലക്കും സുലൈമാൻ അന്നേ പ്രസിദ്ധനായിരുന്നു.

രാജകീയമായ എല്ലാ പ്രോട്ടോക്കോളും ഒഴിവാക്കി അദ്ദേഹം എല്ലാവരേയും പോലെ ഇഹ്റാം വേഷത്തിൽ നഗ്ന പാദനായി ത്വവാഫിലാണ്. ഹറം പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് എല്ലാവരും പോവുന്നയിടത്തേക്ക് അദ്ദേഹം തന്റെ രണ്ടു മക്കളേയും കൂട്ടി നടന്നു. അപ്പോഴേക്കും പരിവാരങ്ങൾ ഓടിക്കൂടി ഖലീഫയ്ക്കും തങ്ങന്മാരായ മക്കൾക്കും വേണ്ടി വഴിയൊരുക്കുന്നത് കണ്ട് ഖലീഫ അവരെ വിലക്കിക്കൊണ്ട് പറഞ്ഞു: “രാജാക്കന്മാരും അങ്ങാടിക്കാരും തുല്യരായ ഒരിടമാണിത് . ജനസ്വീകാര്യതയും ദൈവഭക്തിയുമല്ലാതെ മറ്റൊന്നു കൊണ്ടും മുൻഗണന നൽകപ്പെടരുത്. ആയതിനാൽ നിങ്ങൾക്ക് പോവാം .”

പിന്നെ അദ്ദേഹം എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ മനുഷ്യന്റെ അടുത്തേക്കു പോയി മക്കളോടൊപ്പം പള്ളിയുടെ നിലത്ത് ചമ്രം പടിഞ്ഞിരുന്നു.ആദ്യമായി പൊതു ജനങ്ങൾക്കിടയിൽ പെട്ട തങ്ങൾ കുട്ടികളുടെ പരിഭ്രാന്തി ആ മക്കളുടെ മുഖത്ത്
പ്രകടമായിരുന്നു. ഏതായാലും അവിടെ നമസ്കരിച്ചു കൊണ്ടിരിക്കുന്ന ലേശം മുടന്തുള്ള ആ എത്യോപ്യൻ വംശജന്റെ പിന്നിലായി അവർ കുറച്ചു നേരം ഇരുന്നു.

പൊതുജനങ്ങൾ അദ്ദേഹത്തിന്റെ പുറകിലും വലതുവശത്തും ഇടതുവശത്തും ഇരിക്കുന്നുണ്ടായിരുന്നു അവരിലൊരാളായി തന്റെ ഊഴവും കാത്ത് ഖലീഫയും . പക്കാ ഖുറൈശിയായ ഒരു ഖലീഫ കറുത്ത തൊലിയും കുരുമുളക് പോലെ ചുരുണ്ട മുടിയുള്ള അബിസീനിയൻ വൃദ്ധനെ കാത്ത് ആൾക്കൂട്ടത്തിലിരിക്കുന്ന രംഗം ഒന്ന് മനസ്സിൽ കണ്ടു നോക്കൂ. വൃദ്ധൻ തന്റെ നമസ്കാരം കഴിഞ്ഞ് ഓരോരുത്തരെയായി കാണുന്നു. തന്റെ ഊഴമെത്തിയപ്പോൾ ഖലീഫയും അദ്ദേഹത്തിന്റെ അടുത്തെത്തി കാൽമുട്ട് അദ്ദേഹത്തോട് ചേർന്നിരുന്നു ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു :
“ഈ ബഹുമാനം താങ്കൾക്കെങ്ങനെ ലഭിച്ചു?”
അപ്പോളദ്ദേഹം പറഞ്ഞു:
“ജനങ്ങളുടെ ഭൗതിക ജീവിതത്തിന്റെ ഒരംശവും ഞാൻ തേടിപ്പോയിട്ടില്ല. എന്നാലും അവർ പല വിഷയത്തിലും എന്നോട് ചോദിച്ചു മനസ്സിലാക്കുന്നു.”
ഹജ്ജ് ചടങ്ങുകളുമായി ബന്ധപ്പെട്ടു തന്റെ മനസ്സിലുള്ള എല്ലാ സംശയങ്ങളും ഖലീഫ സുലൈമാൻ ശൈഖിനോട് ചോദിച്ചു മനസ്സിലാക്കി. ശൈഖ് എല്ലാ ചോദ്യത്തിനും ഹദീസുകളുടെ ശൃംഖലയടക്കം പറഞ്ഞ് അവയുടെ കർമശാസ്ത്ര വിശദീകരണങ്ങൾ നൽകുകയും ചെയ്തു കൊണ്ടിരുന്നു. എല്ലാം കഴിഞ്ഞ് അദ്ദേഹത്തോട് വെറും “ജസാകല്ലാഹു ” പറഞ്ഞ് ഖലീഫയും മക്കളും ഹറമിന്റെ പരിസരത്തേക്ക് പോവുമ്പോൾ ഒരനൗൺസ്മെന്റ് :
“ഇവിടെ അത്വാഉ ബ്നു റബാഹല്ലാത്തയാരും ഫത്‌വ നല്കരുതെന്നായിരുന്നു”
അതിന്റെയുള്ളടക്കം .
മക്കളത് തങ്ങളുടെ പിതാവിനോട് പറഞ്ഞു:
“നമ്മളെ വേണ്ട വിധത്തിൽ ആദരിക്കുക പോലും ചെയ്യാതിരുന്ന ആ മനുഷ്യനെ ഒഴിവാക്കി ഇവിടെ പറഞ്ഞ അത്വാഇന്റെ അടുക്കൽ പോവാമായിരുന്നു ”
അപ്പോൾ മന്ദസ്മിതം തൂകി ഉപ്പ അവരോട് പറഞ്ഞു :
“മക്കളേ, നമ്മൾ കണ്ട ആ ശൈഖാണ് അത്വാഅ് …”

ഇസ്ലാമിക ചരിത്രത്തിലെ ഹജ്ജ് ചിത്രത്തെ വർണ്ണശബളമാക്കിയ പല സംഭവങ്ങളിലൊരു സംഭവമാണ് കറുത്ത വംശജനായ ശൈഖിന്റേയും വെളുത്ത് തുടുത്ത ആ തങ്ങൾ കുടുംബത്തിന്റേയും സംഗമം . നമസ്കാരത്തിലെ മുസാവാതും ( തുല്യതയും ) നോമ്പിലെ മുവാസാതും (സമഭാവനയും) സകാതിലെ മുആഖാതും (സാഹോദര്യവും ) ഒത്തുചേരുന്ന ഒരു വിശ്വമഹാ സമ്മേളനമാണ് ഹജ്ജിന്റെ ആത്മാവ് നമുക്കീനാളുകളിലത് കാണാം.

ഇസ്ലാം പഠിപ്പിക്കുന്ന ഈ അധ്യാപനം ‘മഹ്മൂദും അയാസുമെന്ന’ ഉടമ / അടിമ രൂപകത്തിലൂടെ ചിത്രീകരിക്കുന്നുണ്ട് ദാർശനികനായ ഇഖ്ബാൽ . രാജാവായ മഹ്മൂദിനെ തന്റെ കൊട്ടാരത്തിലെ ഭൃത്യനായ അയാസിനോടൊപ്പം അതിസുന്ദരമായി ചിത്രീകരിക്കുന്ന അതിന്റെ സാർവ്വ ജനീന കാഴ്ചകൾ കാണാൻ ഈ കെട്ടകാലത്തും നമുക്ക് ഉതവി നല്കിയ നാഥന് സ്തുതി.

അബൂമുഹമ്മദ് അത്വാഅ് ബ്നു റബാഹ് 27 AH/ 647 CE ൽ എത്യോപ്യൻ അടിമയായിരുന്ന സ്വഫ്‌വാന്റെ മകനായി യമനിലെ തഅസ് പ്രവിശ്യയിലെ ജുന്ദ് ദേശത്താണ് ജനിച്ചത്. താബിഈങ്ങളിലെ പ്രസിദ്ധ മുഫ്തിയും ഹദീസ് പണ്ഡിതനുമായിരുന്നു. മക്കയിൽ വളരുകയും ഇബ്നു അബ്ബാസ് (റ) അടക്കമുള്ള അവിടത്തെ പണ്ഡിതൻമാരിൽ നിന്നും അവിടെയെത്തുന്ന പ്രമുഖരിൽ നിന്നും കർമശാസ്ത്രവും ഹദീസും പഠിക്കുകയും ചെയ്ത അത്വാഅ് 114AH/ 732 CE ൽ മരിച്ചു.

റഫറൻസ് :
1-وفيات الأعيان لابن خلكان ـ 2/ 420
2-صور من حياة التابعين – موسوعة النابلسي

Related Articles