Current Date

Search
Close this search box.
Search
Close this search box.

ലോകത്തിൻ്റെ കാരുണ്യം, മനുഷ്യരുടെ വിമോചകൻ

മതത്തിന് പ്രവാചകനുണ്ടാകും, പ്രവാചകന്ന് മതവും. പക്ഷേ, മനുഷ്യർക്ക് വേണ്ടത് വിമോചകനെയാണ്, നായകനെയും മാർഗ്ഗദർശിയേയുമാണ്. അതുകൊണ്ടുതന്നെ  വേദഗ്രന്ഥം നമുക്ക് ഒരു മതമോ, പ്രവാചകനെയോ തന്നില്ല. ജീവിതദർശനവും വിമോചകനുമാണ് സത്യവേദത്തിൻ്റെ സംഭാവന. ആരാധനകളുടേയും ആചാരങ്ങളുടേയും  സമുച്ചയമാണ് പൊതുവിൽ മതം! സത്യവേദമാകട്ടെ ആരാധനകളെക്കുറിച്ച് പറഞ്ഞതിലും എത്രയോ കൂടുതൽ, ഇതര ജീവിത മേഖലകളെക്കുറിച്ചാണ് പ്രതിപാദിച്ചത്. അതുകൊണ്ട്, വേദഗ്രന്ഥം വരഞ്ഞിട്ടത് മതത്തിനപ്പുറം, ജീവിതദർശനമാണ്. ആ ജീവിതദർശനത്തെ മതം എന്ന് വിളിച്ചതു തന്നെ വലിയ അബദ്ധമത്രെ!

ദൈവദൂതനെ ‘പ്രവാചകൻ’ എന്ന് വിശേഷിപ്പിക്കുന്നതും സൂക്ഷ്മാർത്ഥത്തിൽ ശരിയല്ല പോലും. പ്രവചിക്കുന്നവൻ പ്രവാചകൻ എന്നാണ് ഭാഷാർത്ഥത്തിൽ പ്രധാനം. ആധ്യാത്മിക ആചാര്യൻ എന്നും പ്രവാചകന് അർത്ഥം പറയുന്നു. വേദഗ്രന്ഥം പരിചയപ്പെടുത്തുന്ന ദൈവദൂതൻ, ഈ രണ്ട് അർത്ഥത്തിലും ഒരു കേവല പ്രവാചകനല്ല! അതുകൊണ്ട് ഈ ആശയങ്ങളിൽ, ‘പ്രവാചകൻ’ എന്ന് അദ്ദേഹത്തെ വിളിക്കരുതെന്ന് അഭിപ്രായപ്പെടുന്നു ചിലർ. ഭാവി പ്രവചിക്കുകയല്ല, നീതി സ്ഥാപിക്കുകയാണ് ദൈവദൂതൻ്റെ നിയോഗം. അദ്ദേഹത്തിൻ്റെ ഒറ്റപ്പെട്ട ചില പ്രവചനങ്ങൾ പോലും, നീതി പുലരുന്ന ലോകത്തെയും അനീതി വാഴ്ച്ചയുടെ ദുരന്തത്തെയും കുറിച്ചാണല്ലോ.

Also read: വധശിക്ഷ വിധിച്ച് ഹജ്ജാജ്; ഹൃദയം കീഴടക്കി ഹസന്‍ബസ്വരി

മതത്തിൻ്റെ പ്രവാചകൻ എന്നല്ല, മനുഷ്യരുടെ വിമോചകൻ എന്നാണ് സത്യവേദം ദൈവദൂതനെ പരിചയപ്പെടുത്തുന്നത്. വെറുമൊരു സമുദായ നേതാവല്ല, മുഴുലോകത്തിൻ്റേയും മാർഗ്ഗദർശിയാണ് അദ്ദേഹം. “മനുഷ്യര്‍ക്ക് ഒന്നടങ്കം സുവിശേഷകനും മുന്നറിയിപ്പുകാരനും ആയിട്ടുതന്നെയാകുന്നു നാം നിന്നെ നിയോഗിച്ചത്.” മുപ്പത്തിനാലാം അധ്യായത്തിലെ ഇരുപത്തിയെട്ടാം വചനം. ‘മുഴുവൻ മനുഷ്യർക്കും’ എന്ന് എത്ര തെളിമയോടെയാണ് ദൈവദൂതനെ പരിചയപ്പെടുത്തുന്നത്. അതെ, എല്ലാ മനുഷ്യർക്കും മതക്കാർക്കും മതരഹിതർക്കും അവകാശപ്പെട്ട സന്ദേശവാഹകനാണ് ദൈവദൂതൻ. ലോകത്തിൻ്റെ ഗുരുവാണ് അദ്ദേഹം. ജീവിതത്തിൽ പഠിക്കാനും പകർത്താനും ഏറെയുള്ള മാതൃകാപുരുഷൻ. എന്തെല്ലാം മൂല്യങ്ങൾ, സംസ്കാര പാഠങ്ങൾ അദ്ദേഹം പകർന്നു തന്നു! അവയിൽ എല്ലാ മനുഷ്യർക്കുമുള്ള വെളിച്ചമുണ്ട്. “പ്രഖ്യാപിക്കുക: അല്ലയോ ജനങ്ങളേ, നിങ്ങൾ എല്ലാവരിലേക്കുമുള്ള ദൈവദൂതനാകുന്നു ഞാന്‍”. ഏഴാം അധ്യായം നൂറ്റി അമ്പത്തിയെട്ടാം വചനം. നോക്കൂ, ‘എല്ലാവരിലേക്കുമുള്ള’! എത്രമേൽ ആലോചനാപരമായിട്ടാകണം സത്യവേദം ഈ സൂക്തം ചിട്ടപ്പെടുത്തിയത്!

‘ജനങ്ങൾക്ക് എല്ലാവർക്കുമുള്ള ദൈവദൂതൻ’ എന്ന് പറയുമ്പോൾ, കേവല  മത സാമുദായികതയുടെ പുറംതോട് പൊട്ടിച്ച്, മുഴുവൻ മനുഷ്യരിലേക്കും ആ മഹാനുഭാവൻ ഇറങ്ങിച്ചെല്ലുന്നു. ആ വലിയ മനുഷ്യൻ സമൂഹത്തിൻ്റെ പൊതുസ്വത്തായി മാറുന്നു. ദൈവദൂതൻ്റെ ജീവിതം പരിശോധിക്കൂ. അദ്ദേഹത്തിൻ്റെ നീതിയും സ്നേഹവും, കാരുണ്യവും സഹായവും മത-സമുദായ അതിരുകൾ ഭേദിച്ച് അർഹതപ്പെട്ട എല്ലാ മനുഷ്യരിലേക്കും എത്തിച്ചേർന്നു. നീതിയും വിധിതീർപ്പും സഹായവും തേടി എല്ലാ വിഭാഗം മനുഷ്യരും അദ്ദേഹത്തെ സമീപിച്ചു. “ലോകര്‍ക്ക് ആകമാനം അനുഗ്രഹമായിട്ടല്ലാതെ നാം താങ്കളെ നിയോഗിച്ചിട്ടില്ല” എന്ന ദൈവവചനം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ വ്യക്തിത്വം! സത്യവേദം ഇരുപത്തിയൊന്നാം അധ്യായത്തിലെ നൂറ്റി ഏഴാം സൂക്തമാണിത്.

Also read: തൂവെള്ള ഹൃദയങ്ങളുടെ ആഘോഷം

ഒരു കാലത്തിൻ്റെ, പട്ടണത്തിൻ്റെ, ദേശത്തിൻ്റെ അതിരുകളിൽ ബന്ധിതനല്ല ദൈവദൂതൻ. ഒരു കുടുംബത്തിൻ്റെ, ഗോത്രത്തിൻ്റെ, സമുദായത്തിൻ്റെ മേൽവിലാസത്തിൽ അറിയപ്പെടേണ്ടതല്ല അദ്ദേഹത്തിൻ്റെ സന്ദേശം. ദൈവമാണ് അദ്ദേഹത്തിൻ്റെ മേൽവിലാസം, ആദർശമാണ് അദ്ദേഹത്തിൻ്റെ വ്യക്തിത്വം, ഭൂമിലോകം മുഴുവനാണ് അദ്ദേഹത്തിൻ്റെ തറവാട്. മുഴുലോകത്തെയും സകല മനുഷ്യര്‍ക്കും വേണ്ടി എല്ലാ കാലത്തേക്കുമുള്ള മാർഗ്ഗദർശി. അദ്ദേഹത്തെ വിശ്വസിച്ച്, അനുധാവനം ചെയ്താൽ ഇരട്ടവിജയം. വിശ്വസിച്ച് അംഗീകരിക്കാതെ, അദ്ദേഹത്തിൻ്റെ ആശയങ്ങളും അധ്യാപനങ്ങളും സാമൂഹിക ജീവിതത്തിലും മറ്റും പുലർത്തിയാൽ ഭൂമിയിൽ മാത്രമായ പ്രയോജനം. കോവിഡ് കാലത്തെ, സമ്പർക്ക നിയന്ത്രണവും ശുചിത്വ ബോധവും സാമൂഹിക സഹായങ്ങളുമൊക്കെയായി ലോകം ഏറ്റെടുത്ത ദൈവദൂതൻ്റെ മാതൃകകൾ എത്രയെങ്കിലും ഉണ്ടല്ലോ. ‘ലോകര്‍ക്ക് ആകമാനം, മനുഷ്യർക്ക് ഒന്നടങ്കം, ജനങ്ങൾക്ക് എല്ലാവർക്കും’ തുടങ്ങിയ വേദവിശേഷണങ്ങൾ അനുഭവ സത്യങ്ങളാകുന്നതിൻ്റെ സമകാലിക ഉദാഹരണങ്ങൾ!

“ഞാന്‍ ചുകന്നവരിലേക്കും കറുത്തവരിലേക്കും നിയോഗിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ മുഴുവന്‍ മനുഷ്യരിലേക്കും പൊതുവായി നിയോഗിക്കപ്പെട്ടവനാകുന്നു. എനിക്കു മുമ്പുള്ളവര്‍ അവരവരുടെ സമുദായത്തിലേക്ക് മാത്രമാണ് നിയോഗിക്കപ്പെട്ടിരുന്നത്”. ഇത്, ദൈവദൂതൻ സ്വയം പരിചയപ്പെടുത്തിയതാണ്. എന്നിട്ടും ആ ദൈവദൂതൻ, തങ്ങളുടെ മാത്രം പുണ്യപുരുഷനും, ആരാധനകളുടെ മാത്രം ആചാര്യനുമായി ചുരുങ്ങിപ്പോകുന്നത് എങ്ങനെ! കേവല പ്രകീർത്തനങ്ങളുടെ അധരമധുരങ്ങളിൽ ആ വിശ്വവിമോചകൻ പരിമിതപ്പെട്ടുപോയത് എന്തുകൊണ്ട്! ‘പക്ഷേ, അധികജനവും അറിയുന്നില്ല’. ആദ്യം ഉദ്ധരിച്ച ഇരുപത്തിയെട്ടാം വചനത്തിൻ്റെ അന്ത്യഭാഗം തന്നെയല്ലേ ഇതിൻ്റെ ഉത്തരം?

Related Articles