Current Date

Search
Close this search box.
Search
Close this search box.

ഖുർആനും ആധുനിക ശാസ്ത്രവും

വിഖ്യാത ശാസ്ത്രജ്ഞൻ ഡോ: മോറീസ് ബുക്കായ് ലണ്ടനിലെ ഫ്രഞ്ച് അക്കാദമി ഓഫ് മെഡിസിനിൽ 1976 ൽ നടത്തിയ Quran & modern Science എന്ന തലക്കെട്ടിലുള്ള പ്രഭാഷണത്തിൽ നിന്ന്:

“ആധുനിക ശാസ്ത്രം കണ്ടെത്തിയ വസ്തുതകളുമായി പൊരുത്തപ്പെടുന്ന അനേകം സൂചനകൾ ഖുർആനിലുണ്ട്. നവീന ശാസ്ത്രജ്ഞന്മാരെ ഖുർആൻ ഒരു കാന്തം പോലെ ആകർഷിക്കുന്നതിനുള്ള കാരണവും അതാണ്. ശാസ്ത്രത്തെ അടിത്തറയാക്കി ഭൗതിക നാസ്തികത ദൈവ വിശ്വാസത്തെ പുറം തള്ളി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിൽ ഖുർആനിലെ ശാസ്ത്ര സൂചനകളുടെ മൂല്യം അപാരമാണ്. ഖുർആൻ വചനങ്ങളെല്ലാം ശരിയായി മനസ്സിലാക്കുന്നതിന് ഒരു വിശ്വ വിജ്ഞാനകോശത്തിലെ അറിവ് മുഴുവൻ ആവശ്യമാണെന്നതാണ് പരമാർത്ഥം. അതായത് അനേകം വൈജ്ഞാനിക ശാഖകളിൽ വ്യുൽപത്തി നേടിയിരിക്കണമെന്നു സാരം.

ജ്യോതിശാസ്ത്രം, ഭൂമി, ജന്തു, സസ്യജാലങ്ങൾ, മനുഷ്യൻ, മനുഷ്യൻ്റെ പ്രത്യുൽപാദനം എന്നിങ്ങനെയുള്ള ശീർഷകങ്ങളിൽ ഖുർആനിൻ്റെ ശാസ്ത്ര സൂചനകൾ ക്രോഡീകരിക്കാവുന്നതാണ്.

“ആകാശഭൂമികൾ ഒട്ടിപ്പിടിച്ച് ഒന്നായി ചേർന്നതായിരുന്നു. നാം അവയെ വേർപ്പെടുത്തിയത് അവിശ്വാസികൾ മനസ്സിലാക്കുന്നില്ലേ?” (21:30) എന്നിങ്ങനെ വിഭിന്ന ലോകങ്ങൾ വേർപ്പെടുത്തിയത് സംബന്ധിച്ച് ഖുർആനിൽ ഒരു ഡസനിലേറെ സ്ഥലങ്ങളിൽ പ്രസ്താവനയുണ്ട്. “അൽ ഫാതിഹ” അധ്യായത്തിലെ ഒന്നാമത്തെ സൂക്തം ഇപ്രകാരമാണ്: “ലോകങ്ങളുടെ നാഥനായ അല്ലാഹുവിന് സർവ്വ സ്തുതിയും” ഈ പ്രസ്താവനകളെല്ലാം ആധുനിക ശാസ്ത്രത്തിൻ്റെ ആശയങ്ങളുമായി പൊരുത്തപ്പെട്ടവയാണ്. പ്രഥമ ഘട്ടത്തിൽ നെബുല, പിന്നീട് വിഘടനത്തിൻ്റെ പ്രാരംഭമായി പ്രത്യേക പിണ്ഡം, അവയുടെ വിഭജന ഫലമായി ഗാലക്സികളും അവയിൽ നിന്ന് നക്ഷത്രങ്ങളും, നക്ഷത്രങ്ങളിൽ നിന്ന് ഗ്രഹങ്ങളും രൂപം പൂണ്ടു എന്നാണല്ലോ ആധുനിക വിഭാവന.

“ആകാശഭൂമികളെയും അവക്കിടയിലുള്ളതിനെയും സൃഷ്ടിച്ച അല്ലാഹു ഏകനാണ് ” (25:59) എന്ന ഖുർആനിക പ്രഖ്യാപനം വ്യവസ്ഥാപിതമായ ജ്യോതിർ മണ്ഡലങ്ങൾക്കിടയിൽ സവിശേഷമായ പദാർത്ഥ സഞ്ചയത്തിൻ്റെ ഇടനിലങ്ങൾ (Bridges) ഉള്ളതായി പ്രഖ്യാപിക്കുന്ന ആധുനിക കണ്ടുപിടുത്തങ്ങളോട് ഏറെ യോജിക്കുന്നതാണ്.

സൂര്യനും ചന്ദ്രനും ആകാശത്തിൽ നിന്നും ഭിന്നമായി പ്രകാശിക്കുന്ന രണ്ടു ഗോളങ്ങളായി ബൈബിൾ വിവരിക്കുമ്പോൾ ഖുർആൻ അവയെ വെവ്വേറെ കാണുകയും വ്യത്യസ്ത വിശേഷണങ്ങൾ നൽകുകയും ചെയ്യുന്നു. ചന്ദ്രനെ പ്രകാശം (നൂർ) എന്നും സൂര്യനെ വിളക്ക് ( സിറാജ് ) എന്നുമാണ് വിശേഷിപ്പിക്കുന്നത്.ആദ്യത്തേത് പ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രം ചെയ്യുമ്പോൾ രണ്ടാമത്തേത് നിരന്തരമായ ജ്വലനത്തിലൂടെ ചൂടും വെളിച്ചവും ഉൽപ്പാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു. നക്ഷത്രത്തെയും പ്രത്യേകമായ വിശേഷണമുപയോഗിച്ചാണ് വിവരിക്കുന്നത്. അന്ധകാരത്തിൽ സ്വയം ജ്വലിച്ച് നശിക്കുന്ന അസ്തിത്വത്തെ കുറിക്കാൻ “ഥാഖിബ് ” എന്ന പദം ഉപയോഗിച്ചിരിക്കുന്നു. “കൗകബ് ” എന്ന പദം, പ്രകാശം ഉൽപ്പാദിപ്പിക്കാത്ത, പ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രം ചെയ്യുന്ന ഗോളങ്ങളെ (ഗ്രഹങ്ങൾ ) സൂചിപ്പിക്കുന്നു.

ആകർഷണ ശക്തി കൊണ്ട് നിർണിത സഞ്ചാര പഥങ്ങളിൽ ബന്ധിതമായി ആകാശ ഗോളങ്ങൾ ചലിക്കുന്നു എന്ന കാര്യം ഇന്ന് പരക്കെ അറിയപ്പെടുന്നതാണ്. അൽ അമ്പിയാഅ അധ്യായത്തിൽ ഖുർആൻ ഉദ്ഘോഷിച്ചത് ഇത് തന്നെയാണ്: “രാത്രിയെ
യും പകലിനെയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചവൻ! എല്ലാം ഓരോ പഥങ്ങളിൽ ചലിച്ചു കൊണ്ടേയിരിക്കുന്നു” (21:33)

രാവും പകലും തുടർച്ചയായി സംഭവിക്കുന്നത് ആധുനിക സാങ്കേതിക ശൈലിയിൽ ഖുർആൻ വിവരിക്കുന്നത് വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ്. അസ്സുമർ അധ്യായത്തിലെ സൂക്തം അഞ്ചിൽ “കവ്വറ” എന്ന ക്രിയാപദമാണ് ഉപയോഗിച്ചിരിക്കുന്നത്. പകൽ രാത്രിയെ ചുറ്റുന്നു, ശിരോവസ്ത്രം ചുറ്റുന്നതുപോലെ. ഇത് വളരെയേറെ പ്രസക്തമായ ഉപമയാണ്. ഖുർആൻ അവതരിക്കുന്ന കാലത്ത് ഇതു സംബന്ധിച്ച ജ്യോതിശ്ശാസ്ത്ര രഹസ്യങ്ങൾ അറിയപ്പെട്ടിരുന്നില്ല.

ആകാശങ്ങളുടെ പരിണാമങ്ങളെക്കുറിച്ചും സൂര്യൻ്റെ നിർണിത സ്ഥാനത്തെക്കുറിച്ചും ഖുർആനിൽ പരാമർശങ്ങളുണ്ട്. ആധുനിക വിജ്ഞാനത്തിൻ്റെ വിശദാംശങ്ങളിൽപ്പോലും യോജിക്കുന്ന വിധം പ്രപഞ്ചത്തിൻ്റെ വികാസത്തെക്കുറിച്ചും ഖുർആൻ പ്രതിപാദിക്കുന്നുണ്ട്. മനുഷ്യൻ ശൂന്യാകാശത്തെ കീഴടക്കുന്നതിനെക്കുറിച്ച സൂചനയും ഖുർആനിൽ കാണാം.

നമുക്ക് ഭൂമിയിലേക്ക് മടങ്ങി വരാം. ഉദാഹരണത്തിന് ഈ സൂക്തം പരിശോധിക്കുക: “അല്ലാഹു ആകാശത്തു നിന്ന് വെള്ളം ഇറക്കി ഭൂമിയിൽ ഉറവകളാക്കിയത് നീ കാണുന്നില്ലേ? പിന്നീടതു മൂലം വയലുകളിൽ വ്യത്യസ്ത വർണങ്ങൾ വളരാൻ കാരണമാക്കി ” ( 39:21) ഇന്ന് ഇക്കാര്യം സാധാരണമായ ഒന്നായി നമുക്ക് തോന്നാം. പക്ഷെ വളരെക്കാലം മുമ്പ് അതായിരുന്നില്ല അവസ്ഥ. പതിനാറാം നൂറ്റാണ്ടിൽ പ്രകൃതിയിലെ ജല പരിവൃത്തിയെക്കുറിച്ച് അംഗീകൃതമായ വിവരങ്ങൾ ലഭിക്കുന്നതു വരെ അതു സംബന്ധിച്ച ധാരണ പലതായിരുന്നു. സമുദ്രത്തിലെ ജലം കാറ്റിൻ്റെ ശക്തി കൊണ്ട് ഭൂമിയുടെ ആന്തരിക തലങ്ങളിലേക്ക് അടിച്ചു കയറി ഉറവകൾ രൂപം പ്രാപിക്കുന്നു എന്നതായിരുന്നു ഒരു ധാരണ. ആ വെള്ളം വീണ്ടും സമുദ്രത്തിലേക്ക് അരുവികളായി ഒഴുകുന്നു. പ്ലാറ്റോയുടെ കാലം മുതൽ “ടാർ ടറസ്” (Tarturess ) എന്നാണു് ഈ ജല പ്രവാഹങ്ങളെ വിളിച്ചിരുന്നത്.പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദെക്കാർത്തയെപ്പോലുള്ള ഉന്നത പണ്ഡിതർ വരെ ഈ തിയറിയിൽ വിശ്വസിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽപ്പോലും അരിസ്റ്റോട്ടിൽ തിയറിയെക്കുറിച്ച സംസാരമുണ്ടായിരുന്നു. തണുത്ത പർവ്വത ഗഹ്വരങ്ങളിൽ വെള്ളം ഉറഞ്ഞു വലിയ ഭൂഗർ ഭ തടാകങ്ങൾ ഉണ്ടാവുകയും അവയിൽ നിന്ന് ഭൂമിയിലെ ഉറവകൾക്ക് ജലം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് അരിസ്റ്റോട്ടിൽ തിയറി.

ഭൂ ഗർഭശാസ്ത്രം (Geology) അടുത്ത കാലത്തായി കണ്ടെത്തിയ ഒരറിവാണ് മലകൾ രൂപം പ്രാപിച്ചത് ഭൂ മടക്കുകളിൽ നിന്നാണെന്ന്. പർവ്വതങ്ങളുടെ സുസ്ഥിരത ഭൂ മടക്കുകളുമായി ( Foldings) ബന്ധപ്പെട്ടിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. പർവ്വതങ്ങൾക്ക് അസ്തിവാരമായി വർത്തിക്കുന്നതും ഈ ഭൂ മടക്കുകളാണ്. ആധുനികമായ ഈ വിജ്ഞാനങ്ങളെ താഴെ പറയുന്ന ഖുർആൻ സൂക്തവുമായി താരതമ്യം ചെയ്യുക: “ഭൂമിയെ നാം വിശാലമാക്കിയില്ലേ? പർവ്വതങ്ങളെ ആണികളാക്കിയില്ലേ?” (78: 6-7 ) “ഔത്താദ് ” (ആണികൾ) എന്നാൽ കൂടാരം ഉറപ്പിക്കുന്നതിനു വേണ്ടി ഭൂമിയിൽ ആഴ്ത്തുന്ന, കൂർത്ത മുനകളോടുകൂടിയ തൂണുകളാണ്. പർവ്വതങ്ങൾക്ക് ഉറപ്പു നൽകാൻ ഭൂ ഗർഭത്തിൽ വർത്തിക്കുന്ന ഭൂ മടക്കുകൾക്ക് ഏറ്റവും യോജിച്ച പ്രയോഗം! (തുടരും)

Related Articles