Vazhivilakk

നാമെത്ര ഭാഗ്യവാന്മാര്‍!

മനുഷ്യര്‍ ഇല്ലായ്മകളിലേക്ക് മാത്രമാണ് നോക്കുന്നത്. അവര്‍ നടപ്പിലാവാത്ത ആഗ്രഹങ്ങളെ കുറിച്ചും അനുഭവിക്കേണ്ടി വന്ന പരീക്ഷണങ്ങളെ കുറിച്ചുമാണ് ചിന്തിക്കുന്നത്. ദൈവം കനിഞ്ഞരുളിയ എണ്ണമറ്റ അനുഗ്രഹങ്ങളെ ആരും കാണാന്‍ ശ്രമിക്കുന്നില്ല. ‘അല്ലാഹിവിന്റെ അനുഗ്രഹങ്ങളെ എണ്ണി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ’ (ഇബ്രാഹീം: 34). എല്ലാ മനുഷ്യര്‍ക്കും അല്ലാഹു അളവറ്റ അനുഗ്രഹം നല്‍കിയിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ ജീവിക്കുന്നത്. വെള്ളം, വായു, സൂര്യന്‍, ചന്ദ്രന്‍, രാവ്, പകല്‍ തുടങ്ങിയവ മനുഷ്യ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ‘നബിയേ പറയുക, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിതീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ട് വന്ന് തരിക? എന്നരിക്കെ കേട്ടുമനസ്സിലാക്കുന്നില്ലേ? നബിയേ പറയുക, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയര്‍ത്തേഴുന്നേല്‍പിന്റെ നാളുവരെ നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഒരു രാത്രികൊണ്ട് വന്ന് തരിക? എന്നിരിക്കെ നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ?(അല്‍ഖസസ്:71,72).

നമ്മുടെ ശരീരത്തിലേക്ക് നോക്കിയാല്‍ ദൈവത്തിന്റെ അനുഗ്രഹത്തെ കണ്ടെത്താന്‍ കഴിയുന്നതാണ്. കാഴ്ച, കേള്‍വി, സംസാരം, രുചി തുടങ്ങിയവ നമ്മുക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളാണ്. ഒരുവന് കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട് ഒരുപാട് പണം ലഭിച്ചിട്ടെന്ത് കാര്യം! ഊമയായ മനുഷ്യന് വലിയ കൊട്ടാരമുണ്ടായിട്ട് എന്ത് കാര്യം! കാല് നഷ്ടപ്പെടുത്തി രാജ്യത്തിന്റെ ഭരണാധികാരിയാവാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ? ദൈവത്തില്‍ നിന്നുളള അനുഗ്രഹം എത്ര മഹത്തരം! നമ്മുടെ ഇണകളിലേക്കും സന്താനങ്ങളിലേക്കും നോക്കുക, എത്രയാളുകളാണ് സന്താന ലബ്ധിക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്! നമ്മള്‍ ദരിദ്രന്റെ അനുഗ്രഹങ്ങളിലേക്ക് കണ്ണോടിക്കുക. ഒരു മനുഷ്യന്‍ ഇബ്‌നു ഉമര്‍(റ)വിന്റെ അടുക്കല്‍ വന്ന് ദാരിദ്രത്തെ കുറിച്ച് പരാതി പറഞ്ഞു. ഇബ്‌നു ഉമര്‍(റ) അദ്ദേഹത്തോട് ചോദിച്ചു: നിനക്ക് താമസിക്കാന്‍ കുടിലില്ലേ? അദ്ദേഹം പറഞ്ഞു: അതെ, എനിക്ക് കുടിലുണ്ട്. വീണ്ടും ഇബ്‌നു ഉമര്‍(റ) അദ്ദേഹത്തോട് ചോദിച്ചു: നിനക്ക് ഭാര്യയില്ലേ? അദ്ദേഹം പറഞ്ഞു: അതെ, കാത്തിരിക്കാന്‍ ഇണയുണ്ട്. ഇബ്‌നു ഉമര്‍(റ) പറഞ്ഞു: എന്നാല്‍ നീ ധനികനാണ്. അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു: എനിക്ക് ഒരു അടിമയുമുണ്ട്. ഇബ്‌നു ഉമര്‍(റ) പറഞ്ഞു: എന്നാല്‍ താങ്കള്‍ രാജാവാണ്. ഇത്തരത്തിലാണ് വിശ്വാസികള്‍ കാര്യങ്ങല്‍ നോക്കികാണേണ്ടത്.

നമുക്ക് ലഭ്യമായ അനുഗ്രഹങ്ങള്‍ എണ്ണി നോക്കുകയാണെങ്കില്‍ നമ്മുടെ ഈ ആയുസ്സ് മതിയാവുകയില്ല. ഒരിക്കലും അത് തിട്ടപ്പെടുത്താനും കഴിയില്ല. പരീക്ഷണങ്ങളെ കുറിച്ച് നാം ഭീതിയിലാവുമ്പോഴും മറ്റുള്ളവരിലേക്ക് നോക്കുമ്പോള്‍ നാമെത്ര ഭാഗ്യവാന്മാരാണെന്ന് ബോധ്യപ്പെടും. കൂടാതെ, ക്ഷമ കൈ കൊള്ളുന്നവന് ലഭിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ച് പ്രവാചകന്‍ പറയുന്നു: ‘പരീക്ഷണങ്ങളനുഭവിക്കേണ്ടി വന്നവര്‍ക്ക് ഖിയാമത്ത് നാളില്‍ നല്‍കപ്പെടുന്ന പ്രതിഫലത്തെ കുറിച്ച് ദുനിയാവിലുളളവര്‍ വല്ലാതെ മോഹിക്കും’. പരീക്ഷണം അളളാഹുവിനെ ഓര്‍മിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ ലഭിക്കുവാനുമുളള കാരണങ്ങളാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ചിലപ്പോള്‍ എല്ലാം പ്രതികൂലമായ ബാധിക്കുകയും അനുഗ്രഹങ്ങളെല്ലാം ലഭ്യമാവാതിരിക്കുകയും ചെയ്യുന്നവെങ്കിലും, ഇസ്‌ലാമിക വിശ്വാസം ലഭ്യമായി എന്നതാണ് ഏറ്റവും വലിയ അനുഗ്രഹമായി വിശ്വാസികള്‍ മനസ്സിലാക്കുക. ‘തങ്ങള്‍ മുസ്‌ലിങ്ങളായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ച് പോകും’ (അല്‍ഹിജ് റ് : 2). നമ്മുടെ ദൃഷ്ടിയെ നാം നമ്മിലേക്ക്  പരിമിതമാക്കുകയല്ല മറിച്ച,് കാര്യങ്ങളെ വിശാലമായി വീക്ഷിക്കുകയാണെങ്കില്‍ പരീക്ഷണങ്ങളെ അനുഗ്രഹമായി കാണാന്‍ കഴിയും. അതുകൊണ്ട് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുകയും ക്ഷമിച്ച് കൊണ്ട് മുന്നോട്ടു പോവുകയും ചെയ്യുക.

അവലംബം: അല്‍ഫുര്‍ഖാന്‍
വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Show More

Related Articles

Close
Close