Current Date

Search
Close this search box.
Search
Close this search box.

“മോനെ എനിക്കു വേണ്ടി നീ പ്രാർത്ഥിക്കണം”

The period of Umar

സമാധാനം കളിയാടുന്ന ഒരു ദേശമാണ് അബൂബക്കറിൽ നിന്ന് ഉമറിന് ലഭിച്ചത്. അവർ രണ്ടു പേരിലും അല്ലാഹു തൃപ്തിപ്പെടട്ടെ. ‘സാമൂഹിക നീതി’ ഉമറിന്റെ ഭരണ നൈപുണ്യത്തിന്റെ തേരിലേറി ദേശങ്ങൾ താണ്ടി. ഇസ്ലാമിക സാമ്രാജ്യം ഏറെ വലുതായി. അച്ചടക്കം, വ്യവസ്ഥ, നീതി എന്നിവ സമഞ്ജസമായി സ്ഥാപിക്കപ്പെട്ടത് ഉമറിന്റെ കാലഘട്ടത്തിന്റെ പ്രത്യേകത ആണ്.

നീതി നടപ്പിലാവുന്നതിന്റെ എത്ര എത്ര ചരിത്ര മുഹൂർത്തങ്ങളാണ് ആ കാലഘട്ടം വരച്ചിട്ടതെന്നോ?

“അംറേ എപ്പോഴാണ് നിങ്ങൾ ജനങ്ങളെ അടിമകളാക്കാൻ തുടങ്ങിയത്, മാതാക്കൾ അവരെ സ്വതന്ത്രരായിട്ടാണല്ലോ പ്രസവിച്ചത് ?”
ഈജിപ്ത് ഗവർണ്ണറായിരുന്ന അംറ്ബ്നു ആസ്(റ)-ന്റെ മകൻ അധികാര ഗർവ്വിൽ ഒരു സാധാരണക്കാരനെ അന്യായമായി മർദ്ദിച്ചു എന്ന പരാതി മദീനയിലെത്തി. പരാതിക്കാരന് തിരിച്ചടിക്കാൻ അവസരം നൽകിയശേഷം ഖലീഫ ഉന്നയിച്ച ഈ ചോദ്യം ഇസ്ലാം വിളംബരം ചെയ്യുന്ന മനുഷ്യ സ്വാതന്ത്ര്യത്തിന്റെ പ്രഘോഷണമായിരുന്നു.

അഹങ്കാരം, അധികാരം, സമ്പത്ത് തുടങ്ങിയ ഇലാഹുകൾ മാതൃകാ സമൂഹത്തിലേക്ക് നുഴഞ്ഞുകയറുന്നത് തടയാനുള്ള പോരാട്ടമായിരുന്നു ഉമറിന്റെ കാലഘട്ടം. അതിൽ ഉമറിനോളം വിജയിച്ച മറ്റൊരു ഖലീഫ ഇല്ല താനും. പല പ്രമുഖരും നടപടികൾക്ക് വിധേയമായിട്ടുണ്ട്. സമൂഹത്തിലെ ഏതൊരു സാധാരണക്കാരനും കിട്ടുന്ന അവകാശം മാത്രമേ ഖലീഫ ആയിരിക്കുമ്പോൾ അദ്ദേഹം സ്വീകരിച്ചിരുന്നുള്ളു.

സ്വജീവിതത്തിനു കുറച്ചു കൂടി ശ്രദ്ധ കൊടുക്കണമെന്ന മകളും വിശ്വാസികളുടെ മാതാവുമായിരുന്ന ഹഫ്‌സ(റ)യുടെ അഭ്യർത്ഥനയോടു ഉമർ പ്രതികരിച്ചതിങ്ങനെ.

“ഞാൻ അങ്ങിനെ ചെയ്താൽ, എന്റെ രണ്ടു കൂട്ടുകാരിൽ നിന്ന് വഴിപിരിഞ്ഞു പോകലായിരിക്കുമത്. യാത്രയുടെ അവസാനം അവരെയെനിക്ക് കണ്ടുമുട്ടേണ്ടതുണ്ട്”

ഒരിക്കലദ്ദേഹം ഇങ്ങിനെ പറഞ്ഞു “അല്ലാഹുവാണേ ഞാൻ ഖലീഫയാണോ, രാജാവാണോ എന്നെനിക്കറിയില്ല. രാജാവാണെങ്കിൽ അതൊരു പേടിക്കേണ്ട സംഗതി തന്നെ”

കൊച്ചു കുട്ടികളെ കണ്ടാൽ ഉമർ പറയും: “മോനെ എനിക്കു വേണ്ടി നീ പ്രാർത്ഥിക്കണം, ഒരു കുറ്റവും ചെയ്യാത്ത കുട്ടിയാണല്ലോ നീ”
സമ്പത്ത് ഒഴുകിയെത്തിയപ്പോഴൊക്കെ രാഷ്ട്ര പുനർ നിർമാണത്തിന് വേണ്ടി ചെലവഴിച്ചുകൊണ്ട് സുശക്തമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തശേഷമാണ് ഉമർ യാത്രയാവുന്നത്. മദീനയിൽ വച്ചുള്ള മരണം, രക്തസാക്ഷിയാവുക. ഇത് രണ്ടും ഉമറിന്റെ ആഗ്രഹമായിരുന്നു. ഇത് രണ്ടും പൂർത്തീകരിക്കാനെന്നോണമാണ് ഖലീഫക്ക് മദീനപ്പള്ളിയിൽ വച്ച് കുത്തേറ്റത്‌. മാരകമായി പരിക്കേറ്റു എന്ന് ബോധ്യപ്പെട്ട സന്ദർഭത്തിൽ ഉമറിന് അബൂബക്കറിന്റെ മാതൃക പിന്തുടരാമായിരുന്നു. മകനായിരുന്ന അബ്ദുല്ലാഹ് ഇബ്നു ഉമറിനെ ഖലീഫയായി നിയോഗിക്കണമെണ് വ്യാപകമായ ആവശ്യമുയർന്നു.

അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) സാത്വികനാണ്, പണ്ഡിതനാണ്, ഭരണ നിർവ്വഹണത്തിൽ പിതാവിനോടൊപ്പം പ്രവർത്തിച്ച് പരിചയവുമുണ്ട്. പക്ഷെ ഉമറിന്റെ പ്രതികരണമിങ്ങനെയായിരുന്നു.

“ഖത്താബിന്റെ കുടുംബത്തിൽ ഭരണ നിർവ്വഹണമെന്ന ഭാരത്തിന് അല്ലാഹു വിചാരണ ചെയ്യുന്ന മറ്റൊരാൾ കൂടി ഉണ്ടാവുന്നത് ഞാനിഷ്ടപ്പെടുന്നില്ല”.

ഖിലാഫത്ത് എന്നത് ജനങ്ങളെയും, ഭൂമിയെയും സംസ്കരിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമെന്ന് മനസ്സിലാക്കിയ തെളിച്ചമുള്ള ഖലീഫമാരും അധികാരമാണെന്നു തെറ്റിദ്ധരിച്ച രാജാക്കന്മാരും ഇസ്ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഖിലാഫത്തിനെ കുറിച്ചുള്ള നമ്മുടെ ധാരണകളും പ്രധാനമാണല്ലോ?

തുടർന്ന് പിൻഗാമിയെ നിശ്ചയിക്കാനായി ആറംഗ സമിതിയെ ചുമത്തപ്പെടുത്തിയതിനു ശേഷമാണ് ഉമറിന്റെ അല്ലാഹുവിലേക്കുള്ള തിരിച്ചുപോക്ക്. ഓരോ നേതൃത്വ കൈമാറ്റങ്ങളും വികസിച്ച രീതി ആധുനിക ജനായത്ത രീതികളിലേക്കുള്ള അടയാളങ്ങളായി.
ജനങ്ങളുടെ സേവകരായി അടയാളപ്പെടുത്തിയ ഈ ഖലീഫമാരുടെ മാതൃകകൾ നമ്മെ അതിശയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടു തന്നെ ദുരധികാരത്തിന്റെ ദ്രംഷ്ടകളിൽ കുരുങ്ങിയ മനുഷ്യരുടെ വിലാപങ്ങളിൽ ഖിലാഫത്ത് നീതിയുടെ പ്രതീകമാവുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles