Current Date

Search
Close this search box.
Search
Close this search box.

എന്നാണാവോ പ്രവാചകന്റെ ചിരിയുടെ പ്രകാശമെത്തുക?

പ്രവാചകൻ പൊട്ടിച്ചിരിക്കാറില്ല എന്ന് കേട്ടിട്ടുണ്ട്. സ്വയം മറന്നുള്ള അത്തരം ചിരികളിൽ ഒരു മിതത്വം കാണിച്ചിട്ടുണ്ടാവാം എന്ന് കരുതാം. ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരു വഴിയാത്രക്കാരന്റെ വിഹ്വലത ഇഹലോകജീവിതത്തിൽ കാണിച്ചിട്ടുണ്ടാവാമെങ്കിലും നറു പുഞ്ചിരിയുടെ അകമ്പടിയോടെയാവും സഹാബാക്കളും, കുട്ടികളും, ഇണകളും ഒക്കെ പ്രവാചകനെ കണ്ടിട്ടുണ്ടാവുക. അത്രമേൽ പ്രിയപ്പെട്ടൊരാളിലെ പുഞ്ചിരിക്കെത്ര മാധുര്യമുണ്ടാവും.

ചില ഹദീസുകളിൽ അണപ്പല്ലുകള്‍ തെളിയുവോളം പ്രവാചകന്‍ ചിരിച്ചുവെന്നു സൂചിപ്പിച്ച ചില സംഭവങ്ങൾ വിവരിക്കുന്നുണ്ട്. അത്രമേൽ എന്തോ കാര്യം അതിലുണ്ടായിരിക്കണം.

അതിൽ ഒന്നിതാ
റമദാനിന്റെ പകല്‍ വേളയില്‍ ഭാര്യയോടൊത്ത് ശയനം ചെയ്ത് നോമ്പ് മുറിഞ്ഞതിന് പ്രായശ്ചിത്തം തേടി വന്ന ഒരു പാവം. അല്ലാഹുവിന്റെ മുന്നിൽ വെളിപ്പെട്ടത് പ്രവാചകനോടെന്തിന് പറയാതിരിക്കണം എന്ന നിഷ്കളങ്കത കൂടി ഉണ്ടല്ലോ ആ വരവിന്.
പ്രവാചകൻ മത ശാസനകൾ വിവരിച്ചു.
അടിമകളെ മോചിപ്പിക്കണം. അയാൾ കൈമലർത്തി
എങ്കില്‍ അറുപതു നോമ്പ് നോല്‍ക്കണം. വിഷണ്ണമായ ചിരി ചിരിച്ചയാൾ തല ചൊറിഞ്ഞു .
നബിയേ അതിനും പ്രയാസമാണ്.
എന്നാൽ അറുപത് അഗതികള്‍ക്ക് അന്നം നല്‍കിയേ തീരൂ.
ദരിദ്രനായ അയാള്‍ക്കതിനെങ്ങിനെ സാധിക്കും. അയാളുടെ വിഷമാവസ്ഥ കണ്ടു ഒരാൾ സഹായത്തിനെത്തി.അറുപത് അഗതിഗള്‍ക്കുള്ള ഭക്ഷണം അയാള്‍ ഓഫർ ചെയ്തു.
ഇനി അയാള്‍ക്ക് ‌ ചെയ്യാനുള്ളത് ഇത്രമാത്രം. താന്‍ പ്രായശ്ചിത്തമായി നല്കുന്ന ഈ ഭക്ഷണം സ്വീകരിക്കാന്‍ യോഗ്യനായ ഒരു അഗതിയെ കണ്ടെത്തണം. അയാളുടെ ഗ്രാമത്തില്‍ അയാളോളം ദരിദ്രനായ മറ്റാരുമില്ല എന്ന പ്രസ്താവന ആയിരുന്നു അടുത്തത്.
പിന്നെന്താണ് വഴി
തിരുനബിക്ക് ഒരു സംശയവുമുണ്ടായില്ല. ‘അതയാള്‍ക്കും കുടുംബത്തിനും തന്നെ.’

റമദാൻ മാസത്തിൽ തെറ്റിന്റെ ഭാരവുമായി പ്രവാചക സന്നിധിയിലെത്തി അറുപത് ദിവസത്തേക്കുള്ള ഭക്ഷണവുമായി മടങ്ങി പോവാൻ മാത്രം അയാളെ പ്രാപ്തനാക്കിയ പാപത്തിന്റെയും പുണ്യത്തിന്റെയും മായാജാലങ്ങളാണോ പ്രവാചകനെ ചിരിപ്പിച്ചത്?
ജീവിതാവസരങ്ങളിൽ അപരനോട് എങ്ങിനെ പെരുമാറണം, ദീനിന്റെ പ്രകാശം എങ്ങിനെയൊക്കെയാവണം പ്രസരിപ്പിക്കുക എന്നറിയാതെ പൊതുസമൂഹത്തിന്റെ ഇസ്ലാമോഫോബിയക്ക് വളമായി തീരുന്ന ആധുനിക പുരോഹിത ജീവിതങ്ങളിലേക്ക് എന്നാണാവോ പ്രവാചകന്റെ ചിരിയുടെ പ്രകാശമെത്തുക?

ഈ സംഭവം വിവരിക്കുന്ന ഒരു കുറിപ്പ് അബദുല്ളാഹ് മണിമ അവസാനിപ്പിക്കുന്നതിങ്ങനെ
അന്ന് രാത്രി, ശിക്ഷയുടെ നൊമ്പരപ്പാടുകളുമായി വരുന്ന തന്റെ പ്രിയതമനെ തഴുകിത്തലോടി ആശ്വസിപ്പിക്കാന്‍ കാത്തിരുന്ന ഒരു കുടുംബിനിയും അവളുടെ കുട്ടികളും മാറോടു ചേര്‍ത്തുറങ്ങിയ ഒരു ഇസ്ലാമുണ്ടല്ലോ, അതല്ലേ നാം അറിയേണ്ടത്, പ്രബോധനം ചെയ്യേണ്ടത്?

Related Articles