ഒരിക്കൽ ഒരു സായാഹ്നത്തിൽ നഗരത്തിന്റെ ഒരറ്റത്തു കൂടെ സുഹൃത്തുമായി നടന്നു നീങ്ങുമ്പോൾ കലങ്ങിയ കണ്ണുകളാൽ അവൻ പറഞ്ഞു എനിക്ക് എന്റെ വാപ്പയെ സ്നേഹിക്കാൻ പറ്റിയില്ലല്ലോ എന്ന്. അർഹിക്കുന്ന സ്നേഹം മരണപ്പെട്ടുപോയ വാപ്പയ്ക്ക് നൽകാൻ പറ്റാതിരുന്നതിലുള്ള ദുഃഖം ഏതു നിമിഷവും ബാഷ്പധാരയായി പുറത്തുവരാം എന്ന് തോന്നിപ്പിക്കുമാർ അവന്റെ മുഖം വൈകാരികമായി.അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവും തമ്മിലുള്ള ബന്ധം എന്നും അസ്വാരസ്യങ്ങൾ നിറഞ്ഞതായിരുന്നു. അങ്ങനെ കാലങ്ങൾ ഒരുപാട് മുന്നോട്ടു നീങ്ങി.ഒരു വേള ആ പിതാവ് സ്വയം വിമർശനത്തിന് വിധേയമായി സ്വന്തം തെറ്റുകളെ തിരുത്തി മകനെ സ്നേഹിക്കുവാൻ തുടങ്ങി. തെറ്റ് എന്ന് ഉദ്ദേശിച്ചത് അദ്ദേഹത്തിന് മുമ്പും മകനോട് സ്നേഹമില്ലായിരുന്നു എന്നല്ല. ഹൃദയത്തിനുള്ളിലെ സ്നേഹം പ്രകടിപ്പിക്കുന്നതിന് അദ്ദേഹം കാട്ടിയ മടിയോ ലുബ്ദോ ആണ്. പിന്നീട് സന്താനങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കിയ ദിവസങ്ങൾ കൊഴിയവേ അധികം വൈകാതെ പ്രപഞ്ചനാഥന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങി അദ്ദേഹം മറ്റൊരു ലോകത്തേക്ക് യാത്രയായി.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യമുണ്ടാവുക എന്നത് വലിയൊരു കാര്യം തന്നെയാണ്. സമ്പത്ത് പൂഴ്ത്തി വെക്കുന്നതിനെ വിലക്കുന്ന ദർശനമാണ് ഇസ്ലാം. എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ നിലനിൽപ്പിനും സാമൂഹിക ഭദ്രതയ്ക്കും സാമൂഹിക പുരോഗതിക്കും സമൂഹത്തിന്റെ ക്ഷേമ ഐശ്വര്യങ്ങൾക്കും നിധാനമാകേണ്ട സമ്പത്ത് പൂഴ്ത്തിവെക്കപെടുക എന്നത് സമൂഹത്തിലേക്കുള്ള അതിന്റെ സഞ്ചാരത്തെയും ഒഴുക്കിനെയും തടഞ്ഞു നിർത്തലാണ്. ഇതുപോലെ തന്നെയാണ് സ്നേഹവും,അറിവും. രണ്ടും മഹത്തരമാകുന്നത് ഹൃദയാന്തരങ്ങളിൽ അവ ഭദ്രമായി പൊതിഞ്ഞുവെക്കുമ്പോഴല്ല. പ്രത്യുത അവ വ്യക്തികളിലേക്കും സമൂഹത്തിലേക്കും പ്രവഹിക്കുമ്പോഴാണ്.സ്നേഹം പ്രകടിപ്പിക്കാനുള്ളത് മാത്രമാണ്. പ്രകടിപ്പിക്കുമ്പോൾ മാത്രമാണ് അതിന് പൂർണ്ണത കൈവരിക്കുന്നത്.
ആയിശ(റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം, ഒരു ഗ്രാമീണൻ വന്ന് നബിയോട് ചോദിച്ചു: “നിങ്ങൾ കുട്ടികളെ ചുംബിക്കാറുണ്ടോ? ഞങ്ങൾ അവരെ ചുംബി ക്കാറില്ല.’ അപ്പോൾ നബി പറഞ്ഞു: “അല്ലാഹു നിന്റെ ഹൃദയത്തിൽനിന്നും കാരുണ്യം എടു ത്തുകളഞ്ഞെങ്കിൽ എനിക്ക് എന്തുചെയ്യാൻ കഴിയും?’
ഇവിടെ ആ ഗ്രാമീണന്റെ മനസ്സിൽ കുട്ടികളോടുള്ള നിസ്സീമമായ സ്നേഹം ഉണ്ടായിരിക്കാം.എന്നാൽ ചുംബനം എന്ന അതിന്റെ പ്രകടന രൂപത്തെ കുട്ടികൾക്ക് നിഷേധിച്ചതിനെയാണ് പ്രവാചകൻ രൂക്ഷമായി വിമർശിച്ചിരിക്കുന്നത് എന്ന് കാണുവാൻ സാധിക്കും. വഴിയിലൂടെ നടന്നു നീങ്ങുമ്പോൾ എതിരെ വരുന്ന തന്റെ സഹോദരന് മനസ്സിൽ അദ്ദേഹത്തോട് സ്നേഹമുണ്ടെങ്കിൽ പോലും ഒരു പുഞ്ചിരി നൽകാൻ പലർക്കും വൈമനസ്യമാണ്. അത്തരക്കാരെക്കൂടി ഉദ്ദേശിച്ചുകൊണ്ട് തന്നെയാണ് റസൂൽ അബൂദർറിനോട് ഇങ്ങനെ ഉപദേശിച്ചത് “യാതൊരു നന്മയെയും നീ നിസ്സാരമാക്കിത്തള്ളരുത്. നിന്റെ സഹോദരനെ പ്രസന്നവദനനായി കാണുന്നത് പോലും, (മുസ്ലിം).
അനസ്(റ)ന്റെ കൊച്ചനുജൻ അബൂ ഉമൈറിനോട് തന്റെ കുഞ്ഞു പക്ഷി യുടെ വിശേഷമെന്തൊക്കെയുണ്ടെന്ന് കുശലം ചോദിക്കുമായിരുന്നു പ്രവാചകൻ എന്ന് ചരിത്രത്തിൽ കാണാം. ഈ പ്രവാചക മാതൃകകൾ എല്ലാം സ്നേഹത്തിന്റെ പ്രകടന രൂപങ്ങളെയാണ് വരച്ചിടുന്നത്.ഉപാധികളില്ലാതെ, കാപട്യങ്ങലില്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നമുക്ക് കഴിയണം. എന്റെ മനസ്സിൽ സ്നേഹം ഉണ്ടെന്നും എന്നാൽ അത് പ്രകടിപ്പിക്കുവാൻ അറിയില്ല, പറ്റുന്നില്ല എന്നൊക്കെ വിലപിക്കുന്ന പലരെയും നമുക്കറിയാം. ആ ചിലരിൽ നാമുമായി ഏറ്റവും ചേർന്നു നിൽക്കുന്ന വ്യക്തികളുമുണ്ടാകും എന്നതാണ് വിഷമകരം.
അത്തരക്കാരെ കാണുമ്പോൾ മനസ്സിലേക്ക് വരുന്നത് കമലാസുറയ്യയുടെ ചില വരികൾ ആണ് “എനിക്ക് സ്നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം. ഉള്ളിൽ സ്നേഹമുണ്ട് പ്രകടിപ്പിക്കാനറിയില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ശവകുടീരത്തിൽ വന്ന് പൂവിട്ടാൽ ഞാനറിയുമോ…? “. സ്നേഹം ഒരു കടമയും ബാധ്യതയും ഉത്തരവാദിത്വവുമാണ്. വായ്പ വാങ്ങിയ പണം പോലെ അത് നൽകേണ്ടവർക്ക് തിരിച്ചു നൽകുവാൻ ഒട്ടും അമാന്തം വേണ്ട. എന്തെന്നാൽ നാളെ അതു നൽകാൻ നാമൊ അത് വാങ്ങാൻ അവരോ കാണണമെന്നില്ല.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1