Current Date

Search
Close this search box.
Search
Close this search box.

നായകൻ സേവകനാവണം

ബനൂ അബ്സിലെ ഒരു മുതലാളി സിറ്റി മാർക്കറ്റിൽ പർചേസിന് വന്നതാണ്. നമ്മിലെ പലരെയും പോലെ ആവശ്യം , അത്യാവശ്യം , അനാവശ്യം എന്നൊന്നും പരിഗണിക്കാതെ പലതും വാങ്ങിക്കൂട്ടി. ഒറ്റക്ക് തലച്ചുമടായി അവ കൊണ്ടുപോവാനാവില്ല എന്ന് മനസിലായപ്പോൾ മുതലാളി തന്റെ സാധനങ്ങൾ കൊണ്ടുപോകാൻ ഒരു ചുമട്ടുതൊഴിലാളിയെ അന്വേഷിച്ചു. ചന്തയിൽ ഏതാണ്ട് കൂലിയുടെ കോലത്തിൽ നിൽക്കുന്ന ഒരാളെ കണ്ടു . അയാൾ ഒച്ചയിൽ വിളിച്ചു : “എന്റെ ഈ ചരക്ക് മുഴുവൻ തലച്ചുമടായി വീട്ടിലെത്തിച്ച് തരണം . എന്താണെന്ന് വെച്ചാൽ തരാം.”
കൂലിയുടെ കോലത്തിലുള്ള ആ മനുഷ്യൻ മുതലാളിയുടെ ചരക്കെല്ലാം തലച്ചുമടായി എടുത്തു കടന്നുപോകുമ്പോൾ ആൾക്കൂട്ടം ചുമട്ടുകാരനെ നോക്കി സലാം പറയുകയും സ്ഥിതിഗതികൾ അന്വേഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. ചുമട്ടുകാരൻ സലാം മടക്കുകയും അൽഹംദുലില്ലാഹ് എന്ന് പറയുന്നതും അബ്സി മുതലാളി ശ്രദ്ധിച്ചു. മാർക്കറ്റിലും നഗരത്തിലും എല്ലാ ജനങ്ങളുമറിയുന്ന ചുമട്ടുകാരൻ വേഷം മാറിയ വല്ല സെലിബ്രിറ്റിയുമാവും മുതലാളി ഉറപ്പിച്ചു. മുതലാളി തന്റെ ചുമടുമായി മുന്നിൽ നടക്കുന്ന ആളോട് : പറ, നീ ആരാണ് ?
ചുമട്ടുകാരൻ : “അല്ലാഹുവിന്റെ “ദാസന്മാരിലൊരാൾ”. അപ്പോഴേക്കും രണ്ടുപേരും നഗര മധ്യത്തിലെ ഒരാൾകൂട്ടത്തെ കണ്ടു.
അവരെല്ലാം എഴുന്നേറ്റ് നിന്ന് ആ ചുമട്ടുകാരനെ ബഹുമാനിച്ചു. സലാം പറഞ്ഞു. അതോടെ മുതലാളിയുടെ ക്ഷമ നശിച്ചു.
അയാൾ പിന്നാക്കം പോയി കൂട്ടത്തിലൊരാളെ കൈ പിടിച്ച് നിർത്തി അയാളോട് ചോദിച്ചു: ഇപ്പോ നിങ്ങളെല്ലാം എഴുന്നേറ്റ് നിന്ന് സലാം ചൊല്ലിയ ആ മനുഷ്യനാരാ ?
അയാൾ : അദ്ദേഹത്തെ അറിയില്ലേ ?! അദ്ദേഹം ഈ നഗരത്തിന്റെ മേയർ സൽമാൻ അബൂ അബ്ദില്ല .
പകച്ചു പോയി മുതലാളി. ഒരു പാട് കേട്ടിട്ടുള്ള സ്വഹാബിയായ സൽമാനുൽ ഫാരിസിയാണ് തന്റെ
ചരക്കും പൊക്കി പിടിച്ചു ഇത് വരെ തന്റെ കൂടെയുണ്ടായിരുന്നത് എന്നറിഞ്ഞ് ചമ്മി ക്ഷമയാചിച്ച്
ഓടി അദ്ദേഹത്തിന്റെ അടുത്തെത്തി; വെപ്രാളത്തോടെ പറഞ്ഞു: അബൂ അബ്ദില്ലാഹ്,
ഞാനാളറിയാതെ താങ്കളെ കൊണ്ട് എന്റെ ചരക്ക് വഹിപ്പിച്ചു . ക്ഷമിക്കണം , ചെയ്ത ഉപകാരത്തിന്
നന്ദി , ഇനി ഞാനത് കൊണ്ടു പോയിക്കോളാം.
സൽമാൻ (റ): ഇല്ല, അല്ലാഹുവാണെ, നിങ്ങളുടെ വീട്ടിൽ ഈ ചരക്കു എത്തുന്നതുവരെ എനിക്കിനി വിശ്രമമില്ല.

അതെ, ഇതാണ് ഇസ്ലാമിലെ നേതൃത്വം . നായകത്വം ഇസ്ലാമിൽ അലങ്കാരമല്ല എന്ന തിരിച്ചറിവുണ്ടായിരുന്ന സ്വഹാബി സൽമാനുൽ ഫാരിസി (റ) യുടെ ജീവിതത്തിലെ ചെറിയ ഒരു സംഭവം മാത്രം. ഇസ്ലാമിക സമൂഹത്തിലെ ആദ്യകാല നേതാക്കൾ നാട്ടുകാരുടെ സേവകരുമായിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരുദാഹരണം.

നബിയുടെ കാലത്ത് അദ്ദേഹത്തിന്റെ പരിലാളനയിൽ വളർന്ന സൽമാൻ ചെറുപ്പം മുതലേ സത്യാന്വേഷിയായിരുന്നു. പിറന്നത്‌ മജൂസി കേന്ദ്രമായിരുന്ന ഇസ്‌ഫഹാൻ പട്ടണത്തിലായിരുന്നു. മഹാബ് എന്നായിരുന്നു സൽമാന്റെ യഥാർത്ഥ നാമം. ആ നാട്ടിലെ ജയ്യ് ഗോത്രക്കാരായ സൽമാനും കുടുംബവും മജൂസികളുടെ ആരാധനാ കേന്ദ്രമായ വലിയ അഗ്നിക്ഷേത്രത്തിനരികിലായിരുന്നു താമസം. മജൂസികളുടെ നേതാവായിരുന്നു പിതാവ്. പിതാവിന്റെ തോട്ടത്തിലേക്ക് പണിക്ക് പോയ സൽമാൻ ക്രൈസ്തവ ദേവാലയവും അവരുടെ പ്രാർത്ഥനാ രീതിയും കണ്ട് അതിൽ ആകൃഷ്ടനായി ക്രിസ്തു മതം സ്വീകരിച്ചു.പിതാവിന്റെ എതിർപ്പു വകവെക്കാതെ ക്രൈസ്തവരോടൊപ്പം സിറിയയിലേക്കു പോയി.ചില പാതിരിമാരിൽ നിന്ന് സത്യത്തിന്റെ ആത്മാവായ ഒരു പ്രവാചകൻ വരാനുണ്ട് എന്ന അറിവ് ലഭിച്ചു. ആ പ്രവാചകനെ കണ്ടെത്തി കൂടെ കഴിയണമെന്ന് മനസ്സിൽ ആഗ്രഹിച്ച സൽമാൻ അറേബ്യയിൽ നിന്നുള്ള കച്ചവട സംഘത്തിന്റെ കൂടെ ചേർന്നു. എന്നാൽ അടിമച്ചന്തയിൽ വിൽക്കപ്പെട്ട ഒരടിമയായിത്തീരുകയായിരുന്നു അദ്ദേഹം. യഥ്രിബിലെ ബനൂ ഖുറൈള ഗോത്രക്കാരനായ ഒരു ജൂതന്റെ അടിമയായി കുറച്ചു കാലം കഴിഞ്ഞു കൂടി. അതിനിടയിലാണ് മുഹമ്മദ് നബി(സ)യും അനുയായികളും മുഹാജിറുകളായി യഥ് രിബിലെത്തിയത്. വിവരം കേട്ടറിഞ്ഞ സൽമാൻ യജമാനൻ അറിയാതെ മുഹമ്മദ് നബിയെ തേടി പുറപ്പെട്ടു.ആ മജ്‌ലിസിൽ എത്തി.

നബി(സ)യെ അദ്ദേഹം മാറി നിന്നു ഏറെനേരം നിരീക്ഷിച്ചു. പാതിരി പറഞ്ഞ ലക്ഷണങ്ങൾ ഒത്തിണങ്ങിയിരിക്കുന്ന ജ്യോതിസ്സ് . ഇദ്ദേഹം തന്നെയാണ് “ആ ” പ്രവാചകനെന്ന് തിരിച്ചറിയുകയും വിശ്വസിക്കുകയും വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് നബിയുടെ അടുത്ത അനുയായി അയിത്തീർന്നു. സ്വഹാബികളുടെ സഹായത്താൽ ഉടമസ്ഥനുമായി മോചനക്കരാർ എഴുതി സ്വാതന്ത്രനായത് പിന്നെയും മാസങ്ങൾ കഴിഞ്ഞാണ്.

ഹിജ്റ 5-ാം വർഷം ആക്രമിക്കാൻ മുന്നൊരുക്കങ്ങളുമായി വന്ന സഖ്യകക്ഷികളോട് ഫാരിസി യുദ്ധ തന്ത്രമായ കിടങ്ങ് വിദ്യ മുസ്ലിം സൈന്യത്തിന് പഠിപ്പിച്ച് കൊടുത്ത യുദ്ധ തന്ത്രജ്ഞനുമായിരുന്നു സൽമാൻ . കിടങ്ങുകാരണം ആയിരങ്ങൾ വരുന്ന സഖ്യസേനക്ക് മദീനാ പട്ടണത്തിലേക്ക് പ്രവേശിക്കാനായില്ല. അതിനാൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഇതിലുണ്ടായില്ല. അന്തിമ വിജയം ഒറ്റക്ക് പോരാടിയ മുസ്ലിം സൈന്യത്തിനായിരുന്നു.
ഉസ്മാൻ (റ)ന്റെ കാലത്ത് ഹിജ്റ 33 ലാണ് സൽമാൻ (റ) മരിച്ചത്. ജോർദാനിലാണ് ഖബറടക്കിയത്.

ചെറുപ്പത്തിൽ ഇറാനിൽ നിന്നും നേടിയ ഭൗതിക വിജ്ഞാനവും പിന്നീട് അടിമയായും നേതാവായുമുള്ള അനുഭവ പാഠവവും ഒത്തിണങ്ങിയ സൽമാൻ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ അഗാധ പാണ്ഡിത്യം നേടി.ഖലീഫമാരുടെ കാലമായപ്പോൾ മുസ്ലിംകൾക്ക് സാമ്പത്തിക സമൃദ്ധിയുണ്ടായെങ്കിലും സൽമാൻ (റ) ഈത്തപ്പന നാരു പിരിച്ച് കുട്ടയുണ്ടാക്കി ഉപജീവനം കഴിക്കുകയായിരുന്നു. ബൈതുൽ മാലിലെ ധനം വ്യക്തികൾക്ക് ധൂർത്തടിക്കാനുള്ളതല്ല, ജനങ്ങളുടെ അമാനത്ത് ആണ് എന്ന ഉന്നതമായ ഉത്തരവാദിത്വ ബോധമുള്ള സേവകനായ നേതാവായിരുന്നു അദ്ദേഹം. മദാഇനിലെ മേയറായി നിയമിതനായപ്പോഴും ഈ ലളിത ജീവിതം നയിച്ചതിന്റെ കണ്ണ് നനയിക്കുന്ന ഒരേടാണ് മുകളിൽ നാം വായിച്ചത്.

Ref :
1 – [ سير أعلام النبلاء(٥٤٦/١) ]
2 – വിക്കിപീഡിയ

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles