Vazhivilakk

ലക്ഷ്യം ജീവിതത്തെ നിര്‍ണയിക്കുന്നു

പാണ്ഡവ സഹോദരന്മാര്‍ ദ്രോണാചാര്യര്‍ക്കു കീഴില്‍ അമ്പെയ്ത്ത് പരിശീലിക്കുന്ന കാലം. ഒരു മരത്തില്‍ ഇരിക്കുന്ന ചെറു കുരുവിയെ ചൂണ്ടി അതിന്റെ കഴുത്തിന് അമ്പ് കൊള്ളിക്കുവാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. അമ്പെയ്ത്ത് എന്ന ആയോധനകലയില്‍ വേണ്ടത്ര പ്രാഗല്‍ഭ്യം സിദ്ധിച്ചിട്ടുണ്ടോ എന്നറിയാനുള്ള ചെറിയ ഒരു പരീക്ഷണം.വില്ലു കുലച്ച് ലക്ഷ്യസ്ഥാനം നിര്‍ണയിച്ച് അമ്പെയ്യാനായി ഒരുങ്ങി നില്‍ക്കുന്ന ഓരോരുത്തരോടും ഗുരു ചോദിച്ചു ,നിങ്ങളെന്ത് കാണുന്നു? കിളി,മരങ്ങള്‍, ഇലകള്‍ തുടങ്ങി പല ഉത്തരങ്ങള്‍! പാണ്ഡു പുത്രരില്‍ സമര്‍ത്ഥനായ അര്‍ജ്ജുനന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കിളിയുടെ കഴുത്ത് മാത്രമേ കാണുന്നുള്ളൂ എന്നായിരുന്നു അത്. ആ മത്സരപരീക്ഷയില്‍ അര്‍ജ്ജുനന് മാത്രമാണ് ലക്ഷ്യസ്ഥാനത്ത് അമ്പ് കൊള്ളിക്കുവാന്‍ സാധിച്ചതെന്ന് കഥാന്ത്യം.ലക്ഷ്യം അത്ര കിറുകൃത്യമായിരുന്നു! ഇത്തരക്കാര്‍ക്കു മാത്രമേ വിജയം കൈവരിക്കാനാകു എന്നത്രെ ഇതിന്റെ പൊരുള്‍.

ലക്ഷ്യബോധമില്ലായ്മ മനുഷ്യനെ അലസരാക്കുന്നു. രാവിലെയായാല്‍ എങ്ങനെയെങ്കിലും രാത്രിയാക്കണമെന്നും രാത്രി ഏതു വിധമെങ്കിലുമൊന്ന് വെളുപ്പിച്ചെടുക്കണമെന്നും കരുതുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രായഭേദമന്യേ സോഷ്യല്‍ മീഡിയകള്‍ക്കും വാട്‌സപ്പ് നേരംമ്പോക്കുകള്‍ക്കും അടിമപ്പെടുന്നതും മണിക്കൂറുകള്‍ റ്റിവി ചാനലുകള്‍ക്കുമുന്നില്‍ മുഷിപ്പില്ലാതെ ചടഞ്ഞിരിക്കാനും സാധിക്കുന്നത് അതുകൊണ്ടാണ്.
തന്റെ ജീവിതലക്ഷ്യംമെന്താണെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം മിനിട്ടുകള്‍ക്കും സെക്കന്‍ഡുകള്‍ക്കും വലിയ വിലയായിരിക്കും. സമയംകൊല്ലികള്‍, കൂട്ടുകാരാവട്ടെ, ദേഹേച്ഛകളോ വിനോദ വിചാരങ്ങളോ ഏതുമാകട്ടെ, അവയോട് കഠിന വെറുപ്പ് പുലര്‍ത്തുന്നതോടൊപ്പം,സമയത്തിന് പൊന്നിന്‍കുടത്തേക്കാള്‍ വില കല്‍പ്പിക്കുന്നവരാണവര്‍!!തേനീച്ചകള്‍ക്കുസമാനം പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുവെന്ന് മാത്രമല്ല, കുടുംബ ബാധ്യതകളും സാമൂഹ്യ ഉത്തരവാദിത്വങ്ങളും ദീനീ സേവനവും ഒരുപോലെ സംയോജിപ്പിച്ച് ചടുലവും ഊര്‍ജ്ജസ്വലവുമായി ജീവിതത്തെ സമീപിക്കുന്നവര്‍! രാപ്പകല്‍ അധ്വാനിക്കുകയും ആരാധനാ കാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തുകയും ചെയ്യുന്ന ഇത്തരക്കാര്‍ അനിര്‍വചനീയമായ ആത്മസംതൃപ്തിയും ശാന്തിയും അനുഭവിക്കുന്നവരായിരിക്കും.
എന്നാലിന്ന് നമ്മുടെ യുവത്വത്തിന് ലക്ഷ്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കോഴിക്കോട്ടേക്കുള്ള ബസ്സ് കയറി പാലക്കാട്ടേക്ക് പോകണമെന്ന് കരുതുന്നതെത്ര വിഡ്ഢിത്തമാണ്! ഇതുപോലെയാണിന്ന് പലരുടെയും ജീവിതം. അര്‍ത്ഥശൂന്യവും യുക്തിരഹിതവുമായ പ്രവര്‍ത്തനങ്ങള്‍! ഒരു ലക്ഷ്വറി വാഹനവും അതിലൊഴിക്കാനുള്ള എണ്ണയും,മൃഷ്ടാനഭക്ഷണത്തിനുമുള്ളത് കണ്ടെത്തിയാല്‍ ജീവിതം ആസ്വാധ്യകരമായിയെന്ന് കരുതുന്ന ഒരു തലമുറ നമുക്ക് മുന്നില്‍ വളര്‍ന്നുവരുന്നുണ്ട്.ഈ നിരുത്തരവാദിത്വത്തേയും ലക്ഷ്യബോധമില്ലായ്മയേയും നാം ഭയന്നേപ്പറ്റൂ.റസൂല്‍ തന്റെ ജീവിതം എങ്ങെനെ ധന്യമാക്കിയെന്ന് നമുക്ക് മുന്നിലുണ്ടായിരിക്കേ ഈ നിഷ്‌ക്രിയത്വം ഒട്ടും അഭിലഷണീയമല്ലത്തന്നെ!

Facebook Comments

ഫിദ ലുലു കെ.ജി.

അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ, ശാന്തപുരം ബിരുദധാരിണിയാണ് ലേഖിക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker