Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റുകാരും

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾ വഹിച്ച പങ്കിനെപ്പറ്റി വലിയ അവകാശ വാദമുന്നയിക്കുന്ന കമ്യൂണിസ്റ്റ് സുഹൃത്തുക്കൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് തങ്ങളെന്ന കാര്യം മറക്കരുത്.

ക്വിറ്റിന്ത്യാ സമരത്തെ പിന്നിൽനിന്ന് കുത്തിയവരാണ് കമ്യൂണിസ്റ്റുകാർ. ബ്രിട്ടീഷുകാരുടെ ഇൻഫർമാരായി സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റു കൊടുത്തവരും. അതിന്റെ പേരിൽ ആനുകൂല്യം പറ്റിയവരുമാണവർ.

ക്വിറ്റിന്ത്യാ സമരത്തെ തങ്ങൾ എതിർത്തിരുന്നുവെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ സമ്മതിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു:” യഥാർഥത്തിൽ സാമ്രാജ്യത്വവിരുദ്ധ വികാരങ്ങളാൽ പ്രേരിതമായ ക്വിറ്റിന്ത്യാ സമര സംഘാടകരെ ഫാസിസ്റ്റ് ഏജൻറുകളായി പാർട്ടി വിശേഷിപ്പിച്ചു.”(ദേശാഭിമാനി 22.12 .1985)

ക്വിറ്റിന്ത്യാ സമരം തെറ്റായിരുന്നുവെന്ന് 1987 ലും ഇ.എം.എസ്. എഴുതുകയുണ്ടായി.

1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന് പോലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നില്ല. മാർക്സിസത്തെയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ആഴത്തിൽ പഠിച്ച മുൻ നക്സലൈറ്റ് നേതാവും പ്രമുഖ ബുദ്ധിജീവിയുമായ സഖാവ് കെ. വേണു എഴുതുന്നു:”ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ പാപ്പരത്തം ഏറ്റവും കൂടുതൽ പ്രകടമായത് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ തുടർന്നുള്ള നാലു വർഷത്തിനുള്ളിലാണ്. 1947 ആഗസ്റ്റിൽ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി. സി. ജോഷിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ദേശീയ ബൂർഷ്വാ സർക്കാറെന്ന നിലക്ക് പിന്തുണയ്ക്കാൻ തീരുമാനിക്കുകയുമാണ് പാർട്ടി ചെയ്തത്. എന്നാൽ മാസങ്ങൾക്കുള്ളിൽ ,1948 ഫെബ്രുവരിയിൽ കൽക്കത്തയിൽ ചേർന്ന പാർട്ടിയുടെ രണ്ടാം കോൺഗ്രസിൽ നേതൃത്വം രണദിവെയുടെ കയ്യിലെത്തുകയും ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടില്ലെന്നും അതിനാൽ റഷ്യൻ മോഡൽ സായുധ സമരത്തിലൂടെ ഉയിർത്തെഴുന്നേൽപ്പ് വിപ്ലവത്തിന് ഉടൻ സജ്ജമാകണമെന്നും തീരുമാനിക്കുകയും ചെയ്തു. മാസങ്ങൾക്കുള്ളിൽ കൽക്കത്താ തിസീസ് വിപ്ലവം ചീറ്റിപ്പോയതോടെ, തെലുങ്കാനയിൽ ആന്ധ്ര പാർട്ടി ഘടകത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ചൈനീസ് മാതൃകയിലുള്ള ജനകീയ യുദ്ധത്തിന്റെ വക്താവായിരുന്ന സി.രാജേശ്വരറാവു പാർട്ടി നേതൃത്വം ഏറ്റെടുക്കുകയും ചൈനീസ് പാത ഇന്ത്യൻ വിപ്ലവത്തിന്റെ മാർഗമായി പ്രഖ്യാപിക്കുകയും ചെയ്തു. അടിച്ചമർത്തലിനെ നേരിട്ടുകൊണ്ട് തെലുങ്കാനാ സമരത്തിന് പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ, അജയ് ഘോഷിന്റെ നേതൃത്വത്തിൽ 1951ൽ തെലുങ്കാനാ സമരം പിൻവലിക്കുകയും പാർലമെൻററി സമ്പ്രദായം സ്വീകരിക്കുകയും ചെയ്യുന്ന നയപ്രഖ്യാപനം അംഗീകരിച്ചു.”( സി.പി.എം. ഫാഷിസത്തിന്റെ പാതയിൽ, പേജ് 127)

ഇക്കാര്യം ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ സമ്മതിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു:”40 വർഷം മുമ്പ് നേടിയ സ്വാതന്ത്ര്യത്തിന്റെ സ്വഭാവം സംബന്ധിച്ച് കമ്മ്യൂണിസ്റ്റുകാർക്ക് ആശയക്കുഴപ്പമുണ്ടായതിൽ അത്ഭുതപ്പെടാനില്ല. ആ കുഴപ്പം തീർത്ത് വ്യക്തമായ ധാരണയിലെത്താൻ പാർട്ടിക്ക് സമയമെടുക്കേണ്ടി വന്നു. 1951 ൽ പാർട്ടി യോജിച്ച ധാരണയിലെത്തി.” (ദേശാഭിമാനി :1987 ആഗസ്റ്റ് 15)

അതുകൊണ്ടുതന്നെ ആഗസ്റ്റ് 15 വഞ്ചനാദിനമായും റിപ്പബ്ലിക് ദിനം കരിദിനമായും ആചരിച്ചു പോന്നിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ.
ഒരു കാര്യം കൂടി കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളെ ഓർമിപ്പിക്കുന്നു.

1962ലെ ഇന്ത്യാ- ചൈനാ യുദ്ധത്തിൽ രാജ്യദ്രോഹപരമായ നിലപാട് സ്വീകരിച്ച സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. സി.പി.ഐ. മുഖപത്രം എഴുതുന്നു:”1962 ഒക്ടോബറിൽ ഇന്ത്യ _ചൈനാ അതിർത്തി തർക്കം ഒരു സംഘട്ടനത്തിൽ എത്താൻ തുടങ്ങിയപ്പോൾ നമ്മുടെ രാജ്യത്തിന് ഒരു അതിർത്തി ഉണ്ടോ എന്നുപോലും നമ്പൂതിരിപ്പാടിന് സംശയമായിരുന്നു. നാം നമ്മുടേതെന്നും ചൈന അവരുടേതെന്നും പറയുന്ന ഒരു ഭൂപ്രദേശം മാത്രമേ ഉണ്ടായിരുന്നുള്ളു.ഇന്ത്യയിലെ പിന്തിരിപ്പൻ ബൂർഷ്വാ നെഹ്റു ഗവൺമെൻറ് പറയുന്ന അതിർത്തി അംഗീകരിക്കുന്നത് ബൂർഷ്വാ ഷോവനിസമായി അദ്ദേഹം കണക്കാക്കി.”(ജനയുഗം.16. 7. 1965)

Related Articles