Current Date

Search
Close this search box.
Search
Close this search box.

സ്വന്തത്തോടാവട്ടെ ആദ്യ സമരം !

സ്ത്രീപീഡനങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ, മയക്കുമരുന്നിൻ്റെ വ്യാപനം, പടർന്നു പിടിക്കുന്ന അഴിമതി… എന്നിങ്ങനെ കുറ്റകൃത്യങ്ങൾ വല്ലാതെ പെരുകുന്നത് തീർച്ചയായും നാം എല്ലാവരേയും വ്യാകുലപ്പെടുത്തുന്നുണ്ട്. എന്നാൽ എന്താണ് ഇതിനൊക്കെയുള്ള പരിഹാരം?

ചുറ്റും അരങ്ങേറുന്ന പാപ കൃത്യങ്ങളും അരുതായ്മകളും കാണുമ്പോൾ പലപ്പോഴും നാം ധരിക്കുന്നത് ഭരണം മാറിയാൽ, അല്ലെങ്കിൽ പൊലീസ് മാറിയാൽ, ഉദ്യോഗസ്ഥർ മാറിയാൽ ഇതൊക്കെയും അവസാനിക്കും എന്നാണ്!

തീർച്ചയായും അധർമങ്ങൾ വ്യാപകമാകുന്നതിൽ വ്യവസ്ഥിതിക്ക് വലിയൊരു പങ്കുണ്ട്. അതേയവസരം വ്യവസ്ഥിതിയേക്കാൾ സുപ്രധാനമത്രെ മന:സ്ഥിതി.

“നീ പറയുന്നതല്ല നീ, നീ ചിന്തിക്കുന്നതാണ് നീ” എന്ന് പറയപ്പെട്ടിട്ടുണ്ട്. അതിനർത്ഥം അകത്താണ് നാം നന്നാവേണ്ടത് എന്നാണ്. ഹൃദയശുദ്ധി / മന:സംസ്കരണം / ആത്മവിശുദ്ധി എന്നൊക്കെ വിവിധ പേരുകളിൽ വിളിക്കപ്പെടുന്ന അകതാരിൻ്റെ സമ്പൂർണ മോചനത്തിലൂടെ മാത്രമേ മനുഷ്യൻ നന്നാവുകയുള്ളൂ.

പക്ഷെ ഇത് ക്ഷിപ്രസാധ്യമല്ല. ലോകത്ത് ഏറ്റവും വലിയ സമരം നടന്നുകൊണ്ടിരിക്കുന്ന യുദ്ധമുഖങ്ങൾ മനുഷ്യമനസ്സുകളാണ്! നന്മ തിന്മകൾ തമ്മിൽ, ധർമാധർമങ്ങൾ തമ്മിൽ, നീതിയും അനീതിയും തമ്മിൽ നിരന്തരമായ ഏറ്റുമുട്ടലുകളാൽ സംഘർഷഭരിതമാണ് മനുഷ്യമനസ്സുകൾ!

അപാരമാണ് മനസ്സിൻ്റെ കഴിവ്. “ആൽപ്സി നേക്കാൾ ഉയരവും അറ്റ്ലാൻ്റിക്കിനേക്കാൾ ആഴവും ഉള്ളത് ” എന്നത്രെ മനസ്സിനെ കുറിച്ച വിഖ്യാതമായ ഒരു മന:ശാസ്ത്ര നിരീക്ഷണം.

“ലോകത്തെ ഏറ്റവും വലിയ സംഹാരശേഷിയുള്ള ബോംബ് ” ആണ് മനസ്സുകൾ. ബോംബ് എന്ന ആശയം പോലും ആദ്യം രൂപപ്പെട്ടത് ഏതോ ഒരു മനുഷ്യൻ്റെ മനസ്സിലാണല്ലോ. മുറിവേറ്റു പിടയുന്ന മനുഷ്യനെ രക്ഷപ്പെടുത്തണം എന്ന ആശയം പിറവിയെടുത്തതും മനസ്സിൽ തന്നെ! അഥവാ നന്മ /തിന്മകളുടെ മുഴുവൻ പ്രായോഗിക രൂപങ്ങളും ആദ്യമായി മുളപൊട്ടുന്നത് നമ്മുടെ മനസ്സുകളിലാണ്. മനുഷ്യജീവിതത്തിൻ്റെ മുഴുവൻ നിർമ്മാണ സംഹാരങ്ങളും മനസ്സിൻ്റെ സൃഷ്ടിപ്പാണ്.

കുതറിയോടാൻ വെമ്പുന്ന മനസ്സാകുന്ന കുതിരയെ വേണം നാം ആദ്യം തളക്കാൻ. ദേഹേഛയെ പിടിച്ചുകെട്ടാതെ നമ്മുടെ ചിന്തയിലോ സംസാരത്തിലോ പ്രവർത്തനത്തിലോ യാതൊരു നന്മയും ഉണ്ടാവില്ല. നല്ല മനുഷ്യർ, നല്ല കുടുംബം, നല്ല സമൂഹം, നല്ല രാഷ്ട്രം, നന്മയും സമാധാനവും നിറഞ്ഞ ലോകം!

നിരന്തരയത്നങ്ങളിലൂടെ മനസ്സിനെ കീഴടക്കി ആത്മശുദ്ധിയാർജ്ജിച്ച് ഉയർന്ന മൂല്യങ്ങളുടെ വിളനിലങ്ങളായി മനസ്സിനെ മാറ്റിപ്പണിയണം. എങ്കിലേ എല്ലാ വിധ ദുർമോഹങ്ങൾക്കും ദുശ് ചിന്തകൾക്കും കടിഞ്ഞാൺ വീഴുകയുള്ളൂ. സ്വന്തത്തോടുള്ള സമരത്തിൽ വിജയിക്കാതെ പുറം സമരങ്ങൾക്ക് പ്രസക്തിയില്ല തന്നെ!

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles