Current Date

Search
Close this search box.
Search
Close this search box.

ആദ്യത്തെ ചോദ്യം അവസാനത്തെയും

അന്ന് മാലാഖമാർക്ക് ചോദിക്കാനുള്ള അവസരം കൊടുത്തത് എന്തിനായിരുന്നു? തീരുമാനം പരിപൂർണ്ണമായും സാക്ഷാൽ ദൈവത്തിൻ്റേതായിരിക്കെ, ‘ഭൂമിയിൽ രക്തം ചിന്തുകയും നാശം വിതക്കുകയും ചെയ്യുന്ന മനുഷ്യനെ സൃഷ്ടിക്കുന്നത് എന്തിന്’ എന്ന ചോദ്യം തൻ്റെ സിംഹാസനത്തിന് മുമ്പിൽ ഉയരാൻ ദൈവം അനുവദിച്ചതിൻ്റെ പൊരുളെന്താണ്? മാലാഖമാരുടെ ചോദ്യത്തിൽ തന്നെ അതിൻ്റെ ഉത്തരവുമുണ്ട്. ചോദിക്കാനുള്ള അവകാശം ഈ പ്രപഞ്ചത്തിൻ്റെ താളമാണെന്ന സന്ദേശമാണത് നൽകുന്നത്. ചോദ്യങ്ങൾ തീർന്നാൽ പിന്നെ, ഈ പ്രപഞ്ചം ഇതുപോലെയില്ല എന്നും അത് പഠിപ്പിക്കുന്നു. ചോദ്യം തന്നെ ഉത്തരമായിത്തീർന്ന, മനോഹരമായ ആ സമയസൗന്ദര്യത്തിലാണ് മനുഷ്യൻ്റെ പിറവി സംഭവിക്കുന്നത്. ഭൂമിയിലെ പ്രതിനിധി ആകാശത്താണ് പിറക്കുന്നത് എന്നത് മറ്റൊരു മഹാൽഭുതം! (ഇപ്പോൾ നിങ്ങളുടെ മനസ്സിലും ചില ചോദ്യങ്ങളുണ്ടാകുമെന്ന് കരുതട്ടെ). പിന്നീടങ്ങോട്ട്, ചോദ്യങ്ങളും അന്വേഷണങ്ങളും ഉയർന്നുകൊണ്ടേയിരുന്നു. അവയുടെ ഉത്തരത്തിൽ നിന്ന് ഇക്കാണുന്ന ലോകവും നാഗരികതയും വളർന്നു വരികയും ചെയ്തു.

ഭൂമി ആകാശത്തോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു, ആകാശം ഭൂമിയെ ചുംബിച്ച ദൈവത്തിൻ്റെ വെളിപാടുകൾ. കാലത്തിൻ്റേയും മനുഷ്യരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് മാലാഖമാർ ഭൂമിയെ പുണർന്ന വേളകളാണ്, യഥാർത്ഥ വസന്തകാലം. ചോദ്യങ്ങൾ ഉണ്ടായതു കൊണ്ടാണ് ആ വസന്തങ്ങളത്രയും സംഭവിച്ചത്. സത്യവേദത്തിൻ്റെ പാഠഭാഗങ്ങളിലുടനീളം നിരവധി ചോദ്യങ്ങൾ കാണാം, ഉത്തരങ്ങളും. ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ ഭയക്കാത്ത പ്രവാചകൻമാരെയാണ് വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത്. ആ ചോദ്യങ്ങൾക്ക് ജീവിതം കൊണ്ട് അവർ നൽകിയ ഉത്തരങ്ങളാണ് മരുഭൂമിയെ കുളിർപ്പിച്ചതും തളിർപ്പിച്ചതും.

Also read: റമദാനിലെ ഒരു ദിനം പ്രവാചകരുടെ ജീവിതത്തില്‍

അതുകൊണ്ട്, വേദഗ്രന്ഥത്തിൻ്റെ അനുയായികളേ, കാലമുയർത്തുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി നിങ്ങൾ ലോക സഞ്ചാരത്തിനൊരുങ്ങൂ. പട്ടിൽ പൊതിഞ്ഞ വേദപുസ്തകമല്ല, മണ്ണിൽ വിരിഞ്ഞ ആശയാവിഷ്കാരമാണ് ലോകം കാത്തിരിക്കുന്നത്. ഇന്ന്, അടച്ചുപൂട്ടിയ ലോകത്തിൻ്റെ അകത്ത് വിങ്ങുന്ന ചോദ്യങ്ങൾ, പുറത്ത് മുഴങ്ങുന്ന കോവിഡാനന്തര കാലത്ത് ശരിയായ ഉത്തരങ്ങൾ ബിഗ് സ്ക്രീനിൽ കാണിക്കാൻ നിങ്ങൾക്ക് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം! കണ്ടില്ലേ, അതും ചോദ്യമാണ്!

ശരീരത്തിൽ ജീവനുണ്ട് എന്നതുകൊണ്ട് മാത്രം ഒരു വ്യക്തി ജീവിച്ചിരിക്കുന്നുവെന്ന് പറയാനാകുമോ? ആൾക്കൂട്ടമുണ്ട് എന്നതുവെച്ച് മാത്രം ഒരു സമൂഹം ജീവസ്സുറ്റവരെന്ന് വിശേഷണത്തിന് അർഹരാകുമോ? സ്വല്പം ചിന്തിച്ചാൽ ഇല്ല എന്നേ നമുക്ക് മറുപടി പറയാനാകൂ. ജീവനുള്ള വ്യക്തിയുടെയും സമൂഹത്തിൻ്റെയും ലക്ഷണങ്ങളിൽ പ്രധാനമാണ് അവർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടോ എന്നത്! അതെ, ചോദ്യങ്ങൾ പലതിൻ്റെയും പ്രഖ്യാപനങ്ങളാണ്. ചില ചോദ്യങ്ങൾ സ്വയം തന്നെ ഉത്തരങ്ങളാകുന്നു! ധീരനെയും ഭീരുവിനെയും വേർത്തിരിക്കുന്ന അടയാളങ്ങളിൽ ഒന്ന് ചോദിക്കാനുള്ള ശേഷിയാണ്. ‘വാങ്ങൽ ശേഷി’ സാമ്പത്തികമാണെങ്കിൽ, ‘ചോദ്യശേഷി’ ചിന്താ സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യ ബോധത്തിൻ്റെയും നിദർശനമാണ്.

ചിന്തയുടെ അനിവാര്യതാൽപര്യമാണ് ചോദ്യങ്ങൾ. ചിന്തകളിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. ചോദ്യങ്ങളിൽ നിന്ന് ചിന്തകളും. ചിന്തിക്കാനുള്ള ആഹ്വാനങ്ങൾ സത്യവേദത്തിൽ ആവർത്തിച്ചു വരുന്നുണ്ടല്ലോ! പല വചനങ്ങളും അവസാനിക്കുന്നത്, ‘നിങ്ങൾ ചിന്തിക്കുന്നില്ലേ’ എന്ന് ചോദിച്ചുകൊണ്ടാണ്. അതും ചോദ്യമാണെന്ന് അടിവര! അഥവാ, ആ വേദസുക്തങ്ങൾ അവസാനിപ്പിക്കുന്നേടത്ത് നിന്ന് നമ്മുടെ ചിന്തകളും ചോദ്യങ്ങളും ആരംഭിക്കണം എന്നർത്ഥം. ഇതെന്തൊരു ഗ്രന്ഥമാണെൻ്റെ ദൈവമേ!

ചോദ്യങ്ങൾക്ക് ഉത്തരം തേടി നാം നടത്തുന്ന ബുദ്ധിയുടെ യാത്രയാണ് ചിന്തകൾ. ചോദ്യങ്ങൾ പാടില്ലെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ, ചിന്തിക്കാൻ ആഹ്വാനം ചെയ്യുന്ന വേദവചനങ്ങൾ റദ്ദ് ചെയ്യുകയാണ് നിങ്ങൾ. ഇനി ചോദ്യങ്ങളെ നിങ്ങൾ ഭയക്കുന്നുവെങ്കിൽ വൈജ്ഞാനിക ദാരിദ്ര്യം നിങ്ങളെ വേട്ടയാടുന്നുവെന്നാണർത്ഥം. ഇഷ്ടപ്പെടാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്നവരോട് നാം അസഹിഷ്ണുക്കളാകേണ്ടതില്ല. പക്ഷേ, സംഭവിക്കുന്നത് മറിച്ചാണ്. ചിലർക്ക് ചോദ്യങ്ങളെ ഭയമാണ്. ചോദ്യ ശരങ്ങൾക്ക് മുമ്പിൽ തകരുന്നതായിരിക്കും അവരുടെ അധികാരസ്ഥാനങ്ങളും മിനുക്കിയ മുഖങ്ങളും. അതുകൊണ്ടാണവർ ചോദ്യങ്ങൾക്ക് അവസരം നൽകാത്തത്. ചോദ്യങ്ങളെ നേരിടാൻ ചങ്കുറപ്പുള്ള അധികാരികളുണ്ടോ, അവർക്ക് ഭയക്കാനും ഒളിക്കാനും ഒന്നുമുണ്ടാകില്ല. നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുക എന്നത് വലിയൊരു പോരാട്ടമാണ്.

Also read: നോമ്പിന്റെ ആരോഗ്യ വശങ്ങൾ

ചോദ്യങ്ങൾക്ക് ചാപ്പ കുത്തും ചിലർ. ചോദ്യകർത്താക്കളെ സംശയത്തോടെ നോക്കാനും അകറ്റിനിർത്താനുമാകും മറ്റു ചിലരുടെ തീരുമാനം. ചോദ്യങ്ങളുന്നയിച്ചാൽ മതത്തിൽ നിന്ന് പുറത്താക്കും ചിലർ. ‘മതങ്ങൾക്ക് ‘ ചോദ്യങ്ങളെ ഭയമായിരിക്കും. കാരണം അവ പൗരോഹിത്യ നിർമ്മിതമാണ്. സത്യവേദത്തിൽ വിരിഞ്ഞ ദൈവിക ദർശനത്തിന് പക്ഷേ, ചോദ്യങ്ങളെ പേടിയില്ല, പിരിശമാണ്. കാരണം, ‘ഇനിയുമെന്തിന് മനുഷ്യൻ’? എന്ന മാലാഖമാരുടെ ചോദ്യത്തിനുള്ള ഉത്തരത്തിൻ്റെ മർമ്മമാണ് ഈ ദർശനം. അതുകൊണ്ട്, ചോദ്യങ്ങൾ നിലക്കുമ്പോൾ ഈ ദർശനം, നിറംകെട്ടു പോകും, കാലത്തിന് മുമ്പിൽ സ്തംഭിച്ച് നിൽക്കും! അതില്ലാത്തത്, കാലത്തിൻ്റെ ചോദ്യങ്ങൾക്ക് നവോത്ഥാനം കൊണ്ട് ഉത്തരം നൽകുന്നതുകൊണ്ടാണ്. നമ്മുടെ കാലം, നവതലമുറ മുനകൂർത്ത ചോദ്യങ്ങളുടെ വില്ല് കുലച്ച് നടക്കുന്നവരാണ്. ‘അധികാര വേഷക്കാരേ’, അവരുടെ ചോദ്യങ്ങൾക്ക് നിങ്ങൾ ചിറകെട്ടാതിരിക്കൂ. ചിന്തകൾക്കും ചോദ്യങ്ങൾക്കും വിലക്കിൻ്റെ ചിറകെട്ടിയാൽ അവർ വഴി മാറിപ്പോയേക്കാം. നിങ്ങൾക്ക് ഉത്തരം മുട്ടുന്നുണ്ടോ, എങ്കിൽ അധികാര വേഷങ്ങൾ അഴിച്ചുവെച്ച് മാറി നിൽക്കൂ. തത്വശാസ്ത്രങ്ങളെ കീഴടക്കിയ ദൈവിക ദർശനത്തിന്, പുതിയ കാലത്തിനും ഉത്തരങ്ങൾ നൽകി മുമ്പോട്ട് പോയേ മതിയാകൂ.

അനഭിലഷണീയമായ ചില ചോദ്യങ്ങളുണ്ട്. കുതർക്കത്തിൻ്റെയും കാപട്യത്തിൻ്റേയും ചേരുവകൾ ചേർത്താണവ പാകം ചെയ്തിട്ടുണ്ടാവുക. ഉത്തരം കിട്ടാനല്ല ഉത്തരം മുട്ടിക്കാനായിരിക്കും ചിലപ്പോൾ ലക്ഷ്യം. ഉത്തരമില്ല എന്നതായിരിക്കില്ലല്ലോ, ഉത്തരം മുട്ടുന്നതിൻ്റെ എപ്പോഴുമുള്ള അർത്ഥം. പ്രവർത്തിക്കാൻ വേണ്ടിയുള്ള താൽപര്യത്തിൽ നിന്നല്ല, പ്രവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് ചിലർ ചോദ്യങ്ങൾ ഉന്നയിക്കുക. സീനാ മരുഭൂമിയിൽ അത്തരം ചോദ്യങ്ങൾ ഉന്നയിച്ചവർക്ക് മറുപടി നൽകിക്കൊണ്ടു തന്നെ, അവരുടെ പരാജയം വേദഗ്രന്ഥം കോറിയിട്ടിട്ടുണ്ടല്ലോ! ചില ചോദ്യങ്ങൾ നമ്മെ ക്ഷമ പരിശീലിപ്പിക്കും. കുട്ടികളുടെ നിഷ്കളങ്കമായ അന്വേഷണങ്ങൾ ആ ഗണത്തിൽപ്പെടുന്നു.

Also read: പ്രതിസന്ധി കാലത്തെ റമദാന്‍

ഒരു കാലംവരെ മനുഷ്യർക്ക് ചോദിക്കാം. പ്രവാചകൻമാരുടെ കാലത്ത് ദൈവം അതിന് വെളിപാടിലൂടെ ഉത്തരം തന്നു. മനുഷ്യാ, ഇനിയും ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കൂ, സുരക്ഷിതമായിരിക്കുന്ന ആ സത്യവേദമോ, അതിനെക്കാൾ ബൃഹത്തായ പ്രപഞ്ചമെന്ന മഹാഗ്രന്ഥമോ നിങ്ങൾക്ക് ഉത്തരം തരും തീർച്ച. ഇതൊരു ഘട്ടം വരെ മാത്രം. ഒരു വിളിയാളം വരും! പിന്നെ, അവസാനത്തെ ചില ചോദ്യങ്ങളാണെന്ന് സത്യവേദം ആവർത്തിക്കുന്നു. അതുവരെ മനുഷ്യൻ്റെ ചോദ്യങ്ങൾക്ക് ദൈവം മറുപടി തന്നു. അന്ന്, ചോദിക്കാൻ മനുഷ്യന് സ്വാതന്ത്ര്യമുണ്ടാകില്ല. അന്ന് ദൈവത്തിൻ്റെ ചോദ്യങ്ങൾക്ക് മനുഷ്യൻ മറുപടി പറയണം. മനുഷ്യൻ മരിച്ചാലും, പിന്നീട് ഉണർണീറ്റ് വന്നാലും ചോദ്യങ്ങൾ അവസാനിക്കുന്നില്ല എന്നർത്ഥം. ഇതുകൊണ്ടെല്ലാം തന്നെയാണ് ഈ കുറിപ്പ് രണ്ട് ചോദ്യങ്ങൾ കൊണ്ട് തുടങ്ങിയത്. വായനക്കാർ ശ്രദ്ധിച്ചോ ആവോ?

Related Articles