Current Date

Search
Close this search box.
Search
Close this search box.

ജീവന ചരിത്രത്തിലെ ആദ്യ സൂചന

വിഖ്യാത നരവംശ ശാസ്ത്രജ്ഞയായ മാർഗരറ്റ് മീഡ്നോട് ഒരു കുട്ടി ചോദിച്ചു; “മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തിൽ സാമൂഹിക ജീവനത്തിന്റെ ആദ്യ ചരിത്ര സൂചനയായി താങ്കൾ കാണുന്നത് എന്താണ്?

കളിമണ്ണ് ചുട്ടെടുത്ത് ഇഷ്ടികയുണ്ടാക്കിയതോ കല്ല് രാകിക്കൂർപ്പിച്ച് ആയുധമുണ്ടാക്കിയതോ തീയാണോ, ചക്രമാണോ എന്നൊക്കെ പ്രതീക്ഷിച്ച ആ കുട്ടിയോട് അവരുടെ മറുപടി ഇങ്ങിനെയായിരുന്നത്രെ.

“എന്റെ അഭിപ്രായത്തിൽ, നരവംശ ചരിത്ര പര്യവേഷണത്തിനിടെ കണ്ടെത്തിയ ഒരു തുടയെല്ലാണ് മനുഷ്യന്റെ സാമൂഹിക ജീവന ചരിത്രത്തിലെ ആദ്യ സൂചന. 15000 കൊല്ലം പഴക്കമുള്ള, പൊട്ടിയതിനുശേഷം ഊറിക്കൂടിയ ഒരു തുടയെല്ല്!”

കുട്ടിയുടെ കണ്ണുകൾ വിടർന്നു.
“മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പമുള്ള എല്ലാണ് തുടയെല്ല്. ജന്തുലോകത്ത് തുടയെല്ലു പൊട്ടി നടക്കാനാകാത്ത ജീവിക്ക് അപകടത്തിൽ നിന്ന് ഓടിയൊളിക്കാനോ, വേട്ടയാടി ഭക്ഷണം തേടാനോ ഒരു സാധ്യതയുമില്ല. മറ്റേതെങ്കിലും വന്യജീവിക്ക് ഭക്ഷണമാവുകയോ പട്ടിണി കിടന്ന് ചാവുകയോ മാത്രമാണ് അതിന്റെ വിധി. ആധുനികമായ വൈദ്യവിദ്യകൾ സ്വപ്നത്തിൽപ്പോലുമില്ലാത്ത ആ കാലത്ത് ആറാഴ്ചയെങ്കിലും അനങ്ങാതെ വിശ്രമിച്ചിട്ടാവണമല്ലോ ആ തകർന്ന അസ്ഥി ഊറിക്കൂടിയത്? വീണുപോയ ആ മനുഷ്യനൊപ്പം മറ്റാരോ കൂട്ടിരുന്നു എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. അയാളെ സുരക്ഷിതമായ ഒരിടത്തേക്ക് ചുമന്നെത്തിച്ച്, മുറിവു കെട്ടി, ഭക്ഷണം നല്കി ആരോ ഒരാൾ ഒപ്പമിരുന്ന് അയാളെ പരിപാലിച്ചു.

തുടയെല്ലു തകർന്ന് വീണുപോയ ഒരു മനുഷ്യനെ സുഖമാകുവോളം മറ്റൊരാൾ പരിചരിച്ചു എന്നതിന്റെ തെളിവാണ് ഊറിക്കൂടിയ ആ തുടയെല്ല്; അതുതന്നെയാണ് എന്റെയഭിപ്രായത്തിൽ മനുഷ്യ ചരിത്രത്തിലെ സാമൂഹിക ജീവനത്തിന്റെ ആദ്യ സൂചന”

വീണുപോയ മനുഷ്യനെ മറ്റൊരു മനുഷ്യൻ താങ്ങുന്നയിടത്ത് മാനവ സംസ്കാരം പിറവികൊള്ളുന്നു!

ഇത് തികച്ചും ശാസ്ത്രീയമായ ഒരു കൂട്ടിരിക്കലാണ്. മറ്റു ജന്തുക്കളും ഇങ്ങിനെ മക്കളെയും, പരിക്ക്‌ പറ്റിയവരെയും സംരക്ഷിക്കുന്നതായി കാണാറുണ്ട്. ചിറകറ്റ പക്ഷിക്ക്, എങ്ങാണ്ടുനിന്നു പറന്നു വന്നു ഭക്ഷണം കൊക്കിൽ വച്ച് കൊടുക്കുന്ന പറവകൾക്കുമൊക്കെ കാരുണ്യം ഒരു ജന്മസിദ്ധമായ ഗുണമായി തോന്നിപ്പോവാം. പക്ഷെ ബോധപൂർവം വീണുപോയ ഒരു മനുഷ്യൻ തന്റെ മതത്തിലോ വർഗത്തിന്റെ രാജ്യത്തിലോ നിറത്തിലോ അല്ലെങ്കിൽ പോലും കൂട്ടിരിക്കണമെങ്കിൽ അവനെന്റെ സഹോദരൻ ആണെന്ന ബോധം വേണം.

“അവനിവനെന്നറിയുന്നതൊക്കെയോർത്താ- ലവനിയിലാദിമമായൊരാത്മരൂപം”. “സാഹോദര്യം” എന്ന മൂല്യത്തെ മലയാളിയുടെ ബോധമണ്ഡലത്തിൽ പ്രതിഷ്‌ഠിക്കാൻ ശ്രീ നാരായണ ഗുരു ശ്രമിച്ചതിങ്ങനെയാണ്.

ഇത് മറ്റൊരു രൂപം.”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന്‌ സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിൻറെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ” (വി. ഖുർആൻ 4 :1 )

Related Articles