Vazhivilakk

മൂസായുടെ വടി, ദൈവത്തിൻ്റെ ദിനങ്ങൾ

വേദസാരം- ഇരുപത്തിനാല്

ആസക്തികൾ അപകടങ്ങളാണ്. അത് മനുഷ്യനെ അക്രമിയാക്കും. കൈയ്യേറ്റങ്ങൾക്ക് പ്രേരിപ്പിക്കും. അധികാരം, സമ്പത്ത്, ലൈംഗികത എന്നീ അനിവാര്യതകളിൽ, ആസക്തികൾ പടരുമ്പോൾ അരുതായ്മകൾ വർധിക്കും. കുടുംബം, വംശം, വർഗ്ഗം, ദേശം എന്നിവയോടുള്ള ഭ്രാന്തമായ സ്നേഹവും അന്ധമായ വെറുപ്പും ബീഭത്സമായ രംഗങ്ങൾ സൃഷ്ടിക്കും. സ്വന്തം സഹോദരനെ കൊന്നുകളഞ്ഞ കാബേലിൻ്റെ ചരിത്രമുണ്ട്. ഇത് സത്യവേദം കോറിയിട്ടത് മനുഷ്യർ ചിലത് പഠിക്കാനാണ്. പക്ഷേ, കാലം കടന്നു പോകുമ്പോഴും ക്രൂരതകൾക്ക് കുറവൊന്നുമുണ്ടായില്ല. വ്യക്തികളും വംശങ്ങളും, അടിമപ്പെടുത്തിയും അറുകൊല നടത്തിയും പിന്നെയും ഭൂമിയിൽ അർമാദിച്ചുകൊണ്ടിരുന്നു. നോക്കൂ, എന്തുമാത്രം ക്രൂരതകളാണ് നമുക്ക് ചുറ്റും നടമാടുന്നത്! ഇതൊന്നും നമ്മുടെ ഉള്ളുലയ്ക്കുന്നില്ലേ!

മനുഷ്യരുടെ കബന്ധങ്ങൾക്കു മേൽ സ്ഥാപിച്ച അധികാരക്കസേരകൾ. അവയിൽ ആസനസ്ഥരായ ക്രൂര ഭരണാധികാരികൾ. എല്ലാ കാലത്തും അവരുണ്ടായിട്ടുണ്ട്. നിലവിളികൾ നിലയ്ക്കാത്ത ദിനരാത്രങ്ങളാണ് അവർ സംഭാവന ചെയ്തത്. ചോരപ്പുഴകൾ ഒഴുക്കിയാണ് അവർ ആഹ്ലാദിച്ചത്. സ്ത്രീകളുടെ ആർത്തനാദങ്ങൾ സംഗീതം പോലെയാണ് അവർ ആസ്വദിച്ചത്. കുഞ്ഞുകുട്ടികളെ വരെ വംശവും ജാതിയും മതവും നോക്കിയാണ് അവർ കൊന്നു തള്ളിയത്. ഫറോവ മുതൽ ഹിറ്റ്ലർ വരെ അതിൻ്റെ ഭീകരരൂപികളായി കളം നിറഞ്ഞാടി. ആ വഴിയിൽ പിന്നേയും ചിലർ വന്നു നിന്നു. ലോകവും രാജ്യവും തങ്ങളുടേതെന്ന് അവർ അഹങ്കരിച്ചു. ജനങ്ങളെ തീരാത്ത ദുരിതത്തിലേക്കും തോരാത്ത കണ്ണീരിലേക്കും തള്ളിവിട്ട് അവർ ഉറങ്ങാൻ പോയി! വരാനിരിക്കുന്ന ദിനങ്ങളെല്ലാം തങ്ങളുടേതാണെന്ന്, തങ്ങളുടേത് മാത്രമാണെന്ന് അവർ തെറ്റിദ്ധരിച്ചു! ‘ദൈവത്തിൻ്റെ ദിനങ്ങൾ’ അവർ മറന്നു പോയി. അത് ഓർമ്മിപ്പിച്ചവരെയൊന്നും അവർ ഗൗനിച്ചതേയില്ല! പക്ഷേ, സത്യവേദം ‘ദൈവത്തിൻ്റെ ദിനങ്ങൾ’ കാലാകാലവും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.

Also read: ഈസാർചരിത്രംസൃഷ്ടിക്കും

“നാം ഇതിനു മുമ്പ് മൂസായെ ദൈവിക ദൃഷ്ടാന്തങ്ങളുമായി അയച്ചിട്ടുണ്ട്. അദ്ദേഹത്തോടു നാം കല്‍പിച്ചു: ‘നിന്റെ ജനത്തെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുക. ദൈവത്തിന്റെ ദിനങ്ങള്‍ അവരെ ഓര്‍മിപ്പിക്കുക. ക്ഷമയും കൃതജ്ഞതയും പാലിക്കുന്നവര്‍ക്ക് ഒക്കെയും ആ സംഭവങ്ങളില്‍ മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്.” സത്യവേദം പതിനാലാം അധ്യായം, അഞ്ചാം വചനം. സമയമെത്തുമ്പോൾ പ്രപഞ്ചാധിപതിയുടെ ഒരു ഇടപെടലുണ്ട് എന്നർത്ഥം. സകല അഹങ്കാരികളേയും അക്രമികളേയും അധികാരക്കസേരയിൽ നിന്ന് വലിച്ചിറക്കുന്ന ഒരു നാൾ. അക്രമികളായ എല്ലാ അധീശാധികാരികളും ചരിത്രത്തിൽ വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. മുങ്ങിയൊടുങ്ങുകയോ, തെരുവിൽ തൂക്കിലേറ്റപ്പെടുകയോ, പ്രളയത്തിൽ ഒലിച്ചുപോവുകയോ, സ്വയം ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ട്. ചെകുത്താൻമാർ ചവറ്റുകൊട്ടയിൽ എറിയപ്പെട്ട സന്ദർഭങ്ങളാണ്, ‘ദൈവത്തിൻ്റെ ചരിത്രപ്രധാനമായ ദിനങ്ങൾ’.

അതുകൊണ്ട്, വാക്കുകളിൽ തീ തുപ്പിയും തെരുവിൽ തീ കൂട്ടിയും അർമാദിക്കുന്നവരേ! നിങ്ങളുടെ സാത്താൻ സേവ കാരണം ഉയരുന്ന നിരപരാധികളുടെ ആർത്തനാദങ്ങളുണ്ടല്ലോ! ആ നിലവിളികൾ തീജ്വാലകളായി നിങ്ങളെ കരിച്ചുകളയും. വിണ്ടുകീറിയ പാദങ്ങൾ ഒരു നാൾ നിങ്ങളുടെ മുഖത്ത് പതിക്കും. തെരുവിലൊഴുകിയ അവരുടെ ചോരയിൽ നിങ്ങൾ മുങ്ങിയൊടുങ്ങും. ഓർമ്മയില്ലേ ഫറോവയെ! എല്ലാ ഭീകരതകളും അഴിച്ചുവിട്ട വർഷങ്ങൾ. ശേഷം, ഓടി രക്ഷപ്പെടുന്നവരെ കൊന്നു തള്ളാൻ സർവായുധ സജജരായി ഫറോവയും സൈന്യവും പുറകെയെത്തി. ചെങ്കടൽ തീരത്ത് അവർ മുഖാമുഖം നിന്നു. മൂസായുടെ കൈയിലുള്ളത് ഒരു വടി മാത്രം! പിന്നെ പ്രാർത്ഥനയും. ആകാശത്തേക്ക് ഉയർന്ന കൈകളിലേക്ക് ദൈവത്തിൻ്റെ മറുപടിയെത്തി. മൂസായുടെ അടിയിൽ പിളർന്ന സമുദ്രം. ഒരേ സമയം, ഫറോവക്ക് ശിക്ഷയും മൂസാക്ക് രക്ഷയുമായി! അത് മർദ്ദകരുടെ അന്ത്യവും മർദ്ദിതരുടെ വിമോചനവുമായിരുന്നു. ‘ദൈവത്തിൻ്റെ ദിനങ്ങളിൽ’ ഏറ്റവും ചരിത്രപ്രധാനമായത്!

ഇന്നിതാ അഭിനവ ഫറോവമാരുടെ പൈശാചികത എല്ലാ പരിധികളും അതിലംഘിച്ചിരിക്കുന്നു. പക്ഷേ, ‘ദൈവത്തിൻ്റെ ദിനം’ വരണമെങ്കിൽ ഒരു വലിയ നിബന്ധനയുണ്ട്. കർമ്മങ്ങൾ കൊണ്ട് കടൽ പിളർക്കാൻ കഴിയുന്നവർ എഴുന്നേറ്റ് നിൽക്കണം. ഇവിടെയിതാ, മൂസായുടെ വടിയുടെ അടി കാത്ത് ചെങ്കടൽ പിന്നെയും തിരതല്ലി കരയുകയാണല്ലോ!

Facebook Comments
Related Articles
Close
Close