Current Date

Search
Close this search box.
Search
Close this search box.

മനുഷ്യനെ സ്വതന്ത്രനാക്കുന്ന ഇസ്‌ലാം

കാലം ചെല്ലുന്തോറും വാക്കുകളുടെ അര്‍ഥത്തിലും പ്രയോഗത്തിലും മാറ്റം വരാറുണ്ട്. മുന്‍കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന അര്‍ഥങ്ങളേയല്ലായിരിക്കാം ഒരുപക്ഷേ അവ. അത്തരമൊരു വാക്കാണ് ‘സ്വാതന്ത്ര്യം’. വ്യക്തികളും സമൂഹങ്ങളും സ്വാതന്ത്ര്യത്തിന് വളരെയേറെ വിലകല്‍പിക്കുന്നു. മനുഷ്യന് സ്വാതന്ത്ര്യം നേടിക്കൊടുക്കാനാണ് ഇസ്ലാം അവതീര്‍ണമായിട്ടുള്ളത്. അഭിപ്രായ പ്രകടനം നടത്തുവാനും ഭൂമിയിലൂടെ സഞ്ചരിക്കുവാനും അറിവ് നേടാനും സാധനങ്ങള്‍ ഉടമപ്പെടുത്തുവാനുമുള്ള സ്വാതന്ത്ര്യവും ഇസ്ലാം അവന് നല്‍കുന്നു. ഇസ്ലാമിലെ സ്വാതന്ത്ര്യം ജീവിതത്തിന്റെ സകല മേഖലകളെയും സ്പര്‍ശിക്കുന്നു. ഇസ്ലാമിന് മുമ്പ് വരെ ലോകം അങ്ങനെയൊരു സ്വാതന്ത്യവീക്ഷണം പരിചയിച്ചിട്ടില്ലായിരുന്നു. സ്വാതന്ത്യത്തെ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ഇസ്ലാം ലോകത്തിന് പരിചയപ്പെടുത്തുകയുണ്ടായി:

1) സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിക്കുന്ന ഇസ്ലാം

ശിര്‍ക്കില്‍നിന്നും മുക്തരായി ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കാണ് ഇസ്ലാം മനുഷ്യനെ ക്ഷണിക്കുന്നത്. അല്ലാഹുവിന് പൂര്‍ണമായും കീഴ്‌പ്പെട്ട അടിമയാകുന്നതിലൂടെയല്ലാതെ യഥാര്‍ഥ സ്വാതന്ത്ര്യം നേടുക സാധ്യമല്ല. അല്ലാഹുവിന് കീഴ്‌പെടുന്നതിലൂടെ ദേഹേഛകളില്‍നിന്നും ധനപ്രേമത്തില്‍നിന്നും മറ്റനിശ്ചിതത്വങ്ങളില്‍നിന്നും മനുഷ്യന്‍ സ്വാതന്ത്ര്യം നേടുന്നു. ഒരുപാട് യജമാനന്മാരുള്ളൊരു മനുഷ്യനെയും ഒരു യജമാനന്‍ മാത്രമുള്ള മറ്റൊരു മനുഷ്യനെയും താരതമ്യം ചെയ്യുന്നുണ്ട് സൂറത്തുസ്സുമറില്‍. എന്നിട്ടല്ലാഹു ചോദിക്കുന്നു: ഇവര്‍ രണ്ടുപേരുടെയും അവസ്ഥ ഒരുപോലെയാകുമോ? ‘ഒന്നാമന് തന്റെ അനേകം യജമാനന്മാരില്‍ ആര്‍ക്ക് കീഴ്‌പെടണമെന്നതില്‍ ധാരാളം സംശയങ്ങളുണ്ടായിരിക്കും. ആ യജമാനന്മാരൊക്കെയും അവനെ താന്താങ്ങളിലേക്ക് വലിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ രണ്ടാമനാകട്ടെ ഒരു യജമാനനെ മാത്രം അനുസരിച്ചാല്‍ മതിയാകും. ഇവരൊരിക്കലും ഒരുപോലെയാകില്ല.'(തഫ്‌സീര്‍ ഇബ്‌നുകസീര്‍). ഇതുപോലെത്തന്നെ അല്ലാഹുവിന് പുറമേ മറ്റാരാധ്യരെ സ്വീകരിക്കുന്നവരും അല്ലാഹുവിന് മാത്രം അടിമപ്പെട്ട് ജീവിക്കുന്നവരും ഒരിക്കലും തുല്യമാവുകയില്ല. അല്ലാഹുവെ മാത്രം ആരാധിക്കുന്നവര്‍ അവനോടല്ലാത്ത സകല കെട്ടുപാടുകളില്‍ നിന്നും മുക്തരാണ്. ഏകനായ അല്ലാഹുവെ മാത്രം അനുസരിക്കുക, അവന്റെ മാത്രം വ്യവസ്ഥകള്‍ക്കും നിയമസംഹിതക്കും കീഴ്‌പെടുക എന്നൊക്കെയാണ് സ്വാതന്ത്ര്യം കൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത്. ഈ ക്ഷണം നിരസിക്കുന്നവര്‍ സ്വന്തത്തെ പൈശാചിക ശക്തികള്‍ക്കും മറ്റു കേവല സൃഷ്ടികള്‍ക്കും അടിമപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്.

Also read: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിങ്ങള്‍ തിരിച്ചറിയുക!

2) നിര്‍ഭയത്വം

ഇസ്ലാം മനുഷ്യര്‍ക്ക് നിര്‍ഭയത്വം ഉറപ്പാക്കുന്നു. പരസ്പരം ശത്രുത വച്ചുപുലര്‍ത്തുന്നത് ഇസ്ലാം നിരോധിച്ചിരിക്കുന്നു. ‘അക്രമികളോടല്ലാതെ കൈയേറ്റം അരുത്'(അല്‍ ബഖറ 193). നബി(സ) പറഞ്ഞതായി അബീഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു:’സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. ഒരുവന്‍ മറ്റൊരുവനെ ആക്രമിക്കുകയോ വഞ്ചിക്കുകയോ പരിഹസിക്കുകയോ ഇല്ല. അവരുടെ രക്തവും ധനവും അഭിമാനവും പരസ്പരം പവിത്രമാകുന്നു.’

3) ഉടമപ്പെടുത്തുവാനും ഉപയോഗിക്കാനുമുള്ള സ്വാതന്ത്യം

വസ്തുക്കള്‍ ഉടമപ്പെടുത്തുവാനും ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം ഇസ്ലാം നല്‍കുന്നു. ആ സ്വാതന്ത്ര്യം ഇസ്ലാം അനുശാസിക്കുന്ന രീതിയിലായിരിക്കല്‍ മുസ്ലിംകളുടെ ഉത്തരവാദിത്തവും ബാധ്യതയുമാണ്.

4) ചിന്തിക്കാനുള്ള സ്വാതന്ത്യം

അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ നിരീക്ഷിചറിയാനും അതേകുറിച്ച് ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇസ്ലാം മനുഷ്യന് നല്‍കുന്നു. ‘അവരോട് പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ച് നിരീക്ഷിക്കുക. എങ്ങനെയാണവന്‍ സൃഷ്ടി തുടങ്ങിയിട്ടുള്ളതെന്ന്. പിന്നീടല്ലാഹു മറ്റൊരിക്കല്‍കൂടി ജീവന്‍ നല്‍കും. നിശ്ചയം അല്ലാഹു സകലതിനും കഴിവുറ്റവനല്ലോ'(അല്‍ അന്‍കബൂത്ത് 20).

Also read: അനീതി നീതിക്ക് ഭീഷണി

5) സഞ്ചാര സ്വാതന്ത്ര്യം

ഭൂമിയിലൂടെ സഞ്ചരിക്കുവാനും അതിലെ നന്മകള്‍ ആസ്വദിക്കാനും അല്ലാഹു അവന്റെ അടിമകളെ അനുവദിക്കുന്നു. ‘അവനാണ് ഈ ഭൂമിയെ നിങ്ങള്‍ക്ക് മെരുക്കിത്തന്നത്. അതിലൂടെ നിങ്ങള്‍ നടന്നുകൊള്ളുക, അവന്റെ വിഭവങ്ങളില്‍നിന്ന് ആഹരിക്കുകയും ചെയ്യുക. അവനിലേക്കുതന്നെയാകുന്നു നിങ്ങളുടെ മടക്കവും'(അല്‍ മുല്‍ക് 15).

6) വിശ്വാസ സ്വാതന്ത്ര്യം

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ഇസ്ലാം മനുഷ്യനെ അനുവദിക്കുന്നു. ആ വിഷയത്തില്‍ ബലപ്രയോഗം വിലക്കുകയും ചെയ്തു. ‘ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല'(അല്‍ ബഖറ 256).

7) മനുഷ്യന്‍ സ്വതന്ത്രനായി സൃഷ്ടിക്കപ്പെടുന്നു

‘ നിങ്ങളെപ്പോഴാണ് ആളുകളെ അടിമകളാക്കി വെക്കാന്‍ തുടങ്ങിയത്? അവര്‍ ജനിച്ചത് സ്വതന്ത്രരായിട്ടായിരിക്കെ?’ – (ഉമര്‍(റ)).

പക്ഷേ, ഉത്തരവാദിത്തങ്ങളില്‍ നിന്നും മുക്തമല്ല ഒരു സ്വാതന്ത്ര്യവും. മനുഷ്യനെ പരീക്ഷിക്കുന്നതിന് വേണ്ടിയാകുന്നു അത് നല്‍കപ്പെട്ടിട്ടുള്ളത്. ‘നീ പറയുക: ഇത് നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം, ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം. അക്രമികള്‍ക്കായി നാം നരകം ഒരുക്കിവെച്ചിട്ടുണ്ട്. അതിന്റെ ജ്വാലകള്‍ അവരെ വലയം ചെയ്തുകഴിഞ്ഞിരിക്കുന്നു'(അല്‍ കഹ്ഫ് 24). മനുഷ്യന്‍ സ്വതന്ത്രനാണ്, പക്ഷേ ഉത്തരവാദിത്തങ്ങളോ വിചാരണയോ ഇല്ലാത്ത ഒരു സ്വാതന്ത്ര്യം അവന് നല്‍കപ്പെട്ടിട്ടില്ല; അവനിഷ്ടമുള്ളത് പ്രവര്‍ത്തിക്കാം, പക്ഷേ പ്രവര്‍ത്തനഫലം അവന്‍ തന്നെ അനുഭവിക്കേണ്ടിവരും. ‘നമ്മുടെ സൂക്തങ്ങളില്‍ ദുരര്‍ഥമാരോപിക്കുന്നവരുണ്ടല്ലോ, അവര്‍ നമ്മില്‍നിന്ന് മറഞ്ഞുപോകുന്നൊന്നുമില്ല. സ്വയം ചിന്തിച്ചു നോക്കുക, നരകത്തിലെറിയപ്പെടുന്ന മനുഷ്യനാണോ ഉത്തമന്‍, അതല്ല പുനരുത്ഥാന നാളില്‍ നിര്‍ഭയനായി ഹാജരാകുന്നവനോ? നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തുകൊള്ളുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നു’ (ഫുസ്സിലത്ത് 40).

Also read: ഒരു കന്യാസ്ത്രീ ഖുര്‍ആന്‍ വായിച്ചപ്പോള്‍

വ്യകതിത്വത്തെ വളര്‍ത്തുന്ന, മനുഷ്യന്റെ ശുദ്ധപ്രകൃതിയും സമാധാനവും സംരക്ഷിക്കപ്പെടുന്ന, സത്യവും നീതിയും പുലരുന്ന സ്വാതന്ത്ര്യമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. ആരെങ്കിലും സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ ലംഘിക്കുന്നുവെങ്കില്‍ അവന്‍ കളങ്കപ്പെടുത്തുന്നത് സ്വന്തത്തെ മാത്രമല്ല, അവന്റെ സമുദായത്തെയും സമൂഹത്തെയും കൂടിയാണ്. എന്നിരുന്നാലും സമൂഹം നശിച്ചു പോവാതിരിക്കാന്‍ മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കല്‍ സമൂഹത്തിന്റെ തന്നെ ബാധ്യതയാണ്.

ഇസ്ലാമിന്റെ ശത്രുക്കളുടെ കുപ്രചാരണങ്ങള്‍ കാരണം ഇസ്ലാം മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യത്തെ യഥാവിധം മനസ്സിലാക്കുന്നതില്‍ വീഴ്ചപറ്റുന്നവരാണ് അധികമാളുകളും. അതുകൊണ്ടുതന്നെ തന്നിഷ്ടപ്രകാരമാണ് അവര്‍ സ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്നത്. അങ്ങനെ കുറ്റവാളികള്‍ക്ക് തെറ്റ് ചെയ്യാനും കൊലയും കൊള്ളയും നടത്താനുള്ള അനുവാദമായി അത് മാറുന്നു. ചതിയും വഞ്ചനയും നടത്താനുള്ള അനുവാദവുമാകുന്നു. ദേഹേഛകളെ പിന്‍പറ്റുന്നവന്‍ ജീവിതവിശുദ്ധി കൈവെടിയലായി അതിനെ വ്യാഖ്യാനിക്കും.

പരിധികളില്ലാതെ എല്ലാം അനുവദനീയമാക്കുന്നത് സ്വാതന്ത്ര്യത്തെ വ്യക്തമായി മനസ്സിലാക്കാത്തത് കൊണ്ടാണ്. സ്വന്തത്തെ തൃപ്തിപ്പെടുത്താന്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നതല്ല സ്വാതന്ത്ര്യം. സാമൂഹിക മര്യാദകളോ മതവിധികളോ പാലിക്കാതെ ഇഷ്ടമുള്ളതെന്തും ചെയ്യുന്നതുമല്ല സ്വാതന്ത്ര്യം. വ്യക്തികള്‍ എല്ലാ കാര്യങ്ങളും തന്നിഷ്ടപ്രകാരം ചെയ്യാന്‍ തുടങ്ങിയാല്‍ ഏത് സമൂഹത്തിനാണ് നിലനില്‍പുണ്ടാവുക? വളരെ സങ്കടകരമാണിത്. മനുഷ്യരും മൂല്യങ്ങളും ഒരുപോലെ ചതച്ചരക്കപ്പെടുന്നു, അല്ലാഹുവും പ്രവാചകനും ദീനും നിന്ദിക്കപ്പെടുന്നു, സ്ത്രീകള്‍ അഴിഞ്ഞാടുന്നു, ഹിജാബുകള്‍ അപ്രത്യക്ഷമാവുന്നു, ഫിത്‌ന വ്യാപകമാവുന്നു; എല്ലാം സ്വാതന്ത്ര്യത്തിന്റെ പേരില്‍! ഇത് സ്വാതന്ത്ര്യമല്ല; അരാജകത്വമാണ്.

Also read: ടെക്‌നോളജിയുടെ മതം

നുഅ്മാനുബ്‌നു ബശീര്‍(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ‘അല്ലാഹുവിന്റെ പരിധികള്‍ അംഗീകരിക്കുന്നവരുടെയും അത് ലംഘിക്കുന്നവരുടെയും ഉപമ, കപ്പലിന്റെ കാര്യത്തില്‍ നറുക്കിട്ടവരെപ്പോലെയാണ്: അങ്ങനെ ചിലര്‍ മുകളിലും മറ്റുചിലര്‍ താഴെയുമായി അവര്‍ യാത്ര തുടങ്ങി. താഴെ തട്ടിലുള്ളവര്‍ വെള്ളത്തിന് ആവശ്യം വന്നാല്‍ മുകളിലുള്ളവര്‍ക്കിടയിലൂടെ പോകേണ്ടിയിരുന്നു. അവര്‍ പറഞ്ഞു: നമ്മുടെ ഭാഗത്ത് നമ്മളൊരു ദ്വാരമിട്ടാല്‍ മുകളിലുള്ളവരെ നമുക്ക് ബുദ്ധിമുട്ടിക്കേണ്ടി വരില്ല. അവരുദ്ദേശിച്ചത് ചെയ്യാന്‍ അവരെ വിടുകയാണെങ്കില്‍ എല്ലാവരും നശിക്കും. അവരെ അതില്‍നിന്ന് തടഞ്ഞാല്‍ എല്ലാവരും രക്ഷപ്പെടുകയും ചെയ്യും.’ തങ്ങള്‍ക്ക് കിട്ടിയ ഭാഗം ഇഷ്ടാനുസാരം ഉപയോഗിക്കാന്‍ തുനിഞ്ഞ താഴെനിലയിലുള്ളവരെ തടയല്‍ കപ്പലിന്റെയും അതിലുള്ളവരുടെയും സുരക്ഷക്ക് അനിവാര്യമായിരുന്നു. വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വീഴ്ചവരുത്തി സമൂഹത്തെയും മനുഷ്യകുലത്തെയുമൊന്നടങ്കം അപകടത്തിലാക്കുന്നവരോടുള്ള ഇസ്ലാമിന്റെ നിലപാട് ഈ ഹദീസിലൂടെ വ്യക്തമാവുന്നു.

വ്യക്തിസ്വാതന്ത്ര്യം സമൂഹത്തിനോ ദീനിനോ അപകടം വരുത്താത്തിടത്തോളം കാലം ഇസ്ലാം അതിനെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യും. സമൂഹത്തിനും ദീനിനും ഹാനികരമാവുന്നതോടെ അതിന് വിലങ്ങിടുകയും ചെയ്യും. ‘അവരെ അവരുടെ പാട്ടിന് വിട്ടാല്‍ എല്ലാവരും നശിക്കും. അവരെ കൈക്ക് പിടിച്ച് തടഞ്ഞാല്‍ എല്ലാവരും രക്ഷപെടും.

വിവ. ദാനിഷ് മാട്ടുമ്മൽ

Related Articles