Current Date

Search
Close this search box.
Search
Close this search box.

ഇഹ്‌സാന്‍ ദിവ്യാനുരാഗത്തിന്റെ സൗന്ദര്യപൂരം

തഖ്‌വയുടെ അടിസ്ഥാനം ദൈവിക ഭയം ആണെങ്കില്‍ ഇഹ്‌സാന്റെ അടിത്തറ ദിവ്യ സ്‌നേഹമത്രെ. ഉടമയായഅല്ലാഹുവിനോട് അടിമയായ വിശ്വാസിക്കുണ്ടാവുന്ന വിശുദ്ധമായ സ്‌നേഹാനുരാഗം.

അല്ലാഹുവെ അതിരറ്റു സ്‌നേഹിക്കുക, അല്ലാഹു സദാസമയവും തന്നെ കാണുന്നുണ്ടെന്ന ബോധത്തോടെ ജീവിക്കുക, ചെയ്യുന്ന എല്ലാ കാര്യത്തിനും സൗന്ദര്യവും പൂര്‍ണതയും ഉണ്ടായിരിക്കുക, നന്മകളെല്ലാം ഏറ്റവും ഉത്കൃഷ്ടമായി തന്നെ ചെയ്യുക. ഇതൊക്കെയാണ് ഇഹ്‌സാന്‍. ഇഹ്‌സാനിന്റെ ഊര്‍ജ്ജം ഇഖ്‌ലാസ് ആണെന്നും ഇഹ്‌സാനിന്റെ പ്രായോഗിക രൂപം ഇന്‍ഫാഖ് ആണെന്നും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഇത്രയും സമഗ്രമായ ഇഹ്‌സാനും അതിന്റെ വിഭിന്ന ഭാവങ്ങളും നമുക്കിടയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാറില്ല. അതിന്റെ നിമിത്തമായി ശൈഖ് യൂസുഫുല്‍ ഖറദാവി വിരല്‍ചൂണ്ടുന്നത്, ദൈവസ്‌നേഹത്തില്‍ പരിധിവിട്ട സ്വൂഫിസം വരുത്തിവെച്ച ദുരന്തത്തിലേക്കാണ്. (അതേയവസരം യഥാര്‍ത്ഥ സ്വൂഫികള്‍ ഈ രംഗത്തു നല്‍കിയ സംഭാവനകളെ ഖറദാവി കലവറയില്ലാതെ വാഴ്ത്തുകയും ചെയ്യുന്നു. നമുക്ക് ആധ്യാത്മികാനുഭവങ്ങളുടെയും വിജ്ഞാനീയങ്ങളുടെയും വന്‍ സമ്പത്ത് തന്നെ സ്വൂഫികള്‍ സംഭാവന ചെയ്തതായി ഖറദാവി രേഖപ്പെടുത്തിയിട്ടുണ്ട്)

ഇഹ്‌സാന്‍ നഷ്ടപ്പെട്ടതോടുകൂടിയാണ് ഇസ്‌ലാം നമുക്കിടയില്‍ ഒരു ‘വരണ്ട മതം’ ആയി മാറിയത്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെ ‘അല്‍ഉബൂദിയ്യ’ അതുല്യമായ ദൈവസ്‌നേഹ ഗ്രന്ഥമത്രെ.’ഇബാദത്തി’ല്‍ ‘ഹുബ്ബുല്ലാഹ്’ക്കുള്ള സ്ഥാനം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഗ്രന്ഥമാണിത്.

ഒരു സത്യവിശ്വാസിക്ക് ദൈവിക ഭയത്തിനു മുമ്പേ ഉണ്ടായിരിക്കേണ്ട ഗുണം ദൈവിക സ്‌നേഹമാണ്. ഇതിന് പണ്ഡിതന്മാര്‍ പറയുന്ന ഒരു ഉദാഹരണമുണ്ട്:
നമ്മള്‍ സ്വന്തം മാതാപിതാക്കളെ ഭയപ്പെടുന്നതിന്റെ അടിസ്ഥാനം, അവര്‍ നമ്മോടു പുലര്‍ത്തുന്ന സ്‌നേഹം നഷ്ടപ്പെടുമോ? എന്ന ചിന്തയാണല്ലോ. അതിനര്‍ത്ഥം ആത്യന്തികമായി അല്ലെങ്കില്‍ ആദ്യമായി നമുക്കവരോടുള്ള വികാരം സ്‌നേഹമായിരുന്നു എന്നാണ്. ആ സ്‌നേഹം നഷ്ടപ്പെടുന്നതിനെയാണ് നാം ഭയപ്പെടുന്നത്. ഈ ഉദാഹരണം വെച്ചളക്കണം നാമും അല്ലാഹുവുമായുള്ള ബന്ധവും.

ഇസ്‌ലാം ഒരു കെട്ടിടമാണെന്നു പറയുമ്പോള്‍ പ്രസ്തുത കെട്ടിടത്തിന്റെ ബലവും കെട്ടുറപ്പും തഖ്‌വയും കെട്ടിടത്തിന്റെ രൂപഭംഗിയും ശില്‍പചതുരതയും ഇഹ്‌സാനും ആണ്. സയ്യിദ് അബുല്‍ അഅലാ മൗദൂദി ഇഹ്‌സാന്‍ മറ്റൊരു ഉദാഹരണത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്: ഒരു സ്ഥാപനം. അവിടെയുള്ള രണ്ടുജോലിക്കാരില്‍ ഒരാള്‍ കൃത്യമായി ജോലിക്കു വരികയും ജോലികളെല്ലാം പൂര്‍ത്തീകരിച്ച് കൃത്യമായി മടങ്ങുകയും ചെയ്യുന്നു. എന്നാല്‍ മറ്റേ ആള്‍ നേരത്തേ വരും. വൈകിയേ പോവുകയുള്ളൂ. അതിനിടയിലുള്ള ഡ്യൂട്ടിക്കപ്പുറത്ത് സ്ഥാപന വിജയത്തിന് ആവശ്യമുള്ളതെല്ലാം വളരെ ആത്മാര്‍ത്ഥമായി ചെയ്യുന്നു. ഇതില്‍ ആദ്യത്തെ ആള്‍ മുഅ്മിനും രണ്ടാമന്‍ മുഹ്‌സിനുമത്രെ.

ഖുര്‍ആന്‍ പരിഭാഷകളില്‍ ഇഹ്‌സാന് ‘നന്മ’ എന്നു മാത്രം പരിഭാഷ നല്‍കുന്നതില്‍ അപൂര്‍ണതയുണ്ട്. ചുരുങ്ങിയത് ‘ഉത്കൃഷ്ടമായ നന്മ’ എന്നെങ്കിലും പറയേണ്ടതുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ സ്‌നേഹത്തെ സൂചിപ്പിക്കാന്‍ ഹുബ്ബ്, മഹബ്ബത്ത് എന്നീ പദങ്ങളാണ് ഉപയോഗിച്ചത്. സത്യവിശ്വാസികള്‍ക്ക് ഏറ്റവും സ്‌നേഹം അല്ലാഹുവിനോടായിരിക്കണം (അശദ്ദു ഹുബ്ബന്‍ലില്ലാഹ്) എന്നും ഖുര്‍ആന്‍ അടിവരയിട്ടൂന്നിപ്പറഞ്ഞിരിക്കുന്നു. ഇവ്വിധം സ്വന്തം നാഥനെ ഏറ്റവുമധികം സ്‌നേഹിക്കുന്നവര്‍ മാത്രമേ ഇഹ്‌സാന്‍(മുഹ്‌സിന്‍) എന്ന പദവി പ്രാപിക്കൂ. മുഹ്‌സിനുകളുടെ നിരവധി സവിശേഷതകളും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘നിശ്ചയം അല്ലാഹു മുഹ്‌സിനുകളെ സ്‌നേഹിക്കുന്നു’ (അല്‍ബഖറ: 195)

‘തഖ്‌വ അവലംബിക്കുകയും ഇഹ്‌സാനില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ ആരോ, അവരോടൊപ്പമാകുന്നുഅല്ലാഹു’ (അന്നഹ്ല്‍: 128)

‘നമുക്കു വേണ്ടി ത്യാഗ സമരങ്ങള്‍ ചെയ്യുന്നവര്‍ക്ക് നമ്മുടെ നേരായ മാര്‍ഗ്ഗങ്ങള്‍ നാം കാണിച്ചു കൊടുക്കുന്നു. നിശ്ചയം അല്ലാഹു മുഹ്‌സിനുകള്‍ക്കൊപ്പമാകുന്നു’ (അല്‍ അന്‍കബൂത്ത്: 69)

നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇഹ്‌സാന്‍ ഉണ്ടായിരിക്കണമെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.’ഇന്നല്ലാഹ കത്തബല്‍ ഇഹ്‌സാന അലാ കുല്ലി ശൈഇന്‍ ‘ (മുസ്‌ലിം)

വ്യക്തി, കുടുംബം, കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം…എന്നിങ്ങനെ ഇടപഴകുന്ന മേഖലയെല്ലാം അടുക്കും ചിട്ടയും ഭംഗിയും കൊണ്ടലങ്കരിക്കണം. നമ്മുടെ മുറ്റം വൃത്തിയാക്കുമ്പോള്‍, വീട് സംവിധാനിക്കുമ്പോള്‍, മൃഗത്തെ അറുക്കുമ്പോള്‍ തുടങ്ങി നമ്മുടെ ആരാധനകളില്‍,കക്ഷി രാഷ്ട്രീയത്തില്‍, സാങ്കേതിക – നാഗരിക രംഗങ്ങളില്‍… എല്ലായിടത്തും ഉണ്ടാവണം ഇഹ്‌സാനിന്റെ ലാവണ്യം.

Related Articles