Current Date

Search
Close this search box.
Search
Close this search box.

ചിന്തയുടെ അടിസ്ഥാനം വായനയും കേള്‍വിയുമാണ്

വായിക്കുക എന്ന് ഖുര്‍ആന്‍ അജ്ഞാപിച്ചത് എഴുതാനും വായിക്കാനും അറിയാത്ത ഒരാളോടാണ്. അതു കൊണ്ട് തന്നെ തന്റെ മുന്നില്‍ വന്ന ജിബ്രീലിനോട് പ്രവാചകന്‍ അത് തുറന്നു പറഞ്ഞു. വീണ്ടും ജിബ്രീല്‍ അതാവര്‍ത്തിച്ചു. അവസാനം ആ വായനയുടെ രൂപവും പഠിപ്പിച്ചു. അത് ദൈവ നാമത്തിലാവണം.

വായിക്കുക എന്ന് പറഞ്ഞാണ് ഖുര്‍ആന്‍ അവതരണം ആരംഭിക്കുന്നത്. ആ രീതിയില്‍ അവതരണം ആരംഭിച്ച മറ്റൊരു ഗ്രന്ഥം ഉണ്ടാവാന്‍ ഇടയില്ല. എന്നിട്ടും എങ്ങിനെയാണ് വായനയും കേള്‍വിയും നമ്മില്‍ കുറഞ്ഞു പോയത്. ഏറ്റവും ചുരുങ്ങിയത് വിശ്വാസികള്‍ക്കെങ്കിലും അതൊരു നിലപാടിന്റെ വിഷയമാണ്‌ . വായിക്കാതെ അല്ലാഹുവിന്റെ ദീന്‍ മനസ്സിലാകില്ല എന്ന് തന്നെ വിശുദ്ധ ഗ്രന്ഥം പറയുന്നു. പിന്നെ എങ്ങിനെയാണ് മുസ്ലിം സമുദായത്തില്‍ എഴുത്തും വായനയും അറിയാത്തവര്‍ ഉണ്ടായത്. അത് പ്രഥമ കല്പ്പനക്ക് തന്നെ എതിരാണ് എന്ന് വരും. വായിക്കുകയും കേള്‍ക്കുകയും ചെയ്യാത്ത ഒരു ജനതക്കും പുരോഗതി പ്രാപിക്കുക സാധ്യമല്ല. ചുരുക്കത്തില്‍ ആദ്യ കല്പ്പനയോടു തന്നെ മുഖം തിരിച്ചാണ് പലരും മതത്തെ അംഗീകരിക്കുന്നത്.
മനുഷ്യന്‍ സംസാരിച്ചു തുടങ്ങിയിട്ട് ആറു മില്യന്‍ വര്‍ഷമായെങ്കിലും മനുഷ്യന്‍ എഴുതി തുടങ്ങിയിട്ട് ആറായിരം കൊല്ലം മാത്രമേ ആയിട്ടുള്ളൂ എന്നാണു ശാസ്ത്രം പറയുന്നത്. എഴുത്തും വായനയും തമ്മിലുള്ള അന്തരത്തെ കുറിച്ച് അരിസ്റ്റോട്ടില്‍ പറഞ്ഞത് ഇങ്ങിനെയാണ്‌ “ സംസാരം ബുദ്ധിയുടെ ചിഹ്നമാണ്. എഴുത്ത് സംസാര ഭാഷയുടെ ചിഹ്നമാണ്” . ആദ്യ കാലത്തുണ്ടായിരുന്ന ലിപികള്‍ ചിത്രങ്ങളുടെ രൂപത്തിലായിരുന്നു. ബി സി ആയിരത്തിലാണ് ആദ്യമായി അക്ഷരമാല പ്രയോഗം കണ്ടെത്തിയത് എന്നാണു പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. ഗ്രീക്കുകാരാണ്‌ ആദ്യമായി അക്ഷരമാല കണ്ടെത്തിയത് എന്നും പറയപ്പെടുന്നു.

Also read: നസാറകളും മസീഹുകളും തമ്മിലെന്താണ് വ്യത്യാസം?

ബി സി ഇരുനൂറില്‍ കുത്തും കോമയും പോലുള്ള കണ്ടു പിടുത്തങ്ങള്‍ എഴുത്ത് ഭാഷയിലേക്ക് കടന്നു വന്നു. നാമിന്നു കാണുന്ന രീതിയിലുള്ള എഴുത്ത് രീതികള്‍ കണ്ടെത്തിയത് എ ഡി 900 ലാണെന്ന് പറയപ്പെടുന്നു. എഴുതപ്പെട്ട ചരിത്രത്തിന്റെ പ്രായം അയ്യായിരം വര്‍ഷമാണ്‌ എന്നത് കൂടി കണക്കാക്കിയാല്‍ വായനയുടെയും എഴുത്തിന്റെയും കാലത്തിനു അധികം പഴക്കം കാണില്ല.

എഴുത്തും വായനയും മനുഷ്യ നിലനില്‍പ്പിന്റെ കൂടി അടിസ്ഥാനമായി കണക്കാക്കുന്നു . അത് കൊണ്ടാണ് വായനക്ക് ഊന്നല്‍ നല്‍കി ദൈവീക ബോധനം ആരംഭിക്കുന്നത്. വിഞാനമാണ് വ്യക്തികളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. “ വിവരമുള്ളവരും ഇല്ലാത്തവരും സമമാകുമോ?” എന്ന ഖുര്‍ആനിക ചോദ്യം അവിടെയാണ് പ്രസക്തമാകുന്നതും.

വായന മരിക്കുന്നു എന്നത് പണ്ട് മുതലേ കേട്ട് വരുന്ന പല്ലവിയാണ്. അതെ സമയം തന്നെ വിവിധ ഭാഷകളില്‍ അനേകം പുസ്തകങ്ങള്‍ ലോകത്ത് പുറത്തിറങ്ങുന്നു. “ പുസ്തക ചന്തകള്‍” എന്ന പേരില്‍ ലോകത്ത് പലയിടത്തും പുസ്തക വില്‍പ്പനയും ചര്‍ച്ചകളും നടന്നു വരുന്നു. വായന മരിച്ചാല്‍ അത് ലോകത്തിന്റെ മരണമാണ്. ഒരു ദിവസം തന്നെ ലോകത്തില്‍ അച്ചടിക്കുന്ന പത്രങ്ങളും വാരികകളും മില്ല്യന്‍ കണക്കിന് വരും. ലോകത്ത് ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രാജ്യം എന്ന ബഹുമതി ഇന്ത്യക്കാണ്. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.

ചിന്തയുടെ അടിസ്ഥാനം വായനയും കേള്‍വിയുമാണ്. “ വാക്കുകള്‍ കേള്‍ക്കുകയും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക “ എന്നാണ് അതിനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു വെച്ചത്. കൃത്യതയുള്ള ചിന്തക്കും പഠനത്തിനും വായന അനിവാര്യമാണ്. പലരും പലപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നത് ശരിയായ വായന ഇല്ലാതെയാണ്.

Related Articles