Current Date

Search
Close this search box.
Search
Close this search box.

അനുപമ വ്യക്തിത്വം

ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളുടെ പട്ടിക നയിക്കുവാൻ ഞാൻ മുഹമ്മദിനെ തെരഞ്ഞെടുക്കുന്നത് ചില വായനക്കാരെ അത്ഭുതപ്പെടുത്തിയേക്കും. ചിലർ അതിനെ ചോദ്യം ചെയ്തേക്കും. എന്നാൽ മതപരവും ഭൗതികവുമായ തലങ്ങളിൽ ചരിത്രത്തിൽ ഏറ്റവും പരമമായ വിജയം കൈവരിച്ച വ്യക്തി അദ്ദേഹം മാത്രമായിരുന്നു.

അറബ് ഗോത്രവർഗക്കാർക്ക് കരുത്തരായ യോദ്ധാക്കളെന്ന ബഹുമതിയുണ്ടായിരുന്നു. പക്ഷേ, അവരുടെ അംഗസംഖ്യ ചെറുതായിരുന്നു; അന്തഃഛിദ്രവും അനൈക്യവും വിനാശകരമാംവിധം അവരെ ബാധിച്ചിരുന്നതിനാൽ ഉത്തരഭാഗങ്ങളിലെ സുസ്ഥിരമായ കാർഷിക ഭൂപ്രദേശങ്ങളിലുണ്ടായിരുന്ന രാജസ്വരൂപങ്ങളുടെ സൈന്യങ്ങളുമായി അവർക്കൊരിക്കലും കിടനിൽക്കാൻ കഴിയുമായിരുന്നി ല്ല. എന്നാൽ, ചരിത്രത്തിലാദ്യമായി, മുഹമ്മദിനാൽ ഏകീകൃതരായി സത്യമായ ഒരു ദൈവത്തിലുള്ള തങ്ങളുടെ ദൃഢവിശ്വാസത്താൽ പ്രേരിതരായി ഈ ചെറിയ അറബ് സൈന്യങ്ങൾ, മനുഷ്യ ചരിത്രത്തിലെ ഏറ്റവും അത്ഭുതകരമായ ദിഗ്വിജയ ശൃംഖലകളിലൊന്നിനൊരുങ്ങിപ്പുറപ്പെട്ടു. അറേബ്യയുടെ ഉത്തര പൂർവ ഭാഗത്ത് സാസാനികളുടെ പ്രവിശാലമായ നിയോ പേർഷ്യൻ സാമ്രാജ്യമായിരുന്നു കിടന്നിരുന്നത്. ഉത്തര പശ്ചിമ ഭാഗത്ത്, കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമായി ബൈസന്റൈൻ അഥവാ പൂർവറോമാ സാമ്രാജ്യം സ്ഥിതിചെയ്തിരുന്നു. അംഗ സംഖ്യയിൽ അറബികൾ തങ്ങളുടെ ശത്രുക്കളോടു കിടപിടിക്കാൻ ശേഷിയില്ലാത്തവരായിരുന്നു. എന്നിട്ടും യുദ്ധക്കളത്തിൽ ഉത്തേജിതരായ ഈ അറബികൾ മെസോപൊട്ടോമിയയും സിറിയയും ഫലസ്ത്വീനും മുഴുവൻ ക്ഷണംകൊണ്ട് ജയിച്ചടക്കി. 642 ആയപ്പോഴേക്കും ബൈസന്റൈൻ സാമ്രാജ്യത്തിൽനിന്ന് ഈജിപ്ത് പിടിച്ചടക്കപ്പെട്ടു. 637-ലെ ഖാദിസിയ്യാ യുദ്ധത്തിലും 642-ലെ നനാവന്ദ് യുദ്ധത്തിലും വെച്ച് പേർഷ്യൻ സൈന്യങ്ങൾ തകർക്കപ്പെടുകയും ചെയ്തു. മുഹമ്മദിന്റെ അടുത്ത സ്നേഹിതന്മാരും ആദ്യാനുയായികളുമായിരുന്ന അബൂബക്കറിന്റെയും ഉമറുബ്നുൽ ഖത്താബിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട ഈ വൻ ദിഗ്വിജയങ്ങൾ എങ്കിലും അറബ് മുന്നേറ്റത്തിന്റെ പരിസമാപ്തി കുറിച്ചില്ല. 711 ആയപ്പോ ഴേക്കും അറബ് സൈന്യങ്ങൾ ഉത്തരാഫ്രിക്ക തൊട്ട് അറ്റ്ലാന്റിക് സമുദ്രം വരെ മുഴുവനായും തൂത്തുവാരിയിരുന്നു. അവിടെനിന്ന് അവർ വടക്കോട്ട് തിരിഞ്ഞ് ജിബ്രാൾട്ടർ കടലിടുക്കും കടന്ന് സ്പെയിനിലെ വിസിഗോത്തിക്ക് (visigothic) രാജ്യവും ഗ്രസിച്ചുകളഞ്ഞു.

മനുഷ്യചരിത്രത്തിൽ മുഹമ്മദ് നേടിയ സർവവ്യാപകമായ സ്വാധീനത്തെ എങ്ങനെ വിലയിരുത്താം? എല്ലാ മതങ്ങളെയും പോലെ ഇസ്ലാമും അതിന്റെ അനുയായികളിൽ വമ്പിച്ച സ്വാധീനം പ്രയോഗിക്കുന്നു. ഇക്കാരണത്താലാണ് ലോകത്തിലെ മഹത്തായ മതങ്ങളുടെ സ്ഥാപകന്മാരെല്ലാവരും ഈ ഗ്രന്ഥത്തിൽ പ്രധാന വ്യക്തിത്വങ്ങളായി പരാമർശിതരായത്. ലോകത്തിൽ ക്രൈസ്തവർ മുസ്ലിംകളുടെ ഏകദേശം ഇരട്ടിയുണ്ട്. ഇതിനാൽ യേശുക്രിസ്തുവിനെക്കാളും ഉന്നതമായ ഒരു സ്ഥാനം മുഹമ്മദിന് നൽകുന്നത് ആദ്യം അത്ഭുതകരമായി തോന്നി യേക്കാം. ഈ തീരുമാനത്തിന് പ്രധാനമായ രണ്ടു കാരണങ്ങളാണുള്ളത്. ഒന്നാമതായി, ക്രൈസ്തവതയുടെ പുരോഗതിക്ക് യേശു ചെയ്തതിനെക്കാളുമെത്രയോ പ്രധാനപ്പെട്ട ഒരു പങ്കാണ് ഇസ്ലാമിന്റെ പുരോഗതിയിൽ മുഹമ്മദ് വഹിച്ചത്. ക്രൈസ്തവ മതത്തിന്റെ പ്രധാന സദാചാര നിയമങ്ങളുടെയും (ജൂതമതത്തിൽനിന്നും ഇവ വ്യത്യസ്തമെന്ന നിലയിൽ ഉത്തരവാദി യേശുക്രിസ്തുവായിരുന്നുവെങ്കിലും ക്രിസ്ത്യൻ വൈദികശാസ്ത്രത്തെ പ്രധാനമായും വളർത്തി ക്കൊണ്ടുവന്നത് സെന്റ് പോളായിരുന്നു. ക്രിസ്തുമതത്തിലേക്കുള്ള മതപരിവർത്തനങ്ങളുടെ പ്രധാന ഉത്തരവാദിയും പുതിയ നിയമത്തിൽ ഒരു വലിയ ഭാഗത്തിന്റെ രചയിതാവും സെന്റ് പോളായിരുന്നു.

എന്നാൽ മുഹമ്മദായിരുന്നു ഇസ്ലാമിന്റെ വൈദികശാസ്ത്രത്തിന്റെയും അതിന്റെ പ്രധാന ധാർമിക സദാചാര നിയമങ്ങളുടെയും ഉത്തരവാദി. മാത്രവുമല്ല, പുതിയ വിശ്വാസത്തിലേക്ക് അനുയായികളെ നേടിയെടുക്കുന്നതിലും മതാനു ഷ്ഠാനങ്ങൾ സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

ഇതിനെല്ലാം പുറമെ, ക്രിസ്തുവിൽ നിന്നും വിഭിന്നമായി, മുഹമ്മദ് ഒരു മതനേതാവെന്നപോലെ ലൗകികനും കൂടിയായിരുന്നു. യഥാർഥത്തിൽ അറബ് ജൈത്രയാത്രകളുടെ പ്രേരകശക്തിയെന്ന നിലയിൽ മുഹമ്മദ് എക്കാലത്തെയും ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രീയ നേതാവാണ്.

പല പ്രധാന ചരിത്രസംഭവങ്ങളെക്കുറിച്ചും, ഒരു പ്രത്യേക രാഷ്ട്രീയ നേതാവിന്റെ മാർഗദർശനമില്ലായിരുന്നുവെങ്കിൽത്തന്നെയും അവ സംഭവിക്കുമായിരുന്നു വെന്ന് ഒരാൾക്ക് പറയാവുന്നതാണ്. ഉദാഹരണമായി, സൈമൺ ബോളിവർ ജനിച്ചില്ലായിരുന്നുവെങ്കിൽ പോലും മിക്കവാറും സൗത്ത് അമേരിക്കൻ കോളനികൾ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടുമായിരുന്നു. എന്നാൽ അറബ് ജയിച്ചടക്കലുകളെക്കുറിച്ച് ഇങ്ങനെ പറയുവാൻ കഴിയില്ല. മുഹമ്മദിനുമുമ്പ് ഇതുപോലെയൊന്ന് സംഭവിച്ചിരുന്നില്ല; അദ്ദേഹമില്ലാതെ തന്നെ അറബികൾ ആ ദിഗ്വിജയങ്ങൾ നടത്തുമായിരുന്നുവെന്ന് വിശ്വസിക്കാൻ യുക്തിപരമായ പഴുതുമില്ല.

അപ്പോൾ, നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്, ഏഴാം നൂറ്റാണ്ടിലെ അറബ് ദിഗ്വിജയങ്ങൾ മനുഷ്യചരിത്രത്തിൽ ഇന്നോളം സുപ്രധാനമായ ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നാണ്. മനുഷ്യചരിത്രത്തിൽ ഏറ്റവും സ്വാധീനമുള്ള ഒരേയൊരു വ്യക്തിയായി മുഹമ്മദിനെ വിലയിരുത്താൻ എന്നെ ബാധ്യസ്ഥനാക്കുന്നതു മുഹമ്മദിന്റെ അനുപമമായ ഈ മത-ഭൗതിക സംയോജനമാണ്.

(The 100: A Ranking of the Most Influencial Persons in History യിൽ നിന്ന്. ലോകചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചവരിൽ ഒന്നാമൻ മുഹമ്മദ് നബിയാണെന്ന് ഈ പുസ്തകത്തിൽ സമർഥിക്കുന്നു)

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles