Current Date

Search
Close this search box.
Search
Close this search box.

കത്ത് മാറിക്കിട്ടിയപ്പോൾ

കുരിശു സേനാനികളിൽ നിന്ന് ഫലസ്തീൻ മോചിപ്പിച്ച വീര വിപ്ലവകാരിയാണ് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി. ധീരതയിലും യുദ്ധ തന്ത്രത്തിലും സമാനതകളില്ലാത്ത മികവ് പുലർത്തിയ അദ്ദേഹം എതിരാളികളോടുള്ള വിട്ടുവീഴ്ചയിലും ഉദാരതയിലും അസമാനനായാണ് അറിയപ്പെടുന്നത്.

അദ്ദേഹവും അലപ്പോ നിവാസികളും തമ്മിലുണ്ടാക്കിയ സന്ധി ഒട്ടും ഇഷ്ടപ്പെടാതിരുന്ന മൗസിൽ നിവാസികൾ രണ്ട് കത്ത് തയ്യാറാക്കി. ഒന്ന് സ്വലാഹുദ്ദീൻ അയ്യൂബിക്കും രണ്ടാമത്തേത് അലപ്പോ നിവാസികൾക്കും. സ്വലാഹുദ്ദീൻ അയ്യൂബിക്ക് തയ്യാറാക്കിയ കത്ത് പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച് സന്ധിക്ക് സന്നദ്ധമാണെന്ന് അറിയിക്കുന്നതായിരുന്നു. അലപ്പോ നിവാസികൾക്കുള്ള കത്ത് അവർ നേരത്തെ സ്വലാഹുദ്ദീൻ അയ്യൂബിയുമായുണ്ടാക്കിയ സന്ധി ദുർബലപ്പെടുത്താൻ ആവശ്യപ്പെടുന്നതും. രണ്ടു കത്തുകളുമായി പുറപ്പെട്ട സന്ദേശവാഹകൻ ആദ്യം സമീപിച്ചത് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയെയാണ്. അദ്ദേഹത്തിന് നൽകിയതോ അലപ്പോ നിവാസികൾക്ക് തയ്യാറാക്കിയ കത്തും. മനുഷ്യൻറെ തീരുമാനങ്ങൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമാണല്ലോ ദൈവവിധി. അതോ അലംഘനീയവും.

Also read: വംശീയ ഉന്മൂലനത്തിന്റെ ഉദാഹരണം!

സാധാരണഗതിയിൽ കത്തുകൾ മാറാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല. എന്നിട്ടും സംഭവിച്ചത് അങ്ങനെയാണ്. കത്ത് തുറന്നു വായിച്ച സ്വലാഹുദ്ദീൻ അയ്യൂബി അത് സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുകയായിരുന്നു. സന്ദേശ വാഹകനെ ബന്ദിയാക്കുന്നതിന് പകരം കത്ത് തിരിച്ച് നൽകി. എന്നിട്ട് ചിരിച്ചുകൊണ്ടിങ്ങനെ പറഞ്ഞു:”നിങ്ങൾ എനിക്ക് തന്നത് അലപ്പോ നിവാസികൾക്കുള്ള കത്താണ്. എനിക്കുള്ള കത്ത് നിങ്ങൾ വശമുള്ളതാണ്. അപ്പോൾ ആ ദൂതൻ രണ്ടാമത്തെ കത്ത് സ്വലാഹുദ്ദീൻ അയ്യൂബിക്ക് നൽകി. അദ്ദേഹം അതും തുറന്നു വായിച്ചു. മൗസിൽ നിവാസികളുടെ കപട തന്ത്രം അദ്ദേഹത്തിന് നന്നായി മനസ്സിലായി. എന്നിട്ടും ഭാവമാറ്റമൊന്നും പ്രകടിപ്പിക്കാതെ സന്ദേശ വാഹകന് വിലപ്പെട്ട സമ്മാനങ്ങൾ നൽകി തിരിച്ചയച്ചു. അതാണ് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി. റൊമാൻറിക് ഭാവനയ്ക്ക് പോലും പിടികൊടുക്കാത്ത വിസ്മയകരമായ വ്യക്തിത്വത്തിനുടമ!

Related Articles