Current Date

Search
Close this search box.
Search
Close this search box.

തലശ്ശേരി കലാപം: ചരിത്രം ഓർമപ്പെടുത്തുന്നത് ?

കാലങ്ങളായി കേരളം കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനും മതേതര പാരമ്പര്യത്തിനും കളങ്കം ചാർത്തിയ ദുരന്തമായിരുന്നു 1971 ഡിസംബർ ഒടുവിൽ നടന്ന തലശ്ശേരി കലാപം.മൂന്ന്/ നാല് ദിവസം തലശ്ശേരിയിൽ സർവ്വത്ര കൊള്ളയും തീവെപ്പും മറ്റ് ആക്രമ സംഭവങ്ങളും അരങ്ങേറി. ഏറെ കഷ്ടനഷ്ടങ്ങൾക്കും മറ്റിതര പ്രയാസങ്ങൾക്കും ഇരയായത് മുസ്ലീങ്ങൾ തന്നെ. മുസ്ലിംലീഗ് അധികാരത്തിലിരിക്കെ, മികവാർന്ന മുസ്ലിം പാരമ്പര്യമുള്ള തലശ്ശേരിയിൽ ഇങ്ങനെയുള്ള കലാപം നടത്തിയത് മുസ്ലിം ലീഗിനേയും, തദ്വാരാ മുസ്ലീങ്ങളെയും അപമാനിക്കാനും വിരട്ടി ഒതുക്കാനും കൂടിയായിരുന്നു. തലശ്ശേരി കലാപത്തിനുശേഷം അരനൂറ്റാണ്ട് പൂർത്തിയാകാൻ പോവുകയാണ്. കലാപത്തെ അന്ന് ആർഎസ്എസ് ലോബി മാപ്പിളലഹളയുടെ അമ്പതാം വാർഷികം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ന് 60 വയസ്സ് എങ്കിലും ഉള്ളവർകാണ് പ്രസ്തുത കലാപത്തിന്റെ ഓർമ്മയുണ്ടാക്കുക. പ്രസ്തുത കലാപത്തെ വിശകലനംചെയ്ത് പാഠം പഠിക്കുന്നതിൽ മുസ്‌ലിം നേതൃത്വം വേണ്ടത്ര ശ്രദ്ധിച്ചോ എന്നത് വളരെ പ്രസക്തമായ അന്വേഷണമാണ്. ചരിത്രത്തിന്റെ ചുവരെഴുത്ത് വായിക്കാത്തവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയപെടു മെന്നത് മറക്കരുത്. കാസർകോട് ജില്ല കൂടി ഉൾപ്പെട്ട അവിഭക്ത കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമായിരുന്നു തലശ്ശേരി. മുസ്ലീങ്ങളിൽ ഗണ്യ വിഭാഗം പുരുഷന്മാർ ഗൾഫ് നാടുകൾ ഉൾപ്പെടെ മറുനാട്ടിൽ ആയതിനാലുള്ള ‘സൗകര്യം’ മാക്സിസ്റ്റ് പാർട്ടി പരമാവധി മുതലെടുക്കുകയും തങ്ങളുടെ സ്വാധീനം വളർത്തുകയും ചെയ്തു.മുസ്ലീങ്ങളിൽ തന്ത്രപൂർവം ഭീതിയും അരക്ഷിതബോധവും സൃഷ്ടിച്ച്, പിന്നെ രക്ഷകരായി രംഗപ്രവേശ ചെയ്ത് അനുഭാവവും പിന്തുണയും നേടിയെടുക്കുന്ന തന്ത്രം സിപിഎം ഉപയോഗിക്കാറുണ്ട്.മുസ്ലിം യുവാക്കളെ കേസുകളിലും പ്രശ്നങ്ങളിലും തന്ത്രപൂർവ്വം കുടുക്കി, പിന്നെ വിമോചകരായിവന്ന് സലാമത്താക്കിക്കൊടുത്, തദടിസ്ഥാനത്തിൽ ആവോളം മുതലെടുപ്പ് നടത്തുന്ന അടവുകളും സൂത്രങ്ങളും പല സിപിഎം ലോക്കൽ നേതാക്കളും പ്രയോഗിക്കാറുണ്ടെന്ന് പിന്നീട് സിപിഎമ്മിൽ നിന്നകന്ന മാപ്പിള സഖാക്കൾ വേദനയോടെ സൂചിപ്പിക്കുന്നുണ്ട്. മുസ്ലീം യുവാക്കളിൽ നിരീശ്വര- നിർമ്മത ചിന്തകൾ കടത്തിവിടാനും, സദാചാരപരമായി അവരെ തകർക്കാനും ചിലർ ശ്രമിക്കാറുണ്ട്. മുസ്ലിം സഖാക്കൾ മതനിഷ്ഠ പുലർത്താൻ ശ്രമിക്കുമ്പോഴും, ഹജ്ജിനോ, ഉംറക്കോ പോയാലും പാർട്ടി പിന്നെ അവരെ സംശയദൃഷ്ട്യ വീക്ഷിക്കുന്നതായും തഴയുന്നതായും പാർട്ടിയുമായി ഗാഢബന്ധമുണ്ടായിരുന്ന മാപ്പിള സഖാക്കൾ സ്വകാര്യമായി സങ്കടപ്പെടുന്നുണ്ട്. കണ്ണൂർ ജില്ലയിൽ മുസ്ലിം കുടുംബങ്ങളിലും മഹല്ലുകളിലും സിപിഎമ്മിന്റെ അബാസഡർമാരെ ഉണ്ടാക്കിയെടുക്കുന്നതിൽ സിപിഎം വിജയിച്ചിട്ടുണ്ട്. ചുരുക്കത്തിൽ മഴുത്തായ്കളെ വളർത്തിയെടുത്ത് മുസ്ലീങ്ങളെ തകർക്കുന്ന കുതന്ത്രം ഒരളവോളം വിജയിക്കുന്നു. ഈ മഴുത്തായികളാണ് സിപിഎം മുസ്ലീങ്ങളെ കാത്തുരക്ഷിക്കുന്നവരാണെന്ന ഒരു മിഥ്യാബോധം മുസ്ലീങ്ങളിൽ സമർഥമായി വ്യാപിപ്പിക്കുന്നത്. തലശ്ശേരി കലാപത്തിനുശേഷം തങ്ങളുടെ സ്വാധീനം ഇവ്വിധം വളരെ വിദഗ്ധമായി നിലനിർത്തി പോരുന്നു. തലശ്ശേരി മുൻസിപ്പാലിറ്റി ദശകങ്ങളായി സിപിഎം അടക്കിഭരിക്കുന്നുണ്ട്. ഇതിനായി മൺമറഞ്ഞുപോയ അഖിലേന്ത്യാ മുസ്ലിം ലീഗിനേയും, മൃതപ്രായമായിക്കിടക്കുന്ന ഐ എൻ എല്ലിനെയും ഏണിപ്പടികളായി ഉപയോഗിക്കുന്നതിലും സിപിഎം അസൂയാർഹമാം വിധം വിജയിച്ചു. ( കേരള കോൺഗ്രസ് മാണി വിഭാഗത്തെയും മുമ്പ് ജോസഫ് വിഭാഗത്തെയും എത്രയുംവേഗം മുന്നണിയിൽ ഉൾപ്പെടുത്തിയതും, ഐഎൻഎല്ലിനെ ഏതാണ്ട് കാൽനൂറ്റാണ്ട് വെയിലത്തു നിർത്തി നശിപ്പിച്ചതും ഓർക്കുക) ഇപ്പോൾ സിപിഎം അതിസമർഥമായി പുലർത്തുന്ന മുസ്ലിം വിരുദ്ധ സമീപനം മനസ്സിലാക്കാൻ അമ്പതാണ്ട് മുമ്പ് നടന്ന കലാപവും അതിലേക്ക് നയിച്ച പശ്ചാത്തലവും സംഭവ പരമ്പരകളും ചുരുക്കത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്. 1970-കളിൽ മുസ്‌ലിംലീഗിനെ പിളർത്തുന്നതിൽ കോൺഗ്രസിനെന്ന പോലെ മാർക്സിസ്റ്റ് പാർട്ടിക്കും പങ്കുണ്ട്. ഒരു വ്യാഴവട്ടത്തിലേറെക്കാലം പ്രസ്തുത പിളർപ്പിന്റെ കഷ്ടനഷ്ടങ്ങൾ സമുദായം സഹിക്കേണ്ടിവന്നിട്ടുണ്ട്. മുസ്ലിം സംഘടനകൾ ഒന്നിക്കുന്നതും ക്രിയാത്മകമായി സഹകരിക്കുന്നതും സിപിഎം ആശങ്കയോടെയാണ് കാണുന്നത്. മുസ്ലിം ഐക്യം സമുദായ പുരോഗതിക്ക് വേണ്ടിയാണ്; സമുദായ പുരോഗതി നാടിന്റെ കൂടി പുരോഗതിയാണ് ;പക്ഷെ മുസ്ലീങ്ങൾ തങ്ങളുടെ ഇറയത്ത് എന്നും ആശ്രിതരായി നിൽക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ മുസ്‌ലിം സംഘടനകൾ സഹകരിച്ച് ഒന്നിച്ച് നീങ്ങുന്നത് സിപിഎം ഭയപ്പെടുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു “ചത്തകുതിര” എന്നായിരുന്നു മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത്. ഇതിനോട് പ്രതികരിച്ചുകൊണ്ട് ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് മർഹൂം: സി.എച്ച് പറഞ്ഞു. സ്വാതന്ത്രാനന്തരമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മഹാഭൂരിപക്ഷം പ്രവർത്തകരും പരമാർത്ഥത്തിൽ കടുത്ത ലീഗ് വിരോധികളായിരുന്നു. മുസ്ലിം ലീഗിന് കേരളത്തിൽ ആദ്യമായി മാന്യ പരിഗണന ലഭിച്ചത് 1967ലെ സപ്ത മുന്നണി മഹാഭൂരിപക്ഷത്തോടെ വിജയിച്ച ശേഷം നിലവിൽ വന്ന മന്ത്രിസഭയിലാണ്. ലീഗ് മത്സരിച്ച 15 സീറ്റുകളിൽ 14ലും വിജയിച്ചു. മന്ത്രിസഭയിൽ രണ്ട് മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറും ഉണ്ടായി. ഈ മന്ത്രിസഭയുടെ കാലത്ത് മലപ്പുറം ജില്ല കോഴിക്കോട് സർവ്വകലാശാല തുടങ്ങിയവ ഉൾപ്പെടെ പല നല്ല കാര്യങ്ങളും ഉണ്ടായി. പക്ഷേ പ്രസ്തുത മുന്നണിയിൽ അനെക്യം ഉടലെടുത്തു. മാർക്സിസ്റ്റ് പാർട്ടിയുടെ വലിയേട്ടൻ മനോഭാവത്തിനെതിരെ സിപിഐയുടെ നേതൃത്വത്തിൽ കുറുമുന്നണി രൂപപ്പെട്ടു. ജർമനിയിൽ ചികിത്സയ്ക്ക് പോയ ഇ.എം.എസ് മടങ്ങിവന്നപ്പോൾ മുന്നണി ചിതറി ശിഥിലമായത് മനസിലായി, പിന്നീട് ഇ.എം.എസ് സ്വീകരിച്ച നിലപാടുകളും നടപടികളും പ്രസ്തുത മുന്നണിയെ തകർത്തു. മന്ത്രി സഭ രാജിവെച്ചു. മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഉൾപ്പെടെയുള്ളവർ നടത്തിയ ശ്രമത്തിൻ ഫലമായി അന്ന് രാജ്യസഭാ മെമ്പറായിരുന്ന സി.അച്യുതമേനോന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ നിലവിൽവന്നു. സി.എച്ച് ആഭ്യന്തരമന്ത്രിയായി. സി.പി.ഐ.യും മുസ്ലിംലീഗും ‘കൊലച്ചതി’ യാണ് പ്രവർത്തിച്ചതെന്ന് മാർക്സിസ്റ്റ് നേതൃത്വം വളരെയേറെ രോഷംകൊണ്ടു. അതുകൊണ്ടുതന്നെ മുസ്ലിം ലീഗിനെതിരെ വളരെ രൂക്ഷമായ വിമർശനം സി.പി.എം. നാടെങ്ങും നടത്തി, വിശിഷ്യാ മലബാറിൽ- ഉരുളക്കുപ്പേരി എന്നോണം പ്രഗൽഭ വാഗ്മി കൂടിയായ സി.എച്ച് കേരളത്തിലാകെ മാർക്സിസ്റ്റുകൾ ക്കെതിരെ ഗംഭീര പ്രഭാഷണങ്ങൾ നടത്തി. 1969ൽ ബാഫക്കി തങ്ങൾ കൂടി മുൻകൈയെടുത്ത് നിലവിൽ വന്ന ഐക്യമുന്നണിയുടെ തുടർച്ചയാണ് ഇന്നത്തെ യുഡിഎഫ്. ഈ മുന്നണി അര നൂറ്റാണ്ടിലേറെ നല്ല നിലയിൽനിലനിന്നു പോന്നത് തമ്മിലടിയും ഗ്രൂപ്പിസവും സ്ഥിരം പരിപാടിയാക്കിയ കോൺഗ്രസ് നേതാക്കളെ കൊണ്ടല്ല, മറിച് മുസ്ലിംലീഗ് അവസരോചിതം ക്രിയാത്മകമായി പ്രവർത്തിച്ചത് കൊണ്ടാണ്. കോൺഗ്രസും ലീഗും തമ്മിലുള്ള ഈ ബന്ധം ആർഎസ്എസ് ലോബിക്ക് ഏറെ അസഹനീയമായിരുന്നു. എന്നാൽ തക്കം കിട്ടുമ്പോഴൊക്കെ ലീഗിനെതിരെ ചാടിവീഴാൻ കോൺഗ്രസിലെ ഒരു വിഭാഗം വലിയ ആവേശം കാണിച്ചു. 1972-74 കാലത്ത് നടന്ന “ഭാരതരത്നം” ഉപ പാഠപുസ്തകത്തെ പറ്റിയുള്ള വിവാദം ഒരു ഉദാഹരണമാണ്. പ്രസ്തുത വിവാദ വേളയിലാണ് നിലവിലുള്ള മുസ്ലിം ലീഗ് 1906-ലെ മുസ്ലിം ലീഗിന്റെ തുടർച്ച തന്നെയാണെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവായ ഉമർ ബാഫഖി തങ്ങൾ പ്രസ്താവിക്കാനിടയായത്. ( കോൺഗ്രസ് നേതാവ് കെ കരുണാകരൻ ആഭ്യന്തര മന്ത്രിയായിരിക്കെ 1975-ലെ അടിയന്തരാവസ്ഥ കാലത്ത് ഉമർ ബാഫഖി തങ്ങൾ, ചെറിയ മമ്മൂകേയി തുടങ്ങിയവരെ ജയിലിലടച്ചു)

1970 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടി.( തലശ്ശേരിയിൽ മാർക്സിസ്റ്റ് സ്ഥാനാർഥിയെ തോൽപ്പിച്ചുകൊണ്ട് എൻ.ഇ.ബാൽറാം ജയിച്ചു) മുസ്ലിംലീഗിന് രണ്ട് മന്ത്രിമാരും സ്പീക്കർ പദവിയും കിട്ടി. സിപിഐ നേതാവ് അച്യുതമേനോൻ മുഖ്യമന്ത്രിയായതും മുസ്ലിം ലീഗിന് രാഷ്ട്രീയ മേഖലയിൽ കൂടുതൽ പരിഗണന കിട്ടിയതും മാർക്സിസ്റ്റ് പാർട്ടിയെ വിറളി പിടിപ്പിച്ചു. ആകയാൽ മുസ്ലിം ലീഗിനെതിരെ പൂർവോപരി രൂക്ഷവിമർശനം സിപിഎം നടത്തി. മുസ്ലിം ലീഗിനോടുള്ള കടുത്ത വിരോധവും രോഷവും പല മാർഗേണ അങ്ങോളമിങ്ങോളം പ്രസരിപ്പിച്ചു.

മലപ്പുറം ജില്ലാ രൂപീകരണം, കോഴിക്കോട് സർവ്വകലാശാല സ്ഥാപിക്കൽ ഉൾപ്പെടെ പലതും നടന്നതിൽ ആർ.എസ്.എസ് വൃത്തങ്ങളും അവരോട് ചേർന്നുനിന്നുകൊണ്ട് കെ.കേളപ്പനും, കോൺഗ്രസ്സ്‌കാരുമൊക്കെ വളരെ അസ്വസ്ഥരായിരുന്നു. കോൺഗ്രസ്സുകാരിൽ നല്ലൊരുവിഭാഗം പകൽ കോൺഗ്രസ്സും രാത്രി ആർ.എസ്.എസ്സുമാണെന്ന് എ.കെ. ആന്റണി ഇപ്പോൾ പറഞ്ഞതിനേക്കാൾ ഏറെ ശരിയായിരുന്നു അന്നാളുകളിൽ.( ഇക്കാലത്ത് പഴയ കോൺഗ്രസിലെ പോലെ പകൽ മാർസിസ്റ്റ്റ്റും രാത്രി ആർ.എസ്.എസ്സും ആകുന്ന അവസ്ഥ ഉണ്ടെന്ന് ചിലർ പറയുന്നു)

മാർക്‌സിസ്റ്റുകൾ കടുത്ത ലീഗ് വിരോധം വ്യാപകമായി പ്രചരിപ്പിച്ചത് നല്ലൊരു വിഭാഗം മാർക്‌സിസ്റ്റ് ഹിന്ദുക്കളിൽ മുസ്‌ലിംവിരോധമായി സന്നിവേശിച്ചു. ഇതിനെ നന്നായി ഉപയോഗപ്പെടുത്താനും മുതലെടുക്കാനും ആർ.എസ്.എസ്സ് ലോബി സമർഥമായും സജീവമായും പലമാർഗേണ യത്‌നിച്ചു. ഇതിന്റെ ഫലമായിരുന്നു 1971- ഒടുവിൽ തലശ്ശേരിയിൽ നടന്ന വർഗീയ ലഹള. മലപ്പുറം ജില്ല നിലവിൽ വന്നതിൽ തങ്ങൾക്കുള്ള കടുത്ത രോഷം ഈ കലാപത്തിലൂടെ ആർ.എസ്.എസ്സുകാർ നടപ്പാക്കിയിട്ടുണ്ട്. ഇതിന്ന് ചില മാർക്‌സിസ്റ്റുകളെ അവർ ചട്ടുകമായി ഉപയോഗിക്കുകയും ചെയ്തു.

പർവതീകരണ-വക്രീകരണ പ്രക്രിയകളിലൂടെയുള്ള മുസ്‌ലിംലീഗ് വിരോധം കടുത്ത മുസ്‌ലിംവിരോധമായി രൂപാന്തരം പ്രാപിച്ചതിന്റെ ദുരന്തഫലംകൂടിയാണ് തലശ്ശേരി കലാപമെന്ന് പലരും അക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിലും ഉള്ളടങ്ങിയിട്ടുണ്ട്. തലശ്ശേരിയിൽ വെച്ച് പത്രക്കാരോട് സംസാരിക്കുമ്പോൾ ”ഞങ്ങളുടെ ആളുകളും ഈ കലാപത്തിൽ പങ്കാളിയായിരിക്കാം” എന്ന് ഇ.എം.എസ്സ് പറഞ്ഞത് മേൽപറഞ്ഞ വസ്തുത ബുദ്ധിമാനായ ഇ.എം,എസ്സ് മനസ്സിലാക്കിയത് കൊണ്ടായിരിക്കാം.

എന്നാൽ ഒരു പാർട്ടി എന്ന നിലക്ക് ആർ.എസ്.എസ്സ് വർഗീയവാദികളുടെ അഴിഞ്ഞാട്ടത്തിനും അക്രമത്തിനും കൊള്ളക്കുമെതിരെ ഉറച്ചനിലപാടാണ് മാർക്‌സിസ്റ്റ്പാർട്ടി അന്ന് സ്വീകരിച്ചത് എന്ന് പൊതുവിൽ പറയാം. തലശ്ശേരിയിലും പരിസരങ്ങളിലും ഇടതുപക്ഷ അനുകൂല അന്തരീക്ഷം ഇന്നും സജീവമായി നിലനിൽക്കുന്നുണ്ട്. നേരത്തെ അഖിലേന്ത്യാ മുസ്‌ലിംലീഗും പിന്നീട് ഐ.എൻ.എല്ലും മറ്റുചില മുസ്‌ലിം ഗ്രൂപ്പുകളും മാർക്‌സിസ്റ്റ്പാർട്ടിയെ പിന്തുണച്ചിരുന്നു.

എന്നാൽ പല പ്രദേശങ്ങളിലും സംഭവങ്ങളിലും മാർക്‌സിസ്റ്റ്പാർട്ടി മുസ്‌ലിംലീഗിനെതിരെയോ മുസ്‌ലിം സ്ഥാപനങ്ങൾക്കെതിരെയോ സ്വീകരിക്കുന്ന നിലപാടുകൾ അവരറിയാതെ കടുത്ത മുസ്‌ലിം/ഇസ്‌ലാം വിരോധമായി സംക്രമിക്കുന്നുണ്ട് എന്നത് അവർ പലപ്പോഴും വേണ്ടുംവിധം ഗ്രഹിച്ചിട്ടില്ല. മുസ്‌ലിം വ്യക്തിനിയമത്തിൽ ഉണ്ടെന്ന് അവർ ധരിക്കുന്ന പോരായ്മകളെ എതിർക്കുമ്പോഴും സംഗതി തദ്‌വിഷയത്തിൽ മാത്രം ഒതുങ്ങാതെ ഇസ്‌ലാം/മുസ്‌ലിം വിരോധമായി വഴിതെറ്റുന്നുണ്ട്. ശരീഅത്ത് വിവാദകാലത്ത് ഇത് അങ്ങിനെതന്നെ സംഭവിച്ചു. അതിൻഫലമായി ഹൈന്ദവ പിന്തുണ കൂടുതൽ കേന്ദ്രീകരിക്കാനും മുസ്‌ലിംലീഗിന്റ ഒരു ചീന്തുപോലുമില്ലാത്ത മന്ത്രിസഭ രൂപീകരിക്കാനും സാധിച്ചു. നാദാപുരത്തും പരിസരങ്ങളിലും മുസ്‌ലിംലീഗിനെതിരെയോ അല്ലെങ്കിൽ മുസ്‌ലിം പ്രമാണി/ജന്മി വിഭാഗത്തിനെതിരെയോ പാർട്ടി നേതാക്കൾ നടത്തുന്ന സ്ഥാനത്തും അസ്ഥാനത്തുമുള്ള വിമർശനങ്ങൾ താഴേത്തട്ടിൽ മുസ്‌ലിം വിരോധമായിട്ടാണ് എത്തുന്നതെന്ന് അല്ലെങ്കിൽ അതിൽനിന്ന് ആർ.എസ്.എസ്സ്. നന്നായി മുതലെടുപ്പ് നടത്തുന്നുണ്ടെന്ന് സഖാക്കൾ തിരിച്ചറിയാതെ പോകുന്നു.

ആർ.എസ്.എസ്സിനെ എതിർക്കുമ്പോൾ കമ്മ്യൂണിസ്റ്റ്പാർട്ടികൾ ഒരുതരം അധൈര്യമോ അപകർഷതാബോധമോ അനുഭവിക്കുന്നതായി മനസ്സിലാകുന്നു. തൂക്കമൊപ്പിക്കാൻ ഏതെങ്കിലും മുസ്‌ലിം സംഘടനയെക്കൂടി ചേർത്തുകൊണ്ടേ ആർ.എസ്.എസ്സിനെതിരെ ശബ്ദിക്കാറുള്ളൂ. ഇങ്ങിനെ തെറ്റായ സമീകരണം നടത്തി ചേർത്തുപറയുമ്പോൾ ഫലത്തിൽ ആർ.എസ്.എസ്സ് എന്ന ആഴത്തിൽ വേരുള്ള മഹാഭീകര വിധ്വംസക സംഘടനയെ ലളിതവൽക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന വേലയാണ് ചെയ്യുന്നത്. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുപോലെ കാണുമ്പോഴും ഇങ്ങിനെ ഒരപകടമുണ്ട്. വർഗീയത ആരുടേതായാലും തെറ്റാണ് മോശവുമാണ്, തികച്ചും എതിർക്കപ്പെടേണ്ടതുമാണ്. എന്നാൽ ഭൂരിപക്ഷ വർഗീയത കൂടുതൽ അപകടകാരിയാണെന്ന വസ്തുത മറക്കരുത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അതുകൊണ്ടാണ് Hindu communalism is more dangerous and deep rooted എന്ന് പറഞ്ഞത്. ന്യൂനപക്ഷ വർഗീയത അധികവും പ്രതികരണ സ്വഭാവത്തിലുള്ളതാണ്. ഇത് ഉണ്ടായിത്തീരുന്നത് തീക്ഷ്ണവും തീവ്രവും അഗാധവുമായ ഭൂരിപക്ഷവർഗീയതയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ്. അസഹനീയമാം വിധമുള്ള അതിരൂക്ഷമായ തിക്താനുഭവങ്ങളോട് ചെറുതായെങ്കിലും പ്രതികരിക്കാൻ നിർബന്ധിതരാവുകയാണ് ന്യൂനാൽന്യൂനമായ ഒരു വിഭാഗം. ഇത് അവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന തികഞ്ഞ അവിവേകമാണ്. അന്തിമ വിശകലനത്തിൽ അത് ന്യൂനപക്ഷങ്ങൾക്ക് വളരെ ദോഷകരവുമാണ്. ഇവ്വിധം തീവ്രമായി ചിന്തിക്കാനും അവിവേകം പ്രവൃത്തിക്കാനും ന്യൂനപക്ഷങ്ങൾ തുനിയണമെന്നുതന്നെയാണ് ഫാസിസ്റ്റുകൾ ഉള്ളാലെ ആഗ്രഹിക്കുന്നതും. അതിനായി അവർ കുതന്ത്രങ്ങൾ മെനയുകയും ചെയ്യുന്നു.

മൂലകാരണത്തെയും തൽഫലമായുള്ള പ്രതികരണത്തെയും ഒരുപോലെ കാണുന്നതിൽ അനീതിയും അസന്തുലിതത്വവുമുണ്ട്. ഈവക ബിന്ദുക്കൾ വേണ്ടുംവിധം പരിഗണിക്കാതെ ഭൂരിപക്ഷവർഗീയതയേയും ന്യൂനപക്ഷവർഗീയതയെയും ഒരുപോലെ വീക്ഷിക്കുന്ന മാർക്‌സിസ്റ്റ്പാർട്ടിയുടെ സമീപനം ഫലത്തിൽ ആർ.എസ്.എസ്സിന് അനുകൂലമായിട്ടാണ് ഭവിക്കുന്നത്. ഇങ്ങിനെ മാർക്‌സിസ്റ്റ്പാർട്ടി ചിന്തിക്കുന്നതിന് പിന്നിൽ പാർട്ടിയിലേക്ക് നുഴഞ്ഞുകയറിയിരിക്കാനിടയുള്ള ഫാസിസ്റ്റ് (ആർ.എസ്.എസ്സ്) ലോബിയുടെ ദുസ്വാധീനം കൊണ്ടാണ്. തങ്ങളുടെ പാർട്ടിയിലേക്കുള്ള ആർ.എസ്.എസ്സ് നുഴഞ്ഞുകയറ്റവും കുത്തിത്തിരിപ്പും മാർക്‌സിസ്റ്റ്പാർട്ടി തിരിച്ചറിയേണ്ടതുണ്ട്.

സംഭവങ്ങളേയും സംഗതികളേയും വിലയിരുത്തുന്നതിൽ മാർക്‌സിസ്റ്റ്പാർട്ടി പുലർത്തുന്ന ഒരു തരം മുരടൻ കാഴ്ചപ്പാട് (Dogmatic approach) കാരണം പഠിച്ചതൊന്നും മറക്കാതെയും പുതുതായൊന്നും പഠിക്കാതെയും ഇപ്പോഴും മാർക്‌സിസ്റ്റ് നേതൃത്വം മുരടൻ സിദ്ധാന്തവാശിയിൽതന്നെ തുടരുന്നത് ഫാസിസ്റ്റ് ദുഃശ്ശക്തികൾക്ക് രംഗം പാകപ്പെടുത്തികോടുക്കലാണ്. സത്യത്തിൽ ഇടതുപക്ഷവും കോൺഗ്രസ്സും മറ്റു മതേതര പാർട്ടികളും ആർ എസ് എസ്, ഫാസിസ്റ്റ് ദുശ്ശക്തികൾക്കെതിരെ ഫലപ്രദമായി ഒന്നിക്കേണ്ടതുണ്ട്. ജനാധിപത്യ ക്രമത്തിൽ ഭൂരിപക്ഷത്തിൽ നിന്നാണല്ലോ ഭൂരിപക്ഷം ഉണ്ടാവുക.അങ്ങനെ വരുമ്പോൾ ഭൂരിപക്ഷപ്രീണനം സംഭവിക്കാൻ ഇടയുണ്ട്.ഇത് ജനാധിപത്യത്തിൽ സംഭവിക്കുന്ന ഒരു ദുരന്തം തന്നെയാണ്.സംവാദങ്ങളിൽ എങ്ങനെയും ജയിക്കാൻ കാട്ടുന്ന കൗശലങ്ങൾ അന്തിമ വിശകലനത്തിൽ സമൂഹത്തിൽ പല ദോഷങ്ങളും ദൂഷ്യങ്ങളും ഉണ്ടാക്കുന്നു.

1969-71 കാലത്ത് മുസ്‌ലിംലീഗിനെ നാട്ടക്കുറ്റിയാക്കി വ്യാപകമായ എതിർ പ്രചാരണം നടത്തിയത് പോലെ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്കെതിരെയാണ് കാടിളക്കി പ്രചാരണം നടത്തുന്നത്. ഇത് അന്തിമവിശകലനത്തിൽ ഇസ്ലാം/മുസ്ലിം വിരോധമായിട്ടാണ് പലരിലേക്കും പടർന്നുപിടിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടിയുടെ ഈ പിടിവിട്ട കളിയിൽ ആർ. എസ്. എസ് ഉള്ളാലെ സന്തോഷിക്കുന്നുണ്ടാകും. അവർക്ക് മുതലെടുപ്പ് നടത്താൻ ഉള്ള വക സിപിഎം ഒരുക്കി കൊടുക്കുകയാണ്. ഇത് കേരളത്തിലെ മതേതര പാരമ്പര്യത്തെ തകർക്കാനിടയുണ്ട്. സമുദായങ്ങൾക്കിടയിൽ കാലുഷ്യം വളർത്താനും പകയും വിദ്വേഷവും പരത്താനുമാണ് സിപിഎം തന്ത്രങ്ങൾ സഹായകമാക്കുക. മറുവശത്ത് മുസ്ലിം ക്രിസ്ത്യൻ സംഘട്ടനങ്ങളുണ്ടാകാനും സി.പി.എം ഒത്താശയോടെ കുൽസിത ശ്രമങ്ങൾ നടക്കുന്നു. ക്രമേണ സിപിഎം -ഫാസിസ്റ്റ്-സിയോണിസ്റ്റ് അച്ചുതണ്ടായി ഇത് പരിണമിചേക്കുമോ എന്ന് ശങ്കിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ലഭിച്ചാൽ അത് ബിജെപിക്ക് സാധ്യതകൾ വികസിപ്പിച്ചു കൊടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ബിജെപിയും ഇന്നത്തെ ഇടതു സർക്കാരിന്റെ തുടർച്ച ഉണ്ടാകണമെന്ന് ഉള്ളാലെ ആശിക്കുന്നത് ഇതിനകം പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ മാർക്സിസ്റ്റ്-ഫാസിസ്റ്റ് സിയോണിസ്റ്റ് അച്യുതണ്ട് കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തെ ഒതുക്കാൻ ജമാഅത്തെ ഇസ്ലാമിയെ ഒരു നാട്ടകുറ്റിയാക്കി ഹീനമായ പ്രചരണവും കുതന്ത്രങ്ങളും നടത്തുകയാണ്.ജമാഅത്തെ ഇസ്ലാമി വിമർശിക്കപ്പെടുന്നത് അതിലുള്ള ഇസ്ലാമിക ഉള്ളടക്കത്തിന്റെ പേരിലാണെന്ന് ചിന്താശീലർ തിരിച്ചറിയേണ്ടതുണ്ട്. ഇസ്ലാം അതിന്റെ സജീവതയോടെ പുലരുന്നത് കമ്മ്യൂണിസ്റ്റുകൾക്ക് അങ്ങേയറ്റം അസഹനീയം തന്നെയാണ്. മറ്റേത് ദർശനത്തെക്കാളും കമ്മ്യൂണിസ്റ്റുകൾ ഭയപ്പെടുന്നത് ഇസ്ലാമിനെ തന്നെയാണ്.

Related Articles