Current Date

Search
Close this search box.
Search
Close this search box.

മയക്കുമരുന്ന് തടയാൻ പത്ത് നിർദേശങ്ങൾ

നാട്ടിൽ വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ച് ഇന്ന് ഏവരും ബോധവാന്മാരാണ്. സ്കൂൾ തലങ്ങളിലെ ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പെടെ സമൂഹത്തിന്റെ സകല തലങ്ങളിലുമുള്ളവർ അതിനടിപ്പെടുന്നു. എന്നിട്ടും എല്ലാവരും തികഞ്ഞ നിസ്സംഗതയിലാണ്. ഇത് അത്യന്തം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ.

സമൂഹത്തിലെ എല്ലാ വിഭാഗവും കൂട്ടായി ശ്രമിച്ചാൽ മാത്രമേ മാറ്റമുണ്ടാക്കാൻ കഴിയുള്ളൂ. മയക്കുമരുന്നിന്റെ വ്യാപനം തടയാൻ ചില നിർദ്ദേശങ്ങൾ:

1) ഓരോ പ്രദേശത്തും പത്ത് വീടുകൾ ചേർത്ത് ക്ലസ്റ്ററുകൾ രൂപീകരിക്കുക. യോഗ്യനായ ഒരാളെ നേതൃത്വം ഏൽപ്പിക്കുക. അവിടങ്ങളിൽ മയക്കുമരുന്ന് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക. അത് ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകുക.

2) പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ച് അധ്യാപകരുടെ സഹായത്തോടെ മയക്കുമരുന്ന് ഉണ്ടാക്കുന്ന വൻ വിപത്തുകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക.

3) എല്ലാ മത സമൂഹങ്ങളും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വിശ്വാസികളെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക. മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

4) മയക്കുമരുന്ന് വ്യാപാരത്തിനും വിതരണത്തിനും ഏതെങ്കിലും നിലയിൽ പിന്തുണയോ സഹകരണമോ നൽകുന്നവരെ നേരിൽകണ്ട് തങ്ങൾ തലമുറകളെയാണ് നശിപ്പിക്കുന്നതെന്നും സ്വന്തം മക്കളും അതിൻറെ ദുരന്തം അനുഭവിക്കേണ്ടി വരുമെന്നും ബോധ്യപ്പെടുത്തുക. പിന്തിരിയുന്നില്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക.

5)വിവിധ തലങ്ങളിലുള്ള പ്രഗൽഭരെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾക്ക് ഇടയ്ക്കിടെ ബോധവൽക്കരണ ക്ലാസുകൾ നടത്തുക. ഇതിനായി മതപണ്ഡിതന്മാരെയും ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്.

6) കുറ്റവാളികൾക്ക് കൂട്ടുനിൽക്കില്ലെന്ന് മത സ്ഥാപന ഭാരവാഹികളും സംഘടനാ നേതാക്കളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭരണാധികാരികളും തീരുമാനിക്കുക.

7) ലഹരി ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുകയില്ലെന്ന് രക്ഷിതാക്കൾ തീരുമാനിക്കുക. അത്തരക്കാരുടെ വിവാഹത്തിന് ബന്ധപ്പെട്ടവർ കാർമികത്വം വഹിക്കുകയില്ലെന്ന് ഉറപ്പ് വരുത്തുക.

8) മക്കൾ എവിടെയും അലഞ്ഞ് തിരിയുന്നില്ലെന്നും വീട്ടിൽ കൃത്യസമയത്ത് എത്തുന്നുണ്ടെന്നും രക്ഷിതാക്കൾ ഉറപ്പുവരുത്തുക.

9) കുട്ടികളിൽ അസാധാരണ അവസ്ഥ കണ്ടാൽ സമയം ഒട്ടും പാഴാക്കാതെ ഉചിതമായ നടപടികൾ സ്വീകരിക്കുക.

10) ആവശ്യമായി വരുമ്പോൾ അധികൃതരുടെയും നിയമപാലകരുടെയും സഹായം തേടുക. നിയമപാലകർ കുറ്റവാളികൾക്ക് കൂട്ട് നിന്നാൽ അവർക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുക.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles