Current Date

Search
Close this search box.
Search
Close this search box.

തൗഹീദും അന്ധവിശ്വാസങ്ങളും

ഇസ് ലാമിന്റെ മൗലികാടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവാദർശം. “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന തൗഹീദീ വാക്യം നമ്മുടെ മനസ്സിൽ അല്ലാഹു കൊളുത്തി വെച്ച വിളക്കാണ്. തൗഹീദ് നമുക്കു മേൽ ഇരുലോകത്തുമുള്ള അല്ലാഹുവിന്റെ കാവലാണ്. തൗഹീദ് നാമും അല്ലാഹുവും തമ്മിലുള്ള കരാറാണ്. തൗഹീദ് അല്ലാഹുവുമൊത്തുള്ള നമ്മുടെ ജീവിതമാണ്!

പ്രമാണങ്ങളിൽ ചിലത് ഉദ്ധരിക്കാം:
“ദുഃഖിക്കേണ്ട അല്ലാഹു നമ്മോടൊപ്പമുണ്ട് ” (അത്തൗബ:40 )
“വിശ്വാസികളെ സഹായിക്കൽ നമ്മുടെ ബാധ്യതയാണ് ” (അർ റൂം: 47 )
“എന്റെ ദാസൻ എന്നെക്കുറിച്ച് വിചാരിക്കുന്നതു പോലെ ഞാൻ പ്രവർത്തിക്കും. അവൻ സ്വന്തം മനസ്സിൽ എന്നെ ഓർത്താൽ ഞാൻ എന്റെ മനസ്സിൽ അവനെ ഓർക്കും. ഒരു സദസ്സിൽ അവൻ എന്നെ പരാമർശിച്ചാൽ അതിലും ഉത്കൃഷ്ടമായ ഒരു സദസ്സിൽ ഞാൻ അവനെയും പരാമർശിക്കും. അവൻ ഒരു ചാൺ എന്നോടടുത്താൽ ഞാൻ ഒരു മുഴം അവനോടടുക്കും. അവൻ ഒരു മുഴം എന്നോടടുത്താൽ ഞാൻ ഒരു മാറ് അവനോടടുക്കും. അവൻ എന്നിലേക്ക് നടന്നു വന്നാൽ ഞാൻ അവനിലേക്ക് ഓടിച്ചെല്ലും” (ഹദീസ് ഖുദ്സി – ബുഖാരി)

“എന്റെ നിർബന്ധ കൽപ്പന അനുഷ്ഠിക്കുന്നതിലുപരി മറ്റൊരു മാർഗേണയും എന്റെ ദാസൻ എന്നോടടുക്കുന്നില്ല. ഐച്ഛിക കർമങ്ങളിലൂടെ ദാസൻ എന്നെ സമീപിച്ചു കൊണ്ടിരിക്കും. അങ്ങനെ ഞാനവനെ സ്നേഹിക്കും. ഞാനവനെ സ്നേഹിച്ചാൽ അയാൾ കേൾക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കൈയും നടക്കുന്ന കാലുമെല്ലാം ഞാനായിത്തീരും. അപ്പോൾ അയാൾ കേൾക്കുന്നതും കാണുന്നതും പിടിക്കുന്നതും നടക്കുന്നതുമെല്ലാം എന്നിലൂടെയായിരിക്കും. അയാൾ ചോദിച്ചാൽ ഞാൻ നൽകും. രക്ഷ തേടിയാൽ രക്ഷപ്പെടുത്തും ” (ഹദീസ് ഖുദ്സി – ബുഖാരി)
“എന്റെ ദാസൻമാരേ, എന്നെത്തേടുക. കണ്ടെത്താം. എന്നെ കണ്ടെത്തിയാൽ നിങ്ങൾ എല്ലാം കണ്ടെത്തി. എന്നെ നഷ്ടപ്പെട്ടാലോ, എല്ലാം നഷ്ടപ്പെട്ടു ” (ഹദീസ് ഖുദ്സി)

ഉപര്യുക്ത സൂക്തങ്ങൾക്ക് സമാനമായ നിരവധി പ്രമാണരേഖകൾ ഇനിയുമുണ്ട് ഉദ്ധരിക്കാൻ.

ഇവ്വിധം മന:സാക്ഷി തൗഹീദ് ആക്കി മാറ്റിയ ഒരാളിൽ ഒരിക്കലും അന്ധവിശ്വാസങ്ങൾ മുള പൊട്ടില്ല. അയാൾക്ക് അല്ലാഹുവിന്റെ അപാരമായ കഴിവിലും നിയന്ത്രണാധികാരത്തിലും ദൃഢബോധ്യമുണ്ട്. തന്മൂലം ഏത് കടുത്ത പ്രതിസന്ധികളെ അതിജീവിക്കാനും ആസക്തികളെ നിയന്ത്രിക്കാനുമാകുന്നു.

തൗഹീദിന് കടക വിരുദ്ധമാണ് അന്ധവിശ്വാസങ്ങൾ. ശിർക്, ബിദ്അത്ത്, കുഫ്റ്, നിഫാഖ്, ജിബ്ത്ത്, ത്വാഗൂത്ത്, ജാഹിലിയ്യത്ത് എന്നിങ്ങനെയുള്ള മുഴുവൻ ഇസ് ലാം വിരുദ്ധ ദു:ശക്തികളും മുട്ടയിട്ടു വളരുന്ന ജീർണ കേന്ദ്രങ്ങളത്രെ അന്ധവിശ്വാസങ്ങൾ!

അസുഖം മാറാൻ അല്ലാഹുവല്ലാത്ത അദൃശ്യ ശക്തികളെ ആശ്രയിക്കുന്നതിൽ നിന്നു തുടങ്ങി ധനാർഥി, ലൈംഗികാർഥി, നരബലി വരെയുള്ള പൈശാചിക അധമ വൃത്തികളുടെ താക്കോൽ അന്ധവിശ്വാസങ്ങളാകുന്നു.

യഥാർത്ഥ ആദർശ വിശ്വാസം (തൗഹീദ്) ഉള്ളിൽ ജ്വലിപ്പിച്ചു നിർത്തലാണ് അന്ധവിശ്വാസങ്ങളുടെ ചളിക്കുണ്ടിൽ വീഴാതിരിക്കാനുള്ള ഏക മാർഗം!

Related Articles